പാം ഓയില്‍ ഇറക്കുമതി ചെയ്താല്‍ ഒറാങ്ങുട്ടാന്‍ ഫ്രീ! ലോകത്തെ പ്രധാന പാംഓയില്‍ ഉത്പാദക രാഷ്ട്രമായ മലേഷ്യയുടേതാണ് വ്യത്യസ്ത ഓഫര്‍. നയതന്ത്രബന്ധത്തിന്റെ ഭാഗമായി വ്യാപാരപങ്കാളികള്‍ക്ക്, പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന്‍ (ഇ.യു), ഇന്ത്യ, ചൈന തുടങ്ങിയ പ്രമുഖ ഇറക്കുമതിക്കാര്‍ക്ക് ഒറാങ്ങുട്ടാനെ സമ്മാനമായി നല്‍കുമെന്ന് മലേഷ്യന്‍ പ്ലാന്റേഷന്‍സ് ആന്‍ഡ് കമോഡിറ്റീസ് മന്ത്രി ജോഹാരി അബ്ദുള്‍ ഗനിയാണ് പ്രഖ്യാപിച്ചത്. 'ജൈവവൈവിധ്യ സംരക്ഷണത്തിന് മലേഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് ആഗോള സമൂഹത്തിന് ഇത് തെളിയിക്കും', എന്നാണ് ഇതേക്കുറിച്ച് ജോഹാരി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചത്. 'പാം ഓയില്‍ വിഷയത്തില്‍ മലേഷ്യയ്ക്ക് പ്രതിരോധ സമീപനം സ്വീകരിക്കാനാകില്ല. പകരം, മലേഷ്യ ഒരു സുസ്ഥിര പാം ഓയില്‍ ഉത്പാദകരാണെന്നും വനവും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ലോകരാജ്യങ്ങളെ കാണിക്കേണ്ടതുണ്ട്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

To advertise here,

പാം ഓയിലിനെ ദോഷകരമായി ബാധിക്കുന്ന വനനശീകരണവുമായി ബന്ധപ്പെട്ട ചരക്കുകളുടെ ഇറക്കുമതി നിരോധനത്തിന് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയതാണ് മലേഷ്യയെ പ്രതിസന്ധിയിലാക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ പാം ഓയില്‍ ഉത്പാദനരാജ്യമായ മലേഷ്യ ഇ.യുവിന്റെ നിയമത്തെ വിവേചനപരം എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെതിരേ ഇന്‍ഡൊനീഷ്യയും മലേഷ്യയും ലോകവ്യാപാര സംഘടനയ്ക്ക് പരാതിയും നല്‍കി. പക്ഷേ നിയമവുമായി മുന്നോട്ട് പോകുകയാണ് യുറോപ്യന്‍ യൂണിയന്‍ ചെയ്തത്. ഇതോടെയാണ് യൂറോപ്യന്‍ യൂണിയനെ അനുനയിപ്പിക്കാന്‍ ഒറാങ്ങുട്ടാനെ ഉപയോഗിക്കാന്‍ മലേഷ്യ തുനിയുന്നത്. എന്താണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ വനനശീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശം? ഇത് എങ്ങനെയാണ് മലേഷ്യയെ ബാധിക്കുക? ഒറങ്ങുട്ടാനെ സമ്മാനമായി നല്‍കി ഇത് പരിഹരിക്കാന്‍ സാധിക്കുമോ? 

പശ്ചിമാഫ്രിക്കയില്‍ നിന്ന് ലോകം മുഴുവന്‍ എത്തിയ പാം ഓയില്‍

ഓയില്‍ പാം അഥവാ എണ്ണപ്പന ഒരു ഉഷ്ണമേഖലാ സസ്യമാണ്. ഉയര്‍ന്ന മഴ, ആവശ്യത്തിന് സൂര്യപ്രകാശം, ഈര്‍പ്പമുള്ള അവസ്ഥ എന്നിവയില്‍ ഇത് തഴച്ചുവളരുന്നു. ഭൂമധ്യരേഖയ്ക്ക് ചുറ്റുമുള്ള പ്രദേശത്താണ് ഇത് ഏറ്റവും നന്നായി വളരുന്നത്. ഈര്‍പ്പമുള്ള ഉഷ്ണമേഖലാ സാഹചര്യങ്ങളില്‍ വളരുന്ന എണ്ണപ്പനകള്‍ പശ്ചിമാഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ പാം ഓയില്‍ വളരെ മുമ്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. പിന്നീട് ഇത് ലോകം മുഴുവന്‍ വ്യാപിച്ചു. ഇന്ന് ആഫ്രിക്ക, തെക്കേ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ പല രാജ്യങ്ങളിലും ഓയില്‍ പാം വളരുന്നു. പ്രധാനമായും ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് എണ്ണപ്പന വ്യാപകമായി കൃഷി ചെയ്യുന്നത്. പല രാജ്യങ്ങളിലും പാം ഓയില്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും ആഗോള വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത് ഇന്‍ഡോനീഷ്യയും മലേഷ്യയും മാത്രമാണ്. ലോകത്തെ ആകെ പാം ഓയില്‍ ഉത്പാദനത്തിന്റെ 85-90 ശതമാനവും ഈ രണ്ടു രാജ്യങ്ങളില്‍ നിന്നാണ്. കൊളംബിയ, നൈജീരിയ, തായ്​ലൻഡ് എന്നിവയാണ് മറ്റ് പ്രധാന ഓയില്‍ പാദം ഉത്പാദക രാജ്യങ്ങള്‍.

പശ്ചിമാഫ്രിക്കന്‍ ജനത കാലങ്ങള്‍ക്ക് മുമ്പ് തന്നെ പാം ഓയില്‍ പാചകത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയുമായി വ്യാപാരം നടത്തുന്ന യൂറോപ്യന്‍ വ്യാപാരികള്‍ പാം ഓയില്‍ വാങ്ങിയിരുന്നു. എന്നാല്‍ ഉയര്‍ന്ന ലാഭം ലഭിച്ചിരുന്ന അടിമക്കച്ചവടത്തില്‍ അവര്‍ ശ്രദ്ധ ചെലുത്തിയിരുന്നതിനാല്‍ പാം ഓയില്‍ വ്യാപാരം പശ്ചിമാഫ്രിക്കയ്ക്ക് പുറത്തേക്ക് വളര്‍ന്നില്ല. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അടിമക്കച്ചവടത്തിന്റെ ഇടിവും മറ്റ് വാണിജ്യവസ്തുക്കള്‍ക്ക് യൂറോപ്പിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതും പുതിയ വരുമാന സ്രോതസ്സുകള്‍ തേടാന്‍ യൂറോപ്പിനെ നിര്‍ബന്ധിതരാക്കി. ഇതിനിടെ പശ്ചിമാഫ്രിക്കയില്‍ പാം ഓയില്‍ തോട്ടങ്ങള്‍ ആരംഭിച്ചിരുന്നു. ബ്രിട്ടനില്‍ വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് യന്ത്രങ്ങള്‍ക്ക് ലൂബ്രിക്കന്റായി പാം ഓയില്‍ ഉപയോഗിച്ചതോടെ ഇതിന് ബ്രിട്ടീഷ് വ്യാപാരികള്‍ക്കിടിയില്‍ ആവശ്യം വര്‍ധിച്ചു. ബ്രിട്ടീഷ് വ്യാവസായിക വിപ്ലവം പാം ഓയിലിന് ആവശ്യം വര്‍ധിപ്പിച്ചതോടെ ഘാന, നൈജീരിയ തുടങ്ങിയ പശ്ചിമാഫ്രിക്കന്‍ കര്‍ഷകര്‍ പാം ഓയില്‍ കൃഷിയും കയറ്റുമതി ആരംഭിച്ചു. പക്ഷേ, പിന്നീട് കൊക്കോയ്ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടായത് ഈ രാജ്യങ്ങളിലെ പാം ഓയില്‍ വ്യവസായത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മധ്യആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും യൂറോപ്യന്‍മാര്‍ തോട്ടങ്ങള്‍ സ്ഥാപിച്ചതോടെ പാം ഓയില്‍ ഉത്പാദനവും വ്യാപാരവും സാവധാനത്തില്‍ വളര്‍ന്നു. 1930 ആയപ്പോഴേക്കും ഉത്പാദനം പ്രതിവര്‍ഷം 2.5 ലക്ഷം മെട്രിക് ടണ്‍ എന്ന നിലയിലെത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പാം ഓയില്‍ ശുദ്ധീകരണ സാങ്കേതികവിദ്യ കാര്യക്ഷമമായി. ഇതോടെ പാശ്ചാത്യ ഭക്ഷ്യ ഉത്പന്നങ്ങളില്‍ പാം ഓയിലിന്റെ ഉപയോഗം വര്‍ധിച്ചു. 1960 മുതല്‍ പാം ഓയില്‍ ഉത്പാദനം അതിവേഗം വര്‍ദ്ധിച്ചു. ഒപ്പം ഇന്‍ഡൊനീഷ്യും മലേഷ്യയും ലോകത്തിലെ ഏറ്റവും വലിയ പാം ഓയില്‍ ഉത്പാദകരാജ്യങ്ങളായി വളര്‍ന്നു. 1970-നും 2020-നും ഇടയില്‍, ലോകത്തിലെ പാം ഓയിലിന്റെ ഉത്പാദനം ഏകദേശം 40 മടങ്ങ് വര്‍ദ്ധിച്ചു. ആഗോള ഉത്പാദനം 20 ലക്ഷം ടണ്ണില്‍ നിന്ന് ഏകദേശം എട്ട് കോടി ടണ്ണായി. ഇന്ന് ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യയോഗ്യമായ എണ്ണയില്‍ മൂന്നിലൊന്നും പാം ഓയിലാണ്. 2023-ല്‍ ലോകത്ത് ആകമാനം എട്ട് കോടി ടണ്‍ പാം ഓയിലാണ് ഉത്പാദിപ്പിച്ചത്. ഇതില്‍ 4.9 കോടി ടണ്‍ ഇന്‍ഡൊനീഷ്യയുടെ സംഭാവനായായിരുന്നു. മലേഷ്യയുടെ ഉത്പാദനമാകട്ടെ 1.8 കോടി ടണ്ണും. ഇതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ തായ്‌ലന്‍ഡ് (2.9 കോടി ടണ്‍ ) കൊളംബിയ (1.9 കോടി ടണ്‍)  നൈജീരിയ (1.35 കോടി ടണ്‍) എന്നിവരുടെ ഉത്പാദനം തുച്ഛമായിരുന്നു. 

placeholder
ഇൻഡൊനീഷ്യയിൽ റിയാവു പ്രവിശ്യയിൽ വിളവെടുത്ത പാം ഓയിൽ വിത്തുകൾ ശേഖരിക്കുന്ന തൊഴിലാളി | Photo : Ulet Ifansasti/Getty Images

ലോകത്തിലെ രണ്ടാമത്തെ വലിയ പാംഓയില്‍ ഉത്പാദകര്‍

ഇംഗ്ലണ്ടിലെ ക്യൂവിലുള്ള റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സില്‍ നിന്ന് 1870-കളിലാണ് എണ്ണപ്പന ആദ്യമായി മലേഷ്യയില്‍ (അന്ന് മലയ) എത്തുന്നത്. അന്ന് ഇതൊരു അലങ്കാരസസ്യമായാണ് മലേഷ്യയില്‍ എത്തിയത്. 1917-ല്‍, ഹെൻ​റി ഫൗക്കോണിയര്‍ എന്ന ഫ്രഞ്ചുകാരന്‍ തെന്നമരം എസ്റ്റേറ്റില്‍ കുറച്ച് എണ്ണപ്പന നട്ടുപിടിപ്പിച്ചു. ഇതായിരുന്നു ആദ്യത്തെ പ്രാദേശിക വാണിജ്യ എണ്ണപ്പനത്തോട്ടം. 1920-കളില്‍ ഗുത്രി ഗ്രൂപ്പും (ഇപ്പോള്‍ സൈം ഡാര്‍ബി ഗ്രൂപ്പിന്റെ ഭാഗമാണ്) യുണൈറ്റഡ് പ്ലാന്റേഷന്‍സ് ഗ്രൂപ്പും പോലുള്ള വ്യാപാര കമ്പനികള്‍ വലിയ തോതില്‍ എണ്ണപ്പനകൃഷി ആരംഭിച്ചു. 1936 ആയപ്പോഴേക്കും രാജ്യത്ത് 34 എണ്ണപ്പന എസ്റ്റേറ്റുകള്‍ ഉണ്ടായിരുന്നു. പിന്നീട് എണ്ണപ്പന തോട്ടങ്ങള്‍ കൂടുതലും നടത്തിവന്നിരുന്നത് ഇംഗ്ലീഷ് ഭൂവുടമകളായിരുന്നു. 1950-കളില്‍ റബ്ബറിന് മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാര്‍ഷിക വൈവിധ്യവല്‍ക്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പാം ഓയില്‍ കൃഷിയില്‍ വലിയ മുന്നേറ്റമുണ്ടായി. റബ്ബറിന് ഏറ്റവും നല്ല ബദലായി എണ്ണപ്പന തിരഞ്ഞെടുത്ത സര്‍ക്കാര്‍ 1960-കള്‍ മുതല്‍ ചെറുകിട കര്‍ഷകര്‍ക്കിടയില്‍ എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിച്ചു.  

1960-ല്‍ രാജ്യത്ത് 55,000 ഹെക്ടര്‍ എണ്ണപ്പന കൃഷി ഉണ്ടായിരുന്നു. ഏകദേശം 92,000 ടണ്‍ പാം ഓയിലാണ് അക്കാലത്ത് പ്രതിവര്‍ഷം ഉത്പാദിപ്പിച്ചിരുന്നത്. ആറ് വര്‍ഷത്തിനുശേഷം ഇന്‍ഡൊനീഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളെ മറികടന്ന് മലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പാം ഓയില്‍ കയറ്റുമതിക്കാരായി. 1970-കളില്‍ ഒയില്‍ പാം കൃഷി വീണ്ടും രാജ്യത്ത് വര്‍ധിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ പാം ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് മലേഷ്യ. പ്രതിവര്‍ഷം ഏകദേശം 1.8 കോടി ടണ്‍ പാം ഓയില്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്നു. ആഗോള പാം ഓയില്‍ ഉത്പാദനത്തിന്റെ ഏകദേശം 24 ശതമാനവും ലോകകയറ്റുമതിയുടെ 31 ശതമാനവും മലേഷ്യയുടെ സംഭാവനയാണ്. 2022-ല്‍ 56 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് മലേഷ്യ പാം ഓയില്‍ കൃഷി ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.1 ശതമാനം കൃഷിയാണ് വര്‍ധിച്ചത്. 1.85 കോടി ടണ്‍ ക്രൂഡ് പാം ഓയിലാണ് 2023-ല്‍ ഉത്പാദപ്പിച്ചത്. 1.5 കോടി ടണ്‍ പാം ഓയില്‍ ഇക്കാലയളവില്‍ അവര്‍ കയറ്റുമതി ചെയ്തു. 40 ലക്ഷം ടണ്‍ പാം ഓയില്‍ അവര്‍ ആഭ്യന്തരമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് പാം ഓയിലിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാര്‍.

placeholder
മലേഷ്യയിലെ സെപാങ്ങിനടുത്തുള്ള ഒരു എണ്ണപ്പനത്തോട്ടം (ഫയല്‍ ചിത്രം) |  Photo: TENGKU BAHAR/ AFP

വനസംരക്ഷണത്തിന് യൂറോപ്യന്‍ യൂണിയന്റെ കടുപിടിത്തം

പാം ഓയില്‍ ഇറക്കുമതി നിയന്ത്രണത്തെച്ചൊല്ലി മലേഷ്യയും ഇന്‍ഡോനീഷ്യയും യൂറോപ്യന്‍ യൂണിയനുമായി തര്‍ക്കത്തിലാണ്. വനനശീകരണവുമായി ബന്ധപ്പെട്ട ചരക്കുകളുടെ ഇറക്കുമതി നിരോധനത്തിന് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയതാണ് ഇരുരാജ്യങ്ങളെയും ചൊടിപ്പിച്ചത്. ഇരുരാജ്യങ്ങളിലേയും പാം ഓയില്‍ വ്യാപാരത്തെ ദോഷകരമായി ബാധിക്കുന്നതാണിത്. കന്നുകാലി, കൊക്കോ, കാപ്പി, എണ്ണപ്പന, റബ്ബര്‍, സോയ, മരം എന്നിവയോ ഇതില്‍നിന്നുള്ള ഉത്പന്നങ്ങളോ 2020 ഡിസംബറിന് ശേഷം വനം നശിപ്പിച്ചുണ്ടാക്കിയ പ്ലാന്റേഷനുകളില്‍ നിന്നല്ലെന്ന് ഉല്‍പാദകര്‍ യൂറോപ്യന്‍ യൂണിയനെ ബോധ്യപ്പെടുത്തണമെന്നാണ് ഇ.യുവിന്റെ പുതിയ വനനശീകരണ ചട്ടം. ഇക്കാര്യം ഉത്പാദകര്‍ യൂറോപ്യന്‍ യൂണിയനെ ബോധ്യപ്പെടുത്താത്ത പക്ഷം അവ യൂറോപ്പില്‍ ഇറക്കുമതി ചെയ്യാനാവില്ല. ഈ നിയമത്തെ വിവേചനപരം എന്നാണ് മലേഷ്യ വിശേഷിപ്പിച്ചത്. ഇതിനെതിരേ ഇന്‍ഡൊനീഷ്യയും മലേഷ്യയും ലോകവ്യാപാര സംഘടനയ്ക്ക് പരാതിയും നല്‍കി. പക്ഷേ, നിയമവുമായി മുന്നോട്ട് പോകുകയാണ് ഇ.യു. ചെയ്തത്. 2024 ഡിസംബര്‍ മുതല്‍ ഇ.യു പുതിയ വനനശീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാകാനിരിക്കേയാണ് മലേഷ്യയുടെ അനുനയനീക്കം. ഒറാങ്ങുട്ടാനെ ഉപയോഗിച്ച് ഇയുവിന്റെ കടുംപിടിത്തത്തെ തണുപ്പിക്കാനാണ് മലേഷ്യ ശ്രമിക്കുന്നത്. 

2020-ന് ശേഷം കൃഷി ഭൂമിയാക്കിമാറ്റിയ വനഭൂമിയില്‍ നിന്ന് വരുന്ന ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അത് മലേഷ്യയെ ദോഷകരമായി തന്നെ ബാധിക്കും. നിര്‍ദേശം പാലിക്കല്‍ ചെറുകിട വിതരണക്കാരെ സംബന്ധിച്ചിടത്തോളം സങ്കീര്‍ണവും ചെലവേറിയതുമായി മാറിയേക്കാം. തങ്ങളുടെ പൗരന്മാരുടെ ജീവനോപാധി ഭീഷണിയിലാണെന്നാണ് മലേഷ്യന്‍, ഇന്‍ഡോനീഷ്യന്‍ പ്രസിഡന്റുമാര്‍ പ്രതികരിച്ചത്. ഗ്രാമീണമേഖലയില്‍ ദാരിദ്ര്യം കുറയ്ക്കാനും കയറ്റുമതി വഴി വിദേശനാണ്യം കണ്ടെത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പാം ഓയില്‍ കൃഷി മലേഷ്യയെ കുറച്ചൊന്നുമല്ല സഹായിച്ചത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച് മലേഷ്യയിലും ഇൻഡൊനീഷ്യയിലും ഏകദേശം 4.5 ദശലക്ഷം ആളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. പക്ഷേ നിലവിലുള്ള കൃഷിഭൂമി എണ്ണപ്പനത്തോട്ടങ്ങളാക്കി മാറ്റുക മാത്രമല്ല മലേഷ്യ ചെയ്തത്. പകരം, പനത്തോട്ടങ്ങള്‍ക്കായി മഴക്കാടുകള്‍ നശിപ്പിക്കുകയും തണ്ണീര്‍ത്തടങ്ങളും നികത്തുകയും ചെയ്തു. വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 2001-നും 2022-നും ഇടയില്‍ മലേഷ്യയ്ക്ക് അതിന്റെ ഉഷ്ണമേഖലാ വനത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായി. ഒറാങ്ങുട്ടാന്‍, കരടി, പിഗ്മി ആനകള്‍ എന്നിവയുള്‍പ്പെടെ ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകള്‍ നശിപ്പിക്കപ്പെട്ടു. ഇത് ചില മൃഗങ്ങളെ വംശനാശ ഭീഷണിയിലാക്കി.

ഇതോടെ വനനശീകരണം കുറയ്ക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ 2004-ല്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പോലെയുള്ള പരിസ്ഥിതി സംഘടനകളും ബഹുരാഷ്ട്ര കമ്പനികളും കര്‍ഷകരും ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ മെച്ചപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരണമെന്നും അല്ലത്തപക്ഷം കരാറുകള്‍ക്ക് വനങ്ങളെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും കഴിയില്ലെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. പിന്നാലെ ഇക്കാര്യത്തില്‍ നിയമം കര്‍ക്കശമാക്കിയത് യൂറോപ്യന്‍ യൂണിയനാണ്. യൂണിയനിലെ 27 രാജ്യങ്ങളില്‍ വില്‍ക്കുന്ന പാം ഓയില്‍, കാപ്പി, കൊക്കോ, കന്നുകാലികള്‍, സോയാബീന്‍, റബ്ബര്‍, മരം ഉത്പന്നങ്ങള്‍ കൃഷി ചെയ്യുന്ന ഉത്പാദകര്‍ അവയുടെ കൃത്യമായ ഉരവിടം വ്യക്തമാക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. ചരക്കുകള്‍ക്ക് വനനശീകരണവുമായി ബന്ധമില്ലെന്ന് തെളിയിക്കണം. വിതരണ ശൃംഖലയിലെ ഓരോ ഘട്ടത്തിലും നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് തെളിയിക്കേണ്ടത് കയറ്റുമതിക്കാരാണ്. 

placeholder
ഒറാങ്ങുട്ടാന്‍ | Photo : Ulet Ifansasti/Getty Images

രക്ഷപെടുമോ പാം ഒയിലും ഒറംഗുട്ടാനും? 

യൂറോപ്യന്‍ യൂണിയന്റെ നിയമം രാജ്യത്തെ ലൈസന്‍സിങ്, വനനശീകരണ നിയമങ്ങള്‍ എന്നിവയെ അവഗണിക്കുന്നതായാണ് മലേഷ്യയുടെ പരാതി. മലേഷ്യയില്‍, 2020 ജനുവരി ഒന്ന് മുതല്‍ എല്ലാ കര്‍ഷകരും വ്യാപാരികളും മലേഷ്യന്‍ സുസ്ഥിര പാം ഓയില്‍ ബോര്‍ഡിന്റെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങേണ്ടതുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ചിട്ടുള്ള പല മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഇതെന്നാണ് മലേഷ്യയുടെ വാദം. എന്നാല്‍, വനനശീകരണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ നിരോധിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിയമം വലിയ പാം ഓയില്‍ കമ്പനികളെ ബാധിക്കില്ലെന്ന് മലേഷ്യയിലെ വലിയ ഉത്പാദകര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. മലേഷ്യയിലെ ഒട്ടുമിക്ക വന്‍കിട കമ്പനികളും 10 മുതല്‍ 15 വര്‍ഷത്തിനിടയില്‍ പാം ഓയില്‍ വനനശീകരണം നടത്തിയിട്ടില്ലെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ തന്നെ യൂറോപ്യന്‍ യൂണിയന്റെ നിയമം പാലിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. പക്ഷേ, ഇത് ചെറുകിട കര്‍ഷകരെ വലിയ തോതില്‍ ബാധിക്കുമെന്നാണ് പൊതുവില്‍ ഉയര്‍ന്ന അഭിപ്രായം. ഇതിനിടെ യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്ക് ഉള്‍പ്പെടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതും മലേഷ്യ പരിഗണിച്ചുവരികയാണ്. 

ഇതെല്ലാമാണെങ്കിലും ഇറക്കുമതിക്കാരെ ആകര്‍ഷിക്കാന്‍ ഒറാങ്ങുട്ടാനെ സമ്മാനമായി നല്‍കുന്നതില്‍ വന്യജീവിസംരക്ഷണ ഗ്രൂപ്പുകള്‍ ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിച്ചു. ഒറാങ്ങുട്ടാനെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് ഡബ്ല്യു.ഡബ്ല്യു.എഫ്. അഭിപ്രായപ്പെട്ടത്. മലേഷ്യ, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളില്‍ മാത്രം കാണുന്ന ഇവ,  വംശനാശഭീഷണി നേരിടുന്ന വന്യജീവിവര്‍ഗമാണ്. ബോര്‍ണിയോ ദ്വീപില്‍ ഏകദേശം 105,000 ഒറാങ്ങുട്ടാനുകളും സുമാത്രയില്‍ ആയിരത്തോളവും ഉണ്ടെന്നാണ് കരുതുന്നത്. മരംമുറിക്കലും കാര്‍ഷിക വ്യാപനവും പ്രത്യേകിച്ച് എണ്ണപ്പനത്തോട്ടങ്ങള്‍ ഇവ താമസിക്കുന്ന പ്രകൃതിദത്ത മഴക്കാടുകള്‍ ചുരുങ്ങുന്നതിന് കാരണമാകുന്നു എന്നാണ് വിമര്‍ശനം. ഒറാങ്ങുട്ടാനുകളെ രാജ്യത്തിന് പുറത്തേയ്ക്ക് അയക്കുന്നതിന് പകരം ഇവയുടെ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി പങ്കാളികളെ മലേഷ്യയിലേക്ക് കൊണ്ടുവരണമെന്നാണ് ഡബ്ല്യു.ഡബ്ല്യു.എഫ്. ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും യൂറോപ്യന്‍ യൂണിയനെ ആകര്‍ഷിക്കാന്‍ ഒറാങ്ങുട്ടാനെ കൂട്ടുപിടിച്ച് മലേഷ്യ നടത്തുന്ന നീക്കം വിജയിക്കുമോ എന്ന് കണ്ട് തന്നെ അറിയണം.