
ആണവപരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനെയും പെടുത്തിയത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വീണ്ടും ആണവയുദ്ധ ഭീഷണിയുടെ നിഴലിലാക്കുക മാത്രമല്ല, അണുപരീക്ഷണ നിയന്ത്രണത്തിനുള്ള അന്താരാഷ്ട്ര കരാറിനെ (സിടിബിടിഒ) പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുന്നു. അമേരിക്കന്‍ ചാനലായ സിബിഎസിനു നല്‍കിയ അഭിമുഖത്തില്‍ റഷ്യയും ചൈനയും ഉത്തര കൊറിയയും പാകിസ്താനും അണുവായുധ പരീക്ഷണം തുടരുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.
വ്യക്തമായ ഗൃഹപാഠത്തോടെയാണ് പ്രസിഡന്റ് ഈ പ്രസ്താവന നടത്തിയതെന്ന് കരുതുന്നവരുണ്ട്, മുപ്പത്തിമൂന്നു വര്‍ഷത്തിനുശേഷം അണുപരീക്ഷണം പുനരാരംഭിക്കുമെന്ന തന്റെ പ്രഖ്യാപനത്തെ ന്യായീകരിക്കാനുള്ള മുട്ടുന്യായം മാത്രമാണ് ഈ വാക്കുകള്‍ എന്നു പറയുന്നവരുമുണ്ട്. പക്ഷേ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല കാര്യങ്ങള്‍. ട്രംപിന്റെ പ്രസ്താവനയെ വിശ്വാസത്തിലെടുക്കാന്‍ മാത്രം ശക്തമായ കാരണങ്ങളുണ്ട്. പ്രധാന കാരണങ്ങള്‍ കഴിഞ്ഞ മേയ് മാസം ഇന്ത്യ പാകിസ്താനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും ഈയിടെ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ ജോണ്‍ കിരിയാക്കൂ നടത്തിയ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമാണ്. ഓപ്പറേഷനില്‍ പാകിസ്താന്റെ ആണവശേഖരം സൂക്ഷിച്ചിരുന്ന കിരാന ഹില്‍സില്‍ ഇന്ത്യ ബോംബിട്ടതായി അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷാറഫ് രാജ്യത്തെ അണുവായുധങ്ങളുടെ പ്രവര്‍ത്തനനിയന്ത്രണം അമേരിക്കക്കു വിറ്റെന്നാണ് കിരിയാക്കൂ വെളിപ്പെടുത്തിയത്.
ട്രംപിന്റെ പരാമര്‍ശത്തോട് തുടക്കത്തില്‍ മൗനം പാലിച്ച പാകിസ്താന്‍ തങ്ങളല്ല ആദ്യമായി അണുപരീക്ഷണം നടത്തിയതെന്നും അത് പുനരാരംഭിക്കുന്ന ആദ്യരാജ്യം തങ്ങളാവില്ലെന്നും പിന്നീട് മറുപടി നല്‍കി. ചൈന ഉത്തരവാദിത്തമുള്ള രാഷ്ട്രമാണെന്നും അണുപരീക്ഷണം നിര്‍ത്തിവയ്ക്കാനുള്ള പ്രതിബദ്ധതയില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും ചൈനയുടെ വിദേശകാര്യ വക്താവ് പറഞ്ഞു. സമീപകാലത്ത് റഷ്യ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അത്യാധുനിക മിസൈലുകളും ഡ്രോണുകളും ആണവ അന്തര്‍വാഹിനികളും പരീക്ഷിച്ചിരുന്നു. പക്ഷേ, ആണവസ്‌ഫോടനമൊന്നും പരീക്ഷിച്ചിട്ടില്ല. ആണവശേഷിയുള്ള രാജ്യങ്ങള്‍ക്ക് ഇനി സ്‌ഫോടനപരീക്ഷണം നടത്തേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷേ, റഷ്യന്‍ പരീക്ഷണങ്ങളെ പെരുപ്പിച്ചു കാണിച്ച് ആണവപരീക്ഷണം പുനരാരംഭിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. പക്ഷേ, അമേരിക്ക ആണവസ്‌ഫോടനം നടത്താനുദ്ദേശിക്കുന്നില്ലെന്ന് ഊര്‍ജസെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ നൂറ്റാണ്ടില്‍ അണുവായുധ പരീക്ഷണം നടത്തിയ ഏകരാജ്യം ഉത്തരകൊറിയ ആണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ചൈന അവസാനം അണുപരീക്ഷണം നടത്തിയത് 1996-ല്‍ ആണ്. രേഖകളനുസരിച്ച് ഇന്ത്യയുടെ ആണവപരീക്ഷണത്തെ തുടര്‍ന്ന് 1998-ലാണ് പാകിസ്താന്‍ അവസാനം നിയന്ത്രിത അണുസ്‌ഫോടനം നടത്തിയത്. (അതുതന്നെ ചീറ്റിപ്പോയെന്നും ആരോപണമുണ്ട്.) 180-ഓളം രാജ്യങ്ങള്‍ ഒപ്പുവെച്ചിട്ടുള്ള സിടിബിടിഒയില്‍ ഇന്ത്യയെപ്പോലെ പാകിസ്താനും അംഗമല്ല. സ്വമേധയാ പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു എന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്. ആണവായുധം ആദ്യമുപയോഗിക്കില്ലെന്ന് പാകിസ്താന്‍ പറയുമെങ്കിലും അത് ഭംഗിവാക്ക് മാത്രമാണെന്ന് ആ രാജ്യത്തെ അറിയുന്നവര്‍ പറയുന്നു.
ട്രംപും ഓപ്പറേഷന്‍ സിന്ദൂറും പാകിസ്താന്റെ ആണവായുധ ശേഖരവും
ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ അണുപരീക്ഷണം നടത്തുമ്പോള്‍ തങ്ങളെന്തിനു ചെയ്യാതിരിക്കണം എന്നാണ് ട്രംപ് ചോദിക്കുന്നത്. അവര്‍ ചെയ്താലും പുറത്തുവരില്ല. പക്ഷേ, അമേരിക്കയില്‍ തുറന്ന സമൂഹമായതിനാല്‍ ഒന്നും മറച്ചുവെക്കാനാവില്ല. അവര്‍ പരീക്ഷിക്കുന്നത് ഭൂമിക്കടിയില്‍ വളരെ താഴ്ചയിലാണ്. അതിനാല്‍ ചെറിയ പ്രകമ്പനം മാത്രമേ പുറമേക്ക് അനുഭവപ്പെടൂ- പ്രസിഡന്റ് പറഞ്ഞു. നേരത്തേ തന്നെ അഭ്യൂഹമുണ്ട്, പാകിസ്താന്റെ ആണവശേഖരം അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന്. അങ്ങനെയെങ്കില്‍ അവിടെ അണുപരീക്ഷണം നടക്കുന്നുണ്ടെങ്കില്‍ അവരറിയണം. പക്ഷേ, ട്രംപ് മാത്രമല്ല, അദ്ദേഹത്തിന്റെ മുന്‍ഗാമികളും ഇതേക്കുറിച്ച് അറിഞ്ഞിരിക്കണമല്ലോ. അന്നൊന്നും ആരും മിണ്ടാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യമുയരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനോടടുപ്പിച്ച് പാകിസ്താനില്‍ ഒമ്പതോളം തവണ നേരിയ ഭൂചലനങ്ങളുണ്ടായത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിലത് റിച്ചര്‍ സ്‌കെയിലില്‍ അഞ്ചര വരെയെത്തുന്നവയായിരുന്നു. ട്രംപിന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഭൂമിക്കടിയിലെ അണുവായുധ പരീക്ഷണമായിരുന്നു ഭൂചലനങ്ങള്‍ക്ക് പിന്നില്‍. കഴിഞ്ഞ ഏപ്രിലില്‍ കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത നിഷ്ഠുരമായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. ആദ്യഘട്ടത്തില്‍ ഭീകര താവളങ്ങള്‍ ലക്ഷ്യംവെച്ച ഇന്ത്യ പിന്നീട് പാകിസ്താന്‍ തിരിച്ചടിക്ക് മുതിര്‍ന്നപ്പോള്‍ അതിശക്തമായി ആക്രമിച്ചു. ഇന്ത്യയുടെ മിസൈലുകള്‍ പാകിസ്താനിലെ പതിനൊന്നു വ്യോമതാവളങ്ങള്‍ തകര്‍ത്തു. എഫ് 16 അടക്കമുള്ള നിരവധി പോര്‍വിമാനങ്ങള്‍ നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്താന്റെ ആണവായുധങ്ങള്‍ സൂക്ഷിച്ചിരുന്ന കിരാന ഹില്‍സിലെ ഭൂഗര്‍ഭ അറയ്ക്കു സമീപവും അടുത്തുള്ള മുഷാഫ് വ്യോമത്താവളങ്ങളിലും ഇന്ത്യ നടത്തിയ മിസൈലാക്രമണങ്ങള്‍ പാകിസ്താനു നല്‍കിയ മുന്നറിയിപ്പാണെന്ന് സൈനിക വിദഗ്ധര്‍ പറയുന്നു. അവയെല്ലാം ഇന്ത്യന്‍ മിസൈലുകളുടെ ആക്രമണപരിധിക്കുള്ളിലാണെന്ന മുന്നറിയിപ്പ്. അതേസമയം, കിരാന ഹില്‍സിലെ ഭൂഗര്‍ഭ ആണവകേന്ദ്രം അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും അവിടേയ്ക്കുള്ള പ്രവേശന കവാടങ്ങളൊക്കെ ഇന്ത്യന്‍ ആക്രമണത്തില്‍ നശിച്ചെന്നും കുറേക്കാലത്തേക്ക് അവ ഉപയോഗിക്കാനാവില്ലെന്നും ഒരു വിഭാഗം സൈനിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആണവായുധത്തെ മുന്‍നിര്‍ത്തിയുള്ള പേടിപ്പിക്കല്‍ ഇനി നടക്കില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചതില്‍ കിരാന ഹില്‍സിലെ ബ്രഹ്മോസ് ആക്രമണത്തിന്റെ സൂചനയുണ്ടെന്ന് കരുതപ്പെടുന്നു.
ട്രംപിന്റെ ആണവ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അമേരിക്ക ഇടപെട്ടില്ലെങ്കില്‍ അണുവായുധം ഉപയോഗിക്കുമെന്ന് പാകിസ്താന്‍ ഭീഷണി മുഴക്കിയെന്നും തുടര്‍ന്നാണ് മോദിയെ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് വിളിച്ചതെന്നുമുള്ള അഭ്യൂഹത്തിന് ശക്തിയേറി. മോദി ഭീഷണി തള്ളിക്കളഞ്ഞുവെന്ന് വ്യക്തമാണ്. ഒരുപക്ഷേ, തങ്ങളുടെ നിയന്ത്രണത്തിലുള്ള ആണവായുധങ്ങള്‍ക്ക് ഭീഷണി നേരിട്ടതിനെ തുടര്‍ന്നാകാം അമേരിക്ക ഡല്‍ഹിയിലേക്ക് ഫോണ്‍ വിളിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതും അങ്ങനെ ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവന്‍ രക്ഷിച്ചതും താനാണെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തിന്റെ കാരണവും പാകിസ്താന്റെ അണുവായുധ ഭീഷണിയാകാം. നേരിട്ടുള്ള യുദ്ധത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാവില്ലെന്ന് ഉറപ്പുള്ള പാകിസ്താന് 'അസിമെട്രിക്' പോരാട്ടത്തിലേ പിടിച്ചുനില്‍ക്കാനാവൂ. അതിന് അവര്‍ ഭീകരരെയും വിഘടനവാദത്തെയും ആശ്രയിക്കുന്നു. കളി പൂര്‍ണമായും കൈവിട്ടു പോവുമെന്നു തോന്നിയാല്‍ അണുവായുധം പ്രയോഗിക്കാനും അവര്‍ മടിക്കില്ല.
സിഐഎ ചാരന്റെ വെളിപ്പെടുത്തലും 'മാനം' വില്‍ക്കുന്ന രാജ്യവും
2002-ല്‍ പാകിസ്താനിലെ യുഎസ് തീവ്രവാദവിരുദ്ധ വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ചയാളാണ് കിരിയാക്കു. പാകിസ്താന്റെ ന്യൂക്ലിയര്‍ കമാന്‍ഡ് അമേരിക്കന്‍ ജനറലിന് കൈമാറി എന്നും അണ്വായുധങ്ങള്‍ അല്‍ ക്വയ്ദ പോലുള്ള ഭീകര സംഘങ്ങളുടെ കൈയിലെത്തുമെന്ന മുഷാറഫിന്റെ ഭയം ആണ് കൈമാറ്റത്തിന് കാരണമെന്നും തന്നോട് പറഞ്ഞിരുന്നതായി അദ്ദേഹം ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. പ്രതിഫലമായി അമേരിക്ക 2002 മുതല്‍ 2017 വരെ 3,300 കോടി ഡോളര്‍ പാകിസ്താന് നല്‍കിയെന്നും അദ്ദേഹം പറയുന്നു. അതായത്, അമേരിക്ക മുഷാറഫിനെ വിലയ്ക്കെടുത്തു എന്ന്. കരാറിന്റെ ഭാഗമായി ആണവപോര്‍മുനകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് വിലക്കുകളില്ലാത്ത പ്രവേശനവും മറ്റും അമേരിക്കയ്ക്ക് ലഭിച്ചു.
1998-ലെ ചഗായി-ഒന്ന് അണുപരീക്ഷണത്തിനുശേഷം അമേരിക്ക പാകിസ്താന്റെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ലോകവ്യാപാര സംഘടനാ ആസ്ഥാനത്തെ ആക്രമണത്തിനുശേഷം ബന്ധങ്ങള്‍ മെച്ചപ്പെടുത്തി. പുറമേയ്ക്ക് അമേരിക്കയോടൊപ്പം നില്‍ക്കുകയും അതേസമയം ഭീകരവാദത്തെ പ്രീണിപ്പിക്കുകയും ചെയ്യുന്ന നിലപാടായിരുന്നു മുഷാറഫിന്റേത് എന്ന് കിരിയാക്കൂ ആരോപിക്കുന്നു. ഇക്കാര്യം യുഎസ് ഒരിക്കലും ഇന്ത്യയെ അറിയിച്ചിരുന്നില്ല. പക്ഷേ, യുദ്ധമുണ്ടായാല്‍ എളുപ്പം അവസാനിപ്പിക്കണമെന്നും ആണവയുദ്ധത്തില്‍ കലാശിക്കരുതെന്നും ഇരുരാജ്യങ്ങളെയും അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ഉപദേശിച്ചിരുന്നതായി തനിക്കറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി. കിരിയാക്കൂ വെളിപ്പെടുത്തല്‍ നടത്താന്‍ തിരഞ്ഞെടുത്ത സമയവും അദ്ദേഹത്തിന്റെ പശ്ചാത്തലവും സംശയത്തിനതീതമല്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല. ദീര്‍ഘകാലമായി അന്തരീക്ഷത്തിലുണ്ടായിരുന്നു ഈ കാര്യങ്ങള്‍. അദ്ദേഹത്തെ അമേരിക്കയോ, സിഐഎയോ ഇനിയും ഖണ്ഡിച്ചിട്ടുമില്ല.
ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്ന സൈനികാഭിമാനം, കത്തിപ്പടരുന്ന ആഭ്യന്തരയുദ്ധങ്ങള്‍, നാലുശതമാനം ചുരുങ്ങിയ സമ്പദ്‌വ്യവസ്ഥ. പ്രതിസന്ധികളുടെയും അപമാനങ്ങളുടെയും കാലമാണ് പാകിസ്താന്. അവരുടെ വിദേശമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്, ദീര്‍ഘകാലം അമേരിക്കയ്ക്കു വേണ്ടി ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ (ഡേര്‍ട്ടി വര്‍ക്ക്) ചെയ്തിട്ടുണ്ട് എന്ന്. ഇപ്പോള്‍ ഗാസയില്‍ സമാധാനം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര സേനയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് പാകിസ്താന്‍. ഇത് സംബന്ധിച്ച് ഇസ്താംബൂളില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പാക് വിദേശമന്ത്രിയും സംബന്ധിച്ചു. ഇസ്രയേലിന്റെ സഹകരണത്തോടെ ഹമാസിനെ നിരായുധീകരിക്കലും ഈ സേനയുടെ ദൗത്യമാണ്.
ആഭ്യന്തര ഭീഷണികളെ നേരിടാന്‍ തന്നെ വെള്ളം കുടിക്കുകയാണെങ്കിലും ആയിരക്കണക്കിന് സൈനികരെ സമാധാനസേനയുടെ ഭാഗമാക്കുന്നത് പാകിസ്താന് താല്‍പ്പര്യമുള്ള കാര്യമാണ്, കാരണം, കിട്ടാനുള്ളത് ലക്ഷക്കണക്കിന് ഡോളറുകളാണ്. ഇസ്രയേലിനെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത പാകിസ്താന്റെ പാസ്‌പോര്‍ട്ടില്‍ പറയുന്നത് ഇസ്രായേല്‍ ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും സാധുവായത് എന്നാണ്. ഇസ്രയേല്‍ കൂടി സമ്മതിച്ചാല്‍ ഗാസയെ വെടിപ്പാക്കാന്‍ പാക് പട്ടാളം ഇറങ്ങിയേക്കും. അപ്പോള്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പട്ടാളമേധാവി അസിം മുനീറും ജനങ്ങളോട് എന്താണു പറയുക?
ഇന്ത്യ- അമേരിക്ക പ്രതിരോധകരാറും ആണവ അയല്‍രാജ്യങ്ങളും
അടുത്ത പത്തുവര്‍ഷത്തേക്ക് പ്രതിരോധസഹകരണത്തിനുള്ള കരാര്‍ കഴിഞ്ഞയാഴ്ച ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ചേര്‍ന്ന് ക്വാലാലംപുരില്‍ വെച്ചാണ് കരാര്‍ പ്രഖ്യാപിച്ചത്. സംയുക്ത സൈനിക അഭ്യാസങ്ങളും ഒരുമിച്ചുള്ള സൈനികോപകരണ ഉല്‍പ്പാദനവും സൈബര്‍രംഗത്തെ പരസ്പര സഹകരണവുമൊക്കെ കരാറില്‍ പെടും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങള്‍ ഒരിക്കലും ഇത്രയ്ക്കു ശക്തമായിരുന്നില്ല എന്ന് ഹെഗ്‌സെത്ത്, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തില്‍ പുതിയ യുഗം ആരംഭിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ്. മാസങ്ങള്‍ക്ക് മുമ്പ് ഒപ്പുവെക്കേണ്ടിയിരുന്ന കരാര്‍ വൈകിയത് ട്രംപിന്റെ തീരുവയുദ്ധം കാരണമാണെന്നു കരുതുന്നു.
ട്രംപ് പറഞ്ഞതുപോലെ ചൈനയും പാകിസ്താനും ആണവപരീക്ഷണം തുടരുകയാണെങ്കില്‍ ഏറ്റവും പേടിക്കേണ്ടത് സ്വാഭാവികമായും ഇന്ത്യയാണ്. ഈ വര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യയ്ക്ക് 180 ആണവ പോര്‍മുനകളുണ്ട്, പാകിസ്താന് 170-ഉം ചൈനയ്ക്ക് ഏതാണ്ട് 600 എണ്ണവും. ട്രംപിന്റെ ആരോപണം ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി ഒരവസരം തുറക്കുന്നുണ്ട്, പൊഖ്‌റാന്‍ - മൂന്ന് നടത്തി ഹൈഡ്രജന്‍ ബോംബും അഗ്നി-6 ഭൂഖണ്ഡാന്തര മിസൈലിന്റെയും മുങ്ങിക്കപ്പലില്‍ നിന്നും വിക്ഷേപിക്കുന്ന കെ-5 മിസൈലിന്റെയും ഫലപ്രാപ്തി പരീക്ഷിച്ചറിയാന്‍.
Published: 05 Nov 2025, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented