തിരുവനന്തപുരം: കായ വറുത്തതും ബോളിയും രണ്ടുകൂട്ടം പായസവുമുൾപ്പെടെ 23 ഇനം വിഭവങ്ങൾ. മലയാളികളുടെ ഓണസദ്യ ഇനി യു.എസ്. മലയാളികളുടെ നാവിൽ രുചി പകരും. കഴക്കൂട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഓണസദ്യയെ വിഴിഞ്ഞംവഴി കടൽ കടത്തുന്നത്. സ്പെയിൻ, കാനഡ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് സദ്യ കയറ്റുമതി ചെയ്യുന്നുണ്ട്.

To advertise here,

തൊട്ടുകൂട്ടാനും ഒഴിക്കാനുമുള്ള കറികളും പപ്പടവും പേപ്പർ ഇലയും ഉൾപ്പെടെ മൈക്രോവേവബിൾ പാക്കറ്റായാണ് സദ്യ തയ്യാറാക്കിയിട്ടുള്ളത്. ഈ പാക്കറ്റിൽ ചോറ് ഉണ്ടാവില്ല. 20 ഡോളറാണ് ഒരു സദ്യയുടെ വില. ഇഡ്ഡലി, മസാലദോശ, പൊറോട്ട തുടങ്ങിയ കേരള വിഭവങ്ങളാണ് വിഴിഞ്ഞം തുറമുഖത്തുനിന്നു കമ്പനി കയറ്റിയയയ്ക്കുന്നത്.

ഫ്രോസൺ സദ്യവട്ടം

'നിങ്ങളുടെ ചോറും ഞങ്ങളുടെ കറികളും' എന്ന ടാഗ്ലൈനോടെ നിലമേൽസ് ആൻഡ് കൈമൾസ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കേരളത്തിലെ ഈ രൂചിക്കൂട്ടുകൾ വിദേശത്തേയ്‌ക്കെത്തിക്കുന്നത്. ഓരോ ദിവസവും ഒന്നോ രണ്ടോ കറികൾ തയ്യാറാക്കും. ചൂടായ കറികൾ നിരത്തിവെച്ച് അന്തരീക്ഷതാപനിലയിലെത്തിക്കും. ശേഷം 85 ഗ്രാം വരുന്ന പാക്കറ്റുകളിൽ നിറച്ച് ചെറിയ ട്രേയിലാക്കി നിരക്കുന്ന ട്രോളികളിൽ നിറയ്ക്കും. അത്തരത്തിൽ ട്രോളികൾ 100 ട്രേകൾ ഉണ്ടാകും. 500 മുതൽ 700 എണ്ണം പാക്കറ്റുകൾ ഇതിൽ നിറച്ച് ബ്ലാസ്റ്റ് ഫ്രീസറിൽ കയറ്റി -40 ഡിഗ്രിയിൽ ശീതീകരിച്ച് -18 ഡിഗ്രി ശീതീകരണശേഷിയുള്ള റെഫ്രിജറേറ്റർ സംവിധാനമുള്ള 20 അടിയുള്ള കണ്ടെയ്നറിലാണ് വിദേശത്തേക്ക് എത്തിക്കുന്നത്. കൃത്യസ്ഥാനത്ത് എത്തുമ്പോൾ അവിടെനിന്നു അതതു സ്ഥലങ്ങളിലേക്ക് ആവശ്യക്കാർക്ക് ഡെലിവറി ചെയ്യും.

ഒരു സദ്യ പാക്കറ്റ് മൂന്നുപേർക്ക് കഴിക്കാൻ പാകത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. സദ്യ ബുക്ക് ചെയ്യുമ്പോൾ തന്നെ അത് ഉപയോഗിക്കേണ്ടവിധവും കറികളും ഉൾപ്പെടെ വിശദമായ വിവരം ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഓരോരുത്തരുടെയും ഇഷ്ടപ്പെട്ട അരിയും വേവും വ്യത്യസ്തമായതിനാലാണ് പാക്കറ്റിൽനിന്നു ചോറ് ഒഴിവാക്കിയിരിക്കുന്നത്. ഫ്രോസൺ സദ്യ ഒരു വർഷംവരെ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാനാകുമെന്ന് നിലമേൽസ് ആൻഡ് കൈമൾസ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർ സുരേഷ് മാത്യു പറഞ്ഞു. സദ്യ കടൽ കടന്ന് അമേരിക്കയിലെത്താൻ 40 മുതൽ 80 ദിവസംവരെ സമയമെടുക്കും.

ഫ്രിഡ്ജിൽ സൂക്ഷിച്ച് ഇവ ആവശ്യാനുസരണം ഉപയോഗിക്കാം. വിദേശമലയാളി അസോസിയേഷനും സൂപ്പർമാർക്കറ്റുകളുമാണ് സദ്യയുടെ ഉപഭോക്താക്കൾ. കൊച്ചിയിൽനിന്നാണ് കഴിഞ്ഞ അഞ്ചുവർഷമായി ഈ സദ്യവട്ടം കടൽ കടക്കുന്നത്. ഇനിമുതൽ വിഴിഞ്ഞംവഴി തലസ്ഥാനത്തുനിന്നു നേരിട്ട് വിദേശത്തെത്തും. 40 വർഷത്തോളമായി വിദേശത്തേക്ക് നാടൻവിഭവങ്ങൾ കയറ്റുമതി ചെയ്യുന്ന കന്പനിയാണിത്.