
മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.ആര്‍. വിവാദം സംബന്ധിച്ച് നല്‍കിയ വിശദീകരണം ആരോപണങ്ങളെ ബലപ്പെടുത്തുകയാണുണ്ടായത്. രണ്ടാമതായി, രാഷ്ട്രീയലക്ഷ്യത്തോടെ തൃശൂര്‍ പൂരം മനപ്പൂര്‍വം കലക്കിയെന്ന് പ്രതിപക്ഷവും സി.പി.ഐയും ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആരോപണത്തെ അദ്ദേഹം ശരിവെച്ചു, ഇതു സംബന്ധിച്ച് ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണത്തിന് ത്രിതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെതിരെ നടപടിയില്ലെന്നും ആരോപണത്തിന്റെ പേരില്‍ മാത്രം ആര്‍ക്കെതിരെയും നടപടിയെടുക്കാനാവില്ലെന്നു ഒരിക്കല്‍കൂടി മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു വാര്‍ത്താസമ്മേളനം. മൂന്നാമത്തേത് പി.വി.അന്‍വറെക്കുറിച്ചുള്ള പരാമര്‍ശം തന്നെ. അന്‍വറിന്റെ ബിസിനസില്‍ പലതരത്തിലുള്ള ഇടപാടുകളും കൂട്ടുകെട്ടുകളും ഉണ്ടാകുമെന്നും അന്‍വറിന്റെ അതേ രീതിയില്‍ മറുപടി പറയാന്‍ താനില്ലെന്നും പറഞ്ഞ് അധിക്ഷേപങ്ങളെ അവജ്ഞയോടെ തള്ളിക്കളഞ്ഞു പിണറായി.
ഒരു പി.ആര്‍ ദുരന്തം
സര്‍ക്കാരിനും തനിക്കും ഒരു പി.ആര്‍ സംഘവുമില്ല, ഒരു പി.ആര്‍ ഏജന്‍സിക്ക് വേണ്ടിയും സര്‍ക്കാര്‍ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ല എന്നു പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആലപ്പുഴയിലെ ടി.കെ.ദേവകുമാറിന്റെ മകനാണ് (സുബ്രഹ്‌മണ്യന്‍) ദ ഹിന്ദു ദിനപ്പത്രത്തിന് അഭിമുഖം ആവശ്യമുണ്ട് എന്ന് തന്നെ അറിയിച്ചത്. ഒറ്റപ്പാലംകാരിയായ ലേഖികയടക്കം രണ്ടുപേരാണ് അഭിമുഖത്തിനെത്തിയത്. അഭിമുഖത്തിനിടെ 'മറ്റൊരാള്‍ കടന്നുവന്നു. ഹിന്ദുവിന്റെ മാധ്യമപ്രവര്‍ത്തകയുടെ ഒപ്പമുള്ള ആള്‍ എന്നാണ് മനസ്സിലാക്കിയത്. പിന്നെയാണ് അത് ഏജന്‍സിയുടെ ആളാണെന്ന് മനസ്സിലായത്. വന്നയാളെയും അറിയില്ല അത്തരം ഏജന്‍സിയും അറിയില്ല,' മാധ്യമങ്ങളോട് പിണറായി പറഞ്ഞു.
എന്നാല്‍ അച്ചടിച്ചുവന്ന അഭിമുഖത്തില്‍ 'ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്റെ നിലപാട് എന്താണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഏതെങ്കിലും ഒരു ജില്ലയെയും ഏതെങ്കിലും ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലല്ലോ,' എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമനടപടിക്ക് തയ്യാറാകുമോ എന്ന ചോദ്യത്തിന് ദ ഹിന്ദു മാന്യമായി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് തനിക്ക് എത്രമാത്രം ഡാമേജ് ഉണ്ടാക്കാന്‍ പറ്റും എന്നാണ് മാധ്യമങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നത്. 'ആ മോഹത്തോടെ നില്‍ക്ക് എന്നേ നിങ്ങളോട് പറയാനുള്ളൂ. അതുകൊണ്ട് മാത്രം ഡാമേജ് ആയി പോകുന്ന വ്യക്തിത്വമല്ല എനിക്കുള്ളതെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്' എന്നും പിണറായി മാധ്യമങ്ങളോടു പറഞ്ഞു.
വയനാട് ദുരന്തം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കണക്കുകള്‍ പെരുപ്പിച്ചു കാട്ടി എന്ന് റിപ്പോര്‍ട്ടു ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സെപ്റ്റംബര്‍ അവസാനമാണ്. പക്ഷേ, മുഖ്യമന്ത്രി പറയാത്ത കാര്യം, അതും വര്‍ഗീയ ധ്രുവീകരണത്തിനും സാമൂഹിക അസ്വസ്ഥതയ്ക്കും വഴിവെക്കാവുന്ന കാര്യം, 'മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെ' അച്ചടിച്ച പത്രത്തിനെതിരെ നിയമനടപടിക്കു മുതിരാത്തത് അത്ഭുതപ്പെടുത്തുന്നതാണ്. ദ ഹിന്ദുവിന് മുഖ്യമന്ത്രിയുടെ അഭിമുഖം തയ്യാറാക്കാന്‍ പി.ആര്‍ ഏജന്‍സിയുടെ സഹായം വേണ്ടിവരുമെന്നു വിശ്വസിക്കുക പ്രയാസം. കേരളാഹൗസില്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തിനിടെ പരിചയമില്ലാത്ത മറ്റൊരാള്‍ ആരുടെയും തടസ്സമോ ചോദ്യമോ ഇല്ലാതെ വന്നുകയറിയതും അതുപോലെ തന്നെ. ഇവയെല്ലാം ഏറെക്കുറെ അസംഭാവ്യമാണ്, പ്രത്യേകിച്ചും മുഖ്യമന്ത്രി, പിണറായിയെപ്പോലെ ഒരാളാവുമ്പോള്‍. പത്രം കൂട്ടിച്ചേര്‍ത്തതായി ആരോപിക്കുന്ന ഭാഗത്തിന്റെ ഉള്ളടക്കത്തില്‍ ഭൂരിഭാഗവും മുഖ്യമന്ത്രി മുമ്പ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 13-ന് സമാനമായ ഒരു പത്രക്കുറിപ്പ് മറ്റൊരു പി.ആര്‍.ഏജന്‍സി ഡല്‍ഹി പത്രങ്ങള്‍ക്ക് വിതരണം ചെയ്തെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ചൂണ്ടിക്കാണിച്ചു.
ഇന്നത്തെ കാലത്ത് രാഷ്ട്രീയ കക്ഷികള്‍ പ്രതിച്ഛായാനിര്‍മാണത്തിന് പി.ആര്‍. ഏജന്‍സികളുടെ സഹായം തേടുന്നതില്‍ അത്ഭുതമേ വേണ്ട. അമേരിക്കയില്‍ ദശകങ്ങളായി ഈ ഏര്‍പ്പാട് നിലവിലുണ്ട്. രാഷ്ട്രീയക്കാരന്റെ വേഷവും കേശവിധാനവും നടപ്പും മുതല്‍ സംസാരരീതിയും അംഗവിക്ഷേപങ്ങളും വരെ, പൊതുരംഗത്ത് ആര്‍ക്കൊപ്പമാണ് പ്രത്യക്ഷപ്പെടേണ്ടത്, ഓരോ ഇടത്തും എന്തൊക്കെയാണ് പറയേണ്ടത്, രാഷ്ട്രീയകക്ഷികള്‍ എന്തൊക്കെ പ്രശ്നങ്ങളാണ് ഉയര്‍ത്തിക്കാട്ടേണ്ടത് എന്നൊക്കെ ഇക്കൂട്ടര്‍ ഉപദേശിക്കും. ഏതൊക്കെ പത്രത്തില്‍/ ചാനലില്‍ അഭിമുഖം വരുത്തണം, സോഷ്യല്‍ മീഡിയാ പോജുകളില്‍ എന്തൊക്കെ പോസ്റ്റു ചെയ്യണം എന്നൊക്കെ ഉപദേശം നല്‍കുന്ന സംഘങ്ങളുമുണ്ട്. പ്രശാന്ത് കിഷോറും സുനില്‍ കനുഗോലുവും പോലെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേര്‍ നയിക്കുന്ന കമ്പനികള്‍. ഇവരുടെ സേവനം സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, അതിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവാക്കരുത് എന്നേയുള്ളൂ. അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഒടുവില്‍ പൂരം കലങ്ങി!
തൃശ്ശൂര്‍ പൂരം കലക്കിയതാണെന്ന ആരോപണങ്ങള്‍ ശരിവെച്ച മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ആസൂത്രിതമായ അട്ടിമറിശ്രമം നടന്നുവെന്നും സമ്മതിച്ചു. ഡി.ജി.പി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വെങ്കടേശ്, ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്യത്തിലെ ത്രിതല തുടരന്വേഷണത്തിനാണ് ഉത്തരവ്. ഇതുസംബന്ധിച്ച് അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് നേരത്തേ സര്‍ക്കാര്‍ തള്ളിയിരുന്നു. തുടരന്വേഷണത്തിനുള്ള ശുപാര്‍ശയോടെയാണ് അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ഡി.ജി.പി. മുഖ്യമന്ത്രിക്ക് കൈമാറിയത്. ആഭ്യന്തര സെക്രട്ടറിയും തുടരന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് സമഗ്രം അല്ലാത്തതിനാലാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. തുടക്കം തൊട്ട് തൃശ്ശൂരില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതെല്ലാം പരിഹരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടായത് ഗൗരവമായി കാണുന്നതു കൊണ്ടാണ് അതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി അരങ്ങേറിയ ആസൂത്രിതമായ നീക്കമാണ് അവിടെ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡിജിപിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് അജിത് കുമാറിന്റെ സാന്നിധ്യം സംബന്ധിച്ച വിവരം ഡിജിപി അറിയിച്ചത്. എഡിജിപിക്ക് ഇത് സംബന്ധിച്ച് വീഴ്ചയുണ്ടോയെന്നു പരിശോധിക്കാനാണ് ഡിജിപിയെ ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നേരത്തെ പ്രഖ്യാപിച്ച അന്വേഷണത്തിലും റിപ്പോര്‍ട്ടു വരുന്ന മുറയ്ക്ക് നടപടിയുണ്ടാകും- മുഖ്യമന്ത്രി വിശദീകരിച്ചു ഒരു ഉദ്യോഗസ്ഥനെ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനത്ത് നിന്ന് നടപടിക്ക് വിധേയനാക്കുമ്പോള്‍ കൃത്യമായ റിപ്പോര്‍ട്ട് വേണം. അതിനാണ് കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പക്ഷേ, അജിത് കുമാര്‍ തല്‍സ്ഥാനത്തു തുടരുന്നത് അദ്ദേഹത്തെ നീക്കുന്നതിനായി മുറവിളി കൂട്ടുന്ന സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ക്ക് ഒട്ടും സഹിക്കില്ല. പ്രത്യേകിച്ചും, ആര്‍.എസ്.എസ്സിന്റെ സംസ്ഥാന നേതാവ് വത്സന്‍ തില്ലങ്കേരിയെ എ.ഡി.ജി.പി കണ്ടതായുള്ള വാര്‍ത്ത കൂടി പുറത്തു വന്നതോടെ. തുടരന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തുഷ്ടി പ്രകടിപ്പിച്ച മുന്‍മന്ത്രി വി.എസ്.സുനില്‍കുമാര്‍ അന്വേഷണം കുതിരയുടെ വേഗത്തില്‍ മുന്നേറണമെന്ന് അഭിപ്രായപ്പെട്ടു. പൂരം കലങ്ങിയതില്‍ അടിമുടി ദുരൂഹത ഉണ്ടായിരുന്നുവെന്നും സംഘപരിവാറിന്റെ റാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പൂരത്തെ തകര്‍ക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ശ്രമം നടക്കുന്നതായും ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു കഴിഞ്ഞു. അന്വേഷണത്തെ തിരുവാമ്പാടി ദേവസ്വവും സ്വാഗതം ചെയ്തിട്ടുണ്ട്.
തീരാത്ത അന്‍വര്‍ തലവേദന
അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചു തുടങ്ങിയ നിലമ്പൂര്‍ എം.എല്‍. എ പി.വി അന്‍വര്‍ പിന്നീട് മുഖ്യമന്ത്രിയെയും ലക്ഷ്യം വെച്ചു, ഇടതുമുന്നണിയില്‍ നിന്നും പുറത്തായി. വൈകാതെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കോപ്പുകൂട്ടുന്ന അന്‍വറിന്റെ 'ധിക്കാരം' പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും അത് പ്രയാസമാണെങ്കില്‍ വീണയെയോ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയോ മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിക്കൂ എന്നും പരിഹസിക്കുന്നതു വരെ എത്തിയിരിക്കുന്നു. വീണയ്ക്ക് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രീ ദേവിയെക്കാള്‍ വിദ്യാഭ്യാസമുണ്ടല്ലോ എന്ന കുത്ത് പുറമേ. മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശത്തിന് മുഖ്യമന്ത്രി മാപ്പു പറയണമെന്നും അന്‍വര്‍ വ്യാഴാഴ്ച ആവശ്യപ്പെട്ടു.
അന്‍വറിന്റെ നീക്കം തുടങ്ങിയപ്പോള്‍ തന്നെ പോക്ക് എങ്ങോട്ടാണ് എന്നു വ്യക്തമായെന്നും പിണറായി പറഞ്ഞു. വര്‍ഗീയശക്തികള്‍ക്കെതിരെ ഏറ്റവും ശക്തമായ നിലപാട് എടുക്കുന്നവരാണ് സിപിഎമ്മും ഇടതുമുന്നണിയും തങ്ങള്‍ക്കൊപ്പം അണിനിരക്കുന്നവരെ പിന്തിരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തെറ്റായ പ്രചാരണം നടത്തുന്നു. ആ ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന കളികളില്‍ അന്‍വറും ചേര്‍ന്നു എന്നതാണ് അടുത്തകാലത്തെ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കാണിക്കുന്നത്. പുതിയ പാര്‍ട്ടി രൂപീകരിച്ചു കാര്യങ്ങള്‍ നീക്കാന്‍ ആണ് നോക്കുന്നത് എങ്കില്‍ അതിനെയും നേരിടും. പി ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി അന്‍വറെ പരിഹസിച്ചു. 'അതെല്ലാം അന്‍വറിന്റെ ശീലത്തില്‍ പറയുന്ന കാര്യങ്ങള്‍. അതൊന്നും ഞങ്ങളുടെ ഓഫീസിലെ ആളുകള്‍ക്ക് ബാധകമല്ല' എന്ന്. ഇതൊന്നും അറിയാതെയാണോ അന്‍വറെ ഇത്രയും കാലം കൂടെ കൂട്ടിയത് എന്നു ചോദിച്ചാല്‍ പാര്‍ട്ടിക്കും മുഖ്യനും ഉത്തരമുണ്ടാവില്ല. എന്തായാലും അന്‍വറെപ്പോലെ ഒരാള്‍ ഇടതുമുഖ്യമന്ത്രിയെ നേര്‍ക്കുനേര്‍ നിന്നു വെല്ലുവിളിക്കുന്നതും പരിഹസിക്കുന്നതും രാഷ്ട്രീയകേരളത്തിന് തികച്ചും അപരിചിതമായ കാഴ്ചയാണ്.
Content Highlights: pv anvar and cm pinarayi vijayan encounter
Published: 03 Oct 2024, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented