ഇസ്ലാമാബാദ്: നാല് വർഷത്തിനിടിയിൽ തങ്ങളുടെ 30-ലധികം സജീവ പ്രവർത്തകർ കൊല്ലപ്പെട്ടതായി പരസ്യമായി സമ്മതിച്ച് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ. ഭീകരസംഘടനയുമായി ബന്ധമുള്ള റിസ്‌വാൻ ഹനീഫിന്റെ വെളിപ്പെടുത്തലുകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടുത്ത കാലത്ത് ലഷ്കറെ തൊയ്ബ നേരിട്ട തിരിച്ചടികളുടെയും നഷ്ടങ്ങളുടെയും വ്യക്തമായ സ്ഥിരീകരണമാണ് ഈ കുറ്റസമ്മതം.

To advertise here,

'അജ്ഞാത തോക്കുധാരി'കളെ ഉപയോഗിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്ന് ഹനീഫ് തന്റെ പ്രസംഗത്തിൽ ആരോപിക്കുന്നു. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ ഭീകരർ കൊല്ലപ്പെട്ടത്. പാകിസ്താൻ പലപ്പോഴായി ഇന്ത്യക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.

പാക് അധിനിവേശ കശ്മീരിൽ തങ്ങളുടെ പ്രവർത്തകർക്ക് സമാധാനത്തോടെയും ശാന്തതയോടെയും ജീവിക്കാൻ സാധിക്കുന്നില്ല എന്നും ഇന്ത്യൻ ഏജന്റുകൾ തങ്ങളുടെ ആളുകളെ വധിക്കുകയാണെന്നും ഹനീഫ് അവകാശപ്പെട്ടു. ഭീകരർ കൊല്ലപ്പെട്ടതിനെ പരാമർശിക്കുമ്പോൾ മറ്റ് മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് അങ്ങേയറ്റം വിദ്വേഷകരവും പ്രകോപനപരവുമായ പരാമർശങ്ങളും ഇയാൾ നടത്തിയിട്ടുണ്ട്. കേവലം മതവിശ്വാസത്തിന്റെ പേരിലാണ് തങ്ങൾ ലക്ഷ്യമിടപ്പെടുന്നതെന്ന് വരുത്തിതീർക്കാനാണ് ഭീകരസംഘടന ഇതിലൂടെ ശ്രമിക്കുന്നത്.

എൺപതുകളുടെ അവസാനത്തിൽ ഹാഫിസ് മുഹമ്മദ് സയീദ്, സഫർ ഇക്ബാൽ, അബ്ദുള്ള അസം എന്നിവർ ചേർന്നാണ് ലഷ്കറെ തൊയ്ബ രൂപീകരിച്ചത്. സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്ത് രൂപംകൊണ്ട ഈ സംഘടന പിന്നീട് ജമ്മു കശ്മീരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നിലവിൽ ഇന്ത്യ, അമേരിക്ക, ഉൾപ്പെടെയുള്ള രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ലഷ്കറെ തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.