
തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ ഉദ്യോഗസ്ഥതല ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. എഡിജിപി എം.ആർ. അജിത് കുമാറിനും മുൻ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകനും ഈ റിപ്പോർട്ട് ക്ലീൻ ചിറ്റ് നൽകുന്നുണ്ട്.
പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് കാരണം തിരുവമ്പാടി ദേവസ്വം ബോർഡാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ബോർഡ് മനപ്പൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും അനാവശ്യമായ പിടിവാശികൾ കാണിച്ചുവെന്നും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നു.
ഈ വിഷയത്തിൽ മൂന്ന് വ്യത്യസ്ത അന്വേഷണങ്ങളാണ് നടന്നത്. ഉദ്യോഗസ്ഥ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഗൂഢാലോചന ഇല്ലെന്ന് കണ്ടെത്തിയപ്പോൾ, എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കൃത്യനിർവ്വഹണത്തിൽ ജാഗ്രത കുറവുണ്ടായെന്നും അന്നത്തെ ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ മുഖ്യമന്ത്രി ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. മറ്റ് വകുപ്പുകളുടെ ഏകോപനത്തിൽ പ്രശ്‌നങ്ങളില്ലെന്നാണ് മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഈ റിപ്പോർട്ടിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത് 'പിണറായിയുടെ തിരക്കഥയും അജിത് കുമാറിന്റെ സംവിധാനവുമാണ്' എന്ന് കെ. മുരളീധരൻ ആരോപിച്ചു. എഡിജിപിയെ നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്ന സിപിഐ നേതാവ് ബിനോയ് വിശ്വം റിപ്പോർട്ട് നോക്കിയിട്ട് പ്രതികരിക്കാം എന്നാണ് അറിയിച്ചത്.നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത പൂരവും വരാനിരിക്കുന്ന സാഹചര്യത്തിൽ, ഈ റിപ്പോർട്ടിന്മേൽ ഉടൻ തുടർ നടപടികൾ ഉണ്ടാകാനിടയില്ല.
Content Highlights: Thrissur Pooram Controversy: Crime Branch Clears Officials of Conspiracy, Points Finger at Devaswom Board
Published: 13 Feb 2026, 08:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented