ശ്രീനഗർ: ജമ്മു കശ്മീരിൽ അഞ്ച് ദിവസമായി ഒളിവിലായിരുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. തെക്കൻ കശ്മീരിലെ സൈദ്‌പോര മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഭീകരനെ വധിച്ച ശേഷം ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്.

To advertise here,

അഞ്ച് ദിവസം മുമ്പ് പ്രദേശത്തെ ഒരു തോട്ടത്തിൽ നിരീക്ഷണ ക്യാമറകളിൽ രണ്ട് ഭീകരരെ കണ്ടതോടെ സുരക്ഷാസേന നിരീക്ഷണം ശക്തമാക്കിയിരുന്നു. ലഷ്കർ കമാൻഡർ സാക്കിർ ഗനിയും സഹായി ലത്തീഫ് ഭട്ടും ഈ മേഖലയിലുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.

ഛന്നപോര മേഖലയിലൂടെ ഇവർ നീങ്ങുന്ന ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഓപ്പറേഷൻ ആരംഭിച്ച് പ്രദേശം വളഞ്ഞത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന.

ജമ്മു കശ്മീർ പോലീസ്, രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായാണ് ഭീകരവേട്ട നടത്തിയത്. സുരക്ഷാസേന ഭീകരർക്ക് അടുത്തേക്കെത്തിയപ്പോൾ ഇരുഭാഗത്തുനിന്നും വെടിവെപ്പുണ്ടായതായാണ് റിപ്പോർട്ട്.