ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നാല് ദിവസത്തെ ലണ്ടൻ സന്ദർശനം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. ലണ്ടനിൽ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനും നിക്ഷേപ അവസരങ്ങൾ ആകർഷിക്കാനും പോയ മുഖ്യമന്ത്രി വ്യക്തിപരമായ ആവശ്യങ്ങളിലാണ് ശ്രദ്ധ കൊടുക്കുന്നതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. 

To advertise here,

സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന നടൻ അജിത്തിന്റെ 'ലെ മാൻസ് കപ്പ്' മത്സരത്തിൽ മുഖ്യമന്ത്രി വിജയ് നടി തൃഷയ്ക്കൊപ്പം പങ്കെടുത്ത ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സന്ദർശനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങളുയർത്തിയത്.

വിജയ്‌യുടെ യാത്രയുടെ ഉദ്ദേശ്യവും ഏതൊക്കെ നിക്ഷേപങ്ങളാണ് സംസ്ഥാനത്തിനായി പ്രതീക്ഷിക്കുന്നതെന്നും പാർട്ടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി രംഗത്തെത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ് 100 ദിവസത്തിനകം വിദേശ നിക്ഷേപം ആകർഷിക്കാനുള്ള വിജയ്‌യുടെ തീരുമാനത്തെ പളനിസാമി ആദ്യം സ്വാഗതംചെയ്തിരുന്നു. എന്നാൽ, സിൽവർസ്റ്റോണിലെ ചിത്രങ്ങൾ പുറത്തുവന്നതോടെ "മാധ്യമങ്ങളിലെ ചിത്രം വ്യത്യസ്തമാണ്, അദ്ദേഹം നിക്ഷേപം ആകർഷിക്കുന്നത് എങ്ങനെയെന്ന് നോക്കൂ" എന്ന് പളനിസാമി പരിഹസിച്ചു.

വിജയ്‌യുടെ ലണ്ടൻ സന്ദർശനം ഭരണതലത്തിലുള്ളതാണോ അതോ സ്വകാര്യ യാത്രയാണോ എന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി. നേതാവ് നൈനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടു. യാത്രയ്ക്ക് സർക്കാർ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്നും കൂടെ യാത്രചെയ്തവർ ആരെല്ലാമാണെന്നും അദ്ദേഹം ചോദിച്ചു.

നാല് ദിവസത്തെ യാത്രയിൽ എത്ര യോഗങ്ങൾ നടത്താനായെന്നും എന്തൊക്കെ നിക്ഷേപ വാഗ്ദാനങ്ങളാണ് ഇതുവരെ ലഭിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  വ്യവസായ മന്ത്രിയോ സെക്രട്ടറിയോ മുഖ്യമന്ത്രിയോടൊപ്പം ലണ്ടനിൽ പോയിട്ടില്ലെന്നും ഔദ്യോഗിക യാത്രാസമയക്രമം പ്രഖ്യാപിച്ചിരുന്നില്ലെന്നും ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവനും ചൂണ്ടിക്കാട്ടി.

അതിനിടെ, തമിഴ്‌നാട്ടിൽ സർക്കാർ നിർദേശിക്കപ്പെട്ടിട്ടുള്ള 'മോട്ടോർ സ്പോർട്സ് സിറ്റി' പദ്ധതിയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി സിൽവർസ്റ്റോൺ സർക്യൂട്ട് സന്ദർശിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. സർക്യൂട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ സംഘം വിലയിരുത്തിയതായാണ് വിവരം. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് മുഖ്യമന്ത്രിയോ ടി.വി.കെ.യോ ഇതുവരെ പ്രതികരിച്ചിട്ടില്ല.