
സുമാത്രൻ ഒറാങ്ങുട്ടാൻ മുഖത്ത് മുറിവേറ്റപ്പോൾ ഒരു പ്രത്യേക കാട്ടുവള്ളിയുടെ ഇലകൾ ശേഖരിച്ച് ചവച്ച് പിഴിഞ്ഞ്, നീര് എടുത്ത് മുറിവിൽ പുരട്ടുന്നത് കണ്ടാൽ ഏത് ഡോക്ടറാണ് അമ്പരന്നു പോകാതിരിക്കുക. അതും കൂടാതെ ചതച്ച ഇലകൾ മുറിവിനുമേൽ ബാൻഡേജ് പോലെ വെച്ച് സ്വയം ചികിത്സിക്കുന്ന കാഴ്ചകൂടി ആയാലോ! അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ചെറിയ അണുബാധയുടെ ലക്ഷണം പോലും കാണിക്കാതെ മുറിവ് നന്നായി ഉണങ്ങുകയും ചെയ്തു. ഈ അമ്പരപ്പിക്കുന്ന വാർത്ത പുറംലോകമറിഞ്ഞത് 2024 മെയ് രണ്ടിന് സയന്റിഫിക് റിപ്പോർട്ട്സ് എന്ന ശാസ്ത്ര ജേണലിൽ വന്ന ഒരു ഗവേഷണ പ്രബന്ധം വഴിയാണ്. ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ബിഹേവിയറിലെ ശാസ്ത്രജ്ഞയായ ഇസബെല്ല ലൂമറിന്റെ (Isabelle B. Laumer ) നേതൃത്വത്തിൽ സുമാത്രയിലും ബോർണിയോയിലും വർഷങ്ങളായി ഒറാങ്ങുട്ടാനുകളിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അതിനിടയിൽ യാദൃശ്ചികമായാണ് ഈ കാര്യം അവരുടെ ശ്രദ്ധയിൽ പെട്ടത്.

ഇന്തോനേഷ്യയിലെ ഗുനുങ്ങ് ലൂസർ നാഷണൽ പാർക്കിൽ ( Gunung Leuser National Park) 2009 മുതൽ ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിൽ ഉള്ളതാണ് 'റകൂസ്' എന്ന് പേരിട്ടിരിക്കുന്ന ഒരു ആൺ സുമാത്രൻ ഒറാങ്ങുട്ടാൻ. രണ്ട് വർഷം മുമ്പ് 2002 ജൂലൈയിലാണ് അവന്റെ മുഖത്ത് കണ്ണിന് താഴെയായി വലിയ ഒരു മുറിവ് കാണപ്പെട്ടത്. ഇണചേരൽ മത്സരത്തിൽ മറ്റേതോ കരുത്തനായ ഡോമിനന്റ് ഒറാങ്ങുട്ടാനുമായുള്ള പോരിൽ കിട്ടിയതാവും മുറിവ് എന്നാണ് കരുതപ്പെടുന്നത്. മൂന്നു ദിവസത്തിനു ശേഷമാണ് അവൻ 'അകർകുനിങ്ങ് ' (Akar Kuning') എന്ന് പേരുള്ള ഫൈബ്ര്യൂരിയെ ടിങ്ക്ടോറിയ (Fibraurea tinctoria) എന്ന വള്ളിച്ചെടിയുടെ ഇലകൾ തപ്പി നടക്കുന്നത് ശ്രദ്ധിയിൽ പെട്ടത്. അപൂർവമായേ ഈ വള്ളിച്ചെടി ഇലകൾ ഇവർ തിന്നാറുള്ളു. അന്ന് ഇലകൾ വായിലിട്ട് ചവച്ച ശേഷം വിഴുങ്ങാതെ വായിലെ നീര് നേരിട്ട് കൈവിരലുകളിലാക്കി റക്കൂസ് മുഖത്തെ മുറിവിൽ മാത്രമായി പുരട്ടുന്നതാണ് കണ്ടത്. ഇത് പലതവണ ആവർത്തിച്ചത് കൂടാതെ പിന്നീടുള്ള ദിവസങ്ങളിലും ഇതേ കാര്യം തുടർന്നു. അപ്പോഴൊക്കെയും മരുന്നുപുരട്ടലിന് അവസാനം ചതഞ്ഞ ഇലകൾ കൊണ്ട് മുറിവ് പുറത്ത് കാണാത്ത വിധം മൂടിവെക്കുന്നുമുണ്ടായിരുന്നു. അഞ്ച് ദിവസം ആയപ്പോഴേക്കും മുറിവിന്റെ കലപോലും കാണാത്ത വിധം പൂർണ്ണമായും ഉണങ്ങിക്കഴിഞ്ഞിരുന്നു.
നീരും വേദനയും വയറിളക്കവും മലേറിയയും ഒക്കെ ചികിത്സിക്കാൻ മലേഷ്യയിൽ പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിക്കുന്ന ചെടിയാണ് അകർ കുനിങ്ങ്. നമ്മുടെ മരമഞ്ഞൾ, വള്ളിക്കാഞ്ഞിരം, ചിറ്റമൃത് തുടങ്ങിയവയൊക്കെ ഉൾപ്പെടുന്ന മെനിസ്പേർമേസിയെ (Menispermaceae) കുടുംബത്തിൽ പെടുന്നതാണ് ഈ വള്ളിച്ചെടി. ആന്റി ഫംഗൽ ആയ ചില ടെർപ്പിനോയിഡുകളും ആൽക്കലോയിഡുകളും ആ ചെടിനീരിൽ അടങ്ങിയിട്ടുണ്ട് എന്നത് മുമ്പേ തന്നെ തിരിച്ചറിഞ്ഞ കാര്യമായിരുന്നു.
വെറും കുരങ്ങന്മാർ മാത്രമായി കരുതിയിരുന്ന ചിമ്പാൻസികൾ വ്യക്തിത്വമുള്ളവരും ദുഃഖം, സന്തോഷം തുടങ്ങിയ വികാരങ്ങൾ ഉള്ളവരും ഉപകരണങ്ങൾ ഉപയോഗിക്കാൻ അറിയുന്നവരും ആണെന്ന് പിന്നീട് ലോകമറിഞ്ഞു

1960-കളിൽ ജെയിൻ ഗൊദാൾ ( Jane Goodall) ആഫ്രിക്കയിലെ ടാൻസാനിയയിലെ Gombe Stream National Park ൽ ചിമ്പാൻസികളിൽ നടത്തിയ നിരീക്ഷണങ്ങൾ ലോകപ്രശസ്തമാണ്. അതുവരെയും വെറും കുരങ്ങന്മാർ മാത്രമായി കരുതിയിരുന്ന ചിമ്പാൻസികൾ മനുഷ്യരെപ്പോലെതന്നെ വ്യക്തിത്വമുള്ളവരും യുക്തിപരമായി ചിന്തിക്കുന്നവരും ദുഃഖം, സന്തോഷം തുടങ്ങിയ വികാരങ്ങൾ ഉള്ളവരും പലതരം ഉപകരണങ്ങൾ ഉപയോഗിക്കാൻ അറിയുന്നവരും ഒക്കെ ആണെന്ന് ലോകം അറിയുന്നത് നീണ്ട കാലത്തെ പഠനങ്ങളിലൂടെയാണ്. വയറിലെ വിരകളെ ഒഴിവാക്കാൻ ചിമ്പാൻസികൾ പ്രത്യേക ഇലകൾ മുഴുവനായും വിഴുങ്ങുന്ന കാര്യം അവയുടെ മലം പരിശോധന വഴി ജെയ്ൻ ഗൊദാൾ കണ്ടെത്തിയിരുന്നു. മനുഷ്യർ കൂടാതെ മറ്റു ചില ജീവികളും സ്വയം ചികിത്സയുടെ ഭാഗമായി ചില ഇലകൾ തേടിപ്പിടിച്ച് മുഴുവനായും കഴിക്കുന്നതും കയ്പ്പേറിയ ഇലയും തണ്ടുകളും ചവക്കുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ആഫ്രിക്കൻ ഗ്രേറ്റ് ഏപ്പുകൾ, ഗിബ്ബണുകൾ, ഒറാങ്ങുട്ടനുകൾ മറ്റ് പലതരം കുരങ്ങു വർഗ്ഗങ്ങളിലൊക്കെ ഇത്തരത്തിൽ ചികിത്സകൾ നടത്തുന്നത് പിന്നീട് ശ്രദ്ധിക്കപ്പെട്ടു.. മലേഷ്യയിൽ തന്നെ പരിക്കേറ്റ ബോർണിയൻ ഒറാങ്ങുട്ടാനുകൾ ഇഞ്ചി കടിച്ച് തിന്നുന്നത് ഇത്തരത്തിലുള്ള ഒരു ചികിത്സാ പരിപാടിയായിരുന്നു. പൂച്ചകൾ ചില സസ്യഭാഗങ്ങൾ തിന്നുന്നതും പക്ഷികൾ ശരീരത്തിലെ പേനുകളേപ്പോലുള്ള പരാദങ്ങളെ നശിപ്പിക്കാനായി ഉറുമ്പുകളെ ദേഹത്ത് തേക്കുന്ന 'ഉറുമ്പ്കുളി' പൊടിമണ്ണിൽ ഉരുളുന്ന, 'മൺകുളി' ഒക്കെ നടത്തുന്നതും ഒരു തരം ചികിത്സയായി വേണമെങ്കിൽ പറയാം. എന്നാൽ സുമാത്രൻ ഒറാങ്ങുട്ടാൻ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു. മനുഷ്യർക്ക് പുറമെ ആദ്യമായാണ് ഒരു ജീവി ഇത്തരത്തിൽ കൃത്യതയോടെ പ്രത്യേക ഇനം ഇലകൾ തേടിപ്പിടിച്ച് അതിന്റെ നീരെടുത്ത് ഓയിന്റ്മെന്റ് പുരട്ടും പോലെ മുറിവിൽ മാത്രമായി, വേറെങ്ങും മാറിപ്പോകാതെ പുരട്ടി സ്വയം ചികിത്സിക്കുന്നത്. മനുഷ്യരുമായി 97% സാമ്യമുള്ള DNA ഉള്ള ഒറാങ്ങുട്ടാനിലും 98.8% സാമ്യമുള്ള ചിമ്പാൻസീയിലും ഉള്ള ഇത്തരം സ്വയം ചികിത്സാ സ്വഭാവങ്ങളും മനുഷ്യരുടെ കാട്ടറിവുകളുടെ പ്രയോഗവും പ്രാകൃത സ്വയം ചികിത്സയും തമ്മിൽ ചില ബന്ധങ്ങളുണ്ട്. അതിന്റെ വേരുകൾ എവിടം വരെ നീണ്ടിരിക്കുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇപ്പോൾ ലഭിച്ച പുതിയ അറിവുകൾ. ആഫ്രിക്കയിൽ തുടങ്ങുന്ന മനുഷ്യപരിണാമത്തെപറ്റി മാത്രമല്ല, ആൾക്കുരങ്ങുകളും മനുഷ്യരും പങ്കിടുന്ന പൊതുപരിണാമ ത്രെഡ് നമ്മുടെ പൊതുപൂർവ്വികർ മുതലുള്ളതാണെന്നതടക്കമുള്ള അറിവുകളെക്കൂടി വ്യക്തമാകാൻ ഈ ഒറാങ്ങുട്ടാന്റെ ഡോക്ടർ പണി സഹായിക്കും.

മനുഷ്യരായ നമ്മൾ വളരെക്കാലം നമ്മുടെ വളരെ അടുത്ത ബന്ധുക്കളായ - ചിമ്പാൻസീകളേയും ഗൊറില്ലകളെയും ഒറാങ്ങുട്ടാന്മാരേയും ഒക്കെ വെറും മൃഗങ്ങളും കുരങ്ങന്മാരും എന്നു മാത്രം കരുതി കാഴ്ചബംഗ്ലാവുകളിൽ പൂട്ടിയിട്ട് കുരങ്ങു കളിപ്പിച്ച് കാണുന്നവരും കണ്ടവരും ആണ്. (സാറ ബാർട്ട്മാൻ എന്ന കറുത്തവർഗ്ഗക്കാരിയായ സ്ത്രീയെ കാഴ്ചബംഗ്ലാവുകളിൽ പ്രദർശിപ്പിച്ചവരാണ് യൂറൊപ്പ്യർ. ) മനുഷ്യരോട് ഏറ്റവും അടുത്തു നിൽക്കുന്ന ഇവർക്കും സ്വന്തം വ്യക്തിത്വവും വികാരങ്ങളും ഉണ്ടെന്ന തിരിച്ചറിവുകൾ നമ്മെ കുറേക്കൂടി മികച്ച മനുഷ്യരാക്കും- തീർച്ച. അവർക്കുകൂടി വ്യക്തിസ്വാതന്ത്ര്യങ്ങൾ അനുവദിക്കുന്ന വിധത്തിൽ ചില രാജ്യങ്ങളിലെങ്കിലും നിയമങ്ങൾ രൂപീകരിച്ചുകഴിഞ്ഞു. അതിനാൽ തന്നെ മനുഷ്യരുടെ അടുത്ത ബന്ധുക്കളായ ആൾക്കുരങ്ങുകളെ പറ്റി കൂടുതൽ അറിയുന്നത് നല്ലതാണ്. അതിൽ കുറച്ചേറെ മനുഷ്യസാമ്യ രൂപമുള്ളവർ ഒറാങ്ങുട്ടാന്മാരാണ്.
ആരൊക്കെയാണ് ആൾക്കുരങ്ങുകൾ
പ്രൈമേറ്റുകൾ എന്ന ഓർഡറിലെ ഹോമിനിഡെ കുടുംബത്തിൽ പെടുന്നവരെ ഹോമിനിഡുകൾ അല്ലെങ്കിൽ ഗ്രേറ്റ് ഏപ്പുകൾ എന്നാണ് വിളിക്കുന്നത്. അതിൽ നിലവിൽ നാല് ജെനുസുകളിൽ ആയി എട്ട് സ്പീഷിസ് ജീവികളാണുള്ളത്. പോങ്കോ, ഗോറില്ല, പാൻ, ഹോമോ എന്നിവയാണ് നാല് ജനുസുകൾ.
പോങ്കോ (Pongo) ജനുസ്സിൽ മൂന്നിനം ഒറാങ്ങുട്ടാന്മാരാണുള്ളത്. ബോർണിയൻ, സുമാത്രൻ, ടപാനുലി ഇനങ്ങൾ. ഗോറില്ല (Gorilla) ജനുസ്സിൽ കിഴക്കൻ, പടിഞ്ഞാറൻ ഇനങ്ങളായി രണ്ടിനം ഗൊറില്ലകൾ. മൂന്നാമത്തെ ജനുസായ പാനിൽ (Pan) ചിമ്പാൻസിയും ബോണോബോയും (പിഗ്മി ചിമ്പാൻസി). നാലാമത്തെ ജനുസായ ഹോമോ (Homo) ജനുസിൽ ഹോമോസാപ്പിയൻസ് (Homo sapiens) എന്ന ആധുനിക മനുഷ്യരായ നമ്മൾ മാത്രവും. ഇവരെല്ലാം ഒരു പൊതുപൂർവികനിൽനിന്നു പരിണമിച്ചവരാണ്. ലെസർ ഏപ്പുകൾ എന്നു നാം പറയുന്ന ഗിബ്ബണുകളുടെ ലീനിയേജ്18-12 ദശലക്ഷം വർഷം മുമ്പ് വേർപിരിഞ്ഞു എന്നാണ് മോളിക്യുലാർ പഠനങ്ങൾ തെളിയിക്കുന്നത്. ഒറാങ്ങുട്ടാനുകൾ ഗ്രേറ്റ് ഏപ്പുകളായ ഗോറില്ല ചിമ്പാൻസി മനുഷ്യർ എന്നിവരുടെ പൊതുപൂർവികനിൽനിന്നു 12 ദശലക്ഷം വർഷം മുമ്പാവും പിരിഞ്ഞത് എന്നാണ് കണക്കാക്കുന്നത്. പിന്നീടും എട്ട് ദശലക്ഷം വർഷത്തിനും നാല് ദശലക്ഷം വർഷത്തിനും ഇടയിൽ ആദ്യം ഗൊറില്ലകളും പിന്നെ ചിമ്പാൻസികളും - മനുഷ്യരുൾപ്പെടുന്ന ആ ആദ്യ ശ്രേണിയിൽനിന്നു വേർപിരിഞ്ഞു കാണണം. അതിനാൽ തന്നെയാവാം നമ്മളും ചിമ്പൻസുകളും ഡിഎൻഎ യിൽ 98.4% സമാനമായത്.
കാട്ടിലെയാൾ
ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും മഴക്കാടുകളിൽ കാണപ്പെടുന്ന മനുഷ്യരുടെ ഒക്കെ വലിപ്പമുള്ള ആൾക്കുരങ്ങുകളാണ് ഒറാങ്ങുട്ടാൻ. നിലവിൽ ബോർണിയോയുടെയും സുമാത്രയുടെയും ഭാഗങ്ങളിൽ മാത്രമേ ഇവയെ കാണുന്നുള്ളൂ. പണ്ട് ഇത് തെക്ക് കിഴക്കൻ ഏഷ്യയിലും ദക്ഷിണ ചൈനയിലും ധാരാളമായി ഉണ്ടായിരുന്നു. പോങ്കോ എന്ന ജനുസിൽ പെട്ട മൂന്നിനം ഒറാങ്ങുട്ടാനുകളാണ് ഉള്ളത് എന്നു പറഞ്ഞുവല്ലോ. മലയൻ ഭാഷയിൽ ഒറാങ്ങ് എന്നാൽ ' ആൾ'' എന്നും 'ഹുട്ടാൻ ' എന്നാൽ ''കാട്'' എന്നുമാണ് അർത്ഥം. 'കാട്ടിലെയാൾ' ആണ് ഒറാങ്ങുട്ടാൻ. മുമ്പ് കാട്ടുവാസികളായ മനുഷ്യരെ സൂചിപ്പിക്കാൻ മലയക്കാർ ഉപയോഗിച്ചിരുന്ന വാക്ക് പിന്നെ ഈ മനുഷ്യക്കുരങ്ങിനെ സൂചിപ്പിക്കാനായി ഉപയോഗിച്ചുതുടങ്ങി എന്ന് മാത്രം. ബോർണിയൻ ഒറാങ്ങുട്ടാൻ- പോങ്കോ പിഗ്മയുസ് (Pongo pygmaeus) ആണ് ഇവയിൽ ഏറ്റവും കൂടുതൽ എണ്ണം ബാക്കിയുള്ളത്. ഒരു ലക്ഷത്തിലേറെ ബോണിയൻ ഇനങ്ങൾ ഇപ്പോൾ ബാക്കിയുണ്ട്. എന്നാൽ സുമാത്രൻ ഇനം പോങ്കോ എബിലി (Pongo abelii) ആകെ 14000 എണ്ണം മാത്രമേ ഭൂമിയിൽ ബാക്കിയുള്ളൂ. സുമാത്രയിലെ തോബ തടാകത്തിനടുത്ത് മാത്രം കാണപ്പെടുന്നവയാണ് ടപാനുലി ഒറാങ്ങുട്ടാന്മാരായ പോങ്കോ ടാപാനുലിയെൻസിസ് ( Pongo tapanuliensis) . ഇവആകെ ഇനി 800 എണ്ണം മാത്രമേ ബാക്കിയുള്ളു എന്നാണ് കരുതപ്പെടുന്നത്.

മനുഷ്യർ കഴിഞ്ഞാൽ ആൾക്കുരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധിശക്തി പ്രകടിപ്പിക്കുന്നവർ ഒറാങ്ങുട്ടാന്മാരാണ്. ഇവർ മരത്തിൽ കഴിയുന്നവർ ആണെങ്കിലും ബോർണിയയിൽ കാട്ടിൽ ഇവരെ ആക്രമിക്കുന്ന വലിയ ഇരപിടിയന്മാരായ മൃഗങ്ങളാരും ഇല്ലാത്തതിനാൽ ഇവർ ഭയപ്പെടാതെ ഇടയ്ക്ക് നിലത്തും ഇറങ്ങി ഭക്ഷണം തേടും. എന്നാൽ, സുമാത്രൻ കടുവയെ ഭയന്ന് സുമാത്രൻ ഇനം കൂടുതൽ സമയവും മരച്ചില്ലകളിലാണ് കഴിയുന്നത്. മരത്തിൽ തൂങ്ങി സഞ്ചരിക്കാനായി പരിണമിച്ച വളരെ നീളമുള്ള കൈകളും വിരലുകളും ആണിവരുടെ പ്രത്യേകത. മുഖമൊഴിച്ച് ദേഹം മുഴുവൻ ചുവപ്പു കലർന്ന കാപ്പി നിറമുള്ള നീളൻ രോമങ്ങൾ ഉണ്ട്. പ്രായമാകുന്നതിന് അനുസരിച്ച് നീളൻ രോമങ്ങളുടെ നിറം മെറൂൺ നിറത്തിലേക്കൊക്കെ മാറും. ആണും പെണ്ണും തമ്മിൽ മുഖരൂപത്തിലും കവിൾത്തടത്തിന്റെ ആകൃതിയിലും വലിയ വ്യത്യാസങ്ങൾ ഉണ്ട്. വലിപ്പത്തിലും ഇവർ തമ്മിൽ നല്ല വ്യത്യാസമുണ്ട്. മുതിർന്ന ആൺ ഒറാങ്ങുട്ടാൻ 75 കിലോഗ്രാം വരെ ഭാരമുള്ളപ്പോൾ പെണ്ണിനങ്ങൾക്ക് പകുതിയിലും അൽപ്പം കൂടുതൽ ഭാരമേ ഉള്ളു.

3.0, https://commons.wikimedia.org/w/index.php?curid=27711983
പ്രായപൂർത്തിയായ ആൺ ഒറാങ്ങുട്ടാന്റെ മുഖത്ത് വലിയ കട്ടി കവിൾപ്പല ഉണ്ടാകും. ഇത് പെണ്ണിനങ്ങൾക്ക് ഇല്ല. കൊഴുപ്പും മസിലുകളും ചേർത്ത് ആണ് പ്രത്യേകമായ കവിൾത്തടം രൂപം കൊള്ളുന്നത്. കൂടാതെ മുതിർന്ന ആണുങ്ങൾക്ക് നീളൻ മീശരോമങ്ങളും താടിരോമങ്ങളും ധാരാളം ഉണ്ടാകും. പ്രായപൂർത്തിയാകുമ്പോൾ മാത്രമാണ് ഈ മുഖ സവിശേഷതകൾ ഉണ്ടാവുന്നത് എന്നതിനാൽ പ്രായപൂർത്തി ആകാത്തവരെ കണ്ടാൽ ആണാണൊ പെണ്ണാണോ എന്ന് മുഖത്ത് നോക്കിയാൽ തിരിച്ചറിയാൻ പ്രയാസമാണ്. ഇവ മറ്റു ഗ്രേറ്റ് ഏപ്പുകളിൽനിന്നു വ്യത്യസ്തമായി കൃത്യമായ സാമൂഹ്യ ജീവിതം നയിക്കുന്നവരല്ല. ഇണചേരലിന്റെ കാലത്ത് മാത്രമാണ് പലപ്പോഴും ഇവയെ കൂട്ടമായി കാണാറുള്ളൂ. അല്ലെങ്കിൽ ധാരാളം പഴങ്ങൾ ലഭിക്കുന്ന മരത്തിനടുത്ത്. കുട്ടികളുമായി അമ്മ വളരെ അടുപ്പം കാണിക്കുകയും സംഘമായി ജീവിക്കുകയും ചെയ്യും.
ഇവരുടെ രണ്ട് കൈകളും നിവർത്തിയാൽ ഉള്ള നീളം രണ്ടു മീറ്ററിനടുത്ത് വരും. കൈകൾ കുത്തി നിലത്ത് കൂടി നടക്കുന്നതിലും മറ്റ് ഏപ്പുകളി നിന്ന് വ്യത്യാസമുണ്ട് . കൈപ്പത്തി മടക്കി പിൻഭാഗം മണ്ണിൽ മുട്ടിച്ചല്ല, മനുഷ്യരായ നമ്മൾ കൈ കുത്തി നടക്കുന്നത് പോലെ കൈപ്പത്തി നിവർത്തി ഉള്ളം കൈ മണ്ണിൽ കൊള്ളിച്ചാണ്. മിശ്രഭോജികൾ ആയ ഇവർ പഴങ്ങളും വിത്തുകളും കായയും ഇലകളും മുളകളും മരത്തൊലിയും തണ്ടും ഒക്കെ ഭക്ഷണമാക്കും. കൂടാതെ ഉറുമ്പും ചിതലും തേനും പക്ഷി മുട്ടകളും കൂടാതെ കുട്ടിത്തേവാങ്കിനെ പോലുള്ള കശേരുകികളായ ചെറുജീവികളെയും ഇവർ തിന്നും. കഴിക്കുന്ന പഴങ്ങളിൽനിന്നു ധാരാളം ജലം ലഭിക്കുന്നത് കൂടാതെ മരപ്പൊത്തുകളിൽനിന്നു വെള്ളം കുടിക്കുന്ന ശീലവും ഉണ്ട്. അതും പോരാഞ്ഞ് മഴ പെയ്യുന്ന സമയം ദേഹത്തുകൂടി ഒഴുകുന്ന വെള്ളം നീളൻ കൈകൾ ഉയർത്തി പിടിച്ച് അതിലെ നീളൻ രോമങ്ങളിലൂടെ ഒഴുകിയെത്തുന്നത് വായിലേക്ക് നേരിട്ട് വീഴ്തി കുടിക്കും. ഇവയുടെ ആയുസ്സ് പലയിനങ്ങൾക്കും വ്യത്യാസമുണ്ട് എങ്കിലും 30 - 40 വയസ്സ് വരെ ആണ് ഇവയുടെ വന്യതയിലെ ആയുസ്സായി കണക്കാക്കപ്പെടുന്നത്. സംരക്ഷണത്തിൽ ഇവ അതിലേറെയും കാലം ജീവിക്കുന്നതായി കണ്ടിട്ടുണ്ട്.
മരച്ചില്ലകളും വടികളും ഒക്കെ ഉപയോഗിച്ച് ഇരപിടിക്കാനായി പലതരം ഉപകരണങ്ങൾ ഉണ്ടാക്കാൻ ഇവർക്ക് അറിയാം. മരപ്പൊത്തുകളിൽ ഉള്ള പ്രാണികളെ കുത്തിപ്പുറത്തിറക്കാൻ കൃത്യമായ നീളമുള്ള വടി ഒടിച്ച് ഇവ കൈയിലെടുത്ത് സ്പൂണുപോലെ ഉപയോഗിക്കും. രാത്രിയിലും പകലും മഴയിൽനിന്നും വെയിലിൽനിന്നും ഒക്കെ രക്ഷപ്പെടാനും വിശ്രമിക്കാനും വീട് പോലെ ഒരു സംവിധാനം ഇവർ മരത്തിനു മുകളിൽ ഉണ്ടാക്കും. മരത്തിനു മുകളിൽ ഉറപ്പുള്ള ചില്ലകൾ തിരഞ്ഞെടുത്തു അതിനിടയിൽ മരക്കമ്പുകളും ചില്ലകളും ഒടിച്ചെടുത്ത് വെച്ച് മെത്തയുണ്ടാക്കും. ചിലപ്പോൾ ധാരാളം ഇലകൾ അട്ടിയായി വെച്ച് തലയിണയും ഉണ്ടാക്കും. വെയിൽ കൊള്ളാതിരിക്കാനും മഴ കൊള്ളാതിരിക്കാനുമായി കൂടിന്റെ മുകളിൽ ഇലകൾ കൊണ്ട് മേൽക്കൂര ഉണ്ടാക്കും. ദിവസവും ഇവർ ഇത്തരം താത്കാലിക കൂടുകൾ പണിയും. അവനവൻറെ ഭാരം താങ്ങാനാവുന്ന തരം കരുത്തുള്ള മരക്കമ്പുകൾ തിരിച്ചറിഞ്ഞ് - ഒടിച്ചെടുക്കാനും അവ കൃത്യമായി അളവിൽ വെക്കാനും ഇവർക്ക് അറിയാം.
ഓരോ പോപ്പുലേഷനും പ്രത്യേകം പ്രത്യേകം കൾച്ചറും രീതികളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള കഴിവുണ്ട്. കൂടുപണിയലൊക്കെ കുട്ടികൾ അമ്മയെ നിരീക്ഷിച്ചും പരീക്ഷിച്ചും ചെറുപ്പത്തിൽതന്നെ പഠിച്ചെടുക്കും. കുഞ്ഞു ചെവിയും മൂക്കും ആണിവർക്കുള്ളത്. ചിമ്പാൻസികളുടെയും ഗോറില്ലകളുടെയും പോലെ വ്യക്തമായി ഉയർന്ന് നിൽക്കുന്ന പുരികവരമ്പുകൾ ഇവർക്കില്ല . കഴുത്തിലെ ഒരു പ്രത്യേകതരം സഞ്ചികൾ ശബ്ദമുണ്ടാക്കാൻ സഹായിക്കുന്നു. നീളൻ വിരലുകൾ ആണ് കാലിലും കയ്യിലും ഉള്ളത് അതിനാൽ തന്നെ മരക്കമ്പുകളിൽ കൊളുത്തി കിടക്കാൻ ഒരു വിഷമവും ഇവർക്കില്ല. നമ്മുടെ കൈ കറക്കും പോലെ കാൽ മുട്ടും അരക്കെട്ടിലെ ജോയിന്റും കറക്കാൻ പറ്റും വിധമുള്ളതാണ് ഇവരുടെ കാലിന്റെ അസ്ഥിസന്ധികൾ. അതുകൊണ്ട് തന്നെ ഇവരുടെ മരക്കൊമ്പിലൂടെയും മണ്ണിലൂടെയും ഉള്ള നടപ്പും നിൽപ്പും ഒക്കെ പ്രത്യേക വിധമായി നമുക്ക് തോന്നും.
പലവിധ ശബ്ദങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് ഇവർ ആശയവിനിമയം നടത്തുന്നത് . 15 വയസ്സായാൽ ഇണചേർന്ന് പ്രസവിക്കും. പക്ഷേ അടുത്ത കുഞ്ഞ് ഏറെ വർഷങ്ങൾ കഴിഞ്ഞ് മാത്രമേ ഉണ്ടാകൂ. കുഞ്ഞുങ്ങൾ തമ്മിൽ ആറ് മുതൽ ഒമ്പത് വർഷം വരെ ഇടവേള കാണും. മറ്റു ആൾക്കുരങ്ങുകളിൽ ഒന്നും ഇത്രയും വലിയ ഇടവേള കാണില്ല. ചിമ്പാൻസികളിലും മറ്റും ഉള്ളതുപോലെ കുഞ്ഞുങ്ങളുള്ള പെൺ ഒറാങ്ങുട്ടാൻ ഇണചേരലിന് സമ്മതിക്കാത്തത് ഒഴിവാക്കാൻ അതിന്റെ കുഞ്ഞുങ്ങളെ കൊന്ന് ഒഴിവാക്കുന്ന ആൺ ഒറാങ്ങുട്ടാന്മാരുടെ ശീലം ഇവരിലും ഉണ്ട്. ആദ്യത്തെ നാലുമാസവും കുഞ്ഞ് അമ്മയുടെ ശരീരത്തിലെ നീളൻ രോമങ്ങളിൽ അള്ളിപ്പിടിച്ച് വയറിനോട് ചേർന്ന് കിടക്കും. ഒന്നര വയസ്സായാൽ മരച്ചില്ലകളിലൂടെ കൈപിടിച്ച് നടക്കാൻ അമ്മ പഠിപ്പിക്കും. രണ്ടു വയസ്സുകഴിഞ്ഞാൽ ഒറ്റയ്ക്ക് യാത്ര തുടങ്ങും. എങ്കിലും ചെറു ദൂരങ്ങൾ പോയി വേഗം തിരിച്ചു വരികയും ചെയ്യും. കൗമാര കാലം വരെയും, ഒറ്റയ്ക്ക് ജീവിക്കാൻ ആവുന്ന ഘട്ടം ആയാലും അമ്മയുടെ അടുത്ത് ഇടയ്ക്ക് വരും. എട്ടു വയസ്സുവരെ കുഞ്ഞിനെ ഇങ്ങനെ ശ്രദ്ധിച്ചു വളർത്തുന്ന ഒരു സസ്തനിയും വേറെ ഉണ്ടെന്നു തോന്നുന്നില്ല. തമ്മിൽ കളിയാക്കി മൽപ്പിടുത്തം നടത്തുമ്പോഴും പരസ്പരം ഇക്കിളി ആക്കുമ്പോഴും ഇവരുടെ തൊണ്ടയിലെ പാളികൾ വിറപ്പിച്ച് ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും. മനുഷ്യരുടെ ചിരിയോട് വിദൂരസാമ്യം തോന്നിക്കുന്ന പ്രത്യേക ശബ്ദം! . ഇതുപോലെ ചില ശബ്ദങ്ങളെ മനപ്പൂർവ്വം നിയന്ത്രിച്ച് അനുകരിക്കാൻ ഇവർക്ക് കഴിവുണ്ട്. അതും മനുഷ്യരിൽ സംസാരം വഴി ആശയവിനിമയം ആരംഭിച്ചതിന്റെ ആദ്യ ലക്ഷണങ്ങളായും മനസ്സിലാക്കാം.
ഇവർക്ക് ടൂളുകൾ ഉണ്ടാക്കാൻ മാത്രമല്ല, പിന്നീടുള്ള ആവശ്യത്തിനായി സൂക്ഷിച്ചുവെക്കാനും അറിയാം. കൂട് പണിയുമ്പോൾ തൻറെ ഭാരം താങ്ങാൻ ആവുന്ന മരക്കമ്പ് ഏതെന്ന് ഏകദേശ ഊഹം വെച്ചാണ് കമ്പ് തിരഞ്ഞെടുക്കുന്നത്. മഴ നനയാതിരിക്കാൻ വലിയ ഇലകൾ തിരഞ്ഞെടുത്ത് ചൂടാനും അറിയാം.

2008-ൻ സ്പെയിനിൽ ആണ് ആദ്യമായി ഇവർക്ക് മനുഷ്യാവകാശത്തിന് സമാനമായ ഒരു വ്യക്തി അവകാശം അനുവദിച്ചു നൽകാൻ തീരുമാനമായത്. ഇതോടെ, മരുന്നു പരീക്ഷണങ്ങൾക്കായി ഒറാങ്ങൂട്ടാൻ, ചിമ്പാൻസി, ഗോറില്ല ബോണബോസ് എന്നിവയെ ഉപയോഗിക്കാൻ പാടില്ല എന്നു തീരുമാനിക്കപ്പെട്ടു. അതായത് അവ വെറും മൃഗങ്ങളായി കണക്കാക്കാൻ പാടില്ല എന്ന് സാരം. 2014 ഡിസംബറിൽ അർജൻറീനയിലെ കോടതി അവിടുത്തെ മൃഗശാലയിലെ സാന്ദ്ര എന്ന ഒറാങ്ങുട്ടാനെ തടവിലിടുന്നത് തെറ്റെന്നു പറഞ്ഞ് അതിൻറെ സ്വാഭാവിക ആവാസ സ്ഥലത്തേക്ക് മാറ്റണമെന്ന് വിധി പ്രഖ്യാപിച്ചു.
പല അന്ധവിശ്വാസങ്ങളും മലേഷ്യയിലും ഇന്തോനേഷ്യയിലും ഇവരെക്കുറിച്ച് ഉണ്ടായിരുന്നു. ഇതിനെ കാണുന്നതും മുഖത്ത് നോക്കുന്നതും അപശകുനമാണെന്നു വിശ്വസിച്ചിരുന്നു. ഇവ മനുഷ്യരെ തട്ടിക്കൊണ്ടുപോയി ഇണചേരും എന്നു വരെ പലരും വിശ്വസിച്ചിരുന്നു. കാട്ടിൽ ഒറ്റപ്പെട്ടു പോകുന്ന വേട്ടക്കാരെ പെൺ ഒറാങ്ങുട്ടാൻ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് നിർബന്ധിച്ച് ഇണചേരും എന്നൊക്കെയുള്ള പൊടിപ്പും തൊങ്ങലും വെച്ച കഥകളും പ്രചരിച്ചിരുന്നു. വലിയതോതിലുള്ള വന നശീകരണവും എണ്ണപ്പന കൃഷിക്കായി ഇവയുടെ ആവാസസ്ഥലങ്ങൾ വിട്ടുനൽകിയതും ഒക്കെ ഒറാങ്ങുട്ടാന്റെ എണ്ണം കുറയുന്നതിന് കാരണങ്ങളിൽ ചിലതാണ്. കൃഷി നശിപ്പിക്കും എന്നു പറഞ്ഞ് ഗ്രാമീണർ കൊല്ലുന്നതും വെറും കൗതുകത്തിനായുള്ള വേട്ടയും പെറ്റായി വളർത്താൻ വേണ്ടി പിടിച്ചു കൊണ്ടുപോകുന്നതും ഒക്കെ ഇവയുടെ എണ്ണം ഗുരുതരാവസ്ഥയിലേക്ക് എത്താനുള്ള കാരണങ്ങളാണ്. എന്തായാലും ഇവരുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ തെളിഞ്ഞുകാണുക മൃഗ ക്രൗര്യമോ ആക്രമണ ഭാവമോ ഒന്നുമല്ല. ജന്മാന്തരങ്ങളിലെങ്ങോ ഉള്ള ഏതോ അദൃശ്യ ബന്ധത്ത്തിന്റെആർദ്രതയാണ്.
Content Highlights: Bandhukkal mithrangal,apes,Orangutan,Vijayakumar blathur,environment
Published: 14 May 2024, 01:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented