ഭുവനേശ്വർ: ഒഡിഷയിൽ പ്രസ് ടൂറിനെത്തിയ കേരളത്തിലെ മാധ്യമപ്രവർത്തകരുടെ സംഘം ഒഡിഷയുടെ ഉപമുഖ്യമന്ത്രി പ്രവതി പരിദയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ ടൂറിസം മാതൃകയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒഡിഷയിലും ഹൗസ്‌ബോട്ട് സൗകര്യങ്ങൾ വിപുലീകരിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

To advertise here,

ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായ ചിലിക്കയിൽ ഇത്തരം നവീന ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത് വഴി വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നൽകുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിലും തൊഴിൽ സൃഷ്ടിക്കുന്നതിലും ടൂറിസം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൈതൃക-ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ജോലിസാധ്യതകൾക്കും ടൂറിസം വളരെ പ്രധാനമാണെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ചും ചർച്ചനടന്നു. യുവാക്കൾക്കിടയിൽ ബോധവത്കരണം നടത്തി ലഹരിമുക്ത ഭാരത കാമ്പെയ്‌നിൽ ഒഡിഷ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി നൈപുണ്യ പരിശീലനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ടൂറിസം, സാമൂഹിക വികസനം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ ഇരുസംസ്ഥാനങ്ങളും അറിവുകൾ പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളോടെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.