
ലിപുലേഖ് ചുരത്തിന്മേർ വീണ്ടും അവകാശവാദവുമായി നേപ്പാൾ! ലിപുലേഖ് ചുരംവഴി അതിർത്തിവ്യാപാരം പുനഃരാരംഭിക്കാൻ ഇന്ത്യയും ചൈനയും ധാരണയിലായതിന് പിന്നാലെയാണ് എതിർപ്പുമായി നേപ്പാൾ രംഗത്തെത്തിയത്. മഹാകാളി നദിയുടെ കിഴക്കുള്ള ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ നേപ്പാളിന്റെ അവിഭാജ്യഭാഗങ്ങളാണെന്നാണ് അവകാശവാദം. ഈ പ്രദേശങ്ങൾ നേപ്പാളിന്റെ ഭൂപടത്തിലും ഭരണഘടനയിലും ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം. ഈ പ്രദേശത്ത് വ്യാപാരം ഉൾപ്പെടെ ഒരു പ്രവർത്തനവും നടത്തരുതെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നെന്നും മന്ത്രാലയം പറഞ്ഞു.
നേപ്പാളിന്റെ അവകാശവാദങ്ങളെല്ലാം ഇന്ത്യ തള്ളി. നേപ്പാളിന്റെ അവകാശവാദം ന്യായീകരിക്കാനാവാത്തതും ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലുള്ളതുമല്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. “ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. 1954 മുതൽ ലിപുലേഖ് വഴി ഇന്ത്യ-ചൈന വ്യാപാരം നടക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ അത് നിർത്തിവെക്കേണ്ടിവന്നെങ്കിലും ഇപ്പോൾ പുനഃരാരംഭിക്കാൻ തീരുമാനിച്ചു.” -മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അതിർത്തി പ്രശ്‌നങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കുന്നതിന് നേപ്പാളുമായി ക്രിയാത്മകമായ ഇടപെടലുകൾക്ക് ഇന്ത്യ സന്നദ്ധമാണ്. ഏകപക്ഷീയവും കൃത്രിമവുമായ ഏതെങ്കിലും തരത്തിലുള്ള പ്രാദേശികവാദങ്ങൾ അംഗീകരിക്കാനാകില്ലെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ഇതാദ്യമായല്ല ലിപുലേഖ് ചുരത്തിനും കാലാപാനി, ലിംപിയാധുര പ്രദേശങ്ങൾക്കും മേൽ നേപ്പാൾ അവകാശവാദം ഉന്നയിക്കുന്നത്. കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശങ്ങളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തര്‍ക്കത്തിന് പഴക്കം ഏറെയുണ്ട്. നേരത്തെ ഈ മൂന്ന് പ്രദേശങ്ങളും ഉൾക്കൊള്ളുന്ന രാഷ്ട്രീയഭൂപടം നേപ്പാൾ ഭരണഘടനയിലുൾപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. എന്താണ് അതിർത്തിയിൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള പ്രശ്നം? എന്താണ് ഈ തര്‍ക്കത്തിന്റെ കാരണം?

ഇന്ത്യ-നേപ്പാൾ അതിർത്തിത്തര്‍ക്കം
ഹിമാലയൻ മേഖലയിലെ ഇന്ത്യ-ചൈന-നേപ്പാൾ ട്രൈ-ജങ്ഷന് സമീപമുള്ള ലിപുലേഖ് ചുരത്തെയും കാലാപാനി, ലിംപിയാധുര എന്നീ രണ്ട് പ്രദേശങ്ങളെയും ചുറ്റിപ്പറ്റിയാണ് പ്രധാനമായും ഇന്ത്യയും നേപ്പാളും തമ്മിൽ തർക്കമുള്ളത്. ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിൽ ഏകദേശം 5,334 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പർവത പാതയാണ് ലിപുലേഖ് പാസ്. ഇന്ത്യ, നേപ്പാൾ, ചൈന (ടിബറ്റ് മേഖല) എന്നിവയുടെ ട്രൈ-ജംഗ്ഷൻ അതിർത്തി പോയിന്റിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പുരാതന കാലം മുതൽ തന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ പീഠഭൂമിയെയും ബന്ധിപ്പിക്കുന്ന ഒരു വ്യാപാര പാതയായി ഈ ചുരം ഉപയോഗിച്ചുവരുന്നു. ചരിത്രപരമായി വ്യാപാരികൾ, തീർത്ഥാടകർ എന്നിവർ ഈ പാത ഉപയോഗിച്ചിരുന്നു. പിത്തോർഗഡ്-ലിപുലേഖ് പാസ് ഹൈവേ വഴി ലിപുലേഖ് ചുരത്തിലെത്താം. ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലുള്ള ഒരു പ്രധാനപ്പെട്ട വ്യാപാര പാതയായും തീർത്ഥാടന പാതയായും ഉപയോഗിക്കുന്ന ഈ പാത കൈലാഷ് മാനസസരോവർ യാത്രയുടെ ഒരു പ്രധാന ഭാഗമാണ്. ടിബറ്റിലെ തക്ലകോട്ട് (പുരാങ്) പട്ടണം ചുരത്തിന്റെ വടക്കുവശത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാർത്ഥ നിയന്ത്രണ രേഖയുടെ (എൽ.എസി.) സാമീപ്യം കാരണം ഈ പാസ് തന്ത്രപരമായ പ്രാധാന്യമുള്ളതാണ്.
ലിപുലേഖ് ചുരത്തിനടുത്തുള്ള ഒരു ചെറിയ പ്രദേശമാണ് കാലാപാനി. ഉത്തരാഖണ്ഡിലെ പിതോര്‍ഗഢ് ജില്ലയുടെ ഭാഗം. പിതോര്‍ഗഢ് ജില്ലയുടെ കിഴക്കേമൂലയില്‍ സ്ഥിതി ചെയ്യുന്ന കാലാപാനി ടിബറ്റുമായും നേപ്പാളുമായും അതിര്‍ത്തി പങ്കിടുന്നു. അതിനാൽ തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ പ്രദേശമാണിത്. നേപ്പാളിലും ഇന്ത്യയിലും കാളി, മഹാകാളി, ശാരദ എന്നീ പേരുകളിലറിയപ്പെടുന്ന കാളി നദിയില്‍ നിന്നാണ് പ്രദേശത്തിന് കാലാപാനി എന്ന പേര് ലഭിച്ചത്. മഹാകാളി നദിയുടെ പോഷകനദികളില്‍ ഒന്നായ കാലാപാനി നദി കടന്നുപോകുന്നത് ഈ പ്രദേശത്തുകൂടിയാണ്. സമുദ്രനിരപ്പില്‍നിന്ന് 3600 മീറ്ററിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന് ഏകദേശം 35 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് വിസ്തൃതി. കാലാപാനിയുടെയും ലിപുലേഖിന്റെയും സമീപത്താണ് ലിംപിയാധുര. കാലാപാനി, ലിപുലേഖ് ചുരം എന്നിവയുടെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ലിംപിയാധുരയ്ക്ക് കാളി നദിയുടെ നീർത്തട പ്രദേശത്തിന്റെ ഭാഗമായതിനാൽ തന്നെ തന്ത്രപരമായ പ്രാധാന്യമുണ്ട്. ചരിത്രപരമായ ഉടമ്പടികളുടെയും ഔദ്യോഗിക ഭരണഘടനാ ഭൂപടത്തിന്റെയും അടിസ്ഥാനത്തിൽ ലിപുലേഖ് ചുരം, കാലാപാനി, ലിംപിയാധുര എന്നീ പ്രദേശങ്ങൾ തങ്ങളുടെ ഭൂമിയുടെ ഭാഗമായി നേപ്പാൾ അവകാശപ്പെടുന്നു. എന്നാൽ ഈ പ്രദേശങ്ങൾ ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിന്റെ ഭാഗമാണെന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യ ഈ അവകാശവാദങ്ങൾ നിരസിക്കുന്നു.
ഇന്ത്യ-നേപ്പാൾ അതിർത്തി തര്‍ക്കത്തിന്റെ ചരിത്രം
നേപ്പാളും ഇന്ത്യയും തമ്മിലുള്ള അതിർത്തി വിഷയത്തിന് രണ്ട് നൂറ്റാണ്ട് നീണ്ട സങ്കീർണ്ണമായ ചരിത്രമാണുള്ളത്. പതിനെട്ടാം നൂറ്റാണ്ടില്‍ നേപ്പാള്‍ ഭരിച്ചിരുന്ന പൃഥ്വി നാരായണ്‍ ഷായുടെ കീഴില്‍ രാജ്യം ഏകീകരിക്കപ്പെട്ടതിന് പിന്നാലെ നേപ്പാള്‍ അതിന്റെ അതിര്‍ത്തികള്‍ വിപുലീകരിക്കാന്‍ ശ്രമിച്ചു. കിഴക്ക് സിക്കിമിന്റെ ഭൂരിഭാഗവും പടിഞ്ഞാറ് ഗണ്ഡകി, കര്‍ണാലി നദികളുടെ തടങ്ങളും ഉത്തരാഖണ്ഡിലെ ഗര്‍വാള്‍, കുമയൂണ്‍ പ്രദേശങ്ങളും അവര്‍ കീഴടക്കി. അക്കാലത്ത് ഉത്തരേന്ത്യന്‍ സമതലങ്ങള്‍ നിയന്ത്രിച്ചിരുന്ന ബ്രിട്ടീഷുകാരുമായുള്ള സംഘര്‍ഷത്തിലേക്കാണ് ഇത് നയിച്ചത്. ആംഗ്ലോ-നേപ്പാളീസ് യുദ്ധം എന്ന് വിളിക്കപ്പെടുന്ന ഏറ്റുമുട്ടലുകളുടെ ഒരു പരമ്പരതന്നെ 1814 മുതല്‍ 1816 വരെയുള്ള കാലഘട്ടത്തില്‍ നടന്നു. 1815-ല്‍ ബ്രിട്ടീഷുകാര്‍ നേപ്പാളികളെ ഗര്‍വാളില്‍ നിന്നും കുമയൂണില്‍ നിന്നും പുറത്താക്കി, അവരുടെ 12 വര്‍ഷത്തെ അധിനിവേശം അവസാനിപ്പിച്ചു. ഗൂര്‍ഖാ യുദ്ധമെന്നും അറിയപ്പെട്ടുന്ന ആംഗ്ലോ-നേപ്പാള്‍ യുദ്ധത്തിന് ശേഷം 1816-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയും നേപ്പാളിലെ ഭരണാധികാരികളും നേപ്പാളിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി അടയാളപ്പെടുത്തുന്നതിനായി സുഗൗളി ഉടമ്പടി ഒപ്പുവച്ചു.
1816-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും നേപ്പാളും തമ്മിൽ ഒപ്പുവച്ച സുഗൗളി ഉടമ്പടിയെ അടിസ്ഥാനമാക്കിയാണ് അതിർത്തി രൂപപ്പെടുത്തിയത്. സുഗൗളി ഉടമ്പടി മഹാകാളി നദി( കളീ നദി)യെ നേപ്പാളിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയായി പരാമർശിക്കുന്നു. സുഗൗളി ഉടമ്പടിയോടെ പടിഞ്ഞാറ് ഭാഗത്ത് കുമയൂണ്‍-ഗര്‍വാള്‍ പ്രദേശങ്ങളും കിഴക്ക് സിക്കിമും നേപ്പാളിന് നഷ്ടപ്പെട്ടു. കാളിനദിയുടെ പടിഞ്ഞാറുള്ള പ്രദേശത്തിന് മേലുള്ള അവകാശവാദം നേപ്പാള്‍ രാജാവ് ഉപേക്ഷിച്ചു. അതേസമയം കാളി നദിയുടെ കിഴക്ക് ഭാഗത്തെ പ്രദേശങ്ങള്‍ക്ക് മേലുള്ള നേപ്പാളിന്റെ അവകാശവാദം ബ്രിട്ടീഷ് ഭരണാധികാരികള്‍ അംഗീകരിച്ചു. ഇവിടെയാണ് തര്‍ക്കത്തിന്റെ തുടക്കം. അതിന്റെ മൂലകാരണമാകട്ടെ മഹാകാളി നദിയും. മഹാകാളി നദിയുടെയും അതിന്റെ വിവിധ പോഷകനദികളുടെയും ഉത്ഭവത്തെക്കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് പ്രധാനമായും തര്‍ക്കത്തിന് കാരണം. നദിയെ അതിര്‍ത്തിയായി നിര്‍ണ്ണയിച്ചപ്പോഴും നദിയുടെ ഉത്ഭവം സംബന്ധിച്ച് ഒരു കരാറില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇതിനൊപ്പം പല ഹിമാലയന്‍ നദികളെയും പോലെ കാളി നദിയും അതിന്റെ ഗതി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം പില്‍ക്കാലത്ത് തര്‍ക്കത്തിന് വഴിവെച്ചു.
കാളി നദിക്ക് നിരവധി പോഷകനദികളുണ്ടെങ്കിലും ഇവയെല്ലാം കൂടിച്ചേരുന്നിടത്താണ് നദി ആരംഭിക്കുന്നതെന്ന് ഇന്ത്യ അവകാശപ്പെടുന്നു. ഇന്ത്യയും മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരും മഹാകാളിയുടെ പോഷകനദികള്‍ സംഘമിക്കുന്ന കാലാപാനിയെയാണ് മഹാകാളിയുടെ ഉത്ഭവമായി കണക്കാക്കുന്നത്. പക്ഷേ നേപ്പാളിന്റെ അഭിപ്രായം തികച്ചു വ്യത്യസ്തമാണ്. അവരുടെ അഭിപ്രായത്തില്‍ നദിയുടെ ഉറവിടം ലിംപിയാധുരയ്ക്ക് സമീപമുള്ള പര്‍വതങ്ങളിലാണ്. കാളിയുടെ ഭൂരിഭാഗം പോഷകനദികളുടെയും ഉത്ഭവസ്ഥാനമായ ലിപുലേഖ് ചുരത്തില്‍ നിന്നാണ് നദി ആരംഭിക്കുന്നതെന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. ഇതനുസരിച്ച് നദിക്ക് കിഴക്കുള്ള എല്ലാ പ്രദേശങ്ങളിലും നേപ്പാള്‍ അവകാശവാദം ഉന്നയിക്കുന്നു. സുഗൗളി ഉടമ്പടിയെ തുടര്‍ന്ന് അതിര്‍ത്തിയായി നിശ്ചയിച്ച കാളി നദിയെ അടിസ്ഥാനമാക്കിയാണ് നേപ്പാളിന്റെ അവകാശവാദങ്ങള്‍. ആ പ്രദേശം രാജ്യത്തിന്റേതാണെന്ന് കാണിക്കാന്‍ ചരിത്ര രേഖകളും നികുതി രസീതുകളും ഉണ്ടെന്നാണ് നേപ്പാള്‍ പറയുന്നത്. കാലാപാനി പ്രദേശം 58 വര്‍ഷം മുമ്പ് വരെ സെന്‍സസില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. നേപ്പാള്‍ രാജാവ് മഹേന്ദ്ര 1962-ല്‍ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശം ഇന്ത്യക്ക് കൈമാറിയതാണെന്നും അവര്‍ വാദിക്കുന്നു.
മറുവശത്ത് മുഗള്‍ കാലഘട്ടം മുതലുള്ള ചരിത്രവും പ്രദേശത്തിന്റെ ബ്രിട്ടീഷ് നിയന്ത്രണവും ചൂണ്ടിക്കാട്ടി ഇന്ത്യ നേപ്പാളിന്റെ അവകാശവാദങ്ങള്‍ നിരസിക്കുന്നു. 1830-കളിലെ ഭരണരേഖകളും നികുതി രേഖകളുമാണ് ഇക്കാര്യത്തില്‍ ഇന്ത്യ മുന്നോട്ട് വെയ്ക്കുന്നത്. 1879-ലെ ഭൂപടത്തില്‍ കാലാപാനി ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായും കാണിക്കുന്നുണ്ട്. 1870-കളിലെ ബ്രിട്ടീഷ് സര്‍വേ രേഖകളിലും 1879-ലെ ഭൂപടത്തിലും കിഴക്കന്‍ തീരത്തെയും കാലാപാനിയെയും ഇന്ത്യയുടെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിനുശേഷം 1950-കളുടെ പകുതി മുതല്‍ കാലാപാനിയില്‍ ഇന്ത്യ പോലീസ് സാന്നിധ്യം നിലനിര്‍ത്തുന്നുമുണ്ട്. 1962-ലെ ചൈന-ഇന്ത്യൻ യുദ്ധം മുതൽ ഇന്ത്യ കാലാപാനിയുടെ മേൽ ഭരണപരമായ നിയന്ത്രണം നിലനിർത്തുകയും മേഖലയിൽ റോഡുകളും അതിർത്തി അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

നേപ്പാളിന്റെ പ്രതിഷേധങ്ങൾ
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുകയും പിന്നീട് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴുമൊന്നും അതിര്‍ത്തി സംബന്ധിച്ച് കാര്യമായ തര്‍ക്കങ്ങളുണ്ടായിരുന്നില്ല. 1860-കളില്‍ ബ്രിട്ടീഷുകാര്‍ തങ്ങളുടെ സൈനിക താവളം കാളി നദിയുടെ ഉത്ഭവസ്ഥാനത്തിനടുത്തുള്ള കാലാപാനിയിലേക്ക് മാറ്റി. ഇത് 1947-ല്‍ അവര്‍ ഇന്ത്യ വിടുന്നത് വരെ തുടര്‍ന്നു. 1947-ന് ശേഷം നേപ്പാള്‍ ഇന്ത്യയോട് കൂടുതല്‍ അടുത്തു. കൊളോണിയല്‍ കാലഘട്ടത്തിലെ ബന്ധം ഔപചാരികമാക്കാന്‍ 1950-ല്‍ ഇന്ത്യയും നേപ്പാളും ഒരു സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവെച്ചു. 1954-ല്‍ ഇന്ത്യയും ചൈനയും വ്യാപാര ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഇതോടെ ലിപുലേഖ് ചുരം പ്രവേശനമാര്‍ഗമായി ഇരുരാജ്യങ്ങളും അംഗീകരിച്ചു. 1961-ല്‍ നേപ്പാളും ചൈനയും ടിങ്കര്‍ പാസ് നേപ്പാളിന്റെ പ്രവേശന കേന്ദ്രമായി അംഗീകരിക്കുന്ന ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇതിനിടെ 1962-ല്‍ ചൈനയുമായുള്ള യുദ്ധത്തിന്റെ സമയത്ത് ലിപുലേഖ് ചുരം ഇന്ത്യ അടച്ചു. 1962-ലെ യുദ്ധത്തിന് പിന്നാലെ ഇന്ത്യ കാലാപാനിയിൽ സൈനിക പോസ്റ്റുകൾ സ്ഥാപിച്ചു. ഇതിനെ ആ സമയത്ത് നേപ്പാള്‍ എതിര്‍ത്തതായി റിപ്പോര്‍ട്ടുകളില്ല.
തൊണ്ണൂറുകളിൽ ചൈന വന്‍ശക്തിയായി വളരാന്‍ തുടങ്ങിയതോടെ മേഖലയുടെ സമവാക്യം മാറാന്‍ തുടങ്ങി. അക്കാലത്ത് ലിപുലേഖ് ചുരം തുറക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതേകാലഘട്ടത്തിൽ തന്നെ നേപ്പാളില്‍ സ്വാധീനമുറപ്പിക്കാനും ചൈന ശ്രമം തുടങ്ങി. ചൈനയോട് താല്പര്യമുള്ള മാവോയിസ്റ്റുകൾ നേപ്പാളില്‍ വളര്‍ന്നുവന്ന സമയം കൂടിയായിരുന്നു അത്. 1996-ല്‍ ഇന്ത്യയും നേപ്പാളും നദീജലം പങ്കിടുന്നതിനായി മഹാകാളി കരാറില്‍ ഒപ്പുവച്ചു. പിറ്റേ വര്‍ഷം മാനസരോവറിലേക്കുള്ള യാത്രാമാര്‍ഗം സുഗമമാക്കുന്നതിന് ലിപുലേഖ് ചുരം തുറക്കാന്‍ ഇന്ത്യയും ചൈനയും സമ്മതിച്ചു. പക്ഷേ ഇത്തവണ നേപ്പാള്‍ ഇതിനെതിരേ എതിര്‍പ്പുയര്‍ത്തി. ചര്‍ച്ചകളില്‍ നേപ്പാളിനെ പങ്കാളിയാക്കാത്തതായരുന്നു കാരണം. 1998-ല്‍ കാലാപാനി ഉള്‍പ്പടെ എല്ലാ അതിര്‍ത്തി തര്‍ക്കങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും മറ്റൊരു കരാറില്‍ ഒപ്പുവച്ചു. ഇതിനിടെ 2000-ന്റെ തുടക്കത്തിൽ ഹിന്ദു രാജ്യമായിരുന്ന നേപ്പാളില്‍ രാജഭരണം അവസാനിക്കുകയും ജനാധിപത്യത്തിലേക്ക് കളം മാറുകയും ചെയ്തു. 2015-ല്‍ നിലവില്‍ വന്ന പുതിയ ഭരണഘടനാപ്രകാരം മതനിരപേക്ഷ റിപ്പബ്ലിക്കാണ് നേപ്പാള്‍.
ആ വർഷം ഇന്ത്യയും ചൈനയും ലിപുലേഖ് വഴി വ്യാപാരം അനുവദിക്കുന്ന മറ്റൊരു വ്യാപാര ഉടമ്പടിയില്‍ ഒപ്പുവെച്ചു. കാലാപാനി പ്രദേശത്ത് അവകാശവാദമുന്നയിച്ച നേപ്പാൾ ഇന്ത്യയെയും ചൈനയേയും പ്രതിഷേധം അറിയിച്ചു. 2015-ലെ ലിപുലേഖ് കരാറില്‍ നേപ്പാളിന്റെ ആശങ്കകള്‍ പരിഗണിച്ചില്ലെന്നായിരുന്നു പരാതി. ടിബറ്റിലേക്കുള്ള തീര്‍ത്ഥാടനവും വ്യാപാരവും വര്‍ദ്ധിപ്പിക്കുന്ന ആ കരാറിന് മുമ്പ് ഇരുപക്ഷവും നേപ്പാളുമായി കൂടിയാലോചന നടത്തിയിരുന്നില്ല. 2006-ലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മുന്‍ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്‌രാള പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും അവര്‍ പാരാതിപ്പെട്ടു. പിന്നീട് പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ട പ്രധാനമന്ത്രിയായതോടെയാണ് വിഷയത്തില്‍ നേപ്പാള്‍ ഇന്ത്യയുമായി പരസ്യമായി ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ മേഖലകള്‍ ഉള്‍പ്പെടുത്തി 2022-ല്‍ പുതിയ രാഷ്ട്രീയഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്‍ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കി. ഉത്തരാഖണ്ഡിലെ ധാര്‍ച്ചുലയുമായി ലിപുലേഖ് ഇടനാഴിയെ ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു നേപ്പാളിന്റെ നീക്കം. റോഡിന്റെ ഒരുഭാഗം തങ്ങളുടെ പ്രദേശത്തുകൂടിയാണു കടന്നുപോകുന്നതെന്നാണ് നേപ്പാളിന്റെ അവകാശവാദം. ഇത് ഇന്ത്യ തള്ളിയതോടെയാണ് ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ സ്വന്തമെന്നുകാട്ടി നേപ്പാള്‍ പുതിയ ഭൂപടമുണ്ടാക്കിയത്.
തന്ത്രപ്രധാനം ലിപുലേഖ് ചുരവും കാലാപാനിയും
ഇന്ത്യ-ചൈന-നേപ്പാൾ ട്രൈ-ജങ്ഷന് സമീപമുള്ള ലിപുലേഖ് ചുരവും കാലാപാനി, ലിംപിയാധുര പ്രദേശങ്ങളും ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ്. മൂന്ന് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ഇടത്താണ് കാലാപാനി. രാജ്യത്തിനെതിരായ ചൈനയുടെ ഏത് കയ്യേറ്റശ്രമവും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ഏതൊരു നീക്കവും നിരീക്ഷിക്കാനാകും എന്നതിനാല്‍ പ്രദേശത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ലിപുലേഖ് ചുരം നൂറ്റാണ്ടുകളായി ഹിന്ദു-ബുദ്ധ തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും കൈലാസ് മാനസരോവറിലേക്കുള്ള യാത്രയില്‍ ഉപയോഗിച്ചുവരുന്നു. ഉത്തരേന്ത്യയില്‍ നിന്ന് കൈലാസ് മാനസരോവറിലേക്കുള്ള നേരിട്ടുള്ളതും ദൂരംകുറഞ്ഞതുമായ പാതയുമാണ് ലിപുലേഖ് വഴിയുള്ളത്. ടിബറ്റന്‍ പീഠഭൂമിയെ ഗംഗാതടവുമായി ബന്ധിപ്പിക്കുന്ന നിരവധി ചുരങ്ങള്‍ ഹിമാലയത്തിലുണ്ട്. പക്ഷേ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ലിപുലേഖിന് വലിയ പ്രാധാന്യമാണുള്ളത്. ദേശീയ തലസ്ഥാനപ്രദേശത്ത് നിന്ന് അധികം അകലെയല്ലാതെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
ഒരു തീർത്ഥാടന പാത എന്നതിനേക്കാൾ ലിപുലേഖ് പാസിനും വലിയ പ്രധാന്യമുണ്ട്. ടിബറ്റിലേക്കുള്ള ഒരു തന്ത്രപരമായ പാതയും ചൈനയുമായുള്ള അതിർത്തി തന്ത്രങ്ങളുടെ പ്രധാന ഭാഗവുമാണ്. 1962-ലെ യുദ്ധത്തിനുശേഷം മേഖലയ്ക്കും പാതയ്ക്കും ഇന്ത്യ വലിയ പ്രാധാന്യമാണ് നൽകുന്നത്. അതിർത്തിയിലേക്ക് സൈനികരെയും സാധനങ്ങളെയും വേഗത്തിൽ എത്തിക്കാൻ ലിപുലേഖിലേക്കുള്ള റോഡ് സഹായിക്കും. ഇത് മുന്നിൽകണ്ടാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 2020 റോഡ് നിർമിച്ചത്. ഇതോടെ യാത്രാസമയം ഗണ്യമായി കുറഞ്ഞിരുന്നു. വർഷം 20,000 തീർത്ഥാടകരാണ് റോഡ് ഉപയോഗിക്കുന്നത്. അതേസമയം സൈനിക നീക്കവും ഇത് സുഗമമാക്കുന്നു. ലിപുലേഖ് ചുരംവഴി അതിർത്തി വ്യാപാരം പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ആയിരുന്നു ലിപുലേഖ് ചുരം, ഷിപ്കി ചുരം, നാഥുലാ ചുരം എന്നീ പാതകൾ വഴി അതിർത്തി വ്യാപാരം ആരംഭിക്കാൻ ധാരണയായത്. വ്യാപാരം പുനരാരംഭിക്കാനുള്ള നീക്കം ചൈനയുമായുള്ള സംഘർഷങ്ങൾ അയയുന്നതിന്റെ സൂചനയാണ്. അതിനാൽ തന്നെ അതിർത്തി പിരിമുറുക്കങ്ങൾ ലഘൂകരിക്കാനും ഗാൽവാൻ സംഘർഷത്തിന് മുമ്പുള്ള സാമ്പത്തിക ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാനും സാധ്യതയുണ്ട്.
ചൈനയെ സംബന്ധിച്ചിടത്തോളം ലിപുലേഖ് പാസ് വഴിയുള്ള വ്യാപാരം ദക്ഷിണേഷ്യയിലേക്ക് എളുപ്പത്തിൽ മറ്റൊരു വഴി തുറക്കുന്നതും ഹിമാലയൻ മേഖലയിലെ കണക്റ്റിവിറ്റി പദ്ധതികൾ ശക്തിപ്പെടുത്തുന്നതുമാണ്. ലിപുലേഖിനെ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വിഷയമായാണ് അവർ ഇതുവരെ പരിഗണിക്കുന്നത്. ലിപുലേഖിനെ സംബന്ധിച്ച നേപ്പാളിന്റെ അവകാശവാദങ്ങളിൽ ചൈന നേരിട്ട് ഇടപെടുന്നതുമില്ല. എന്നാൽ ലിപുലേഖിനെക്കുറിച്ചുള്ള ഇന്ത്യ-ചൈന കരാറുകളിൽ പങ്കാളിത്വമില്ലാത്തത് തങ്ങളുടെ പ്രദേശിക അവകാശവാദങ്ങളെ ദുർബലപ്പെടുത്തുമെന്ന് നേപ്പാൾ ഭയപ്പെടുന്നു. മേഖലയിലെ വ്യാപാരവും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നത് ഭാവി അതിർത്തി ചർച്ചകളിൽ തങ്ങളുടെ പങ്ക് ദുർബലപ്പെടുത്തുമെന്നും നേപ്പാൾ ആശങ്കപ്പെടുന്നു. എന്നാൽ ലിപുലേഖ് ചുരം തങ്ങളുടേതാണെന്ന നേപ്പാളിന്റെ അവകാശവാദങ്ങളെല്ലാം ഇന്ത്യ തള്ളി കളയുകയാണ്. നേപ്പാളിന്റെ അവകാശവാദം ന്യായീകരിക്കാനാവാത്തതും ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലുള്ളതുമല്ലെന്നാണ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.
Content Highlights: Lipulekh Dispute Nepal Renews Claim Amid India-China Trade Pact
Published: 23 Aug 2025, 06:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented