കോഴിക്കോട്: ഓണത്തിന് പ്രവാസിമലയാളികൾക്ക് സദ്യയുണ്ണാനുള്ളതെല്ലാം കേരളത്തിൽനിന്നു തന്നെയാണ് അയക്കുന്നതെങ്കിലും ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ഇക്കുറി അത് ‘സ്വന്തം’ വിമാനത്തിലാണ് വിദേശത്തേക്ക് പറന്നത്. കെ.എൻ.പി എക്സ്‌പോർട്ടേഴ്‌സ് ആണ് സദ്യക്കുള്ള ഇലയും പഴങ്ങളും പച്ചക്കറികളുമടക്കം 95,000 കിലോഗ്രാം ചരക്ക് അയക്കാൻ സ്വന്തമായി ഒരു ചരക്കുവിമാനം ചാർട്ടർ ചെയ്തത്.

To advertise here,

വെള്ളിയാഴ്ച വൈകീട്ട് ഒാണവിഭവങ്ങൾ കൊച്ചിയിൽനിന്ന് ഇത്തിഹാദിന്റെ നാഷണൽ എയർ കാർഗോ വിമാനമേറി അബുദാബിയിലേക്ക് പറന്നു. ‘‘യാത്രാവിമാനങ്ങളിൽ അനുവദനീയമായ സ്ഥലത്താണ് സാധാരണ ചരക്കുകയറ്റി അയക്കാറുള്ളത്. എന്നാൽ, യുദ്ധം തുടങ്ങിയതോടെ യാത്രാവിമാനങ്ങളുടെ എണ്ണം കുറഞ്ഞു. ഒരു വിമാനത്തിൽ ഏറിവന്നാൽ 1500 കിലോഗ്രാം ചരക്കുമാത്രമേ അയക്കാനാവൂ. അങ്ങനെയെങ്കിൽ ഏറെ ദിവസമെടുത്ത് കുറഞ്ഞത് 70 വിമാനങ്ങളിലെങ്കിലുമായേ ഇത്രയും ചരക്ക് അയക്കാനാവൂ. മാത്രമല്ല, യുദ്ധം തുടങ്ങിയതുമുതൽ വർധിച്ച യാത്രവിമാനക്കൂലി, ഓണമെത്തിയതോടെ വീണ്ടും കൂടി. പിന്നെ ഒന്നും ആലോചിച്ചില്ല, ഒരു ചരക്കുവിമാനംതന്നെ ചാർട്ടർ ചെയ്യാൻ തീരുമാനിച്ചു” -കെ.എൻ.പി. എക്സ്‌പോർട്ടേഴ്‌സ് ഉടമ സൂഫിയാൻ കാരി പറഞ്ഞു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതിയില്ലാത്തതിനാലാണ് നെടുമ്പാശ്ശേരിയിൽനിന്ന് അയച്ചത്. വിമാനം കയറിയതിൽ മേട്ടുപ്പാളയം, പാലക്കാട് എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച രണ്ടരലക്ഷം വാഴയിലകളാണുള്ളത്. ഇത് യാത്രാവിമാനത്തിലയക്കാൻ ഏറെ സ്ഥലമെടുക്കും. കേരളത്തിലെ പാലക്കാട്, വയനാട്, വാഴക്കുളം തമിഴ്‌നാട്ടിലെ തേനി, നാഗർകോവിൽ, ഒട്ടൻചത്രം, കർണാടകയിലെ ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽനിന്ന് ഒറ്റദിവസംകൊണ്ട് നേരിട്ടുശേഖരിച്ച സാധനങ്ങൾ 14 ട്രക്കുകളിലായാണ് കൊച്ചിയിലെത്തിച്ചത്.

“സാധാരണ യാത്രാവിമാനങ്ങളെക്കാൾ ചാർജ് കൂടുതൽ ചരക്കുവിമാനങ്ങളിലാണ്. കിലോഗ്രാമിന് 350 രൂപ. എന്നാൽ, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അബുദാബി ഭരണകൂടം ചരക്കുവിമാനക്കൂലിയിൽ 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. യാത്രാവിമാനങ്ങളിലെ ചരക്കുകൂലിയാണെങ്കിൽ കിലോഗ്രാമിന് 50 രൂപയുണ്ടായിരുന്നത് 150 മുതൽ 200 രൂപ വരെയായി വർധിച്ചിരുന്നു. ഇതും ചരക്കുവിമാനം ചാർട്ടർ ചെയ്യാൻ പ്രേരണയായി” -സൂഫിയാൻ പറഞ്ഞു.