റാനിൽ ജനകീയപ്രക്ഷോഭം ആളിക്കത്തുകയാണ്. പണപ്പെരുപ്പത്തിലും വർധിച്ചുവരുന്ന ജീവിതച്ചെലവിലും പ്രതിഷേധിച്ച് രാജ്യതലസ്ഥാനമായ ടെഹ്റാനിൽ ആരംഭിച്ച പ്രതിഷേധം ഭരണവിരുദ്ധ പ്രക്ഷോഭമായി മാറാൻ അധികം സമയമെടുത്തില്ല. 1979-ലെ ഇസ്ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട ഇറാനിലെ ഷാ രാജവംശത്തിലെ നിലവിലെ കിരീടാവകാശി റിസ പഹ്ലവി പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തതോടെ രാജ്യത്ത് പ്രക്ഷോഭം വീണ്ടും ആളിക്കത്തി. 'ഏകാധിപതിക്ക് മരണം', 'ഇസ്‌ലാമിക് റിപ്പബ്ലിക് മരിക്കട്ടെ' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജനങ്ങൾ രാജ്യവ്യാപകമായി തെരുവിലിറങ്ങി. പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അടിയന്തര ഇടപെടലിനും പഹ്ലവി അഭ്യർഥിച്ചു.

To advertise here,

പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങളും അന്താരാഷ്ട്ര ഫോൺവിളികളും നിരോധിച്ചുകൊണ്ടാണ് ഇറാൻ ഭരണകൂടം തിരിച്ചടിച്ചത്. ഇതിനിടെ ട്രംപിനെതിരേ പരാമർശവുമായി ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി രംഗത്തെത്തി. പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച ഖമേനി പ്രതിഷേധക്കാരെ ട്രംപിന്റെ ഏജന്റുമാരെന്നാണ് വിശേഷിപ്പിച്ചത്. എന്താണ് ഇറാനിൽ എന്താണ് സംഭവിക്കുന്നത്? പെട്ടെന്നുള്ള പ്രതിഷേധത്തിന് പിന്നിലുള്ള കാരണമെന്താണ്? പ്രതിഷേധം തുടരുമ്പോൾ ഇറാന്റെ ഭാവിയെന്ത്?

ഇറാനിൽ എന്താണ് സംഭവിക്കുന്നത്?

രാജ്യവ്യാപക സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾക്കാണ് ഇറാൻ സാക്ഷ്യം വഹിക്കുന്നത്. ഇറാന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ലൂർ വംശീയ സമൂഹം താമസിക്കുന്ന പ്രദേശങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. നഗരങ്ങളിൽ ആരംഭിച്ച പ്രതിഷേധങ്ങൾ വിദൂര പ്രവിശ്യകളിലേക്കും വ്യാപിച്ചു. രാജ്യത്തെ 31 പ്രവിശ്യകളിലും ജനകീയപ്രതിഷേധം ശക്തമാകുന്നതായാണ് റിപ്പോർട്ട്. ഡിസംബർ അവസാനം ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 62 പേർ കൊല്ലപ്പെട്ടുവെന്നാണ് യു.എസ്. ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ കണക്കുകൾ. ഇരുനൂറോളം പേർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇതുവരെ 2,300 പേരെങ്കിലും അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാശനഷ്ടം സംബന്ധിച്ച കണക്കുകളോ മരണസംഖ്യയോ അറസ്റ്റോ സംബന്ധിച്ച വിവരങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഡിസംബർ 28-നാണ് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ടെഹ്റാനിലെ കടയുടമകളും ബസാർ വ്യാപാരികളും പണിമുടക്കിയതോടെയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഇറാനിയൻ കറൻസി റിയാൽ, യു.എസ്. ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതോടെയാണ് വ്യാപാരസമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയത്. ടെഹ്റാനിലെ കടയുടമകൾക്കും വ്യാപാരികൾക്കുമൊപ്പം സർവകലാശാലാ വിദ്യാർഥികൾ മാർച്ച് നടത്തി. തുടക്കത്തിൽ സാമ്പത്തിക പ്രശ്‌നങ്ങളിലായിരുന്നു പ്രതിഷേധങ്ങൾ കേന്ദ്രീകരിച്ചിരുന്നതെങ്കിലും പിന്നീട് അവ വിശാലമായ രാഷ്ട്രീയ വിഷയങ്ങളിലേക്ക് മാറി. പ്രതിഷേധക്കാർ സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിൽ നിറഞ്ഞു. അധികം വൈകാതെ ഇത് 2022-ന് ശേഷമുള്ള ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി വളർന്നു.

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം വൈകാതെ അക്രമാസക്തമായി. ചില പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കത്തിക്കുകയും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാകുകയും ചെയ്തു. ഇതിനിടെയാണ് 1979-ലെ ഇസ്ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട ഇറാനിലെ ഷാ രാജവംശത്തിലെ നിലവിലെ കിരീടാവകാശി റിസ പഹ്ലവി ഇസ്ലാമിക ഭരണകൂടത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഇതും പ്രതിഷേങ്ങൾ ആളിക്കത്തിച്ചു. പഹ്ലവി തിരിച്ചുവരും എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധക്കാർ തെരുവുകളിൽ നിറഞ്ഞത്. പിന്നാലെയാണ് രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങളും അന്താരാഷ്ട്ര ഫോൺവിളികളും ഇറാൻ ഭരണകൂടം നിരോധിച്ചത്.

പെട്ടന്നുള്ള പ്രതിഷേധത്തിന് പിന്നിൽ?

ലോകത്ത് ഏറ്റവും കൂടുതൽ ഉപരോധം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. അന്താരാഷ്ട്ര ഉപരോധങ്ങൾമൂലം കടുത്ത പ്രതിസന്ധിയാണ് ഇറാനിയൻ സമ്പദ്​വ്യവസ്ഥ വർഷങ്ങളായി അനുഭവിക്കുന്നത്. അന്താരാഷ്ട്ര വിപണികളിലേയ്ക്ക് പരിമിതമായ പ്രവേശനം മാത്രമേ അവർക്കൂള്ളൂ. വിദേശ ആസ്തികൾ പലതും മരവിപ്പിക്കപ്പെട്ടു. ഇറക്കുമതിയെ ആശ്രയിക്കുന്ന പ്രവണത സ്ഥിതി കൂടുതൽ വഷളാക്കുകയും പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്തു. 2018-ൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ആണവകരാർ അവസാനിപ്പിക്കുകയും ചെയ്തതിനുശേഷം പ്രശ്‌നങ്ങൾ കൂടുതൽ വഷളായി. കഴിഞ്ഞ വർഷം ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേൽ നടത്തിയ ആക്രമണത്തേത്തുടർന്ന് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായി.

റിയാലിന്റെ തകർച്ച ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ തള്ളിവിട്ടത്. യു.എസ്. ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ മൂല്യം 1.42 ദശലക്ഷമായി കുറഞ്ഞു. ആറ് മാസത്തിനുള്ളിൽ മൂല്യത്തിൽ 56 ശതമാനം ഇടിവാണുണ്ടായത്. കറൻസിയുടെ മൂല്യത്തിലുണ്ടായ ഇടിവ് പണപ്പെരുപ്പത്തിന് ആക്കം കൂട്ടി. രാജ്യത്തിന്റെ വാർഷിക പണപ്പെരുപ്പനിരക്ക് ഏകദേശം 40 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്ഷ്യവസ്തുക്കളുടെ വില ശരാശരി 72 ശതമാനം വർധിച്ചു. പാചക എണ്ണ, മാംസം, അരി എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില സാധാരണ ഇറാനികൾക്ക് താങ്ങാവുന്നതിലും അപ്പുറമായി വർദ്ധിച്ചു.

പണപ്പെരുപ്പവും വിലവർധനയും പല ഇറാനികൾക്കും അടിസ്ഥാന വസ്തുക്കൾ പോലും അപ്രാപ്യമാക്കി. മെഡിക്കൽ, ആരോഗ്യ സംരക്ഷണ ചെലവുകൾ 50 ശതമാനത്തോളം വർധിച്ചു. സർക്കാർ സംവിധാനങ്ങളിൽ ദീർഘകാലമായി തുടരുന്ന അഴിമതിയും കെടുകാര്യസ്ഥതയും പ്രതിസന്ധിയെ കൂടുതൽ ആഴത്തിലാക്കി. ഇതിനിടെ ഡിസംബറിൽ ഇന്ധനത്തിന് ഇറാൻ ഒരു പുതിയ വിലനിർണയരീതി അവതരിപ്പിച്ചു. ഇതോടെ ലോകത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിച്ചുകൊണ്ടിരുന്ന പെട്രോളിന്റെ വില വർധിച്ചു. ഇത് ജനങ്ങളെ കൂടുതൽ സമ്മർദത്തിലാക്കി. മൂന്ന് മാസത്തിലൊരിക്കൽ വില പുനഃക്രമീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ ഭാവിയിൽ വില കുത്തനെ ഉയർന്നേക്കാമെന്ന് ജനങ്ങൾ ആശങ്കപ്പെട്ടു. ഇതെല്ലാം ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചു.

ഇറാന് ട്രംപിന്റെ ഭീഷണി!

ജനുവരി രണ്ടിന് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെ ഇറാന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വിഷയത്തിൽ ഇടപെട്ടത്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരേ ഭരണകൂടം അക്രമം അഴിച്ചുവിട്ടാൽ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തുമെന്ന് ട്രംപ് ഇറാൻ ഭരണകൂടത്തിനു മുന്നറിയിപ്പു നൽകി. ഞങ്ങൾ തയ്യാറായിക്കഴിഞ്ഞുവെന്നും ഇറാനിലേക്ക് പോകാൻ സജ്ജരാണെന്നും എന്ത് നടപടികളാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കാതെ ട്രംപ് പറഞ്ഞു. ഇറാന്റെ ദീർഘകാല സഖ്യകക്ഷിയായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു.എസ്. സൈന്യം പിടികൂടി ന്യൂയോർക്കിലേക്ക് നാടുകടത്തിയതിന് പിന്നാലെ വന്ന ഈ അഭിപ്രായങ്ങൾക്ക് വലിയ പ്രാധാന്യം ലഭിച്ചു. ട്രംപിന്റെ അടുത്ത ആക്രമണത്തിന്റെ ഇര തങ്ങളായേക്കുമെന്ന ഭയം ഇതോടെ ഇറാനിൽ ഉടലെടുത്തു.

പിന്നാലെ, ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ഭരണകൂടം ശ്രമിച്ചാൽ അമേരിക്കയുടെ ഭാഗത്തുനിന്ന് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. രാജ്യവ്യാപകമായി പടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ ജനങ്ങളെ കൊലപ്പെടുത്താൻ തുടങ്ങിയാൽ ഇറാനെ ശക്തമായി നേരിടുമെന്നായിരുന്നു ട്രംപിന്റെ രണ്ടാമത്തെ മുന്നറിയിപ്പ്. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ 'ധീരരായ ജനത' എന്ന് വിശേഷിപ്പിച്ച ട്രംപ്, അവർക്ക് സ്വാതന്ത്ര്യത്തിനായി നിലകൊള്ളാൻ അവകാശമുണ്ടെന്നും ഇറാൻ ഒരിക്കൽ മഹത്തായ ഒരു രാജ്യമായിരുന്നുവെന്നും പറഞ്ഞു. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ വലിയ വില നൽകേണ്ടിവരുമെന്ന് ഇറാൻ ഭരണകൂടത്തിന് വ്യക്തമായ സൂചന നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

ട്രംപിന്റെ മുന്നറിയിപ്പിനെതിരേ ശക്തമായ പ്രതികരണവുമായി ഇറാനും രംഗത്തെത്തി. അമേരിക്ക ആക്രമിച്ചാൽ പ്രതിരോധ നടപടി സ്വീകരിക്കുമെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നറിയിപ്പ് നൽകി. ആഭ്യന്തര വിഷയത്തിൽ ഇടപെടുമെന്ന അമേരിക്കയുടെ നിലപാടിൽ ശക്തമായ എതിർപ്പാണ് ഇറാൻ സഭയെ അറിയിച്ചത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ ഇടപെട്ടാൽ ഉണ്ടാവുന്ന പരിണതഫലങ്ങളുടെ പൂർണമായ ഉത്തരവാദിത്തം അമേരിക്കയ്ക്കായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രതിഷേധങ്ങളിൽ 'വിദേശ ശക്തികളുടെ' ഇടപെടലുണ്ടെന്നാണ് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പ്രതികരിച്ചത്. ശത്രുവിന് വഴങ്ങില്ലെന്നായിരുന്നു ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി തുടക്കത്തിൽ പ്രതികരിച്ചത്.

പ്രതിഷേധം തുടരുമ്പോൾ ഇറാന്റെ ഭാവിയെന്ത്?

യു.എസ്. പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ വേണ്ടി സ്വന്തം രാജ്യത്തിന്റെ പൊതുമുതൽ നശിപ്പിക്കുകയാണ് പ്രതിഷേധക്കാർ ചെയ്യുന്നതെന്നാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി പ്രതികരിച്ചത്. ട്രംപിനോട് സ്വന്തം രാജ്യത്തെ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും അയത്തൊള്ള അലി ഖമേനി ആവശ്യപ്പെട്ടു. ട്രംപിന് ഒരു രാജ്യം എങ്ങനെ ഭരിക്കണമെന്ന് അറിയാമെങ്കിൽ അദ്ദേഹം സ്വന്തം രാജ്യം നന്നായി ഭരിക്കുമായിരുന്നുവെന്നാണ് ഖമേനി പ്രതികരിച്ചത്. ഇസ്രയേലിന്റെയും അമേരിക്കയുടെയും ഇറാൻ ആക്രമണത്തെക്കുറിച്ച് സൂചിപ്പിച്ച ഖമേനി ട്രംപിന്റെ കൈകളിൽ ആയിരത്തിലധികം ഇറാനികളുടെ രക്തം പുരണ്ടിരിക്കുന്നെന്നും കുറ്റപ്പെടുത്തി. നേരത്തെ, പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തിൽ ഖമേനി രാജ്യം വിട്ടേക്കുമെന്ന വാർത്തകൾ പുറത്തു വന്നെങ്കിലും ഇറാൻ അത് തള്ളിയിരുന്നു.

ഇതിനിടെയാണ് രാജ്യത്തെ ജനകീയ പ്രതിഷേധങ്ങളുടെ ഗുണഭോക്താവാകാൻ റിസ പഹ്ലവി ശ്രമം നടത്തിയത്. ഇസ്ലാമിക ഭരണകൂടത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധത്തിന് പഹ്ലവി ആഹ്വാനം ചെയ്തു. പിന്നാലെയാണ് രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങളും അന്താരാഷ്ട്ര ഫോൺവിളികളും ഇറാൻ ഭരണകൂടം നിരോധിച്ചത്. ഇതോടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനങ്ങളെ ലോകത്തുനിന്നുതന്നെ വേർപ്പെടുത്തുന്ന നയമാണ് ഇറാൻ ഭരണകൂടം സ്വീകരിക്കുന്നതെന്ന് റിസ പഹ്ലവി കുറ്റപ്പെടുത്തി. രാജ്യത്ത് ഇന്റർനെറ്റും ആശയവിനിമയവും പുനഃസ്ഥാപിക്കാൻ യൂറോപ്യൻ രാജ്യങ്ങളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, തത്കാലത്തേക്ക് പഹ്ലവിയുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ട്രംപ്.

പഹ്ലവിയുമായി ചർച്ചയ്ക്കില്ലെങ്കിലും ഇറാനിൽ പ്രശ്‌നം ഗുരുതരമാണെന്നാണ് ട്രംപ് പ്രതികരിച്ചത്. ഇറാനിലെ പരമാധികാരി അയത്തൊള്ള അലി ഖമേനി രാജ്യം വിടാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു. ട്രംപിന്റെ മുന്നറിയിപ്പുകൾ വലിയ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്. മാസങ്ങൾ നീണ്ടുനിന്ന സമ്മർദത്തിന് ശേഷമാണ് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടുന്നത്. ഇതിന് പിന്നാലെ ഇറാൻ വിഷയത്തിൽ ട്രംപിന്റെ ഇടപെടൽ ആശങ്കയോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണം, വെനസ്വേലയിലെ സമീപകാല നടപടികൾ, ഗ്രീൻലൻഡിന് എതിരായ ഭീഷണി എന്നിവയെല്ലാം ട്രംപിന്റെ ഭീഷണികൾക്ക് പുതിയ മാനം നൽകുന്നതാണ്.

ഇറാന്റെ നിലവിലെ രാഷ്ട്രീയ നേതൃത്വത്തിന് പ്രതിഷേധങ്ങളെ നേരിടാനാകുമോ എന്നതാണ് വലിയ ചോദ്യം. എന്നാൽ പ്രതിഷേധങ്ങൾക്കുമുന്നിൽ പിന്മാറാൻ തയ്യാറല്ലെന്ന് ഇറാനിലെ പരമാധികാരി അയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ ശക്തിപ്പെടുകയും അമേരിക്ക പോലുള്ള ഒരു രാജ്യത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്താൽ ഒരു പക്ഷേ നിലവിലെ ഭരണകൂടത്തിന് ആ വെല്ലുവിളി മറികടക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. അതിനാൽ തന്നെ ജനകീയ പ്രക്ഷോഭത്തിലൂടെ ഷിയാ ഭരണം അവസാനിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും.