ജപ്പാന്റെ നിയന്ത്രണങ്ങൾ ഇന്ത്യൻ മാമ്പഴ വിപണിക്ക് തിരിച്ചടിയാണോ?ഈ നിരോധനം മറികടക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോ?

ഒരൊറ്റ പരിശോധന, ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട മാമ്പഴ വിപണിയായ ജപ്പാനുമായുള്ള 20 വർഷത്തെ ബന്ധം അവസാനിച്ചിരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതി ചെയ്യരുതെന്ന് വ്യാപാരികൾക്ക് ജപ്പാൻ കർശന നിർദേശം നൽകി. കഴിഞ്ഞ ഇരുപത് വർഷമായി നിലനിന്നിരുന്ന വ്യാപാര ബന്ധമാണ് ഗുണനിലവാര പരിശോധനയിലെ പോരായ്മകൾ മൂലം താൽക്കാലികമായി നിലച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ഒരു ശുദ്ധീകരണ ശാലയിൽ ജാപ്പനീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചകൾ കണ്ടെത്തിയതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ കാരണം. അൽഫോൻസോ, കേസരി തുടങ്ങിയ പ്രമുഖ ഇനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മാമ്പഴ കയറ്റുമതിയെയും ഈ വിലക്ക് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉഷ്ണതരംഗവും വർധിച്ചുവരുന്ന ചരക്ക് കൂലിയും കാരണം പ്രതിസന്ധിയിലായ ഇന്ത്യൻ കർഷകർക്കും കയറ്റുമതിക്കാർക്കും ഈ തീരുമാനം വലിയ സാമ്പത്തിക പ്രഹരമാണ് നൽകുന്നത്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്ന് ജപ്പാൻ വ്യക്തമാക്കിയിട്ടുണ്ട്. 20 വർഷങ്ങൾക്ക് മുൻപ് സമാനമായി ഇന്ത്യൻ മാമ്പഴത്തിന് ജപ്പാൻ നിരോധനമേർപ്പെടുത്തിയിരുന്നു. സമാനമായ പിഴവാണ് വീണ്ടും ആവർത്തിച്ചിരിക്കുന്നത്. ജപ്പാന്റെ നിയന്ത്രണങ്ങൾ ഇന്ത്യൻ മാമ്പഴ വിപണിക്ക് തിരിച്ചടിയാണോ? ഈ നിരോധനം മറികടക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോ?
പണിമുടക്കിയ പരിശോധന
കീടനിയന്ത്രണ സംവിധാനങ്ങളിലെ പിഴവുകൾ കാരണമാണ് ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതി നിർത്തിവെച്ചത്. ഈ വർഷം മാർച്ചിൽ ഉത്തർപ്രദേശിലെ റഹ്മാൻപൂരിലുള്ള വേപ്പർ ഹീറ്റ് ട്രീറ്റ്മെന്റ് (VHT) സൗകര്യത്തിൽ ജപ്പാനിൽ നിന്നുള്ള ക്വാറന്റൈൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അണുനശീകരണ നടപടികളിൽ അപാകതകൾ കണ്ടെത്തിയിരുന്നു. കാർഷിക മേഖലയ്ക്ക് വലിയ ഭീഷണിയായ പഴ ഈച്ചകൾ (fruit fly) പടരുന്നത് തടയാൻ ജപ്പാന് കടുത്ത നിയമങ്ങളുണ്ട്. മാമ്പഴങ്ങൾ കയറ്റുമതി ചെയ്യുന്നതിന് മുൻപ് അവ കീടമുക്തമാണെന്ന് ഉറപ്പാക്കാൻ നടത്തുന്ന നോൺ-കെമിക്കൽ പ്രക്രിയയാണ് വേപ്പർ ഹീറ്റ് ട്രീറ്റ്മെന്റ് (VHT). ഈ സംവിധാനങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ല എന്ന ആശങ്കയാണ് നിരോധനത്തിലേക്ക് നയിച്ചത്.
അധിനിവേശ കീടങ്ങളുടെ കാര്യത്തിൽ ജപ്പാൻ പിന്തുടരുന്നത് വിട്ടുവീഴ്ചയില്ലാത്ത (Zero-tolerance) നയമാണ്. ശുചിത്വത്തിലും പ്രവർത്തന നിലവാരത്തിലും തൃപ്തരാകുന്നത് വരെ ഇറക്കുമതി പുനഃരാരംഭിക്കില്ലെന്ന് ജാപ്പനീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അൽഫോൻസോ (Alphonos), കേസരി (Kesar), ലംഗ്ര (Langra), ബംഗനപ്പള്ളി (Banganapalli) എന്നീ പ്രീമിയം ഇനം മാമ്പഴങ്ങളെയാണ് ഈ നിരോധനം പ്രധാനമായും ബാധിച്ചിരിക്കുന്നത്.2026 മാർച്ച് 25-നോ അതിനുശേഷമോ നൽകിയ സർട്ടിഫിക്കറ്റുകളുള്ള മാമ്പഴങ്ങൾ സ്വീകരിക്കില്ലെന്ന് ജപ്പാനിലെ യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷൻ അസോസിയേഷൻ അറിയിച്ചു.
20 വർഷത്തിന് ശേഷം വീണ്ടും നിരോധനം
ഏകദേശം 20 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു നിരോധനം വീണ്ടും വരുന്നത്. ഇതിനുമുമ്പ് 1986 മുതൽ 2006 വരെ പഴ ഈച്ചകളുടെ സാന്നിധ്യം ഭയന്ന് ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളിൽ പഴ ഈച്ചകളുടെ സാന്നിധ്യമുണ്ടാകുമെന്ന ആശങ്കയും അവ മൂലം തങ്ങളുടെ കാർഷിക മേഖലയ്ക്ക് ഭീഷണിയുണ്ടാകുമെന്ന ഭയവുമാണ് ജപ്പാനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. 20 വർഷങ്ങൾ നീണ്ട ചർച്ചകൾക്കും ശാസ്ത്രീയമായ പരിശോധനകൾക്കും ശേഷം 2006 ജൂണിൽ ഈ നിരോധനം ഔദ്യോഗികമായി പിൻവലിച്ചു. ഇന്ത്യ തങ്ങളുടെ കയറ്റുമതി പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ജപ്പാന്റെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് വേപ്പർ ഹീറ്റ് ട്രീറ്റ്മെന്റ് (VHT) പോലുള്ള നൂതന കീടനശീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് ജപ്പാൻ വിപണി വീണ്ടും തുറന്നു കിട്ടിയത്. ശക്തമായ നയതന്ത്ര ചർച്ചകളും ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നു. ഈ വ്യാപാര ബന്ധമാണ് ഇപ്പോൾ വീണ്ടും സമാനമായ കാരണങ്ങളാൽ തടസ്സപ്പെട്ടിരിക്കുന്നത്.
ജപ്പാന്റെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാൻ ഇന്ത്യ വലിയ മുന്നൊരുക്കങ്ങൾ നടത്തേണ്ടി വന്നു. അതുകൊണ്ടാണ് മുൻപ് നിരോധനം നീക്കാൻ 20 വർഷമെടുത്തത്. വർഷങ്ങളോളം നീണ്ടുനിന്ന ശാസ്ത്രീയ പഠനങ്ങളും പരിശോധനകളും കീടങ്ങളെക്കുറിച്ചുള്ള വിപുലമായ സർവേകളും ഇന്ത്യ നടത്തി. മാമ്പഴത്തിലെ പഴ ഈച്ചകളെയും മറ്റ് കീടങ്ങളെയും