
‘ലോകം ഇന്ന് യുദ്ധങ്ങളുടെയും യുദ്ധസാധ്യതകളുടെയും ആയുധവിന്യാസത്തിന്റെയും നടുവിലാണ്. ഗാന്ധിമാർഗത്തിലെ അഹിംസയാണ് സമാധാനത്തിനുള്ള ഏകമാർഗമെന്ന് ഞാൻ കരുതുന്നു. സാമ്പത്തിക കാര്യങ്ങളിൽ ജി-7 പോലെ പീസ് സെവൻ രൂപവത്ക്കരിക്കാനൊരുങ്ങുകയാണ്. ഈ ഗാന്ധിജയന്തി ദിനത്തിൽ അതിനായി പീസ് ബിൽഡേഴ്‌സ് ഫോറം രൂപവത്ക്കരിക്കും. ഏഴ് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കുചേരും. ഏകതാ പരിഷത്ത് ഇതുമായി സഹകരിച്ച് കർമപരിപാടികൾ ആവിഷ്‌കരിക്കും', അന്താരാഷ്ട്ര പ്രശസ്തനായ ഗാന്ധിയനും ജോന കേന്ദ്രീകരിച്ച് ചമ്പൽ കൊള്ളക്കാരെ മാനസാന്തരവഴിയിലെത്തിച്ച അഹിംസാവാദിയുമായ ഡോ. പി.വി. രാജഗോപാൽ മാതൃഭൂമി പ്രതിനിധി ഡോ.എബി പി. ജോയിയുമായി സംസാരിക്കുന്നു.
പീസ് സെവൻ എന്തൊക്കെയാണ് ലക്ഷ്യമിടുന്നത്?
സമാധാനം, സമാധാനംമാത്രം. വ്യക്തിതലത്തിൽ അത് ശാന്തിയുടെയും അഹിംസയുടേയും സ്വാശ്രയത്വത്തിന്റെയും ജീവിതരീതിയായി തുടങ്ങും. രാഷ്ട്രങ്ങളിൽ സമാധാനത്തിനായി വകുപ്പുകൾ രൂപവത്ക്കരിക്കാൻ സമ്മർദം ചെലുത്തും. ഭരണകൂടത്തിലെ എല്ലാ വകുപ്പുകളിലും ഇടപെടാൻ പീസ് മിനിസ്ട്രിക്ക്് അവസരമുണ്ടാവണം. സമരങ്ങളെയും പ്രതിഷേധങ്ങളെയും സമാധാനപൂർവം അഭിമുഖീകരിക്കണം. അക്രമവും ആയുധവും രക്തച്ചൊരിച്ചിലുമില്ലാതെ അധികൃതരെ സമ്മർദത്തിലാക്കാൻ സമരം ചെയ്യുന്നവരും ശ്രദ്ധിക്കണം. എല്ലാ കളക്ടറേറ്റുകളിലും ഇതിനായി ഓരോ ഡയലോഗ് ഓഫീസ് വേണം. പീസ് മിനിസ്ട്രി എല്ലാ മന്ത്രാലയങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ക്രോസ്സ് കട്ടിങ് മിനിസ്ട്രി ആവണം.
ഏതൊക്കെ രാജ്യങ്ങളിൽനിന്നുള്ളവരാണ് അംഗമായിട്ടുള്ളത്?
ജപ്പാൻ, കാനഡ, ഇന്ത്യ, സൗത്ത് ആഫ്രിക്ക, കോസ്റ്ററിക്ക, സ്വിറ്റ്‌സർലാന്റ്, അർമേനിയ എന്നിവിടങ്ങളിലാണ് ഒത്തുകൂടിയത്. ഇത് ശക്തമായാൽ 20 രാജ്യങ്ങളെ ഉൾപ്പെടുത്തി പീസ്-20 ആക്കണമെന്ന് ആഗ്രഹമുണ്ട്. ശാന്തിക്കുവേണ്ടി സർക്കാരുകളെ ആശ്രയിക്കാവുന്ന സ്ഥിതിയുണ്ടാവണം. സമാധാനം എല്ലാവരുടെയും അവകാശമാണെന്ന ബോധ്യം ലോകത്ത് പ്രബലപ്പെടണം. ആഗോള സമാധാനം ലോകമെങ്ങുമുള്ള മനുഷ്യരുടെ അവകാശമാണെന്നത് നാം മനസ്സിലാക്കണം. ഒക്ടോബർ 12 മുതൽ 28 വരെ ഇതിനായി സ്വിറ്റ്‌സർലൻഡിൽ പ്രചാരണം നടത്തുന്നുണ്ട്. ഒരുലക്ഷം പേർ ഒപ്പിട്ട നിവേദനം ഗവൺമെന്റുകൾക്ക് സമർപ്പിക്കും.
സമാധാനം ഇല്ലാതാവുന്നത് എന്തുകൊണ്ടാണ്?
നീതി ഇല്ലാതാവുമ്പോഴാണ് അസമാധാനം ഉടലെടുക്കുന്നത്. സമാധാനവും സാമൂഹ്യനീതിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ആഫ്രിക്കയിലായാലും ഇന്ത്യയിലായാലും ഇംഗ്ലണ്ടിലായാലും അതങ്ങനെതന്നെയാണ്. അഹിംസ എന്ന് നാം പറഞ്ഞാൽമാത്രം പോരാ. അതനുസരിച്ച് പ്രവർത്തിക്കുകയും വേണം. ഒരു സാധാരണ ഗ്രാമീണനു പോലും അതിനായി ശ്രമിക്കാം.
കണ്ണൂരിൽ തില്ലങ്കേരിയിൽ ജനിച്ച, കോഴിക്കോട് രാമനാട്ടുകര സേവാമന്ദിരത്തിൽ താമസിക്കുന്ന ഒരു സാധാരണ ഗ്രാമീണനായ ഞാൻ പറയുന്നതിന് നാഗാലാൻഡിലുള്ളവർ വില കല്പിക്കുന്നുവെങ്കിൽ എല്ലാ അതിർത്തികൾക്കുമപ്പുറം സമാധാനശ്രമങ്ങൾക്ക് പ്രസക്തിയുണ്ടെന്നാണ് അർഥം. ഐക്യരാഷ്ട്രസഭപോലും നിസ്സഹായാവസ്ഥയിലാവുമ്പോഴും ഒറ്റപ്പെട്ട പരിശ്രമങ്ങൾക്കും ചെറുസമൂഹങ്ങളുടെ പ്രയത്‌നങ്ങൾക്കും ഫലമുണ്ടാവുന്നത് കണ്ടിട്ടുണ്ട്.
ജന്മനാട്ടിൽ ഗാന്ധിജി തമസ്‌കരിക്കപ്പെടുമ്പോൾ അന്താരാഷ്ട്രതലത്തിൽ കൂടുതൽ പ്രസക്തനാവുന്നത് എന്തുകൊണ്ടാണ്?
സർവ്വതലസ്പർശിയായ സമഗ്ര ജീവിതദർശനവും മാർഗ്ഗവുമെന്ന നിലയിൽ വിദേശങ്ങളിലുള്ളവർ, പ്രത്യേകിച്ചും യുവജനങ്ങൾ ഗാന്ധിയൻ രീതിയെ അത്ഭുതത്തോടെ നോക്കിക്കാണുന്നു. ഉക്രൈനിലും ജോർജിയിലും ഗാന്ധി ഫൗണ്ടേഷനുണ്ട്. അവിടുത്തെ യൂണിവേഴ്‌സിറ്റികളിൽ ഗാന്ധി ചെയറുകൾ പ്രവർത്തിക്കുന്നുണ്ട്. കൊളംബിയയിലും നിക്കരാഗ്വയിലും കെനിയയിലും എന്തിന്, ഇംഗ്ലണ്ടിൽപോലും ഗാന്ധിയോട് ആരാധനയുള്ള, ആ മാർഗ്ഗം പിന്തുടരുന്ന ഒട്ടേറെ പേരെ കണ്ടിട്ടുണ്ട്. ഗാന്ധിയൻ ഗ്രൂപ്പുകളും പ്രസ്ഥാനങ്ങളും സംഘടനകളുമുണ്ട്. ലോകത്തിന്റെ പ്രശ്‌നങ്ങൾക്ക് ലളിതവും ശാന്തവും ആരേയും നോവിക്കാത്തതുമായ പരിഹാരം ഗാന്ധിസമാണെന്ന് അവർ തിരിച്ചറിയുന്നു.
Content Highlights: Peace Seven is being formed on Gandhi Jayanti following the G7 model to promote global peace., Representatives from seven countries including Japan, Canada, India, South Africa, Costa Rica, Switzerland, and Armenia are participating., The initiative aims to establish peace ministries in governments and dialogue offices in collectorates., A petition with one lakh signatures will be submitted to governments following a campaign in Switzerland.
Published: 01 Oct 2026, 07:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented