2001 സെപ്റ്റംബർ 11 ചൊവ്വാഴ്ച. പതിവുപോലെ ഒരു സാധാരണ ദിവസമായിരുന്നു അത്. കോഴിക്കോട്ടുള്ള മാതൃഭൂമി സെൻട്രൽ ഡെസ്ക് വൈകിട്ട് 4.30-നാണ് പ്രവർത്തനം തുടങ്ങുക. ഡെപ്യൂട്ടി എഡിറ്റർ രാധാകൃഷ്ണൻ നമ്പി, ന്യൂസ് എഡിറ്റർ എൻ.പി.രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അക്കാലത്ത് സെൻട്രൽ ഡെസ്കിന്റെ പ്രവർത്തനം.

To advertise here,

ഡെസ്കിൽ ആളെത്തുമ്പോഴേയ്ക്കും പി.ടി.ഐ, യു.എൻ.ഐ വാർത്താ ഏജൻസികൾ പകൽ സമയത്ത് ടെലിപ്രിന്റർ വഴി തന്ന ഇംഗ്ലീഷ് റിപ്പോർട്ടുകൾ (ഇതിന് ‘കമ്പി’ എന്നായിരുന്നു വിളിപ്പേര്!) കീറിയെടുത്ത് ദേശീയം, അന്താരാഷ്ട്രീയം, സ്പോർട്സ്, ബിസിനസ് എന്നിങ്ങനെ വേർതിരിച്ച് ഡെപ്യൂട്ടി എഡിറ്റർ സൂക്ഷിച്ചുണ്ടാകും.

അന്നും പതിവുപോലെ ഞങ്ങളെല്ലാം ഡെസ്കിലെത്തി പണി തുടങ്ങി. അന്താരാഷ്ട്ര കമ്പികളുടെ ഒരടുക്ക് എന്റെ മുന്നിലെത്തി. അതും പതിവാണ്. കാരണം വിദേശവാർത്തകളുടെ ചുമതല സെൻട്രൽ ഡെസ്കിൽ താരതമ്യേന ജൂനിയറായ എനിക്കാണന്ന്. എത്ര വിദേശവാർത്ത തയ്യാറാക്കിയാലും ചുരുക്കം ചിലതേ പത്രത്തിൽ ഇടംപിടിക്കൂ. പത്രസ്ഥലം വിദേശവാർത്തകൾക്ക് കാര്യമായി കിട്ടിയിരുന്നില്ല. അതിനാൽ, ‘കർമം ചെയ്യുക, സ്ഥലം ഇച്ഛിക്കരുത്’ എന്നൊരു ചൊല്ലുതന്നെ വിദേശവാർത്തകളെക്കുറിച്ച് ഞങ്ങളുണ്ടാക്കിയിരുന്നു!

സാധാരണമെന്ന് തോന്നിച്ച ആ ദിവസം ഡെസ്കിലെ പണി തുടങ്ങി വെറും രണ്ടു മണിക്കൂർ കഴിയുമ്പോൾ ഞങ്ങൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം കവർ ചെയ്യേണ്ടി വരുമെന്നോ, ലോകരാഷ്ടീയം തന്നെ ആ ദിവസത്തോടെ മാറിമറിയാൻ പോകുകയാണെന്നോ, തുടർന്നുള്ള ആഴ്ചകളിൽ പത്രം മുഴുവനും വിദേശവാർത്ത മാത്രമാകുമെന്നോ ആരും കരുതിയില്ല. പക്ഷേ, സംഭവിച്ചത് അങ്ങനെയാണ്!

ന്യൂയോർക്കിൽ പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 8.46-നാണ് വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കൻ ടവറിൽ ആദ്യവിമാനമിടിക്കുന്നത്. 9.03-ന് തെക്കേ ടവറും ആക്രമിക്കപ്പെട്ടു. ന്യൂയോർക്കിൽ രാവിലെ 9 മണിയോടെ ജീവനക്കാരെല്ലാം ഓഫീസിലെത്തും. ആ സമയം നോക്കിയാണ്, റാഞ്ചിയെടുത്ത വിമാനങ്ങളുപയോഗിച്ച് വേൾഡ് ട്രേഡ് സെന്ററിന്റെ ഇരു ടവറുകളും ഭീകരർ ഇടിച്ചുതകർത്തത്. വേൾഡ് ട്രേഡ് സെന്റിന്റെ ആദ്യടവറിൽ ആക്രമണം നടക്കുമ്പോൾ ഇന്ത്യയിൽ സമയം ചൊവ്വാഴ്ച വൈകിട്ട് 6.16, രണ്ടാമത്തെ ടവർ ആക്രമിക്കപ്പെടുമ്പോൾ ഇവിടെ സമയം വൈകിട്ട് 6.33. വെറും 17 മിനിറ്റിനിടെയാണ് ലോകം കീഴ്മേൽ മറിഞ്ഞത്!

ബ്രോഡ്ബാൻഡ് ഇന്റർനെറ്റോ, സോഷ്യൽ മീഡിയയോ ഇല്ലാത്ത കാലമാണത്. എന്തിന്, വിക്കിപീഡിയ പോലും 2001 ജനുവരിയിൽ ആരംഭിച്ചിട്ടേയുള്ളൂ. ഗൂഗിളാണെങ്കിൽ അന്ന് വെറും 300 ൽ താഴെ മാത്രം ജീവനക്കാരുള്ള ചെറിയൊരു സ്ഥാപനവും! അക്കാലത്ത് ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ ഇത്തരം പ്രധാന ന്യൂസ്ബ്രേക്കുണ്ടായാൽ വാർത്താഏജൻസികളാണ് ആദ്യം വിവരം തരിക. സാധാരണഗതിയിൽ ഒറ്റ വരിയായിട്ടാകും തുടക്കം, പിന്നാലെ കൂടുതൽ വിശദാംശങ്ങൾ വരും. എന്നാൽ, യു.എസിൽ നടന്ന 9/11 ആക്രമണ വിവരം ഒരു സ്ഫോടനം പോലെയാണ് ഞങ്ങളുടെ ന്യൂസ്റൂമിൽ എത്തിയത്.

അക്കാലത്ത് മലയാളത്തിൽ മുഴുവൻ സമയ ന്യൂസ്ചാനലുകളൊന്നും ഇല്ല. ദൂരദർശന്റെ ഒരു ന്യൂസ് ബുള്ളറ്റിനുണ്ട് വൈകുന്നേരം. ഏഷ്യാനെറ്റിന്റെ ഒരോ ബുള്ളറ്റിനുകൾ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും. അതുകൊണ്ട് തന്നെ, ഇന്നത്തെ ന്യൂസ്റൂമുകളിലേത് മാതിരി സദാസമയം ടെലിവിഷൻ ഓൺ ചെയ്തുവെയ്ക്കുന്ന പരിപാടി അന്നില്ല. ന്യൂസ് ബുള്ളറ്റിന്റെ സമയത്ത് മാത്രമേ ടി.വി. ഓൺചെയ്യൂ.

മാതൃഭൂമി സെൻട്രൽ ഡെസ്കിലുള്ള ടെലിവിഷൻ, ന്യൂസ് എഡിറ്ററുടെ ക്യാബിന് മുന്നിലാണുള്ളത്. അതുവഴിയാണ് വാഷ്റൂമിലേയ്ക്ക് പോകേണ്ടത്. അന്ന് കോഴിക്കോട് ന്യൂസ് ബ്യൂറോയിലുള്ള സ്പെഷ്യൽ കറസ്പോണ്ടന്റ് എം. ഹരികുമാർ വാഷ്റൂമിൽ പോയി തിരികെ വരുംവഴി, ‘ടിവിയിലെന്താണുള്ളത്, നോക്കട്ടെ’ എന്ന് ഞങ്ങൾക്കെല്ലാം കേൾക്കാൻ പാകത്തിൽ ഉറക്കെ ആത്മഗതം ചെയ്തിട്ട്, യാതൊരു പ്രകോപനവുമില്ലാതെ ടിവി ഓണാക്കാനുള്ള കട്ടയിൽ ഞെക്കി.

ദൂരദർശന് പകരം, യാദൃച്ഛികമായി ടി.വിയിൽ അന്ന് ബി.ബി.സി. ന്യൂസ് ചാനലാണ് ഓണായത്. 6.25 ആയിരുന്നു സമയം. വേൾഡ് ട്രേഡ് സെന്റർ ആക്രണം ലൈവ് ആയി ബി.ബി.സി. സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ‘ഇതെന്താണ് സംഭവം, വേൾഡ് ട്രേഡ് സെന്ററിന്റെ ഒരു ടവർ കത്തുകയാണല്ലോ’, എന്ന് ഹരികുമാറിന്റെ അമ്പരപ്പ് നിറഞ്ഞ ശബ്ദം കേട്ട് ഡെസ്കിലുണ്ടായിരുന്ന ഞങ്ങളെല്ലാം ആകാംക്ഷയോടെ ടി.വി.ക്ക് മുന്നിലെത്തി.

സംഭവം പൂർണമായി ആർക്കുമപ്പോൾ മനസിലായില്ല. അധികം വൈകാതെ, ഒരു വിമാനം ട്രേഡ് സെന്ററിന്റെ രണ്ടാമത്തെ ടവറിന് നേരെ വരുമ്പോൾ, ബി.ബി.സി. ലേഖകരുടെ പതിവ് മിതത്വം വിട്ട് റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നയാൾ അക്ഷരാർത്ഥിൽ നിലവിളിയുടെ വക്കിലെത്തി. ആ വികാരം ടി.വി. കണ്ടുകൊണ്ടിരുന്ന ഞങ്ങളിലേയ്ക്കും പകർന്നു. രണ്ടാമത്തെ വിമാനം ട്രേഡ് ട്രേഡ് സെന്ററിന്റെ തെക്കെ ടവറിൽ ഇടിച്ചുകയറുന്നത് നിസ്സഹായരായി ഞങ്ങൾ കണ്ടു!

ഭൂമിയുടെ മറുവശത്ത് ന്യൂയോർക്കിൽ നിന്ന് 13,500 കിലോമീറ്റർ അകലെയാണ് ഞങ്ങളെങ്കിലും, കൺമുന്നിൽ കാണുന്നതു പോലെയായിരുന്നു അത്. അൽപ്പസമയം കഴിഞ്ഞ് വേൾഡ് ട്രേഡ് സെന്റർ മുഴുവനും കത്തിയമർന്ന് നിലംപതിച്ചു. ആ ഭീമൻ ടവറുകളുടെ സ്ഥാനത്ത് ആകാശത്തിൽ ഒരു ശൂന്യത അവശേഷിച്ചു! എത്ര ആയിരങ്ങൾ അവിടെ മരിച്ചിട്ടുണ്ടാകും.

പെട്ടന്ന് അന്ന് അതുവരെയുള്ള ഒന്നും വാർത്തയല്ലാതെയായി. സെൻട്രൽ ഡെസ്ക് ഒറ്റയടിക്ക് വിദേശഡെസ്കായി മറി. പത്രാധിപർ കെ. ഗോപാലകൃഷ്ണൻ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അന്ന് കൊല്ലത്താണ്. ന്യൂസ് എഡിറ്റർ പത്രാധിപരെ ബന്ധപ്പെട്ടു. പത്രം ആദ്യഎഡിഷന് അധികം സമയമില്ല. അസോസിയേറ്റഡ് പ്രസ്സ് (എ.പി), ഏജൻസ്-ഫ്രാൻസെ പ്രസ്സ് (എ.എഫ്.പി) എന്നീ വാർത്താഏജൻസികളുടെ സബ്സ്ക്രിപ്ഷൻ അന്നുണ്ടായിരുന്നത് രക്ഷയായി. ചിത്രങ്ങൾക്കും വാർത്തകൾക്കും ആ വാർത്താഏജൻസികളാണ് അന്ന് മുഖ്യമായും തുണയായത്.

പത്രം ഒന്നാംപേജിൽ വേൾഡ് ട്രേഡ് സെന്റർ കത്തുന്നതിന്റെ ചിത്രം മാത്രം മതി, വാർത്തകളൊക്കെ ഉൾപ്പേജുകളിൽ കൊടുക്കാം എന്നൊരു ധീരമായ തീരുമാനം പത്രാധിപർ എടുത്തു. ‘ഭീകരരുടെ ആക്രമണത്തിൽ അമേരിക്ക കത്തുന്നു’ എന്ന തലവാചകത്തിന് താഴെ ആ ചിത്രവുമായാണ് പിറ്റെന്ന് ‘മാതൃഭൂമി’ പുറത്തിറങ്ങിയത്. ദൃശ്യമാധ്യമങ്ങളെ പിന്നിലാക്കാൻ ഒരു പത്രത്തിനെങ്ങനെ സാധിക്കും എന്നതിന് ഉദാഹരണമായി അന്നത്തെ മാതൃഭൂമി പത്രം!