ഒരു പേരുപോലുമില്ലാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ, ആരാരുമറിയാതെ മറ്റു തെരുവ്‌നായകളെപ്പോലെ ഒടുങ്ങേണ്ടിയിരുന്ന ജന്മം. പക്ഷെ അവന്റെ വിധി മറ്റൊന്നായിരുന്നു. ഇന്ന് ലോകം മുഴുവനും അവൻ ശ്രദ്ധിക്കപ്പെടുന്നു, അവനെ തിരഞ്ഞ് വിഭിന്നയിടങ്ങളിൽനിന്ന് മാധ്യമപ്രവർത്തകരെത്തുന്നു. അവൻ പോകുന്ന വഴികളിൽ സാമൂഹികപ്രവർത്തകരും സഹൃദയരും മൃഗസ്‌നേഹികളും കാത്തുനിൽക്കുന്നു. അതെ, അലോക നടക്കുകയാണ്, ഒരു സംഘം ബുദ്ധമതസന്ന്യാസിമാരുടെ ലോകസമാധാനയാത്രയുടെ സഹയാത്രികനായി. ഇന്ത്യയിൽ നിന്ന് യുഎസിലേക്കെത്തിയ അലോക ടെക്‌സാസ് മുതൽ വാഷിങ്ടൺ വരെ 3,700 കിലോമീറ്റർ ദൈർഘ്യമുള്ള കാൽനടയാത്രയിൽ സന്ന്യാസിമാരെ അനുഗമിക്കുകയാണ്. ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും എക്‌സിലുമെല്ലാം അലോകയുടെ റീലുകൾ വൻ റീച്ചാണ് നേടുന്നത്. അവന്റെ പേരിൽ പോലും പേജുകൾ ക്രിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു- ഇന്ന് ലോകസമാധാനയാത്രയുടെ ഐക്കൺ അലോകയാണ്.

To advertise here,

ഹുവോങ് ദാവോ വിപാസന ഭാവന സെന്ററാണ് സമാധാനത്തിനുള്ള അവബോധയാത്ര സംഘടിപ്പിച്ചത്. 2015 ഒക്ടോബറിൽ ഇന്ത്യയിൽ യാത്രയ്‌ക്കെത്തിയ സന്ന്യാസിസംഘത്തിനൊപ്പം ആരും ക്ഷണിക്കാതെ അലോക ചേരുകയായിരുന്നു. കൊൽക്കത്തയുടെ തെരുവിൽ സന്ന്യാസിമാരെ കാത്ത് അലോക കഴിയുകയായിരുന്നുവെന്ന് തോന്നും അവന്റെ സംഘത്തോടൊപ്പമുള്ള ഇണക്കം കണ്ടാൽ. അലോകയുടെ പ്രായത്തെ കുറിച്ച് വലിയ ധാരണയില്ലെങ്കിലും അവനെ സംഘം ഒപ്പം കൂട്ടി. വെളുപ്പും തവിട്ടും കലർന്ന ഒരു സാധാരണ നാടൻ നായയ്ക്ക് സന്ന്യാസിമാർ അലോകയെന്ന് പേരിട്ടു. ആരും ആവശ്യപ്പെടാതെ, ഒന്നും നൽകാതെ ഒരു വിശ്വസ്തൻ ഒപ്പം കൂടിയത് ഏതോ അലൗകിക പ്രേരണയാലാണെന്ന് തോന്നിയതിനാലാകണം അവർ അവന് അലോകയെന്ന നാമം നൽകിയത്.

ഇന്ത്യയിലും അലോക സന്ന്യാസിമാരെ അനുഗമിച്ചു. സമാധാനം, കരുണ, സഹാനുഭൂതി എന്നിവ പ്രചരിപ്പിക്കുക എന്നതാണ് ലോകസമാധാനയാത്രയുടെ ലക്ഷ്യം. അച്ചടക്കവും സ്‌നേഹവും അനുസരണയും പ്രകടിപ്പിക്കുന്ന അലോക സംഘത്തിലെ ഓരോത്തർക്കും പ്രിയപ്പെട്ടതാണ്. അവർ വിശ്രമിക്കുമ്പോൾ അവനും വിശ്രമിക്കും. അവരുറങ്ങുമ്പോൾ ഉറങ്ങും, അവർക്കൊപ്പം ഭക്ഷിക്കും. വെയിലോ തണുപ്പോ വകവെയ്ക്കാതെ ആ സന്ന്യാസിമാർക്കൊപ്പം അവരിലൊരാളായി അവനും നടക്കും. വഴിയിൽ കാണുന്ന ഒരാളെപ്പോലും അവൻ ഉപദ്രവിക്കാറില്ല. ആരെയും നോക്കി കുറയ്ക്കാറില്ല. വരിയായി നീങ്ങുന്ന സംഘത്തിന്റെ ഏറ്റവും മുന്നിൽ അവൻ നടക്കും.

 

അവന് അപകടമൊന്നും വരാതിരിക്കാൻ അവനെ കെട്ടിയാണ് കൊണ്ടുപോകുന്നത്. അപകടമില്ലെന്ന് തോന്നുന്നയിടങ്ങളിൽ അവനെ സ്വതന്ത്രനാക്കി വിടാറുണ്ട്. അപ്പോഴും കൂട്ടം വിടാതെ ആ വരിയിൽ മുന്നിലായി അലോക നടന്നുനീങ്ങും. അൽപം വേഗം കൂടി മുന്നിലായാൽ അവൻ തിരിഞ്ഞ് കാത്തുനിൽക്കും, തന്റെ പ്രിയപ്പെട്ടവർ എത്താനായി. അവർ സമീപമെത്തിയാൽ നടപ്പ് തുടരും. കാലാവസ്ഥയിൽ സംരക്ഷണമേകാൻ അവനും വസ്ത്രങ്ങളുണ്ട്, അലോകയോട് സ്‌നേഹമുള്ളവർ സമ്മാനിക്കുന്നത്. അവനെ പരിചരിക്കാൻ ഡോക്ടർമാർ എത്താറുണ്ട്. അവന്റെ ആരോഗ്യകാര്യത്തിൽ സന്ന്യാസിമാർക്കൊപ്പം ആശങ്കപ്പെടുന്ന നിരവധി പേരുണ്ട്. തണുപ്പ് അധികമാകുമ്പോൾ അവനെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകാറുണ്ട്. പക്ഷെ അവൻ അക്ഷമനായി വാഹനത്തിന്റെ ജനാലയിലൂടെ സന്ന്യാസിസംഘത്തെ നോക്കിയിരിക്കും. വാഹനം നിർത്തിയാലുടനെ അവർക്കൊപ്പം എത്താനായി അവൻ തിടുക്കം കൂട്ടും.

അലോകയുടെ തലയിലുള്ള വെള്ള നിറത്തിലുള്ള ഹൃദയചിഹ്നം അവന്റെ ഉള്ളിലെ സ്‌നേഹത്തിന്റെ പ്രതീകമാണ്. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും നന്ദിയും സ്‌നേഹവുമുള്ള ഒരു ജീവിവർഗത്തിന്റെ പ്രതീകം. നൂറ് ദിവസത്തിലധികം അലോക ഇന്ത്യയിൽ സന്ന്യാസിസംഘത്തെ അനുഗമിച്ചിരുന്നു. അലോകയ്ക്ക് ഏകദേശം നാല് വയസ് പ്രായമുണ്ടാകും എന്നാണ് ഡോക്ടർമാർ പറയുന്നത്. ശാന്തസ്വഭാവമുള്ള അലോകയെ എത്തുന്നിടങ്ങളിലെല്ലാം നിരവധി പോരാണ് സ്‌നേഹത്തോടെ എതിരേൽക്കുന്നത്.

സമാധാനത്തിനായുള്ള യാത്രയിൽ ശാന്തനായി നീങ്ങുന്ന അലോക ഇന്ന് നിരവധി പേരുടെ പ്രിയപ്പെട്ടവനാണ്. അത്ഭുതത്തിന് പകരം സ്‌നേഹത്തോടെയും സന്തോഷത്തോടെയുമാണ് അലോകയെ എല്ലാവരും നോക്കുന്നതും സ്വീകരിക്കുന്നതും. യാത്രയെ കുറിച്ച് ആലോചിക്കുമ്പോഴും യാത്ര തുടങ്ങുമ്പോഴും ഒരു ഘട്ടത്തിലും ഇത്തരമൊരിടപെടൽ ഉണ്ടാകുമെന്ന് സന്ന്യാസിമാർ കരുതിയിരുന്നില്ല. അപ്രതീക്ഷിതമായെത്തിയ സ്‌നേഹത്തിന്റെ കാവൽ അവർ ആസ്വദിക്കുകയാണ്. തിരികെയൊന്നും ആവശ്യപ്പെടാതെ, അവരെ നയിക്കേണ്ടത് താനെന്ന ഭാവത്തിൽ, ശാന്തനായി, സന്തുഷ്ടനായി, മറ്റൊന്നിലും തലയിടാതെ അലോക അനുയാത്ര തുടരുകയാണ്...ലോകസമാധാനത്തിന്റെ പ്രതീകമായി താൻ വാഴ്ത്തപ്പെടുന്നതറിയാതെ!