തിരുവനന്തപുരം: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട തിരുവമ്പാടി ദേവസ്വത്തിനെതിരെയുള്ള പൂരം റിപ്പോർട്ട് പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ. വാദിയെ പ്രതിയാക്കുന്ന അന്വേഷണ റിപ്പോർട്ട് അപലപനീയമാണെന്നും മുൻ മന്ത്രി വി.എസ്സ് സുനിൽ കുമാറും മന്ത്രി രാജനുമാണ് യഥാർത്ഥ ഗൂഢാലോചന പ്രതികളെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.

To advertise here,

‘’വി.എസ്സ് സുനിൽ കുമാറിന് നാണമൊ ഔചിത്യമൊ ഉണ്ടൊ? ഇത്രയും കാലം പറഞ്ഞത് പോലിസ് എഡിജിപി അജിത് കുമാറാണ് കുറ്റക്കാരൻ എന്നായിരുന്നു എന്നാണ്. ഇപ്പോൾ കളക്ടർ ആയി കുറ്റക്കാരൻ. എടൊ സുനിൽ കുമാറെ, കളക്ടറെ നിയന്ത്രിക്കുന്ന ആളല്ലെ മന്ത്രി രാജൻ എന്തുകൊണ്ട് രാജൻ കളക്ടർക്ക് എതിരെ നടപടി എടുത്തില്ല. മാത്രമല്ല വെടിക്കട്ട് നടത്തുവാൻ അവസാന തീരുമാനം എടുക്കുന്ന യോഗത്തിൽ കളക്ടറും സുനിൽ കുമാറും മന്ത്രി രാജനും ഞാനും ഉണ്ടായിരുന്നല്ലൊ ഇന്ന് വരെ കളക്ടർക്കെതിരെ ഒന്നും മിണ്ടാത്തവർ പുതിയ ഇരയെ കണ്ടെത്തുകയാണ്. അത് കൊണ്ട് തന്നെ യഥാർത്ഥ ഗൂഢാലോചന പ്രതികൾ വി.എസ്സ് സുനിൽ കുമാറും മന്ത്രി രാജനുമാണ്. തിരുവമ്പാടി ദേവസ്വത്തിനെതിരെയുള്ള പൂരം റിപ്പോർട്ട് പിൻവലിക്കണം’’- ഗോപാലകൃഷ്ണൻ പറഞ്ഞു.

കേരളത്തിലെ സർക്കാർ നടത്തുന്ന ക്ഷേത്ര വിരുദ്ധ, ഹിന്ദു വിരുദ്ധ സമീപനത്തിന്റെ ഭാഗമാണിതെന്ന് ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി. ‘’മറ്റ് ഏതെങ്കിലും മത ആചാരങ്ങൾ പോലീസ് നിയന്ത്രിക്കുന്നുണ്ടൊ? പള്ളി കമ്മറ്റിക്കെതിരെ പ്രതി ചേർക്കാറുണ്ടാ?എന്തുകൊണ്ട് തിരുവമ്പാടി ദേവസ്വത്തിനെതിരെ റിപ്പോർട്ട് അവതരിപ്പിച്ചു എന്ന് അറിയണം. പൂരം തൽക്കാലികമായി സതംഭിപ്പിച്ചു എന്നതാണ് കുറ്റമെങ്കിൽ സ്തംഭിപ്പിക്കാൻ ഉണ്ടായ കാരണങ്ങളാണ് ചർച്ച ചെയ്യണ്ടത്. പോലീസ് എന്തിന് ലാത്തിചാർജ് നടത്തി? എന്തിന് ആനക്കാരനെ അടക്കം തടഞ്ഞു?

പകൽ പൂരത്തിലെ കശപിശ സുനിൽ കുമാറിനേയും മന്ത്രി രാജനേയും വിളിച്ച് എന്തിന് ഒത്ത് തീർപ്പാക്കി? രാത്രി പൂരത്തിലും ഒത്ത് തീർപ്പുണ്ടാക്കി പൂരത്തിന്റെ ജനനായകനായി സുനിൽ കുമാറിനെ അവതരിപ്പിക്കാനുള്ള ശ്രമം അല്ലെ പോലീസ് നടത്തിയത്? സുനിൽകുമാർ എത്തുന്നതിന് മുൻപ് പ്രശ്‌നം തീർത്തതിന്റെ കലിയാണ് തിരുവമ്പാടി ദേവസ്വത്തിനെതിരെയുള്ള അന്വേഷണ റിപ്പോർട്ടിന്റെ കാതൽ’’- ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.