'ഞങ്ങള്‍ ഒരു ആണവരാഷ്ട്രമാണ്. ഞങ്ങളെ വീഴ്ത്തിയാല്‍ ലോകത്തിന്റെ പകുതിയും ഞങ്ങള്‍ക്കൊപ്പം വീഴും'. ഓഗസ്റ്റ് പത്തിന് അമേരിക്കയിലെ താമ്പയില്‍ നടന്ന അത്താഴവിരുന്നില്‍ വെച്ച് പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ നടത്തിയ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. സിന്ധുനദിയിലെ നിയന്ത്രണത്തെ ചൊല്ലിയായിരുന്നു പാക് സൈനിക മേധാവിയുടെ പ്രകോപനപരമായ പ്രസ്താവന. സിന്ധു നദീജലത്തിന് മേലുള്ള പാകിസ്താന്റെ അവകാശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പാകിസ്താനുള്ള വെള്ളം തടയാനായി സിന്ധുവില്‍ ഇന്ത്യ അണക്കെട്ട് നിര്‍മിച്ചാല്‍ അത് പത്ത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നും മുനീര്‍ ഭീഷണി മുഴക്കി. ഏപ്രിലിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് പാക് സൈനിക മേധാവിയുടെ ഭീഷണി പുറത്തുവരുന്നത്. അസീം മുനീറിന്റെ പരാമര്‍ശങ്ങളെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളിക്കളഞ്ഞു. എങ്കിലും ഭീകരസംഘടനകളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന പാകിസ്താനിലെ ആണവ നിയന്ത്രണ സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ഈ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്യുന്നത്. തങ്ങള്‍ തകരുമ്പോള്‍ ലോകത്തിന്റെ പകുതിയേയും തകര്‍ക്കുമെന്ന ഭീഷണിയിലൂടെ നിരുത്തരവാദപരമായി പെരുമാറുന്ന ഒരു രാജ്യത്തിന്റെ പക്കലാണ് ആണവായുധങ്ങളുള്ളതെന്ന ആശങ്ക ഊട്ടിയുറപ്പിക്കുകയാണ്,  ഒപ്പം ഇന്ത്യയെ മാത്രമല്ല ദക്ഷിണേഷ്യയെ മുഴുവനായി പാകിസ്താന്‍ ലക്ഷ്യമിടുന്നതെന്ന ധ്വനി കൂടി അതിന് പിന്നിലുണ്ട്. എന്നാൽ, ഇന്ത്യയ്‌ക്കെതിരേ ആണവ ഭീഷണി ഉയര്‍ത്താന്‍ മാത്രമുള്ളത്രയും സംവിധാനങ്ങള്‍ പാകിസ്താനുണ്ടോ? എന്താണ് പാകിസ്താന്റെ ആണവശേഷി? പാകിസ്താന്റേത് വെറും വെല്ലുവിളി മാത്രമായി തള്ളിക്കളയണോ?

To advertise here,

അസിം മുനീറിന്റെ പരാമർശങ്ങൾക്കെതിരേ  രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്തെത്തി. 'സിന്ധുനദി ഇന്ത്യയുടെ കുടുംബസ്വത്തല്ല, ദൈവത്തിന്റെ കൃപയാല്‍ ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് യാതൊരു ക്ഷാമവുമില്ല' എന്നായിരുന്നു അസിം മുനീര്‍ പറഞ്ഞത്. ഈ പ്രസ്താവനയെ ഇന്ത്യ അതിരൂക്ഷമായ ഭാഷയില്‍ അപലപിച്ചു. പാകിസ്താന്റേത് 'ആണവ വാചാടോപം' മാത്രമാണെന്നും പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നില്‍ ഇന്ത്യ ഒരിക്കലും വഴങ്ങില്ലെന്നും പാകിസ്താന്റെ ഭീഷണി സ്ഥിരം ശൈലിയാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. സൗഹൃദരാഷ്ട്രമായ അമേരിക്കയുടെ മണ്ണില്‍ ചവിട്ടി ഇന്ത്യയ്ക്കുനേരെ ആണവ ഭീഷണി മുഴക്കുന്ന സംഭവം പോലും കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്, അത് അത്യന്തം ഖേദകരമാണെന്നും മന്ത്രാലയം വിമര്‍ശിച്ചു. ദേശീയ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ ആവര്‍ത്തിച്ചിട്ടുണ്ട്.

പാകിസ്താന്റെ ആണവായുധ ശേഷിയെത്ര? 

പാകിസ്താനെതിരെയുള്ള ബലപ്രയോഗത്തിനും സൈനിക നീക്കത്തിനുമുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ തന്നെ ആദ്യം മുന്നിലേക്കുവരുന്ന പ്രധാന ഘടകം പാകിസ്താന്‍ ഒരു ആണവശക്തിയാണെന്നുള്ളതാണ്. ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പാകിസ്താന്‍ പലകുറി വ്യക്തമാക്കിയിട്ടുമുണ്ട്. പാക് സൈന്യത്തിന്റെ നിലനില്‍പ്പിന് തുടര്‍ച്ചയായി ഭീഷണിയുണ്ടാകുന്ന സാഹചര്യം വന്നാല്‍ ആണവായുധം പ്രയോഗിച്ചേക്കും, ശത്രു ആദ്യം ആണവായുധം പ്രയോഗിച്ചില്ലെങ്കില്‍ പോലും തങ്ങള്‍ അത് പ്രയോഗിക്കാന്‍ മടിക്കില്ലെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധക്കളത്തില്‍ ഉപയോഗിക്കാന്‍ രൂപകല്‍പന ചെയ്ത ഹ്രസ്വദൂര സ്ട്രാറ്റജിക് ആണവായുധങ്ങളിലാണ്  പാകിസ്താന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നയമാണ് ഇന്ത്യയ്ക്കുള്ളത്.  

സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (SIPRI) 2025-ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം പാകിസ്താനില്‍ 170 ആണവ പോര്‍മുനകളുണ്ടെന്നാണ് കണക്ക്. ആണവായുധ നിര്‍മാണത്തിനുവേണ്ട ഫിസൈല്‍ മെറ്റീരിയലിന്റെ സ്ഥിരമായ ഉത്പാദനവും പുതിയ വിക്ഷേപണ സംവിധാനങ്ങളുടെ വികസനവും നടക്കുന്നുണ്ട്. 170 മുതൽ 180 വരെ ആണവപോര്‍മുനകളാണ് ഇന്ത്യയ്ക്കുള്ളത്. പാകിസ്താനെ അപേക്ഷിച്ച് എണ്ണത്തില്‍ വളരെ ചെറിയ വര്‍ധനവ് മാത്രമേയുള്ളൂവെങ്കിലും വിക്ഷേപണ സാങ്കേതികവിദ്യയില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. 

പാകിസ്താന്റെ പ്രധാന മിസൈല്‍ സംവിധാനങ്ങള്‍

1998ലാണ് പാകിസ്താന്‍ ആണവായുധ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ലോകത്ത് ആണവപരീക്ഷണം നടത്തുന്ന ഏഴാമത് രാഷ്ട്രമായിരുന്നു പാകിസ്താന്‍. ആംസ് കണ്‍ട്രോള്‍ സെന്റര്‍ കണക്കുകള്‍ പ്രകാരം ഏകദേശം 170 ആണവ പോര്‍മുനകളാണ് പാകിസ്താനുള്ളത്. ഇതില്‍ 5 മുതല്‍ പന്ത്രണ്ട് കിലോ ടണ്‍ വരെയുള്ള ആയുധങ്ങളുണ്ടെന്ന് കണക്കാക്കുന്നു. പാകിസ്താന്റെ പക്കലുള്ള പ്രധാന മിസൈല്‍ സംവിധാനങ്ങള്‍ ഇവയാണ്; 

  • ഷഹീന്‍ 3: പാകിസ്താന്റെ കൈവശമുള്ള ഏറ്റവും ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ ഷഹീന്‍ 3-ന് 2,750 കിലോമീറ്റര്‍ വരെ ദൂരമുള്ള ലക്ഷ്യങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കും. ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ഈ ബാലിസ്റ്റിക് മിസൈലിന് ഇന്ത്യയുടെ വിദൂര ഭാഗങ്ങളിലും ഒരുപക്ഷേ, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മിഡില്‍ ഈസ്റ്റിലെ ചില മേഖലകളിലും എത്തിച്ചേരാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
  • അബാബീല്‍: ഈ ബാലിസ്റ്റിക് മിസൈലിന് 2,200 കിലോമീറ്റര്‍ വരെ ദൂരമുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ ശേഷിയുണ്ടെന്നാണ് വിശ്വാസം, എന്നാല്‍ ഇതിന്റെ പരീക്ഷണങ്ങള്‍ വളരെ പരിമിതമായി മാത്രമേ നടന്നിട്ടുള്ളൂ.
  • ഫത്ത്ഹ 2: 400 കിലോമീറ്റര്‍ റെയ്ഞ്ചുള്ള ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലാണിത്.
  • ഷഹീന്‍ 2: 1,500-2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള, ഭൂതലത്തില്‍ നിന്ന് ഭൂതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലാണ് ഇത്.
  • ഘൗരി-2: 2,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ളത്. ഘൗരി-1-ന്റെ (1,300 കിലോമീറ്റര്‍ റെയ്ഞ്ച്) മെച്ചപ്പെട്ട പതിപ്പാണ് ഇത്, ഉത്തര കൊറിയയുടെ നോഡോങ് മിസൈലില്‍ നിന്ന് ഇത് ഉരുത്തിരിഞ്ഞതാണെന്ന് വിശ്വസിക്കപ്പെടുന്നു.
  • ബാബര്‍-3: 450 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള, അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈല്‍. 2017-ല്‍ ഒരു തവണ മാത്രമാണ് ഇത് പരീക്ഷിച്ചത്.

ലോകത്തിന്റെ പകുതി വീഴ്ത്താന്‍ പാകിസ്താന് ശേഷിയുണ്ടോ? 

പാകിസ്താന്റെ ഏറ്റവും ദൂരപരിധിയുള്ള മിസൈലിന് പോലും കിഴക്കന്‍ ഏഷ്യയിലോ, യൂറോപ്പിന്റെ പടിഞ്ഞാറന്‍ മേഖലകളിലോ വടക്കേ അമേരിക്കയിലോ എത്താനുള്ള ശേഷിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സംവിധാനങ്ങള്‍ പാകിസ്താന്റെ പ്രഹരശേഷിയെ സമീപ മേഖലകളിലും അയല്‍രാജ്യങ്ങളിലും മാത്രം ഒതുക്കി നിര്‍ത്തുന്നു, അതിനപ്പുറത്തേക്ക് വ്യാപിപ്പിക്കാന്‍ കഴിയുന്നില്ല.

8,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്റര്‍കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍, ആഗോളതലത്തിലുള്ള ആക്രമണശേഷിയുള്ള തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍, ഒരു ആക്രമണത്തിനുശേഷവും തിരിച്ചടിക്കാന്‍ കഴിയുന്ന പൂര്‍ണ പ്രവര്‍ത്തനക്ഷമമായ സമുദ്രാധിഷ്ഠിത ആണവ പ്രതിരോധ സംവിധാനം തുടങ്ങിയവയൊക്കെ ഉണ്ടെങ്കില്‍ മാത്രമേ പാകിസ്താന്‍ സൈനിക മേധാവി പറഞ്ഞതുപോലെ ലോകത്തിന്റെ പകുതിയെങ്കിലും ഭീഷണിപ്പെടുത്താന്‍ സാധിക്കൂ. എന്നാല്‍ നിലവില്‍ പാകിസ്താന് ഇത്തരം സൗകര്യങ്ങളൊന്നുമില്ലെന്നാണ് യാഥാര്‍ഥ്യം.

പാകിസ്താന്റെ ആണവനയം നിര്‍ണയിക്കുന്നത് പ്രധാനമന്ത്രി അധ്യക്ഷനായ നാഷണല്‍ കമാന്‍ഡ് അതോറിറ്റിയാണ്. പ്രവര്‍ത്തന നിയന്ത്രണം സ്ട്രാറ്റജിക് പ്ലാന്‍സ് ഡിവിഷനിലാണ്. എന്നിരുന്നാലും, പ്രതിസന്ധി സമയത്ത് പാകിസ്താന്‍ കരസേനാ മേധാവിയാണ് ഏറ്റവും നിര്‍ണായക വ്യക്തിയെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിലെ വിദഗ്ധരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അസിം മുനീറിന്റെ പ്രസ്താവനകള്‍ക്ക് പ്രാധാന്യം ലഭിക്കുന്നതും അന്താരാഷ്ട്ര ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതും ഇതുകൊണ്ടാണ്.

പാകിസ്താന്റെ ഏറ്റവും ദൂരപരിധിയുള്ള ഷഹീന്‍ 3 മിസൈലിന് പരമാവധി 2,750 കിലോമീറ്റര്‍ മാത്രമാണ് റെയ്ഞ്ച്. ഇത് ഭൂഖണ്ഡാന്തര പ്രഹരശേഷിക്ക് വേണ്ട 8,000-12,000 കിലോമീറ്ററിനെക്കാള്‍ വളരെ കുറവാണ്. പാകിസ്താന്റെ കര, വ്യോമ, നാവിക സംവിധാനങ്ങള്‍ക്കൊന്നും വടക്കേ അമേരിക്കയിലോ, യൂറോപ്പിന്റെ മിക്ക ഭാഗങ്ങളിലോ, കിഴക്കന്‍ ഏഷ്യയിലോ ഉള്ള ലക്ഷ്യങ്ങളെ ഫലപ്രദമായി ആക്രമിക്കാന്‍ സാധിക്കില്ല. അതിനാല്‍ മുനീറിന്റെ അവകാശവാദം നിലനില്‍ക്കാത്തതാണെന്നാണ് വിദഗ്ധര്‍ വാദിക്കുന്നത്.

ഇന്ത്യയും ആണവായുധങ്ങളും

1974ലാണ് ഇന്ത്യ ആദ്യമായി ആണവായുധ പരീക്ഷണം നടത്തുന്നത്. ആണവായുധം സ്വന്തമാക്കുന്ന ആറാമത് രാജ്യമായിരുന്നു അന്ന് ഇന്ത്യ. ആയുധശേഖരത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും പത്ത് മുതല്‍ നാല്‍പത് കിലോ ടണ്‍ വരെയുള്ള ആണവായുധങ്ങളാണ് ഇന്ത്യയുടെ പക്കലുള്ളത്. കര, കടല്‍, വായു എന്നിവയെല്ലാം ചേര്‍ന്ന് 170 മുതൽ 180 വരെ ആണവ പോര്‍മുനകള്‍ ഇന്ത്യയ്ക്കുണ്ടെന്നാണ് പ്രഖ്യാപിത കണക്കുകള്‍. 213 ആണവായുധങ്ങള്‍ ഉണ്ടാക്കാന്‍ മാത്രം പ്ലൂട്ടോണിയം ഇന്ത്യ കൈവശം വെച്ചിരിക്കുന്നതായും ആംസ് കണ്‍ട്രോള്‍ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വ്യോമാധിഷ്ഠിത ആണവപോര്‍മുനകള്‍ 48, കരയധിഷ്ഠിത പോര്‍മുനകള്‍ 64 തുടങ്ങിയവ ഉള്‍പ്പെടെയാണ് ഇന്ത്യയുടെ ശേഖരം. ഹ്രസ്വ-മധ്യ-ദീര്‍ഘ ലക്ഷ്യങ്ങളെ തകര്‍ക്കാനായി നാല് തരം കരയധിഷ്ഠിത ആണവമിസൈലുകളാണ് ഇന്ത്യയ്ക്കുള്ളത്. 

എന്തുകൊണ്ട് അമേരിക്ക? 

അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ മൈക്കില്‍ കുറില വിരമിക്കുന്നതിന്റെ ഭാഗമായി നടത്തിയ അത്താഴ വിരുന്നില്‍ പങ്കെടുക്കാനായാണ് അസീം മുനീര്‍ ഫ്‌ളോറിഡയിലെ താമ്പയിലെത്തിയത്. പാക് സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കശ്മീര്‍ വിഷയത്തിലും അസിം മുനീര്‍ വിവാദപ്രസ്താവന നടത്തി. പാകിസ്താന്റെ ജീവനാഡിയാണ് കശ്മീര്‍, അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്നും അന്താരാഷ്ട്ര അജന്‍ഡയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സിന്ധു ഇന്ത്യയുടെ മാത്രം അവകാശമല്ലെന്നും ജലനിയന്ത്രണത്തിനുള്ള ഇന്ത്യയുടെ നീക്കങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 1945-ല്‍ അമേരിക്ക നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ചതിന്റെ 80-ാം വാര്‍ഷികം ലോകം ആചരിക്കുന്ന ദിവസമാണ് മുനീറിന്റെ ആണവ ഭീഷണി വന്നതെന്നും ശ്രദ്ധേയം. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് ആക്രമണത്തില്‍ രണ്ട് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ അസീം മുനീര്‍ നടത്തിയ രണ്ടാമത്തെ യുഎസ് സന്ദര്‍ശനമായിരുന്നു ഇത്തവണത്തേത്. പാകിസ്താന്‍ അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താനും പുതിയ തലത്തിലേക്ക് വളര്‍ത്താനും തന്റെ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നിരുന്നാലും ഇന്ത്യയ്‌ക്കെതിരേ ഭീഷണി മുഴക്കാന്‍ പാകിസ്താന്‍ അവരുടെ സൗഹൃദരാജ്യമായ അമേരിക്ക തന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. അസീം  മുനീറിന്റെ സന്ദര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ 'അസാധാരണ പങ്കാളി' ആണ് പാകിസ്താന്‍ എന്നാണ് ട്രംപ് പ്രശംസിച്ചത്.

പ്രാദേശിക സമാധാനമെന്ന ആശയത്തിന് തികച്ചും വിപരീതമായിരുന്നു ഈ പരാമര്‍ശം. ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിയായ അമേരിക്കയില്‍ വെച്ച് അസീം മുനീറിന് ഇത് പറയാന്‍ കഴിഞ്ഞു എന്നത്, ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും ഇന്ത്യയോടുള്ള നിലപാടില്‍ ആശങ്കാജനകമായ മാറ്റം വന്നുവെന്ന സൂചനകളാണെന്ന വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ട്. എന്ത് പറഞ്ഞു എന്നതിലല്ല, എവിടെ നിന്നാണ് പറഞ്ഞത് എന്നതാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് ഈ വിഷയത്തില്‍ വിശകലന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുമായുള്ള താരിഫ് യുദ്ധവും വ്യാപാരകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിലച്ചതും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് അമേരിക്ക നല്‍കിയ താക്കീതുമെല്ലാം ഇതുമായി ബന്ധപ്പെട്ട് കൂട്ടിവായിക്കണം. ഒപ്പം പാകിസ്താന്റെ ഊര്‍ജമേഖലയെ ശക്തിപ്പെടുത്താനും എണ്ണ പര്യവേഷണത്തിനുമായി അമേരിക്ക പാകിസ്താനുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറില്‍ ഒപ്പിട്ടതും അടുത്തിടെയാണ്. 

തങ്ങള്‍ക്കെതിരേ നില്‍ക്കുന്ന രാജ്യത്തിനെതിരേ തന്ത്രപരമായ സന്ദേശങ്ങള്‍ നല്‍കാന്‍ പാകിസ്താനും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളെ മുനീര്‍ പ്രയോജനപ്പെടുത്തുകയാണെന്ന വിശകലനവുമുണ്ട്. ട്രംപിന്റെ കീഴില്‍ യുഎസ്-പാകിസ്താന്‍ ബന്ധങ്ങളില്‍ സമീപകാലത്തുണ്ടായ മുന്നേറ്റമാണ് ഇതിനായി അസീം മുനീറിനെ പ്രേരിപ്പിച്ചത്. പാകിസ്താനുമായുള്ള അമേരിക്കയുടെ ഊഷ്മള ബന്ധത്തിന്റെ ഭാഗമായാണ് ജൂണ്‍ 18-ന് നടന്ന, സാധാരണയായി രാഷ്ട്രത്തലവന്മാര്‍ക്ക് മാത്രം ലഭിക്കുന്ന ബഹുമതിയായ വൈറ്റ് ഹൗസിലെ ഉച്ചവിരുന്നിന് മുനീറിന് ആതിഥേയത്വം ലഭിച്ചത്. പാകിസ്താനില്‍ അമേരിക്കയ്ക്കുള്ള പുതിയ താല്‍പര്യങ്ങളുടേയും പാകിസ്താനിലെ അധികാരകേന്ദ്രം സൈന്യമാണെന്ന അംഗീകാരത്തിന്റെയും സൂചനയായിരുന്നു ഈ ക്ഷണം. യുഎസ് കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങിനെ പാകിസ്താന്റെ നിലപാട് അന്താരാഷ്ട്രതലത്തിലേക്ക് എത്തിക്കാനുള്ള വേദി കൂടിയാക്കി മാറ്റുകയായിരുന്നു അസീം മുനീര്‍. 

അടിസ്ഥാനമില്ലാത്ത ആണവ ഭീഷണിയുടെ പ്രധാന കാരണം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന്റെ ആണവ പൊള്ളത്തരം തുറന്നുകാട്ടിയതാണ് എന്നാണ് സുരക്ഷാ വിശകലന വിദഗ്ധനായ നിതിന്‍ എ ഗോഖലെ എക്‌സിലൂടെ പ്രതികരിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്താന്റെ ആണവ പോര്‍മുനകളുടെ സംഭരണശാലകളായ കൈരാന കുന്നുകളില്‍ ഇന്ത്യ പ്രതീകാത്മക സന്ദേശമായി ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ ധീരമായ സൈനിക ആക്രമണങ്ങളോടുള്ള പ്രതികരണമാണ് മുനീറിന്റെ ഭീഷണികളെന്നാണ് നിതിന്‍ എ ഗോഖലെ അഭിപ്രായപ്പെട്ടത്. പാകിസ്താന്റെ ആണവായുധ ശേഖരത്തെക്കുറിച്ച് പറയുന്നതിലൂടെ 'അതിന്റെ ശക്തി' പ്രകടിപ്പിക്കാനും ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള കൂടുതല്‍ സൈനിക നടപടികളില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാനും ഒരുപക്ഷേ  ലക്ഷ്യമിട്ടിരിക്കാം. അമേരിക്കയിലെ മുനീറിന്റെ പ്രസംഗം പ്രധാനമായും ലക്ഷ്യമിട്ടത് പാശ്ചാത്യരാജ്യങ്ങളില്‍ ആണവഭീതി ഉയര്‍ത്താനും സാമ്പത്തികമായി കൂടുതല്‍ നഷ്ടം സംഭവിക്കാനുള്ളത് ഇന്ത്യക്കാണെന്ന് സൂചന നല്‍കാനുമാണെന്ന് സംശയമില്ല.