വാഷിങ്ടൺ: കുപ്രസിദ്ധ ഗുണ്ടാ നേതാവായ സതീന്ദർജീത് സിങ് എന്ന ഗോൾഡി ബ്രാറിനെ 10 പിടികിട്ടാപ്പുള്ളികളുടെ (Ten Most Wanted Fugitivse) പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ (FBI). ഇയാളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്കായി 9.5 കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയി സംഘവുമായുള്ള പ്രവർത്തനങ്ങളിൽ അടുത്ത പങ്കാളിയാണ് എന്ന കണ്ടെത്തലിനെ തുടർന്നാണ് എഫ്ബിഐയുടെ ഈ നീക്കം.
അമേരിക്കയിലും കാനഡയിലുമായി നടന്ന കൊലപാതകങ്ങൾ, പണം തട്ടിയെടുക്കൽ (extortion), മലഹരിമരുന്ന് കടത്ത് എന്നിവയിൽ പങ്കാളിയായ ലോറൻസ് ബിഷ്‌ണോയിയുമായി സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ബ്രാറിനായി തിരച്ചിൽ നടത്തുന്നത് എന്ന് എഫ്ബിഐ വ്യക്തമാക്കി. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇയാൾ വടക്കേ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായി ആരോപിക്കപ്പെടുന്നു.
ലോസ് ഏഞ്ചലസിലെ ഫെഡറൽ കോടതിയിൽ റാക്കറ്റീറിങ് ഗൂഢാലോചന, പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചന, നിരോധിത മയക്കുമരുന്നുകൾ വിതരണം ചെയ്യാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ബ്രാറിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസിൽ ഇയാൾ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ആയുധധാരിയും അത്യന്തം അക്രമാസക്തനും അപകടകാരിയുമാണ് എന്നാണ് ബ്രാറിനെ എഫ്ബിഐ വിശേഷിപ്പിക്കുന്നത്.
കാലിഫോർണിയയിലും കാനഡയുടെ ചില ഭാഗങ്ങളിലും ഇയാൾ താമസിക്കുന്നതായി വിവരമുണ്ടെന്നും പൊതുജനങ്ങൾ ഇയാളെ നേരിട്ട് സമീപിക്കരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമായും ഇന്ത്യൻ വംശജരെ ബാധിച്ച കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ പ്രമുഖ കുറ്റവാളിയായി കണ്ടെത്തിയ വ്യക്തിയെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് യുഎസ് അധികൃതർ വ്യക്തമാക്കുന്നു.
എഫ്ബിഐ 2025 സെപ്റ്റംബറിൽ കനേഡിയൻ സർക്കാർ ബിഷ്‌ണോയി സംഘത്തെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ആദ്യം പുറത്തുവിട്ട മൂന്ന് കുറ്റപത്രങ്ങളിൽ ഒന്നിൽ, ലോകമെമ്പാടുമുള്ള ബിഷ്‌ണോയി സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ബ്രാർ സഹായിച്ചതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു. ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിക്ക് വേണ്ടി സംസാരിച്ചതും മറ്റ് അംഗങ്ങൾക്കും കൂട്ടാളികൾക്കും നിർദ്ദേശങ്ങൾ നൽകിയതും ബ്രാർ ആണെന്ന് എഫ്ബിഐ വ്യക്തമാക്കി.
2023 ജൂൺ 18-ന് കാനഡയിൽ താമസിച്ചിരുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയ-മത നേതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതും നടപ്പാക്കിയതും ബിഷ്‌ണോയിയും ബ്രാറും ചേർന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ സൂറെയിലുള്ള ഒരു സിഖ് ക്ഷേത്രത്തിൽനിന്ന് ഇറങ്ങുമ്പോൾ വെടിയേറ്റ് മരിക്കുകയായിരുന്നു.
2024 മാർച്ചിനും 2025 ജൂലൈയ്ക്കുമിടയിൽ ലോസ് ഏഞ്ചഞ്ചലസ് പ്രദേശത്തെ എതിരാളികളായ ലഹരിമരുന്ന് കടത്ത് സംഘങ്ങളിൽനിന്ന് ഏകദേശം 520 കിലോ ഗ്രാം കൊക്കെയ്ൻ ഈ സംഘത്തിലെ അംഗങ്ങൾ മോഷ്ടിച്ചതായും അന്വേഷസംഘം ആരോപിക്കുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് ജൂലൈ ഏഴിന് പ്രഖ്യാപിച്ച 'ഓപ്പറേഷൻ ഹാർഡ്‌ബോൾ' (Operation Hardba-ll) എന്ന ഫെഡറൽ അന്വേഷണത്തിന് തുടർച്ചയായാണ് ബ്രാറിനെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ പെടുത്തിയുള്ള ഈ പുതിയ പ്രഖ്യാപനവും ഇനാം തുകയും.
ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധപ്പെട്ട 37 പ്രതികൾക്കെതിരെ മൂന്ന് കുറ്റപത്രങ്ങൾ ചുമത്തിയിരുന്നു. 24 പ്രതികൾ അറസ്റ്റിലാവുകയോ കസ്റ്റഡിയിലാവുകയോ ചെയ്തിരുന്നു. പിന്നീട് നാല് കുറ്റവാളികളെക്കൂടി പിടികൂടുകയും ഒരാളെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതായി എഫ്ബിഐ അറിയിച്ചു. ആ ഓപ്പറേഷനിൽ ഇനിയും പിടികിട്ടാനുള്ള അഞ്ച് പ്രതികളിൽ ഒരാളാണ് ബ്രാർ.
എഫ്ബിഐയുടെ ഏറ്റവും തിരയപ്പെടുന്ന 10 കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തപ്പെടുന്ന 543-ാമത്തെ വ്യക്തിയാണ് ബ്രാർ. വിവരങ്ങൾ ലഭിക്കുന്നവർക്ക് 1-800-CALL-FBI എന്ന നമ്പറിലോ tips.fbi.gov വഴിയോ ബന്ധപ്പെടാം, അല്ലെങ്കിൽ പ്രാദേശിക എഫ്ബിഐ ഓഫീസിനെയോ ഏറ്റവും അടുത്തുള്ള യുഎസ് എംബസിയെയോ കോൺസുലേറ്റിനെയോ സമീപിക്കാവുന്നതാണ്. വിവരങ്ങൾ രഹസ്യമായി നൽകാം.
1950-ലാണ് എഫ്ബിഐ ഏറ്റവും തിരയപ്പെടുന്ന 10 കുറ്റവാളികളുടെ പട്ടിക ആരംഭിച്ചത്. ലോസ് ഏഞ്ചലസ് പ്രദേശത്ത് കുറ്റകൃത്യങ്ങൾ ചെയ്യുകയോ ആരോപിക്കപ്പെടുകയോ ചെയ്ത 28 പേരെ ഇതുവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഫ്ബിഐയുടെ ലോസ് ഏഞ്ചഞ്ചലസ് ഫീൽഡ് ഓഫീസ്, ലോസ് ഏഞ്ചഞ്ചലസ് പോലീസ് ഡിപ്പാർട്ട്മെന്റ്, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് എന്നിവരോടൊപ്പം മറ്റ് ആഭ്യന്തര, അന്തർദേശീയ പങ്കാളികളുമായി ചേർന്നാണ് കേസ് അന്വേഷിക്കുന്നത്.
സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയയിലെ യുഎസ് അറ്റോർണി ഓഫീസിലെ പ്രോസിക്യൂട്ടർമാരാണ് കേസ് നടത്തുന്നത്. ഈ സാമ്പത്തിക പ്രതിഫലവും ഔദ്യോഗിക നടപടികളും ഗോൾഡി ബ്രാർ എന്ന അന്താരാഷ്ട്ര കുറ്റവാളിക്കെതിരെയുള്ള അന്വേഷണത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇതോടെ, ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ബ്രാറിന്റെ പേര് അന്താരാഷ്ട്ര തലത്തിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
Content Highlights: The FBI has added Goldy Brar, a notorious gang leader, to its Ten Most Wanted Fugitives list, offering a reward of 9.5 crore rupees for information leading to his capture due to his involvement with the Lawrence Bishnoi gang in organized crimes across North America.
Published: 29 Sept 2026, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented