തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി പ്രശ്നത്തിൽ ഉലഞ്ഞുനിൽക്കെ, സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ഇഡി സമൻസ് വിവാദം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഉന്നമിട്ട പ്രതിപക്ഷത്തിന് വീണ്ടുമൊരു ആയുധമാണ് 2023-ൽ മകൻ വിവേക് കിരണിന് സമൻസയച്ചെന്ന വെളിപ്പെടുത്തൽ. കേസിൽ തുടർനടപടി ഒഴിവായത് സിപിഎം-ബിജെപി ബാന്ധവത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തിറങ്ങി. ‘മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന’ എന്ന മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനത്തിൽ ഒതുങ്ങി ഭരണപക്ഷ പ്രതികരണം.
സമൻസയച്ചിട്ട് വിവേക് ഹാജരാകാതിരുന്നിട്ടും ഇഡി തുടർനടപടിയൊന്നും സ്വീകരിക്കാത്തതാണ് ഉന്നയിക്കുന്ന ദുരൂഹത. വിവേകിനെ ഒഴിവാക്കി കുറ്റപത്രം നൽകിയതിൽ ഒത്തുകളി ആരോപിക്കുകയാണ് പ്രതിപക്ഷം.
വിവേക് കിരണിന്റെ താമസം മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലല്ല. മേൽവിലാസക്കാരൻ ഇല്ലാത്തതിന്റെപേരിൽ സമൻസ് മടങ്ങിയെങ്കിൽ, കേസന്വേഷണം അവസാനിപ്പിക്കാൻ അതൊരു സാധുവായ കാരണമല്ല. മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായതോടെ, കേസുമായി ബന്ധപ്പെട്ട തെളിവ് ആ വഴിക്കു കിട്ടിയതിനാൽ വിവേകിനെ ഒഴിവാക്കിയതാവാമെന്നാണ് ഒരു വാദം. പക്ഷേ, സമൻസ് ഇപ്പോഴും ഇഡി വെബ്സൈറ്റിലുള്ളത് കേസ് ഇല്ലാതായിട്ടില്ലെന്നതിന്റെ സൂചനയെന്നാണ് മറുവാദം. തീർപ്പായ കേസാണെന്ന് ഇഡി വൃത്തങ്ങളും പറയുന്നില്ല.
ഇതിനിടെ, കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർക്കെതിരേ സംസ്ഥാന വിജിലൻസിന്റെ കൈക്കൂലിക്കേസാണ് സമൻസ് വീണ്ടും പൊങ്ങിവരാനുള്ള കാരണമെന്നും പറയപ്പെടുന്നു. ചോദ്യംചെയ്യലൊഴിച്ച് ഈ കേസന്വേഷണം എവിടെയുമെത്തിയിട്ടില്ല.
സമൻസിനുശേഷമാണ് പൂരംകലക്കലും തൃശ്ശൂരിലെ ബിജെപി വിജയവും -വി.ഡി. സതീശൻ
എന്തിനാണ് മകന് ഇഡി സമൻസ് അയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സമൻസ് അയച്ച വിവരം ഇഡിയും മുഖ്യമന്ത്രിയും സിപിഎമ്മും രണ്ടുവർഷം മറച്ചുവെച്ചു. എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതും തൃശ്ശൂർ പൂരം കലക്കിയെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ബിജെപിയെ സഹായിച്ചെന്നുമുള്ള ആരോപണം ഉയർന്നതെല്ലാം ഈ സംഭവത്തിനുശേഷമാണ്. എല്ലാം ഒത്തുതീർപ്പായിരുന്നു. ആരോപണത്തിന് അടിവരയിടുന്നതാണ് ഈ സംഭവങ്ങളെല്ലാമെന്ന് സതീശൻ പറഞ്ഞു.
Content Highlights: ED summons to Chief Minister`s son in gold smuggling case sparks controversy. Opposition alleges a deal between CPM and BJP to drop further action against Vivek Kiran.
Published: 12 Oct 2025, 06:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented