നാട്ടിലിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിക്കും നാശമുണ്ടാക്കുന്ന വന്യജീവികള്‍ കേരളത്തിന്റെ സ്വാസ്ഥ്യത്തെ ഉലക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കൂടുതല്‍ വനമേഖലയും വനത്തോടനുബന്ധിച്ച ജനസാന്ദ്രതയേറിയ പ്രദേശങ്ങളുമുള്ളതിനാല്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ കൂടുതലായി ഇരയാകുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മാത്രം 260 പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍മാത്രം 197 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കടുവകള്‍ മുതല്‍ കാട്ടുപന്നികള്‍ വരെ മനുഷ്യനെ കൊല്ലുന്നു. നമ്മുടെ മലയോര മേഖലയെ ഇത്രത്തോളം ആശങ്കയിലാക്കിയ മറ്റൊരു സാഹചര്യം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. ഓരോ വന്യജീവി ദുരന്തങ്ങള്‍ക്കും ശേഷമുണ്ടാകുന്ന താല്‍ക്കാലിക ആശ്വാസ നടപടികള്‍ക്കപ്പുറത്ത് ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കാനുള്ള കാര്യമായ നീക്കങ്ങളൊന്നും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. ഇതിനുള്ള ശ്രമങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും നിയമപ്രശ്‌നങ്ങളാണ് വിലങ്ങുതടിയായിരുന്നത്. ഒടുവിലിപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വന്യജീവിസംരക്ഷണ ഭേദഗതി ബില്‍, വനം ഭേദഗതി ബില്‍ എന്നിവ നിയമസഭ പാസാക്കിയിരിക്കുകയാണ്.

To advertise here,

മനുഷ്യന്റെ ജീവനും വസ്തുവകകള്‍ക്കും ഭീഷണിയാവുന്ന വന്യമൃഗങ്ങളെ നാട്ടില്‍വെച്ച് കൊല്ലുന്നതിന് നിയമപരിരക്ഷ ഉറപ്പാക്കാനായാണ് പുതിയ നിയമഭേദഗതികള്‍ അവതരിപ്പിച്ചിരുന്നത്. നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന വന്യജീവികളെ ഇല്ലാതാക്കാന്‍ നിലവിലെ നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും വളരെ സങ്കീര്‍ണമായ നടപടികളിലൂടെ കടന്നു പോകേണ്ടതുണ്ട്. 1972ലെ വന്യജീവി സംരക്ഷണനിയമം, 1962-ലെ കേരള വനംനിയമം എന്നിവ വന്യജീവികളുടെ സംരക്ഷണത്തിന് വളരെ ശക്തമായ വകുപ്പുകള്‍ ഉള്‍ച്ചേര്‍ന്നതാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11(1) എ പ്രകാരം മനുഷ്യന് അപകടംവരുത്തുന്ന വന്യജീവിയെ കൊല്ലാന്‍ മുഖ്യവനപാലകന് നിര്‍ദേശിക്കാം. പക്ഷേ, അതിനുള്ള ശുപാര്‍ശ ഡിഎഫ്ഒ, കളക്ടര്‍ എന്നിവര്‍ നല്‍കണം. ഇത്തരം സാങ്കേതിക കാര്യങ്ങളൊക്കെ പൂര്‍ത്തീകരിച്ച് അനുമതി ലഭിക്കുമ്പേഴേക്കും വന്യജീവികള്‍ നാട്ടില്‍ പലവിധ നാശം വരുത്തുകയോ മനുഷ്യജീവനുകള്‍ ഇല്ലാതാവുകയോ ചെയ്തിരിക്കും.

സിആര്‍പിസി 1331 എഫ് പ്രകാരം അപകടകാരികളായ വന്യജീവികളെ വെടിവെക്കാന്‍ കളക്ടര്‍ക്ക് ഉത്തരവുനല്‍കാം. പക്ഷേ, കേരളത്തില്‍ ഇത് വളരെ അപൂര്‍വമായേ നടപ്പാക്കാനായിട്ടുള്ളൂ. വെടിവെക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയമപരിരക്ഷ കിട്ടില്ലെന്നുള്ള ആശങ്കയായിരുന്നു ഇതിന് കാരണം. പല സ്ഥലങ്ങളിലും വന്യജീവികളെ വെടിവെക്കാന്‍ ഉത്തരവിറങ്ങിയിട്ടും ഇത് നടപ്പിലാക്കാന്‍ പോലീസ് മടിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. തങ്ങളുടെ ജീവന് ഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ വന്യജീവികളെ പ്രതിരോധിച്ചു എന്ന കുറ്റത്തിന് സാധാരണക്കാര്‍ കേസില്‍ പ്രതിയായ സംഭവങ്ങളും കുറവായിരുന്നില്ല. കടിക്കാന്‍ വന്ന പാമ്പിനെ തല്ലിക്കൊന്ന കുറ്റത്തിന് കർഷകൻറെ പേരിൽ കേസെടുത്ത സംഭവമെല്ലാം ഈ നിയമങ്ങളുടെ അര്‍ഥശൂന്യത വെളിവാക്കിയിരുന്നു. നിയമപ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ തുടരുമ്പോഴും മലയോര പ്രദേശത്തെ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ അനന്തമായി തുടരുകയായിരുന്നു. കാട്ടാനയുടെയും കടുവയുടെയും ആക്രമണത്തില്‍ മലയോര ജനതയുടെ ജീവനും സ്വത്തും ഇല്ലാതാവുമ്പോഴും കൊളോണിയല്‍ കാലത്തെ നിയമങ്ങളുടെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു നമ്മുടെ ഭരണസംവിധാനങ്ങള്‍. 

വില്ലനായ കേന്ദ്ര നിയമം

കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും രാജാക്കന്മാരും മറ്റും നടത്തിയിരുന്ന നിയന്ത്രണമില്ലാത്ത വേട്ടയുടെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന വനസംരക്ഷണ നിയമങ്ങളാണ് രാജ്യത്ത് ഇപ്പോഴും നിലവിലുള്ളത്. 1972ല്‍ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കൊണ്ടുവന്നതാണ് വന്യജീവി സംരക്ഷണ നിയമം. വളരെ ചുരുക്കം സാഹചര്യത്തിലൊഴികെയുള്ള വന്യമൃഗ വേട്ടകളെ ഈ നിയമം പൂര്‍ണമായും നിരോധിച്ചു. ഈ നിയമത്തിന്റെ സെക്ഷന്‍ 11 അനുസരിച്ച് ഒരു സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു മാത്രമേ മനുഷ്യരുടെ ജീവന് അപകടകാരികളായതോ അസുഖം ബാധിച്ചതോ മാത്രം മൃഗങ്ങളെ കൊല്ലാനുള്ള അധികാരം നല്‍കാന്‍ കഴിയൂ. സെക്ഷന്‍ 62 അനുസരിച്ച് വെര്‍മിന്‍ അഥവാ ക്ഷുദ്രജീവി എന്ന് വര്‍ഗീകരിച്ച മൃഗങ്ങളെയും കൊല്ലാനുള്ള അനുമതി നല്‍കാം. ഷെഡ്യൂള്‍ ഒന്നിലും രണ്ടിലും പെട്ട ആന, കടുവ തുടങ്ങിയ മൃഗങ്ങള്‍ക്ക് വലിയ സുരക്ഷയും ഈ നിയമം ഒരുക്കി. 76 ലെ ഭേദഗതിയില്‍ വനം സംസ്ഥാന ലിസ്റ്റില്‍ നിന്നും കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറുകയും ചെയ്തു. 1991ലെ ഭേദഗതിയില്‍ വേട്ടയ്ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കി.

ചുരുക്കത്തില്‍ ഈ നിയമപ്രകാരം സ്വയരക്ഷയ്‌ക്കോ, ക്ഷുദ്രജീവി പട്ടികയില്‍ പെടുത്തിയവയേയോ, ഗവേഷണ ആവശ്യങ്ങള്‍ക്കോ മാത്രമേ വന്യജീവികളെ വധിക്കാനായി സാധിക്കുകയുള്ളു. ക്ഷുദ്രജീവി പട്ടികയില്‍ പെടുത്തിയ മൃഗങ്ങളെ വധിക്കുന്ന കാര്യത്തിലും വലിയ സങ്കീര്‍ണതകളുണ്ടായിരുന്നു. സെക്ഷന്‍ 62 പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് അനുമതി തേടണം. സാഹചര്യം രൂക്ഷമാണെന്നതിനുള്ള തെളിവുകളും വിശദവിവരങ്ങളും ഉള്‍പ്പടെ വിവരങ്ങള്‍ ക്രോഡീകരിച്ച് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അനുമതി ലഭിച്ചാലും എങ്ങനെ വധിക്കണം ആര് വധിക്കണം എന്നതുള്‍പ്പടെ സങ്കീര്‍ണമായ നൂലാമാലകള്‍ വേറെയുമുണ്ടായിരുന്നു. അപ്പോഴേക്കും വന്യമൃഗങ്ങള്‍ മനുഷ്യജീവനുള്‍പ്പടെ കവരുന്ന സാഹചര്യത്തിലെത്തിയിരിക്കും. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് ഉള്‍പ്പടെയുള്ള ഭേദഗതികള്‍ ഈ നിയമത്തില്‍ വരുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഏതൊക്കെ ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാം എന്നതിലും കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പുകളുണ്ടായിരുന്നു. അതോടൊപ്പം അപകടകാരികളായ വന്യമൃഗങ്ങളെ നിയമപരമായി തന്നെ കൊല്ലുന്ന ഉദ്യോഗസ്ഥരും പൊതുജനങ്ങളും കേസില്‍പ്പെടുന്ന സാഹചര്യവും ഒഴിവാവണമെന്നും ആവശ്യങ്ങളുയര്‍ന്നിരുന്നു.

ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കാലതാമസം വരുന്നതിന് പുറമെ അനുമതി നല്‍കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 2015ല്‍ ബീഹാറില്‍ വലിയ കൃഷിനാശം വരുത്തിയിരുന്ന നീലക്കാളകളെ കേന്ദ്രം ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിരുന്നു. 2016ല്‍ ഉത്തരാഖണ്ഡില്‍ കാട്ടുപന്നികളെയും പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നുള്ള സംസ്ഥാനത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം കേന്ദ്രം പരിഗണിച്ചിരുന്നില്ല. നിലവില്‍ കര്‍ശനമായ ഉപാധികളോടെ വളരെ പരിമിതമായി കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി മാത്രമാണ് കേരളത്തിലുള്ളത്. വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമായതോടെ ഈ നിയമത്തില്‍ അടിയന്തരമായി ഭേദഗതി വരുത്തണമെന്ന് സംസ്ഥാനസര്‍ക്കാരുകളും കര്‍ഷക സംഘടനകളുമെല്ലാം കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം ഇത് തള്ളിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.

ക്ഷുദ്രജീവി പ്രഖ്യാപനം ഏറ്റെടുത്ത് കേരളം

പുതിയ ഭേദഗതികള്‍ പ്രകാരം വന്യമൃഗം ആളുകളെ അക്രമിക്കുകയോ ജനവാസ മേഖലയില്‍ ഇറങ്ങുകയോ ചെയ്താല്‍ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് കലക്ടറുടെയോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററിന്റെയോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാലതാമസമില്ലാതെ അവയെ കൊല്ലാനോ മയക്കുവെടിവെച്ച് പിടിക്കാനോ ഉത്തരവിടാം. ഉത്തരവിറങ്ങിയാൽ ഏതൊരാൾക്കും ഇവയെ കൊല്ലാം. പട്ടിക രണ്ടിലുള്ള വന്യമൃഗങ്ങള്‍ മനുഷ്യജീവനോ വസ്തുവകകള്‍ക്കോ അപകടകരമാകുന്ന തരത്തില്‍ പെരുകിയാല്‍ സംസ്ഥാന സര്‍ക്കാരിന് അവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാം. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ അത്തരം വന്യജീവികളെ ആര്‍ക്ക് വേണമെങ്കിലും എങ്ങനെ വേണമെങ്കിലും കൊല്ലാം. നിയമം നിലവിൽ വന്നാൽ അവയുടെ ഇറച്ചി ഉപയോഗിക്കുന്നതിനും തടസമുണ്ടാകില്ല. പട്ടിക രണ്ടില്‍പ്പെടുന്ന കാട്ടുപന്നികള്‍ പുള്ളിമാനുകള്‍ തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചാല്‍ അവയുടെ ജനനനിയന്ത്രണം നടത്തല്‍ മറ്റ് സ്ഥലങ്ങളിലേക്കുള്ള നാടുകടത്തല്‍ എന്നിവയ്ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. നാടന്‍ കുരങ്ങിനെ പട്ടിക ഒന്നില്‍ നിന്ന് ഒഴിവാക്കി പട്ടിക രണ്ടില്‍ ചേര്‍ത്തിട്ടുമുണ്ട്. നേരത്തെ അതീവ സംരക്ഷിതപ്പട്ടികയില്‍ ആനയോടും കടുവയോടുമൊപ്പമായിരുന്നു കുരങ്ങിന്റെ സ്ഥാനം. പഴയ നിയമത്തില്‍ വ്യക്തതയില്ലാതിരുന്ന 'മനുഷ്യന് അപകടകരം' 'ജനവാസ മേഖല' തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് ഭേദഗതിയില്‍ വ്യക്തത വരുത്തിയിട്ടുമുണ്ട്.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ കേന്ദ്ര വന്യജീവി നിയമത്തില്‍ ഒരു ഭേദഗതി വരുത്തുന്നത്. നടപ്പിലായാല്‍ നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജറിലെയും കാലതാമസം വരുത്തുന്നതും കാലാഹരണപ്പെട്ടതുമായ നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാനുള്ള അധികാരം സംസ്ഥാനത്തിന് ലഭിക്കും. ഇതിന് പുറമെ 1962-ലെ കേരള വനംനിയമവും ഭേദഗതി ചെയ്തിട്ടുണ്ട്. സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേനെ മുറിച്ച് വില്‍പ്പന നടത്താനും മരത്തിന്റെ വില കര്‍ഷകന് ലഭ്യമാക്കുന്നതുമാണ് വനം ഭേദഗതി ബില്‍. ഇതിലൂടെ ചന്ദനകൃഷി സംസ്ഥാനത്ത് വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ വനകുറ്റകൃത്യങ്ങളില്‍ ചിലത് കോടതിയുടെ അനുമതിയോടെ കോംബൗണ്ട് ചെയ്യുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

നിയമം നടപ്പിലാകുമോ?

വനം കണ്‍കറന്റ് ലിസ്റ്റില്‍ വരുന്നതിനാല്‍ തന്നെ കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന നിയമസഭയ്ക്ക് അവകാശമുണ്ട്. എന്നാല്‍ ഇത് നിലവിലുള്ള കേന്ദ്ര നിയമത്തിന് വിരുദ്ധമാകരുതെന്നാണ് ചട്ടം. നിലവില്‍ സംസ്ഥാന നിയമസഭ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ ഭേദഗതി ഗവര്‍ണറും പിന്നീട് രാഷ്ട്രപതിക്ക് വിട്ടാല്‍ രാഷ്ട്രപതിയുമെല്ലാം അംഗീകരിച്ചാലാണ് നിയമമായി നിലവില്‍ വരിക. ഗവര്‍ണര്‍ തിരിച്ചയക്കുകയും നിയമസഭ വീണ്ടും അയക്കുകയുമൊക്കെ ചെയ്താലും നിയമമാവുന്നത് വീണ്ടും നീളാം. അതിനിടയില്‍ മൃഗസ്‌നേഹികളും മറ്റും കോടതിയിലും ഇത് ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതതയുണ്ട്.