ഇന്ത്യ തിരഞ്ഞ ഒരു ഭീകരന്‍കൂടെ പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീരിലുണ്ടായ ഒന്നിലധികം ഭീകരാക്രമണങ്ങളുടെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്ന അബു ഖത്തലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചുവീണത്. ഇരുപതിനോടടുത്ത് ബുള്ളറ്റുകള്‍ ഈ ഭീകരനെതിരേ എതിരാളികള്‍ ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. പക്ഷേ, വിഷയം അബു ഖത്തല്‍ മാത്രമല്ല.

To advertise here,

ഒരു ഭാഗത്ത് പാക് ചാരസംഘടനകളെപ്പോലും ചോദ്യംചെയ്തുകൊണ്ട് അവര്‍ സുരക്ഷയൊരുക്കിയ ചിലര്‍ അതേ മണ്ണില്‍ മരിച്ചുവീഴുന്നു. മറുഭാഗത്ത് ആഭ്യന്തര പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ബലൂച് ആര്‍മി ഉയര്‍ത്തുന്ന ഭീഷണി. ഇതിനിടയില്‍പ്പെട്ട് നട്ടംതിരിയുന്ന അസ്ഥിരമായ ഒരു സര്‍ക്കാരും. അബു ഖത്തല്‍കൂടെ തീരുന്നതോടെ ലഷ്‌കറെയുടെ പ്രവര്‍ത്തനം പലരീതിയിലും മാറിമറിഞ്ഞേക്കാം. അഴിക്കുള്ളിലുള്ള തലവന്‍ ഹാഫിസ് സയീദിനു മുന്നിലും മരണഭീതി ഒഴിയാതെ നില്‍പ്പുണ്ട്.

ആരാണ് അബു ഖത്തൽ?

പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഉന്നത കമാന്‍ഡറും ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമാണ് അബു ഖത്തല്‍ എന്നറിയപ്പെടുന്ന ഫൈസല്‍ നദീം. 1982-ല്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് ജനിച്ചത്. ആദ്യകാലങ്ങളില്‍ ലഷ്‌കറെ തൊയ്ബയുടെ നുഴഞ്ഞുകയറ്റത്തിന് സന്നദ്ധരായ ഭീകരരുടെ ചെറുസംഘത്തിന്റെ ചുമതലയായിരുന്നു ഇയാള്‍ക്ക്. 2000-ത്തിന്റെ തുടക്കകാലത്ത്‌ ഇയാളും ജമ്മു മേഖലയിലേക്ക് നുഴഞ്ഞുകയറിയിരുന്നു. 2005-ലാണ് പിന്നീട് തിരിച്ചുകടക്കുന്നത്. അത്രനാള്‍ ഈ ഭീകരന്‍ ഇന്ത്യന്‍ മണ്ണില്‍ തുടര്‍ന്നു. അക്കാലയളവില്‍ പൂഞ്ചിലും രജൗരിമേഖലയിലും ലഷ്‌കറെ തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനായി ഒട്ടേറെപ്പേരുടെ ശൃംഖലയുണ്ടാക്കാനും ഇയാള്‍ക്ക് സാധിച്ചു.

സിയാ ഉള്‍ റഹ്‌മാന്‍, നദീം, ഖത്തല്‍ സിന്ധി എന്നീ പേരുകളിലും അറിയപ്പെടുന്ന ഖത്തലിന്റെ പ്രധാന ജോലി അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതായിരുന്നു എന്നതും ഭയപ്പെടുത്തുന്ന വസ്തുതയാണ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തൊയ്ബ സ്ഥാപകനുമായ ഹാഫിസ് സയീദിന്റെ സഹോദരീപുത്രന്‍ കൂടിയാണ് ഖത്തല്‍. ഈ ഭീകരസംഘത്തിന്റെ ചീഫ് ഓപ്പറേഷന്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നതും ഇതേ ഹാഫിസ് ആണ്.

ജമ്മു കശ്മീരില്‍ നടന്ന രണ്ട് ഭീകരാക്രമണങ്ങളുടെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി തേടുന്നയാളാണ് ഖത്തല്‍. ഇതില്‍, ആദ്യത്തേത് 2023 ജനുവരി ഒന്നിന് സി.ആര്‍.പി.എഫ്. ബങ്കര്‍ ലക്ഷ്യമിട്ട് ധാംഗ്രി ഗ്രാമത്തില്‍ നടത്തിയ ആക്രമണമായിരുന്നു. ലക്ഷ്യമിട്ടത് സൈനികരെ ആയിരുന്നെങ്കിലും അന്ന് ജീവന്‍ നഷ്ടമായത് സാധാരണക്കാരായ അഞ്ച് ഗ്രാമവാസികള്‍ക്കാണ്. ആയുധധാരികളായ ഭീകരര്‍ ഇവരുടെ വീടിന് പുറത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഒട്ടേറെ പേര്‍ക്ക് അന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെ സൂത്രധാരന്‍ ഖത്തലാണെന്ന നിഗമനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.

രണ്ടാമതായി, രാജ്യത്തെ നടുക്കിയ റിയാസിയിലെ ഭീകരാക്രമണത്തിന് പിന്നിലും ഖത്തലായിരുന്നുവെന്ന് വ്യക്തമായിരുന്നു. തീര്‍ഥാടകരുമായി ശിവ്‌ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസ്സിനെയാണ് അന്ന് ഭീകര്‍ ലക്ഷ്യംവെച്ചത്. വെടിവയ്പില്‍ ഒമ്പത് തീര്‍ഥാടകര്‍ കൊല്ലപ്പെടുകയും 40-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടത്തിന്റെ വ്യാപ്തി കൂടിയതോടെ രാജ്യം അക്ഷരാര്‍ഥത്തില്‍ നടുങ്ങി.

placeholder
റിയാസിയിൽ അപകടത്തിൽപ്പെട്ട ബസ് | Photo: PTI

ഖത്തലിന് പുറമെ മറ്റ് രണ്ട് പേരെക്കൂടി ഇതേ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി തേടുന്നുണ്ട്. സൈഫുള്ള, മുഹമ്മദ് കാസിം എന്നീ ലഷ്‌കറെ തൊയ്ബ ഭീകരരാണ് ഈ രണ്ട് പേരും. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് കശ്മീരിന്റെ മണ്ണില്‍ ആക്രമണങ്ങള്‍ പദ്ധതിയിടുന്നതെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

ഇന്ത്യ നോട്ടമിട്ട ഭീകരർ

ഒരാഴ്ചയ്ക്കിടെ ഇന്ത്യ തിരയുന്ന രണ്ടാമത്തെയാളാണ് അജ്ഞാതരുടെ വെടിയേറ്റു മരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കെടുത്താലോ, പന്ത്രണ്ടിലധികം ഭീകരരും പാകിസ്താനില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. പാക് മണ്ണില്‍ വെച്ച് നടക്കുന്ന ഈ കൊലകളുടെയൊന്നും ചുരുളഴിക്കാന്‍ പാക് ഇന്റലിജന്‍സിന് ഇതുവരെ സാധിച്ചിട്ടില്ല. മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ തട്ടിക്കൊണ്ടുപോകാന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യെ സഹായിച്ച മതപണ്ഡിതന്‍ കൊല്ലപ്പെട്ട റിപ്പോര്‍ട്ടു പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം പാകിസ്താനെ കുഴപ്പത്തിലാക്കുന്നത്.

പള്ളിയില്‍നിന്ന് പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങിയപ്പോഴായിരുന്നു മുഫ്തി ഷാ മിറിനെ തോക്കുധാരികളായ ചിലര്‍ ഇരുചക്രവാഹനത്തിലെത്തി വെടിവെച്ചുവീഴ്ത്തുന്നത്. പണ്ഡിതന്‍ എന്നത് ഷായെ സംബന്ധിച്ച് തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുവയ്ക്കുന്നതിനുള്ള ഒരു മുഖംമൂടി മാത്രമായിരുന്നു. ആയുധക്കടത്ത് മുതല്‍ മനുഷ്യക്കടത്ത് വരെ പറഞ്ഞാല്‍ തീരാത്തത്ര ആരോപണങ്ങള്‍ ഈ ജെ.യു.ഐ. ഫണ്ടമെന്റലിസ്റ്റ് പാര്‍ട്ടി അംഗമായ 'പണ്ഡിതന്' എതിരെയുണ്ട്. ഐ.എസ്.ഐ.യുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഷായുടെ പാര്‍ട്ടിയിലെ രണ്ടുപേരും ഇയാള്‍ക്ക് മുമ്പ് സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു.

ലഷ്‌കറെ തൊയ്ബയെ ഞെട്ടിച്ച മറ്റൊരു കൊലപാതകപരമ്പര 2023 അവസാനമാസങ്ങളിലും പാകിസ്താനില്‍വെച്ച് ചില അജ്ഞാതര്‍ നടപ്പാക്കിയിരുന്നു. കാലങ്ങളായി ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ലഷ്‌കറെ തൊയ്ബ മുന്‍ കമാന്‍ഡര്‍ അക്രം ഘാസി അഥവാ അക്രം ഖാന്‍ ആയിരുന്നു അന്ന് വെടിയേറ്റ് വീണതിലെ പ്രമുഖന്‍. 2018-2020-ല്‍ ലഷ്‌കറിന്റെ റിക്രൂട്ട്മെന്റ് സെല്‍ മേധാവിയായിരുന്നു ഇയാള്‍. പഠാന്‍കോട്ട് ആക്രണണത്തിന്റെ സൂത്രധാരനായിരുന്ന ഷാഹിദ് ലത്തീഫും അന്ന് ഇതേ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ ഒരു പള്ളിയില്‍നിന്ന് ഇറങ്ങുമ്പോള്‍ പോയിന്റ് ബ്ലാങ്കില്‍ വെടിയേറ്റായിരുന്നു ലഷ്‌കറെ തൊയ്ബ കമാന്‍ഡര്‍മാരില്‍ ഒരാളായ അബു ഖാസിം കൊല്ലപ്പെടുന്നത്. വെറും രണ്ട് മാസത്തെ ഇടവേളയിലാണ് ഈ മൂന്ന് കൊലപാതകങ്ങളും അരങ്ങേറിയത്.

.ഹാഫിസ് സയീദിനും ഭീഷണി

അടുപ്പിച്ചുള്ള കൊലപാതകങ്ങളില്‍ ലഷ്‌കറെ തൊയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ ജീവനില്‍ ജാഗരൂകരാണ് പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളായ ഹാഫിസ് നിലവില്‍ പാക് ജയിലിലാണ്. ഈ ഭീകരനേതാവിന്റെ സുരക്ഷാക്രമീകരണങ്ങള്‍ ഐ.എസ്‌.ഐ. അവലോകനം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 15 മുതല്‍ 20 റൗണ്ട് വെടിയുതിര്‍ത്താണ് ഖത്തലിനെ സംഘം നിലംപരിശാക്കിയത്. ബന്ധുവും വിശ്വസ്തനുമായ ഖത്തല്‍ കൂടെ വീഴുമ്പോള്‍ സയീദിന്റെ സുരക്ഷയെ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

placeholder
ഹാഫിസ് സെയ്ദ് | Photo: AFP

ആവര്‍ത്തിച്ച ആക്രമണങ്ങള്‍ ഹാഫിസിനെ ലക്ഷ്യമിട്ട് പാകിസ്താനില്‍ തന്നെ അരങ്ങേറിയിട്ടുണ്ട്. 2021-ല്‍ ലാഹോറിലെ ഒളിത്താവളത്തിന് സമീപമുണ്ടായ ചാവേറാക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് ഹാഫിസ് രക്ഷപ്പെടുന്നത്. 2023-ലാണ് ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ലഷ്‌കര്‍ കമാന്‍ഡര്‍മാരായ ഹന്‍സ്ല അദ്‌നാന്‍, അബു ഖാസിം എന്നിവരെ അജ്ഞാതര്‍ കൊലപ്പെടുത്തുന്നത്. ഇപ്പോഴാകട്ടെ, ഹാഫിസിന് മാത്രമല്ല, ഇയാളുടെ മകനും ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള ശ്രമത്തിലാണ് ലഷ്‌കര്‍ ക്യാമ്പുകള്‍. മകന്‍ തല്‍ഹ സയീദിനെതിരേ മുമ്പുണ്ടായ ചില ആക്രമണങ്ങളും ഇവരില്‍ ഭീതി ജനിപ്പിച്ചിട്ടുണ്ട്.

2024 ഡിസംബര്‍ 28-നാണ് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിലൊരാളും ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനുമായ ഹാഫിസ് അബ്ദുള്‍ റഹ്‌മാന്‍ മാക്കി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുന്നത്. 2023 ജനുവരിയില്‍ ഐക്യരാഷ്ട്ര സഭ ആഗോളഭീകരനായി പ്രഖ്യാപിച്ച മാക്കി ജമ്മു കശ്മീരില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അന്ന്, ആക്രമണം ഭയന്ന് മാക്കിയുടെ സംസ്‌കാരച്ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്ന ആളാണ് ഹാഫിസ് സയീദ്, ബന്ധുവായിട്ടും.

പിന്നിൽ ബലൂചികളോ?

ആഭ്യന്തര പ്രതിസന്ധികള്‍ വിട്ടൊഴിയാത്ത നാടാണ് പാകിസ്താന്‍. ഈ എരിതീയിലേക്ക് എണ്ണയൊഴിക്കുന്നതാകട്ടെ തീവ്രവാദ പ്രവര്‍ത്തനങ്ങളും. ഇപ്പോഴിതാ, പാകിസ്താനെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ബലൂച് ലിബറഷേന്‍ ആര്‍മി(ബി.എല്‍.എ.). പാക് മണ്ണില്‍നിന്ന് സ്വതന്ത്രരാകുന്നത് സ്വപ്നം കണ്ട് കഴിയുന്ന ബലൂച് വിമോചന സംഘടനകളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നത് പാകിസ്താനെ സംബന്ധിച്ച് വലിയ തലവേദനയാണ്. തുടരെ തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ബി.എല്‍.എയും തിരിച്ചടിക്കാന്‍ പാക് പട്ടാളവും തീരുമാനമെടുത്താല്‍ ഒരുപക്ഷേ ആ രാജ്യത്തെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കാം.

തീവണ്ടി തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയ സംഭവം വലിയ ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബലൂചിസ്താനിലെ ഭീകരാക്രമണ വാര്‍ത്തയും പുറത്തുവരുന്നത്. ഞായറാഴ്ച രാവിലെയോടെ പാകിസ്താന്റെ അര്‍ധസൈനിക വിഭാഗമായ അതിര്‍ത്തിസേനയുടെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തു നിറച്ച ഒരു ചാവേര്‍ വാഹനം ഇടിച്ചുകയറി. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. പത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

placeholder
ബലൂചിസ്താനിൽ നിന്ന് | Photo:AFP

അതിനിടെയാണ്, കണക്കില്ലാതെ സൈനികരെ കൊന്നുകളഞ്ഞുവെന്ന ആവകാശവാദമുന്നയിച്ച് ബി.എല്‍.എ. രംഗത്തുവരുന്നത്. ഇത് ചില്ലറ സമ്മര്‍ദമൊന്നുമല്ല പാക് സര്‍ക്കാരിലുണ്ടാക്കുന്നത്. ചാവേറാക്രമണത്തില്‍ 90 പാക് സൈനികരെ വധിച്ചുവെന്ന് സംഘടന പറയുമ്പോള്‍ ഇക്കാര്യം പാക് സര്‍ക്കാര്‍ നിഷേധിച്ചു. ഇതുകൂടാതെ, തീവണ്ടി തട്ടിയെടുത്ത് ബന്ദികളാക്കിയ 214 പാക് സൈനികരെ വധിച്ചെന്നുകൂടെ ബി.എല്‍.എ. പറയുമ്പോഴാണ് കാര്യങ്ങള്‍ ഈ വിധം കൈവിട്ടിരിക്കുകയാണെന്ന് പുറംലോകം അറിയുന്നത്. ഇത്രയും സൈനികര്‍ അന്ന് ആ തീവണ്ടിയിലുണ്ടായിരുന്നു എന്നതിന് യാതൊരു തെളിവുമില്ല. എന്നാല്‍, രാജ്യത്തിന്റെ സൈനികരെ കൊന്നൊടുക്കിയെന്ന് അവകാശപ്പെട്ട് ഒരു സംഘടന രംഗത്തുവരുന്നത് എത്രത്തോളം അസ്ഥിരമാണ് അന്നാട്ടിലെ കാര്യങ്ങള്‍ എന്ന് വെളിവാക്കുന്നു.

അന്താരാഷ്ട്രനിയമങ്ങള്‍ അനുശാസിച്ചാണ് പ്രവര്‍ത്തനമെന്നാണ് ബലൂച് ലിബറഷേന്‍ ആര്‍മി പറയുന്നത്. പാക് സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണ് ഇത്തരം ക്രൂരനടപടികളിലേക്ക് തങ്ങളെ നയിച്ചതെന്നും അവര്‍ പറയുന്നു. എന്നാല്‍, ഇത്രത്തോളം കലുഷിതമായിരിക്കുന്ന ഒരന്തരീക്ഷത്തില്‍ ആണവരാജ്യമായ പാകിസ്താന്‍ നില്‍ക്കെ മറ്റു രാജ്യങ്ങള്‍ വിഷയം കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കരുതാനേ വയ്യ. പാകിസ്താന് പുറമെ, യു.എസും ബ്രിട്ടനും നിരോധിച്ച സംഘടനയാണ് ബി.എല്‍.എ. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ബലൂചിസ്താനിലൂടെയാണ് കടന്നുപോകുന്നത് എന്നതാണ് ചൈനയെ സമ്മര്‍ദത്തിലാക്കുന്നത്. യു.എസ്സും ചൈനയുമൊക്കെ ഇടപെട്ട് കാര്യങ്ങള്‍ കുഴഞ്ഞാല്‍ അതിനിടയില്‍പ്പെട്ടുഴലുന്നത് പാകിസ്താനായിരിക്കും.