നശിപ്പിക്കുന്നതിനായി രാസവസ്തുക്കൾ ഉപയോഗിക്കാത്ത വേപ്പർ ഹീറ്റ് ട്രീറ്റ്മെന്റ് (VHT) എന്ന സാങ്കേതികവിദ്യ ഇന്ത്യയിൽ സജ്ജമാക്കേണ്ടി വന്നു. മാമ്പഴങ്ങളെ ഏകദേശം 47 ഡിഗ്രി സെൽഷ്യസ് ചൂടുള്ള വായുവിൽ വെച്ച് കീടമുക്തമാക്കുന്ന ഈ പ്രക്രിയ ജപ്പാൻ ഒരു നിർബന്ധിത വ്യവസ്ഥയായി ജപ്പാൻ മുന്നോട്ടുവെച്ചിരുന്നു. ജപ്പാന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി ഇന്ത്യയിലെ കയറ്റുമതി പശ്ചാത്തല സൗകര്യങ്ങൾ (export infrastructure) വലിയ തോതിൽ ആധുനികവത്കരിക്കേണ്ടി വന്നു. ഇതിന്റെ ഭാഗമായി 2007-ൽ തിരുപ്പതിയിൽ ആദ്യത്തെ സർക്കാർ വി.എച്ച്.ടി പ്ലാന്റ് സ്ഥാപിക്കപ്പെട്ടു. സാങ്കേതികമായ തടസ്സങ്ങൾ നീക്കുന്നതിനൊപ്പം ഈ വിഷയം പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ തീവ്രമായ നയതന്ത്ര ചർച്ചകളും നടന്നിരുന്നു. ഇതിന്റെ ഫലമായി ഇന്ത്യൻ മാമ്പഴങ്ങൾ ജപ്പാന്റെ കർശനമായ ഗുണനിലവാര പരിശോധന കടമ്പ കടക്കുകയും കയറ്റുമതി പുനഃരാരംഭിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായാണ് അന്ന് ഈ തീരുമാനത്തെ കണക്കാക്കിയിരുന്നത്. എന്നാൽ, സമാനമായ കാരണങ്ങളെ തുടർന്നാണ് വീണ്ടും നിരോധനം നിലവിൽ വന്നിരിക്കുന്നത്.
തിരിച്ചടിയേറ്റ് ഇന്ത്യൻ കർഷകർ
ജപ്പാൻ ഏർപ്പെടുത്തിയ ഈ നിരോധനം ഇന്ത്യൻ മാമ്പഴ കർഷകരെ, പ്രത്യേകിച്ച് പ്രീമിയം മാമ്പഴ ഇനങ്ങൾ കൃഷി ചെയ്യുന്നവരെ ഗുരുതരമായി ബാധിക്കാം. ഇന്ത്യൻ മാമ്പഴ കയറ്റുമതിയിൽ ജപ്പാന്റെ പങ്ക് താരതമ്യേന കുറവാണെങ്കിലും മികച്ച വിലയാണ് വിപണി. ഇന്ത്യൻ ഇനങ്ങൾക്കുള്ള രുചിയും വലിപ്പവും വലിയ ഡിമാൻഡ് സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരതമ്യേനെ നല്ല വിലയും ലഭിക്കും. അതുകൊണ്ടുതന്നെ പ്രീമിയം വിപണിയായാണ് ജപ്പാനെ കണക്കാക്കുന്നത്. അതിനാൽ ഈ നിരോധനം കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
കടുത്ത ചൂടും വിളനാശവും മൂലം ഇന്ത്യൻ കർഷകർ ഇതിനകം തന്നെ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ അൽഫോൻസോ മാമ്പഴം കൃഷി ചെയ്തവർ കടുത്ത ചൂട് കാരണം 85-90 ശതമാനം വരെ വിളനാശം നേരിടേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ. ഇത്തരം സാഹചര്യം നിലനിൽക്കെ ജപ്പാൻ പോലുള്ള പ്രീമിയം വിപണികളിലേക്കുള്ള കയറ്റുമതി തടയുന്നത് അവരുടെ വരുമാനത്തെ കൂടുതൽ തകർക്കും.
കയറ്റുമതി ചെയ്യാൻ ഉദ്ദേശിച്ച പ്രീമിയം ഗ്രേഡ് മാമ്പഴങ്ങൾ വിദേശത്തേക്ക് അയക്കാൻ കഴിയാതെ വരുമ്പോൾ അവ ആഭ്യന്തര വിപണിയിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഇത് ഇന്ത്യൻ വിപണിയിലെ മാമ്പഴത്തിന്റെ അളവ് വർധിപ്പിക്കുകയും കർഷകർക്ക് ലഭിക്കേണ്ട ന്യായമായ വില കുറയാൻ കാരണമാവുകയും ചെയ്‌തേക്കാം.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ചരക്ക് നീക്കത്തിനുള്ള വിമാനക്കൂലി (Airfreight) കിലോയ്ക്ക് 580-590 രൂപ വരെയായി വർധിച്ചിട്ടുണ്ട്. കയറ്റുമതി തടസ്സപ്പെടുന്നതോടെ കർഷകർക്കും കയറ്റുമതിക്കാർക്കും ഈ വലിയ ചെലവ് താങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. എല്ലാത്തിനും പുറമേ ജപ്പാൻ പോലുള്ള ഒരു രാജ്യം നിരോധനം ഏർപ്പെടുത്തുന്നത് ഇന്ത്യൻ കാർഷിക ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് മറ്റ് രാജ്യങ്ങൾക്കിടയിലും ആശങ്കയുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ മാമ്പഴ കർഷകരുടെ വിപണിയെ ദോഷകരമായി ബാധിച്ചേക്കാമെന്ന അപകട സാധ്യതയും മുന്നിലുണ്ട്. പ്രധാനമായും അൽഫോൻസോ, കേസരി, ലംഗ്ര, ബംഗനപ്പള്ളി എന്നീ ഇനങ്ങൾ കൃഷി ചെയ്യുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലെ കർഷകരെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുന്നത്. മാമ്പഴ സീസണിന്റെ പ്രധാന സമയമായ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് ഈ നിരോധനം വന്നിരിക്കുന്നത് എന്നത് തിരിച്ചടിയുടെ ആഘാതം വർദ്ധിപ്പിക്കുന്നു.
ഇന്ത്യയെന്ന മാമ്പഴരാഷ്ട്രം
ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദകരാണ് ഇന്ത്യ. പ്രതിവർഷം ഏകദേശം 24 ദശലക്ഷം മുതൽ 28 ദശലക്ഷം മെട്രിക് ടൺ വരെ മാമ്പഴം ഇന്ത്യ ഉത്പാദിപ്പിക്കുന്നു. ഇത് ലോകത്തിലെ ആകെ മാമ്പഴ ഉൽപ്പാദനത്തിന്റെ ഏകദേശം 45% മുതൽ 50% വരെ വരും.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (FY 2024-25) ഇന്ത്യ ആഗോളതലത്തിൽ ഏകദേശം 29,938 മെട്രിക് ടൺ** മാമ്പഴങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്. ഈ കയറ്റുമതിയിലൂടെ ഏകദേശം 56.5 ദശലക്ഷം ഡോളറാണ് (ഏകദേശം 470 കോടി രൂപ) ഇന്ത്യ നേടിയ ആകെ വരുമാനം. നിലവിൽ 150-ലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് മാമ്പഴം കയറ്റുമതി ചെയ്യുന്നത്. അളവിന്റെ കാര്യത്തിൽ യുഎഇ ആണ് ഏറ്റവും പ്രധാനപ്പെട്ട വിപണി. മൂല്യത്തിൽ അമേരിക്ക (US), യുഎഇ, യു.കെ (UK), നെതർലൻഡ്‌സ്, സൗദി അറേബ്യ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്നത്. കുവൈറ്റ്, ഖത്തർ, നേപ്പാൾ എന്നീ രാജ്യങ്ങളും പ്രധാന വിപണികളാണ്.
ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാമ്പഴത്തിന്റെ ഭൂരിഭാഗവും രാജ്യത്തിനകത്ത് തന്നെയാണ് ഉപയോഗിക്കുന്നത്. ആകെ ഉൽപ്പാദനത്തിന്റെ വളരെ ചെറിയ ശതമാനം (ഏകദേശം 1% അല്ലെങ്കിൽ അതിൽ താഴെ) മാത്രമേ നിലവിൽ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുള്ളൂ.ജപ്പാന്റെ വിപണി താരതമ്യേന ചെറുതാണെങ്കിലും അത് വളരെ ഉയർന്ന ലാഭം നൽകുന്ന ഒന്നാണ്. 2025-26 കാലയളവിൽ ജപ്പാനിലേക്കുള്ള മാമ്പഴ കയറ്റുമതിയുടെ മൂല്യം ഏകദേശം 1.54 മില്യൺ ഡോളറായിരുന്നു. ഇതിൽ ഗുജറാത്തിൽ നിന്നുള്ള 'കേസരി' മാമ്പഴങ്ങളാണ് ഭൂരിഭാഗവും (ഏകദേശം 0.2 മില്യൺ ഡോളർ).
മലേഷ്യയും ഇന്ത്യൻ മാമ്പഴത്തിന്റെ പുതിയൊരു വിപണിയായി വളർന്നുവരുന്നുണ്ട്. നിലവിൽ ലോകമെമ്പാടുമുള്ള ഏകദേശം 150-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ മാമ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. ബോംബെ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് ഇംപോർട്ട് എക്സ്പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (മുംബൈ, മഹാരാഷ്ട്ര), ഓൾ സീസൺ എക്സ്പോർട്ട്സ് (നവി മുംബൈ, മഹാരാഷ്ട്ര), റെയിൻബോ ഇന്റർനാഷണൽ (പുണെ, മഹാരാഷ്ട്ര), ഓർഗാനിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ലഖ്നൗ, ഉത്തർപ്രദേശ്), കെ ബീ എക്സ്പോർട്ട്സ് (Kay Bee Exports)(താനെ വെസ്റ്റ്, മഹാരാഷ്ട്ര), ഏഷ്യൻ ഫ്രഷ്(നവി മുംബൈ, മഹാരാഷ്ട്ര), ട്രൂഫ്രഷ് ഇന്റർനാഷണൽ ട്രേഡിംഗ് LLP (തൃശ്ശൂർ, കേരളം), ഇന്നോവ അഗ്രി ബയോ പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് (കോലാർ, കർണാടക) തുടങ്ങിയവയാണ് ഇന്ത്യയിൽ നിന്ന് മാമ്പഴം കയറ്റുമതി ചെയ്യുന്ന പ്രധാന കമ്പനികൾ.
ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം എന്ന് നീക്കും എന്ന കാര്യത്തിൽ ചർച്ചകളില്ല. എന്നാൽ
ഇന്ത്യൻ സംസ്‌കരണ കേന്ദ്രങ്ങളിലെ (VHT facilities) പ്രവർത്തന നിലവാരം മെച്ചപ്പെട്ടുവെന്ന് ജാപ്പനീസ് അധികൃതർക്ക് പൂർണ്ണ ബോധ്യം വരുന്നതുവരെ നിരോധനം തുടരുമെന്നാണ് അറിയിപ്പ്. തകരാറുകൾ പരിഹരിച്ച് ജപ്പാൻ സംതൃപ്തരായാൽ മാത്രമേ ഇറക്കുമതി പുനരാരംഭിക്കുകയുള്ളൂ. മാമ്പഴ കയറ്റുമതിയുടെ പ്രധാന സമയമായ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ ഈ പ്രതിസന്ധിയെ തീർച്ചയായും നേരിടേണ്ടി വരും. മാമ്പഴ സീസൺ അവസാനിക്കാറായതിനാൽ ഈ വർഷം ഇനി നിരോധനം നീങ്ങാൻ സാധ്യത കുറവാണെന്ന് കയറ്റുമതിക്കാരും ആശങ്കപ്പെടുന്നു. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ അധികൃതർ ജപ്പാനുമായി ചർച്ചകൾ നടത്തിവരികയാണെന്ന് മാംഗോ ഗ്രോവേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പരിഹാരമുണ്ടാകുമെന്ന് അവർക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും അത് എന്നത്തേക്ക് ഉണ്ടാകുമെന്ന് വ്യക്തമല്ല. നേരത്തെ 1986ൽ ഏർപ്പെടുത്തിയ സമാനമായ നിരോധനം നീക്കം ചെയ്യാൻ ഏകദേശം 20 വർഷം വരെ എടുത്തിരുന്നു എന്നത് ഈ സാഹചര്യത്തിലും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
Content Highlights: Japan imposed a strict ban on Indian mango imports in 2026 due to failure in Vapor Heat Treatment (VHT) standards., The ban affects premium varieties like Alphonso, Kesar, Langra, and Banganapalli., This crisis follows a similar 20-year ban (1986-2006) caused by fruit fly concerns., Indian farmers face significant economic losses as the ban coincides with the peak export season., Compliance with rigorous non-chemical pest control standards is mandatory for trade resumption.
Published: 30 May 2026, 03:11 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented