
ഒരു യുവാവിന് 18 വയസ് തികയുന്നത് ഒരു വലിയ വാര്‍ത്തയാണോ? പ്രായപൂര്‍ത്തിയായത് ഒരു രാജകുടുംബത്തിന്റെ ആനന്തരാവകാശിക്കാണെങ്കിലോ? അതിന്റെ വാർത്താപ്രാധാന്യം ഏറെയാണ്. ആ കുടുംബത്തില്‍ നാല് പതിറ്റാണ്ടിനുശേഷം ഒരു പുരുഷന്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ വാർത്തയുടെ മൂല്യം ഏറും. ജാപ്പനീസ് രാജകുടുംബത്തിന്റെ അനന്തരാവകാശി ഹിസാഹിതോ (Hisahito) രാജകുമാരന് 18 വയസ്സ് തികഞ്ഞതാണ് ഇപ്പോൾ വാർത്തയിൽ നിറഞ്ഞുനിൽക്കുന്നത്. നാല് പതിറ്റാണ്ടിനിടെ രാജകുടുംബത്തില്‍ പ്രായപൂർത്തിയാകുന്ന ആദ്യത്തെ ആണ്‍തരിയാണ് ഹിസാഹിതോ. രാജകുമാരന്റെ പിതാവും കിരീടാവകാശിയുമായ ഫുമിഹിതോയാണ് (Fumihito) ഇതിനുമുന്‍പ് പ്രായപൂര്‍ത്തിയായ അവസാന പുരുഷന്‍; 1985-ല്‍ ആയിരുന്നു അത്. പ്രായപൂർത്തിയാകാനുള്ള പ്രായം 20-ൽ നിന്ന് 18 ആക്കി കുറച്ച പുതിയ സിവിൽ കോഡ് നിലവിൽ വന്നശേഷം പ്രായപൂർത്തിയായ ആദ്യത്തെ രാജകുടുംബാംഗവുമാണ് ഹിസാഹിതോ രാജകുമാരൻ.
പുരുഷന്മാരുടെ എണ്ണം കുറഞ്ഞതോടെ വളരെക്കാലമായി രാജ്യംഭരിക്കുന്ന കുടുംബത്തിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു. അതിവേഗം വാര്‍ദ്ധക്യം പ്രാപിക്കുന്നതും വളരെ വേഗത്തില്‍ കുറഞ്ഞുകൊണ്ടുമിരിക്കുന്ന ജാപ്പനീസ് ജനസംഖ്യയുടെ അതേപ്രശ്‌നം തന്നെയാണ് രാജകുടുംബവും അനുഭവിക്കുന്നത്. 17 അംഗങ്ങളുള്ള രാജകുടുംബത്തില്‍ നിലവില്‍ നാല് പുരുഷന്‍മാര്‍ മാത്രമേയുള്ളൂ. ഇതില്‍ ഏറ്റവും ഇളയ ആളാണ് ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോയുടെ (Naruhito) സഹോദരപുത്രനായ ഹിസാഹിതോ. രാജകുമാരന്റെ ജനനത്തോടെയാണ് പ്രതിസന്ധികള്‍ക്ക് താത്കാലികമായെങ്കിലും പരിഹാരമായത്. എന്താണ് ജാപ്പനീസ് രാജകുടുംബത്തിന്റെ പ്രത്യേകതകള്‍? എങ്ങനെയാണ് അവിടെ അധികാര കൈമാറ്റം നടക്കുന്നത്? പുരുഷന്മാകുടെ എണ്ണം കുറയുന്നത് അവരെ എന്തുകൊണ്ടാണ് പ്രതിസന്ധിയിലാക്കുന്നത് ?

'ഏറ്റവും പഴക്കംചെന്ന' രാജകുടുംബം
ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജകുടുംബങ്ങളിലൊന്നായി കണക്കാക്കുന്നതാണ് ജാപ്പനീസ് രാജകുടുംബം. നരുഹിതോ(Naruhito)യാണ് നിലവില്‍ ജാപ്പനീസ് ചക്രവര്‍ത്തി. 30 വര്‍ഷത്തെ ഭരണത്തിന് ശേഷം 2019-ല്‍ പിതാവ് അകിഹിതോ (Akihito) സ്ഥാനമൊഴിഞ്ഞതോടെയാണ് കിരീടാവകാശിയായിരുന്ന നരുഹിതോ ചക്രവര്‍ത്തിയായി അധികാരമേറ്റത്. ഔദ്യോഗികമായി, 126-ാമത്തെ ജാപ്പനീസ് ചക്രവര്‍ത്തിയാണ് നരുഹിതോ. പക്ഷേ, എട്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട നിഹോണ്‍ ഷോക്കി പോലുള്ള പുരാണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. ഇത് പക്ഷേ പല ചരിത്രപണ്ഡിതന്മാരും അംഗീകരിക്കുന്നില്ല. ആറാം നൂറ്റാണ്ട് വരെയുള്ള പല ചക്രവര്‍ത്തിമാരുടെയും ഭരണം സംബന്ധിച്ച് ചരിത്രപരമായ തെളിവുകളില്ല എന്നതാണ് കാരണം. ആദ്യ ചക്രവര്‍ത്തി ജിന്‍മുവാണെന്ന് പറയുന്നുണ്ടെങ്കിലും പല ആധുനിക പണ്ഡിതന്മാരും ജിമ്മുവിനെയും ആദ്യത്തെ ഒന്‍പത് ചക്രവര്‍ത്തിമാരെയും ഐതീഹ്യമായാണ് കണക്കാക്കുന്നത്. പത്താമത്തെ ചക്രവര്‍ത്തി സുജിന്‍ ഒരുപക്ഷേ യഥാര്‍ത്ഥ ചരിത്രപുരുഷനായിരിക്കാം എന്നാണ് അവര്‍ പറയുന്നത്. ജാപ്പനീസ് ചരിത്രത്തിലുടനീളം ചക്രവര്‍ത്തിമാരുടെ അധികാരം പലപ്പോഴും വ്യത്യാസപ്പെട്ടിരുന്നതായി കാണാം.
പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വിശ്വസിക്കുന്നവരാണ് ജാപ്പനീസ് രാജകുടുംബം. തലമുറകളോളം, ജപ്പാനിലെ ചക്രവര്‍ത്തിമാര്‍ സൂര്യദേവതയായ അമതേരസുവിന്റെ നേരിട്ടുള്ള പിന്‍ഗാമികളായാണ് കണക്കാക്കിയിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയതിനുശേഷം, ഹിരോഹിതോ ചക്രവര്‍ത്തിയാണ് ദൈവിക പരിവേഷം ത്യജിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെ, ജപ്പാന്റെ ചക്രവര്‍ത്തി പരമാധികാരം കൈവശം വയ്ക്കുകയും സൈന്യത്തെയും നാവികസേനയെയും നയിക്കുകയും ചെയ്തു. പക്ഷേ, 1947-ല്‍ പ്രാബല്യത്തില്‍ വന്ന യുദ്ധാനന്തര ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ 'രാജ്യത്തിന്റെയും ജനങ്ങളുടെ ഐക്യത്തിന്റെയും പ്രതീകം' എന്നാണ് ചക്രവര്‍ത്തിയെ നിര്‍വചിച്ചിരിക്കുന്നത്. ഔപചാരികവും ആചാരപരവുമായ പദവി മാത്രമാണ് അദ്ദേഹത്തിനുള്ളത്. ഭരണഘടനപ്രകാരം രാജ്യത്തിന്റെ തലവന്‍ ചക്രവര്‍ത്തിയാണെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയ അധികാരമില്ല. ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നയിക്കുന്നതില്‍ രാജാവിന് പ്രത്യേകിച്ച് പങ്കൊന്നുമില്ല. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താന്‍ അവര്‍ക്ക് അനുവാദമില്ല. പ്രധാനമന്ത്രിയുടെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും നിയമനം, ഡയറ്റിന്റെ സമ്മേളനം, നിയമങ്ങളുടെ പ്രഖ്യാപനം എന്നിവയെല്ലാമാണ് അദ്ദേഹത്തിന്റെ കടമ.

നിലവിലെ ചക്രവര്‍ത്തി നരുഹിതോയുടെ പിതാവ് അകിഹിതോ ജാപ്പനീസ് പൊതുജനങ്ങള്‍ക്കിടയില്‍ രാജകുടുംബത്തേക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയ രാജാവായിരുന്നു. 1989-ല്‍ പിതാവിന്റെ മരണശേഷം അധികാരം ഏറ്റെടുത്തത് മുതല്‍ 2019 ഏപ്രിലില്‍ സ്ഥാനമൊഴിയുന്നതുവരെ അദ്ദേഹം ജനങ്ങളോട് ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. രാജകുടുംബത്തിനും ജാപ്പനീസ് ജനതയ്ക്കും ഇടയിലുള്ള മതിലുകള്‍ തകര്‍ക്കാന്‍ അദ്ദേഹം സ്വയം മുന്നോട്ട് വന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം ലോകരാജ്യങ്ങള്‍ക്കിടയില്‍ ജപ്പാന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ അദ്ദേഹം പ്രയത്‌നിച്ചു. 1817-ന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ ജാപ്പനീസ് രാജാവായിരുന്നു അദ്ദേഹം. ജപ്പാന്റെ 200 വര്‍ഷത്തെ ചരിത്രത്തില്‍ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ ചക്രവര്‍ത്തി. പ്രായാധിക്യവും ആരോഗ്യബുദ്ധിമുട്ടുകളും കാരണമാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. ഇതോടെയാണ് മകന്‍ നരുഹിതോ ചക്രവര്‍ത്തിയായി അധികാരം ഏറ്റെടുത്തത്. അക്കിഹിതോയുടെയും മിച്ചിക്കോയുടെയും മൂത്തമകനായ നരുഹിതോ 1960 ഫെബ്രുവരി 23-നാണ് ജനിച്ചത്. പിതാവ് ചക്രവര്‍ത്തിയായതിന് പിന്നാലെ 1991-ല്‍ അദ്ദേഹം കിരീടാവകാശിയായി. പിതാവ് സ്ഥാനമൊഴിഞ്ഞതോടെ ചക്രവര്‍ത്തിയുമായി.
പുരുഷന്മാര്‍ക്ക് മാത്രം പിന്തുടര്‍ച്ചാവകാശം
യാഥാസ്ഥിതിക മനോഭാവമുള്ളവരും പാരമ്പര്യങ്ങള്‍ അതുപോലെ പിന്തുടരുന്നവരുമാണ് ജാപ്പനീസ് രാജകുടുംബം. പിന്തുടര്‍ച്ചാവകാശവും ഭരണാധികാരവും ഉള്‍പ്പെടെ രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 1947-ലെ ഇംപീരിയല്‍ ഹൗസ് നിയമത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇത് പക്ഷേ, രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള യാഥാസ്ഥിതിക കുടുംബ മൂല്യങ്ങള്‍മാത്രം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്നാണ് പ്രധാന വിമര്‍ശനം. ജപ്പാനില്‍ രാജാവിന്റെ മറ്റ് ബന്ധങ്ങളിലുള്ള കുട്ടികള്‍ അധികാരത്തിലെത്തി സംഭവങ്ങളുണ്ട്. സ്ത്രീ ചക്രവര്‍ത്തിമാരും ഉണ്ടായിട്ടുണ്ട്. പക്ഷേ, നിലവിലെ ഇംപീരിയല്‍ ഹൗസ് നിയമമനുസരിച്ച് ഒരു പുരുഷന് മാത്രമേ ജപ്പാന്റെ ചക്രവര്‍ത്തിയാകാന്‍ സാധിക്കുകയുള്ളൂ. രാജാധികാരം പുരുഷന്മാരിലേക്ക് മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. സ്ത്രീകള്‍ക്ക് അധികാരം ഏറ്റെടുക്കുന്നതിന് നിരോധനമുണ്ടെന്ന് മാത്രമല്ല, സാധാരണക്കാരെ വിവാഹം കഴിക്കുകയാണെങ്കില്‍ അവരുടെ രാജകീയപദവിയും നഷ്ടപ്പെടും. അകിഹിതോയുടെ മകള്‍ സയാകോ കുറോഡ (Sayako Kuroda) 2005-ല്‍ ഒരു സാധാരണക്കാരനെ വിവാഹം കഴിച്ചതോടെ രാജകുടുംബത്തിലെ അവകാശങ്ങള്‍ ഇല്ലാതായി. കിരീടാവകാശി ഫുമിഹിതോയുടെ മകള്‍ മാക്കോ കൊമുറോ(Mako Komuro) 2021-ല്‍ സാധാരണക്കാരനെ വിവാഹം കഴിക്കുകയും കുടുംബത്തില്‍നിന്ന് പുറത്താകുകയും ചെയ്തു.
പുരുഷന്മാര്‍ക്ക് മാത്രമുള്ള പിന്തുടര്‍ച്ചാവകാശത്തെയും രാജകുടുംബത്തിന് പുറത്ത് നിന്ന് വിവാഹം കഴിക്കുന്ന സ്ത്രീകളുടെ രാജകീയപദവി നഷ്ടവും സംബന്ധിച്ച നിയമങ്ങള്‍ നവീകരിക്കണമെന്ന് ജപ്പാനില്‍ ഏറെക്കാലമായി ചര്‍ച്ചകളുണ്ട്. ജനപ്രതിനിധികളടക്കം ഇക്കാര്യം പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജകുടുംബത്തിലെ അംഗങ്ങളുടെ എണ്ണം കുറയുന്നതും യുവതലമുറയില്‍ പുരുഷഅവകാശിയുടെ അഭാവവുമാണ് മാറി ചിന്തിക്കാന്‍ ജപ്പാനെ പ്രേരിപ്പിച്ചത്. ചക്രവര്‍ത്തി നരുഹിതോയ്ക്കും സഹോദരനും കിരീടാവകാശിയുമായ ഫുമിഹിതോയ്ക്കും ആണ്‍മക്കളില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. നിലവിലെ ചക്രവര്‍ത്തി നരുഹിതോയുടേയും ഭാര്യ മസാക്കോയുടേതും പുത്രി ഐക്കോ (Aiko) രാജകുമാരിയെ അടുത്ത അവകാശിയാക്കണോ എന്നത് സംബന്ധിച്ചും ജപ്പാനില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഹാര്‍വാര്‍ഡില്‍ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുള്ള ഐക്കോ അധികാരത്തിലെത്തണമെന്ന് ജപ്പാന്‍കാര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍ നിലവിലെ നരുഹിതോയ്ക്കും ഭാര്യ മസാക്കോയ്ക്കും പ്രത്യേക താല്‍പ്പര്യവുമുണ്ടായിരുന്നു. പക്ഷേ, ഐക്കോ അധികാരത്തിലേറാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. നരുഹിതോയ്ക്ക് ശേഷം ഇളയ സഹോദരന്‍ ഫുമിഹിതോയാകും രാജാവാകുക. അദ്ദേഹത്തെ കിരീടാവകാശിയായി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ 2006-ല്‍ നരുഹിതോ ചക്രവര്‍ത്തിയുടെ സഹോദരപുത്രന്‍ ഹിസാഹിതോ രാജകുമാരന്റെ ജനനം ഈ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു. പിന്നാലെ തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇംപീരിയല്‍ നിയമത്തില്‍ മാറ്റവരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ഐക്കോ രാജകുമാരിക്ക് അവളുടെ പിതാവിന്റെ പിന്‍ഗാമിയാകാന്‍ ഗണ്യമായ പൊതുജന പിന്തുണയുണ്ടെങ്കിലും, സ്ഥിതിഗതികള്‍ മാറ്റാന്‍ ജപ്പാന്‍ തയ്യാറായില്ല. രാജകുടുംബത്തിലെ അംഗങ്ങളുടെ എണ്ണം കുറയുന്നത് കണക്കിലെടുത്ത് 2022 ജനുവരിയില്‍, വിവാഹശേഷവും സ്ത്രീകളെ അവരുടെ രാജകീയപദവി നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. ഒപ്പം പുരുഷ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വിദൂര ബന്ധുക്കളായ പുരുഷന്മാരെ ദത്തെടുക്കുന്ന കാര്യവും നിര്‍ദേശിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുരുഷാധികാര പിന്തുടര്‍ന്ന തുടരുന്നതിനാല്‍ ഇത്തരം നടപടികള്‍ക്ക് കാര്യമായ ഫലമുണ്ടാകില്ലെന്നാണ് വിമര്‍ശകരുടെ വാദം. അതേസമയം ജപ്പാന്‍ പോലെ ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരം പിന്തുടര്‍ച്ച നിയമം നിലനില്‍ക്കുന്നതിനെതിരേ രാജ്യത്തിനകത്തുനിന്ന് തന്നെ വലിയ വിമര്‍ശനമാണുയരുന്നത്.
എന്തുകൊണ്ട് ഹിസാഹിതോ പ്രാധാന്യം അര്‍ഹിക്കുന്നു?
ജാപ്പനീസ് കിരീടാവകാശി ഫുമിഹിതോയുടേയും കിക്കോയുടെയും (Kiko) മകനാണ് ഹിസാഹിതോ. ചക്രവര്‍ത്തി നരുഹിതോയുടെ ഇളയ സഹോദരനായ ഫുമിഹിതോ രാജകുമാരനാണ് സ്വാഭാവികമായും അടുത്തതായി സിംഹാനത്തിലെത്തുക. 1965 നവംബര്‍ 30-ന് ജനിച്ച ഫുമിഹിതോയ്ക്ക് ശേഷം കുടുംബത്തില്‍ ജനിച്ച ആദ്യത്തെ ആണ്‍തരി. 2006 സെപ്റ്റംബര്‍ 6-ന് ടോക്യോയിലാണ് ഹിസാഹിതോ ജനിച്ചത്. ബിരുദ വിദ്യാര്‍ഥികളായിരിക്കെയാണ് ഫുമിഹിതോ കിക്കോയെ കണ്ടുമുട്ടിയത്. 1990-ലെ അവരുടെ വിവാഹം വലിയ പ്രാധാന്യം നേടിയിരുന്നു. വിവാഹസമയത്ത് ബിരുദ വിദ്യാര്‍ഥി മാത്രമായിരുന്നു ഫുമിഹിതോ. മാത്രമല്ല, ജ്യേഷ്ഠന്‍ നരുഹിതോ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു. സാധാരണകുടുംബത്തില്‍ നിന്നുള്ളയാളായിരുന്നു കിക്കോ.
1991-ല്‍ അവര്‍ക്ക് ആദ്യത്തെ കുട്ടി മാക്കോ ജനിച്ചു; 1994-ല്‍ രണ്ടാമത്തെ കുട്ടി കാക്കോയും. ഫുമിഹിതോയുടേയും കിക്കോയുടേയും മൂന്ന് മക്കളില്‍ ഇളയവനും ഏക മകനുമാണ് ഹിസാഹിതോ. പിതാവ് ഫുമിഹിതോയാണ് മകന് 'ഹിസാഹിതോ' എന്ന് പേരിട്ടത്. ജാപ്പനീസ് ഭാഷയില്‍ 'ശാന്തവും സദ്ഗുണങ്ങളുള്ളവനും' എന്നാണ് ഇതിനര്‍ത്ഥം. മാക്കോ കൊമുറോ, കാക്കോ എന്നീ പെണ്‍കുട്ടികള്‍ക്ക് ശേഷം ജനിച്ച ആണ്‍കുട്ടിക്ക് ജപ്പാനീസ് രാജകുടുംബത്തെ സംബന്ധിച്ച് വലിയ പ്രാധാന്യമാണുണ്ടായിരുന്നത്.

നിലവില്‍, ജാപ്പനീസ് രാജകുടുംബത്തില്‍ 17 അംഗങ്ങളുണ്ട്. അതില്‍ നാല് പേര്‍ മാത്രമാണ് പുരുഷന്മാര്‍; നരുഹിതോ ചക്രവര്‍ത്തി, അദ്ദേഹത്തിന്റെ ഇളയ സഹോദരനും കിരീടാവകാശിയുമായ ഫുമിഹിതോ, അദ്ദേഹത്തിന്റെ മകന്‍ ഹിസാഹിതോ രാജകുമാരന്‍, നരുഹിതോയുടെ പിതൃസഹോദരന്‍ 88 വയസ്സുള്ള ഹിറ്റാച്ചി രാജകുമാരന്‍. സിംഹാസനത്തിനുള്ള അടുത്ത അവകാശി ഫുമിഹിതോയാണ്. രണ്ടാമന്‍ ഫുമിഹിതോയുടെ മകന്‍ ഹിസാഹിതോ രാജകുമാരനും മൂന്നാമന്‍ ഹിറ്റാച്ചി രാജകുമാരനുമാണ്. ഹിസാഹിതോ ജനിക്കന്നതിന് മുമ്പ് ജാപ്പനീസ് രാജകുടുംബക്കിലെ പുരുഷന്മാരുടെ എണ്ണം കുറവായിരുന്നതിനാല്‍ പിന്തുടര്‍ച്ച നിയമത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ജപ്പാനില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
2006-ല്‍ ഹിസാഹിതോയുടെ ജനനത്തോടെ ചര്‍ച്ചകള്‍ അവസാനിച്ചു. പാരമ്പര്യ വ്യവസ്ഥകളില്‍ മാറ്റം വരുത്തേണ്ട സാഹചര്യം അദ്ദേഹത്തിന്റെ ജനനത്തോടെ ഇല്ലാതായി. പിതൃസഹോദരനായ ചക്രവര്‍ത്തിക്കും പിതാവിനും ശേഷം സിംഹാസനത്തിന് അവകാശമുള്ള മൂന്നാമത്തെ വ്യക്തിയായി ഹിസാഹിതോ. ജാപ്പനീസ് രാജകുടുംബത്തിലെ നാല് പുരുഷന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഹിസാഹിതോ. അതുകൊണ്ട് തന്നെയാണ് ഹിസാഹിതോ ജപ്പാനില്‍ ശ്രദ്ധാകേന്ദ്രമാകുന്നതും. ഇതൊക്കെയാണെങ്കിലും രാജാധികാരത്തെക്കുറിച്ചൊന്നും താനിപ്പോള്‍ ആലോചിക്കുന്നില്ലെന്നും പഠനം പൂര്‍ത്തിയാക്കണമെന്നുമാണ് ഹിസാഹിതോ പ്രസ്താവനയില്‍ അറിയിച്ചത്.
Content Highlights: japan prince Hisahito Turns 18 a new hope for the imperial family
Published: 11 Sept 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented