
തിരുവനന്തപുരം: മൂപ്പെത്തുംമുൻപേ തെങ്ങിൽനിന്ന് കുരങ്ങും മലയണ്ണാനും ‘വിളവെടുത്താൽ’ കർഷകനുണ്ടാകുന്ന നഷ്ടത്തിന് ആശ്വാസം വരുന്നു. വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരം കാണാനാണ് വനംവകുപ്പിന്റെ ശ്രമം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.
തെങ്ങിന് കേടുപാട് വരുത്താതെ തേങ്ങ മാത്രം നശിപ്പിച്ചാലും നഷ്ടപരിഹാരം ലഭിക്കും. നിലവിൽ മരത്തിന് കേടുപറ്റിയാലേ നഷ്ടപരിഹാരത്തിന് വ്യവസ്ഥയുള്ളൂ. കൊക്കോ, അടയ്ക്ക, പച്ചക്കറികൾ തുടങ്ങിയവ നശിപ്പിക്കപ്പെടുന്നതിനും നഷ്ടപരിഹാരം നൽകുന്ന നിർദേശമാണ് മന്ത്രി ഷിബു ബേബിജോണിന്റെ നിർദേശപ്രകാരം തയ്യാറാക്കുന്നത്. മയിലുകൾ നശിപ്പിക്കുന്ന വിളകൾക്കും നഷ്ടപരിഹാര നിർദേശമുണ്ട്.
വിളനാശ നഷ്ടപരിഹാരം ഇരട്ടിയാക്കും
വിളനാശത്തിനുള്ള നിലവിലെ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാനും നിർദേശമുണ്ട്. തെങ്ങ്, വാഴ, പച്ചക്കറി, കപ്പ, കൊക്കോ, കവുങ്ങ്, റബർ, പുകയില, പരുത്തി എന്നിവയുൾപ്പെടെ 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും. നശിച്ച ഫലത്തിന്റെ അളവും വിപണി മൂല്യവും കണക്കാക്കി നഷ്ടപരിഹാരം നൽകാനുള്ള മാനദണ്ഡം ഉടൻ തയ്യാറാകും.
മരണമുണ്ടായാൽ ആശ്രിതർക്ക് 21 ലക്ഷം
വന്യജീവി ആക്രമണത്തിൽ മരണമുണ്ടായാൽ ആശ്രിതർക്ക് നൽകുന്ന സഹായധനവും വർധിപ്പിക്കും. നിലവിലെ 14 ലക്ഷം രൂപ 21 ലക്ഷമാക്കാനാണ് ശുപാർശ. പാമ്പ്, തേനീച്ച, കടന്നൽ എന്നിവ ഒഴിച്ചുള്ളവയുടെ ആക്രമണത്തിൽ മരിച്ചാലാണ് ഈ തുക ലഭിക്കുക. പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിച്ചാൽ നൽകുന്ന നാല് ലക്ഷം രൂപ ആറു ലക്ഷമാകും. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യമുണ്ടായാൽ നൽകുന്ന രണ്ടു ലക്ഷം രൂപ മൂന്നു ലക്ഷമാക്കാനും ശുപാർശയുണ്ട്. 60 ശതമാനത്തിലധികം അംഗവൈകല്യമുണ്ടായാൽ നൽകുന്ന രണ്ടരലക്ഷം രൂപ 3.75 ലക്ഷമാക്കും.
Published: 18 Sept 2026, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented