
ന്യൂഡൽഹി: പ്രളയത്തെ തുടർന്ന് കടുത്ത ഊർജ്ജക്ഷാമം നേരിടുന്ന നേപ്പാളിന് വൈദ്യുതി നൽകാൻ ഇന്ത്യ. ഈ വർഷാവസാനംവരെ പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി ഇന്ത്യ നേപ്പാളിലേക്ക് വിതരണം ചെയ്യും. 2027 ജനുവരി മുതൽ നൽകേണ്ട വൈദ്യുതിയുടെ അളവ് ഡിസംബറിൽ പുനഃപരിശോധിക്കും.
ഈ ദുരിതസമയത്ത് നേപ്പാളിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഊർജ്ജ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം സഹായിക്കുമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഓഗസ്റ്റ് 26-ന് ചൈന-നേപ്പാൾ അതിർത്തിയിലുണ്ടായ മഞ്ഞുമല ഇടിച്ചിലിനെ തുടർന്നുണ്ടായ പ്രളയത്തിൽ നേപ്പാളിലും ടിബറ്റിലുമായി 1,400-ലധികം ആളുകൾ മരണപ്പെട്ടിരുന്നു. വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലിചെയ്തിരുന്ന നൂറുകണക്കിന് തൊഴിലാളികൾ ഉൾപ്പെടെ 5,300-ലധികം ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
നിലവിൽ അതീവ ദുഷ്കരമായ സാഹചര്യത്തിലൂടെയാണ് നേപ്പാൾ കടന്നുപോകുന്നത്. രാജ്യത്തെ 13 ജലവൈദ്യുത പദ്ധതികൾ പ്രളയത്തിൽ പൂർണമായും തകർന്നു. ചില ടണലുകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ഈ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നേപ്പാളിലേക്ക് വൈദ്യുതി ലഭ്യമാക്കാൻ ഇന്ത്യ തീരുമാനിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Published: 14 Sept 2026, 09:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented