ടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ.) ഓഗസ്റ്റ് 21-ന് നടത്തിയ റാലിയില്‍ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ദ്രാവിഡ മുന്നേറ്റ കഴകത്തെയും (ഡി.എം.കെ.) ബി.ജെ.പിയെയും ഒരുപോലെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച വിജയ് 2026-ല്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങുമെന്ന് ഉറപ്പായി. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡി.എം.കെയുടെ ശക്തികേന്ദ്രമായ മധുരയില്‍ തന്നെയാണ് വിജയ് റാലി നടത്തിയതെന്നത് ശ്രദ്ധേയമാണ്. ഒപ്പം അദ്ദേഹം മധുര ഈസ്റ്റില്‍ നിന്ന് മത്സരിക്കുമെന്ന് കൂടി പ്രഖ്യാപിച്ചതോടെ വിജയ് ലക്ഷ്യം വെക്കുന്നത് ഡി.എം.കെയെ ആണെന്ന് വ്യക്തം. ഇത് മറ്റാരേക്കാളും നന്നായി അറിയുന്നത് ഡി.എം.കെ. തലവനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനാണ്.

To advertise here,

രാഷ്ട്രീയതന്ത്രജ്ഞതയില്‍ പിതാവ് കരുണാനിധിയെ കടത്തിവെട്ടുന്ന സ്റ്റാലിന്‍ തന്റെ നില ഭദ്രമാക്കാനുള്ള ശ്രമങ്ങള്‍ കാലേക്കൂട്ടി തുടങ്ങിക്കഴിഞ്ഞു. തന്റെ മുന്നണിയായ മതേതര പുരോഗമന സഖ്യത്തെ (എസ്.പി.എ.) ബലപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. വിജയ്ക്കില്ലാത്തത് കരുത്തുള്ള സഖ്യകക്ഷികളാണെന്ന് സ്റ്റാലിനറിയാം. സംസ്ഥാനത്തെ ഒപ്പം കൂട്ടാവുന്ന കക്ഷികളെയെല്ലാം തന്നോടടുപ്പിക്കുകയാണ് സ്റ്റാലിന്‍. ടി.വി.കെയുടെ സമീപത്തേക്ക് ആരും പോകരുതെന്ന ജാഗ്രതയാണത്.

എസ്.രാമദോസ് നേതൃത്വം നല്‍കുന്ന പട്ടാളി മക്കള്‍ കക്ഷിയെയും (പി.എം.കെ.) അന്തരിച്ച നടന്‍ വിജയകാന്തിന്റെ ഭാര്യ പ്രേമലത വിജയകാന്ത് നേതൃത്വം നല്‍കുന്ന ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകത്തെയും (ഡി.എം.ഡി.കെ.) സഖ്യത്തില്‍ ചേര്‍ക്കാനാണ് സ്റ്റാലിന്‍ ശ്രമിക്കുന്നത്. ഇരുകക്ഷികള്‍ക്കും ഈ നീക്കത്തില്‍ താത്പര്യമുണ്ട്. ജൂലായ് 31-ന് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ സ്റ്റാലിനെ കാണാന്‍ പ്രേമലത വിജയ്കാന്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം തന്റെ അമ്പതാം വിവാഹ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്താന്‍ വീട്ടിലെത്തിയ സഖ്യകക്ഷി നേതാക്കളുമായി സ്റ്റാലിന്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് കഴിഞ്ഞതായാണ് സൂചന. 

മതേതര പുരോഗമനസഖ്യത്തില്‍ പ്രധാനമായും ഡി.എം.കെയെ കൂടാതെ കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈകള്‍ കക്ഷി (വി.സി.കെ.), ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, സി.പി.ഐ., സി.പി.എം., വൈകോയുടെ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ.), കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി (കെ.എം.ഡി.കെ.) എന്നിവരും പിന്നെ പുതുതായി എത്തിയ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമാണുള്ളത്. ഒപ്പം 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയ ചില ചെറിയ കക്ഷികളുമുണ്ട്.

placeholder
വിജയ് | Photo: ANI

പ്രാതിനിധ്യ സ്വഭാവത്തോടെ, വളരെ കരുതലോടെ, തീര്‍ത്ത രാഷ്ട്രീയ സഖ്യമാണിതെന്ന് വേഗത്തില്‍ മനസിലാക്കാം. പരമ്പരാഗത വോട്ട് ബാങ്കുകളുള്ള ഡി.എം.കെയും കോണ്‍ഗ്രസും. ഡി.എം.കെയ്ക്ക് ശക്തി കുറവും എ.ഐ.എ.ഡി.എം.കെയ്ക്ക് ശക്തി കൂടുതലുമുള്ള കോയമ്പത്തൂര്‍, തിരുപ്പൂര്‍, സേലം മേഖലകളില്‍ ഇടത് കക്ഷികളും കെ.എം.ഡി.കെയും മക്കള്‍ നീതി മയ്യവും. ദളിത് പിന്തുണയുള്ള വി.സി.കെയും മുസ്‌ലിം സമുദായ പിന്തുണയുള്ള മുസ്‌ലിം ലീഗും. തീവ്ര തമിഴ് ആവേശം പേറുന്ന എം.ഡി.എം.കെ. അങ്ങനെയുള്ള സഖ്യത്തിലേക്ക് പുതിയ കക്ഷികള്‍ എത്തുമ്പോള്‍ ഒറ്റനോട്ടത്തിലത് ഡി.എം.കെയ്ക്ക് നേട്ടമെന്ന് തോന്നാം. എന്നാല്‍ സഖ്യത്തെ മൊത്തത്തില്‍ ഉലയ്ക്കാന്‍ പോകുന്ന തീരുമാനമായിരിക്കുമതെന്നാണ് ഡി.എം.കെ. പ്രവര്‍ത്തകര്‍ പോലും ഭയപ്പെടുന്നത്.

പി.എം.കെ. രണ്ടു വിഭാഗമായി അകന്നുനില്‍ക്കുന്ന അവസരത്തിലാണ് അവര്‍ ഡി.എം.കെ. മുന്നണിയിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നത്. എസ്. രാമദോസ് നേതൃത്വം നല്‍കുന്ന വിഭാഗം ബി.ജെ.പിയുമായി ഇനിയും ബാന്ധവം തുടരുന്നതില്‍ അര്‍ഥമില്ലെന്ന പക്ഷക്കാരാണ്. എന്നാല്‍ മകന്‍ അന്‍പുമണി രാമദോസാകട്ടെ പി.എം.കെ., ബി.ജെ.പി. മുന്നണിയില്‍ തന്നെ തുടരണമെന്ന് ശഠിക്കുന്നു. ഇരുവിഭാഗങ്ങളും പാര്‍ട്ടി ഭാരവാഹികളെ വരെ വെവ്വേറെ പ്രഖ്യാപിച്ച് പിളര്‍പ്പിന്റെ വക്കത്തെത്തിയിരിക്കുകയാണ്. വണ്ണിയാര്‍ സമുദായത്തിന്റെ പിന്തുണയുള്ള കക്ഷിയാണ് പി.എം.കെ. പി.എം.കെ. ഉള്ള മുന്നണിയില്‍ തങ്ങളുണ്ടാകില്ലെന്ന് വി.സി.കെ. പ്രഖ്യാപിച്ചുകഴിഞ്ഞു. 1987-ലെ വണ്ണിയാര്‍ സംവരണ പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് ദളിത് കുടുംബങ്ങളുടെ വീടുകള്‍ ചുട്ടെരിക്കപ്പെട്ടതിന്റെ പ്രതിഷേധം വി.സി.കെ. ഉപേക്ഷിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ സംസ്ഥാന പാര്‍ട്ടിയായി വളര്‍ന്ന വി.സി.കെയെ പെട്ടെന്ന് അകറ്റാനും ഡി.എം.കെയ്ക്ക് കഴിയില്ല. ഒരു സമയത്ത് തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് വരെയായി ഉയര്‍ന്ന വിജയകാന്തിന്റെ ഡി.എം.ഡി.കെ. പിന്നീട് ആകെ തളര്‍ന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. മുന്നണിയില്‍ അഞ്ച് സീറ്റില്‍ മത്സരിച്ചെങ്കിലും പച്ചതൊട്ടില്ല. നിലനില്‍പ്പിനുള്ള വഴികളാണ് പ്രേമലത വിജയകാന്ത് തേടുന്നത്. 

ഇതിനൊക്കെപ്പുറമേ മുന്നണി വിപുലീകരിച്ചാല്‍ സീറ്റ് വിഭജനത്തിന് എന്ത് പദ്ധതി തയ്യാറാക്കുമെന്ന ആശങ്കയും ഡി.എം.കെയുടെ പ്രധാന നേതാക്കള്‍ക്കുണ്ട്. സ്റ്റാലിന്റെ മനസറിയാത്തതിനാല്‍ ശബ്ദം പുറത്തുവരുന്നില്ലെന്ന് മാത്രം. 2021-ല്‍ ഡി.എം.കെ. 173 സീറ്റിലും കോണ്‍ഗ്രസ് 25 സീറ്റിലുമാണ് മത്സരിച്ചത്. ആറ് സീറ്റുകളില്‍ വീതം മത്സരിച്ച വി.സി.കെയും സി.പി.എമ്മും സി.പി.ഐയും ഇത്തവണ 10 സീറ്റെങ്കിലും ആവശ്യപ്പെടുമെന്നുറപ്പാണ്. വി.സി.കെയ്ക്ക് ഒന്നോ രണ്ടോ സീറ്റ് അധികമായി നല്‍കിയേക്കാം.

പുതുതായെത്തിയ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനും അര്‍ഹമായ പ്രാതിനിധ്യം നല്‍കേണ്ടി വരും. മനിതനേയ മക്കള്‍ കക്ഷി, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, തമിഴക വാഴ്‌വുറിവെയ് കക്ഷി, മക്കള്‍ വിടുതലൈ കക്ഷി, ആത്തി തമിഴര്‍ പേരവൈ തുടങ്ങിയ ചെറുകക്ഷികള്‍ക്കും ഡി.എം.കെ. സീറ്റ് നല്‍കാറുണ്ട്. ഇതിനൊക്കെ പുറമേ മറ്റ് രണ്ട് കക്ഷികള്‍ കൂടി പുതുതായി എത്തിയാല്‍ അവര്‍ക്കുള്ള സീറ്റ് ഡി.എം.കെയുടെ അക്കൗണ്ടില്‍ നിന്ന് നല്‍കേണ്ടി വരുമെന്നതാണ് സ്റ്റാലിനെ കുഴപ്പത്തിലാക്കുക. സീറ്റുകളുടെ എണ്ണം കുറയ്ക്കുന്നത് ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതയെ ബാധിക്കുകയും ചെയ്യും. പാര്‍ട്ടി നേതാക്കളില്‍ നിന്ന് എതിര്‍പ്പുകളുമുണ്ടായേക്കാം. ബി.ജെ.പിക്കും ടി.വി.കെയ്ക്കുമൊക്കെ അവസരങ്ങള്‍ ഉണ്ടാക്കുകയായിരിക്കും അതിന്റെ ഫലം. 

നടനും നിര്‍മാതാവും കൂടിയായ മകന്‍ ഉദയനിധിയെ 2024-ല്‍ സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാക്കി പദവി ഉയര്‍ത്തിയിരുന്നു. 2026-ലെ തിരഞ്ഞെടുപ്പ് ഉദയനിധിയുടെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാകുമെന്നതിനാല്‍ സ്റ്റാലിന്‍ ഓരോ നീക്കവും കരുതലോടെയാകും എടുക്കുക.