ഹമാസ് പോരാളികള്‍ ഇസ്രയേലില്‍ കടന്നു കയറി 1,200 സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്യുകയും 250-ല്‍ അധികം പേരെ ബന്ധിയാക്കി ഗാസയിലേക്കു കടത്തുകയും ചെയ്തത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒമ്പതിനാണ്. ആ സംഭവം ഒന്നാം വാര്‍ഷികത്തിലേക്കെത്തുമ്പോള്‍ പശ്ചിമേഷ്യയാകെ യുദ്ധ ഭീതിയിലാണ്. ഇതുവരെ പതിനാലായിരത്തിലേറെ ഹമാസ് പോരാളികളടക്കം 41,300 പേര്‍ കൊല്ലപ്പെട്ടത് എന്നാണ് പ്രാദേശിക കണക്കുകള്‍. ഗാസയെ നിഷ്ഠൂരമായി അടിച്ചൊതുക്കിയ ഇസ്രയേല്‍ യുദ്ധമുഖം ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയിലേക്കു മാറ്റുകയും ഇറാന്‍ അനുകൂല സൈനിക സംഘടനയായ ഹിസ്ബുള്ളയ്ക്കു നേരെ വ്യോമാക്രമണമാരംഭിക്കുകയും ചെയ്തു. പകരമായി വടക്കന്‍ ഇസ്രയേലില്‍ റോക്കറ്റുകളും മിസൈലുകളും വര്‍ഷിക്കുകയാണ് ഹിസ്ബുള്ള. സമാധാനത്തിനുള്ള മുറവിളികളൊക്കെ വീഴുന്നത് ബധിരകര്‍ണങ്ങളിലാണ്. യുദ്ധം ഇനിയും മൂര്‍ച്ഛിക്കാനാണ് സാധ്യത നിലനില്‍ക്കുന്നത്. ഒപ്പം അതിര്‍ത്തി പ്രദേശങ്ങളില്‍ ജീവിക്കുന്ന നിരപരാധികളായ പതിനായിരക്കണക്കിന് ലെബനന്‍കാരുടെയും ഇസ്രയേല്‍കാരുടെയും ദുരിതം ഇരട്ടിക്കുന്നതിലേക്ക് അത് എത്തുകയും ചെയ്യും.
ഇസ്രയേലുമായി തുറന്ന യുദ്ധത്തിലാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം കാസിം പ്രഖ്യാപിച്ചത് ഞായറാഴ്ചയാണ്. അവരുടെ പ്രമുഖ കമാന്‍ഡര്‍ ആയിരുന്ന ഇബ്രാഹിം അഖീലിന്റെ സംസ്‌കാരച്ചടങ്ങിനു ശേഷം സംസാരിച്ച അദ്ദേഹം 'ഞങ്ങള്‍ മനുഷ്യരാണ്, ഞങ്ങള്‍ക്ക് വേദനയുണ്ട്. പക്ഷേ നിങ്ങളും വേദനിക്കും' എന്ന് ഇസ്രയേലിന് മുന്നറിയിപ്പു നല്‍കി. സമീപകാലത്ത് ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി നേതാക്കളെ കമാന്‍ഡര്‍മാരെ നഷ്ടമായെങ്കിലും ഹിസ്ബുള്ള കൂടുതല്‍ ശക്തരായി തിരിച്ചു വന്നിരിക്കുകയാണെന്നും യുദ്ധമുന്നണിയില്‍ നിങ്ങള്‍ക്കതു ബോധ്യപ്പെടുമെന്നും നയീം പറഞ്ഞു വെച്ചു. ഞായറാഴ്ച ഇസ്രയേലിന്റെ ഉള്‍ഭാഗങ്ങളിലേക്ക് തൊടുത്തുവിട്ട നൂറു റോക്കറ്റുകള്‍ ഇതിന്റെ തുടക്കം മാത്രമാണ്, ബാക്കി നിങ്ങള്‍ കണ്ടോളൂ എന്നും അദ്ദേഹം ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഹിസ്ബുള്ള തൊടുത്തുവിട്ട ബഹുഭൂരിപക്ഷം റോക്കറ്റുകളും ഡ്രോണുകളും മിസൈലുകളും നിര്‍വീര്യമാക്കാന്‍ അയേണ്‍ ഡോമിനു കഴിഞ്ഞെന്നും അതിനെ മറികടന്ന ഒന്നു രണ്ടെണ്ണം പതിച്ചു വിരലിലെണ്ണാവുന്നവര്‍ക്ക് പരിക്കു പറ്റിയെന്നും ഇസ്രയേല്‍ പറയുന്നു.
ഹിസ്ബുള്ള ഒരിക്കലും സങ്കല്‍പ്പിക്കാത്ത തരത്തിലുള്ള കനത്ത ആഘാതങ്ങളുടെ ഒരു പരമ്പരയാണ് തങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 'ഞാന്‍ ഉറപ്പുതരുന്നു, സന്ദേശം ഇനിയും അവര്‍ക്ക് വ്യക്തമായിട്ടില്ലെങ്കില്‍ വൈകാതെ വളരെ വ്യക്തമാവും. പൗരന്മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ഒരു രാജ്യത്തിനും സഹിക്കാന്‍ ആവുകയില്ല. ഇസ്രയേല്‍ എന്ന രാജ്യം അത് സഹിക്കുന്ന പ്രശ്‌നമില്ല,' അദ്ദേഹം പറഞ്ഞു. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ഏതാണ്ട് 63,000 പേര്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇവര്‍ക്ക് പേടികൂടാതെ തിരിച്ചെത്താനും ജീവിതം പുനരാരംഭിക്കാനും കഴിയുംവരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ സംശയത്തിനിട നല്‍കാതെ പറയുന്നത്. അതേസമയം, ലെബനോന്റെ തെക്കും കിഴക്കും അതിര്‍ത്തികളില്‍ നിന്നും 95,000 പേര്‍ക്ക് ഒഴിഞ്ഞു പോവേണ്ടി വന്നു.
ഗാസയില്‍ ഹമാസിന്റെ പ്രതിരോധം ഏറെക്കുറെ അവസാനിച്ചു എന്ന് വേണം പറയാന്‍. അതിനിടയിലാണ് പൊട്ടിത്തെറിച്ച പേജറുകള്‍ ലോകത്തെ ഞെട്ടിച്ചത്. ഹിസ്ബുള്ളയുടെ പ്രധാന നേതാക്കള്‍ ആശയവിനിമയത്തിന് പേജറുകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇന്റര്‍നെറ്റുമായി ബന്ധമില്ലാത്ത ഈ ഏകാദിശാ ആശയവിനിമയ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു വിശ്വാസം. ഈ സ്‌ഫോടനപരമ്പരയില്‍ ചില പ്രധാന നേതാക്കള്‍ മരിച്ചു, ഇറാന്റെ സ്ഥാനപതിയടക്കം നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് പരിക്കേറ്റു. അതുണ്ടാക്കിയ അമ്പരപ്പ് അവസാനിക്കും മുമ്പ് വോക്കി ടോക്കി പോലുള്ള കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും മറ്റും പൊട്ടിത്തെറിക്കാന്‍ തുടങ്ങി. ഈ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത് കുറഞ്ഞത് 37 പേരാണ്.മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മിക്കവാറും പേര്‍ക്ക് ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവരും അപകടനില തരണം ചെയ്യാന്‍. നിരവധി പേരുടെ നില അതിഗുരുതരമാണ്.
പിന്നാലെ ബെയ്‌റൂട്ടില്‍ നടത്തിയ ഒരു വ്യോമാക്രമണത്തില്‍ പ്രമുഖ ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം അക്കീലിനെ ഇസ്രായേല്‍ വകവരുത്തുകയും ചെയ്തു.
ഒരുപക്ഷേ, ഹിസ്ബുള്ള-ഇസ്രായേല്‍ സംഘര്‍ഷം പെട്ടെന്നു വഷളാവാന്‍ കാരണമായത് കഴിഞ്ഞ ജൂലായ് 27-ന് ഗോലാന്‍ കുന്നില്‍ നടന്ന റോക്കറ്റാക്രമണത്തില്‍ കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടതാണ്. 1967-ലെ ആറുദിന യുദ്ധത്തില്‍ സിറിയയില്‍ നിന്നും ഇസ്രയേല്‍ പിടിച്ചെടുത്ത ഈ പ്രദേശത്ത് പന്തുകളിക്കുകയായിരുന്ന കുട്ടികളും യുവാക്കളുമാണ് കൊല്ലപ്പെട്ടത്. പിറ്റേന്നു പുലര്‍ച്ചെ തന്നെ ഇസ്രയേല്‍ ലെബനനില്‍ വ്യോമാക്രമണം നടത്തി, മുപ്പതാം തീയതി പ്രമുഖ ഹിസ്ബുള്ള കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ ഒരു വ്യോമാക്രമണത്തില്‍ വധിച്ചു, അയാളായിരുന്നു ഗോലാനില്‍ കുട്ടികളെ കൊന്ന റോക്കറ്റാക്രമണത്തിന്റെ സൂത്രധാരനെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഭൂരിഭാഗം പ്രധാന കമാന്‍ഡര്‍മാരെയും ഇസ്രയേല്‍ വധിച്ചു കഴിഞ്ഞു. ഇറാനില്‍ വെച്ച് കൊല്ലപ്പെട്ട ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയെക്കു പകരക്കാരനായി എത്തിയ യാഹ്യാ സിന്‍വറെ സൈന്യം വധിക്കുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തു എന്ന അഭ്യൂഹം ശരിയാണോ എന്ന് അന്വേഷിക്കുകയാണ് ഇസ്രായേല്‍.
ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇറാഖിലെയും സിറിയയിലെയും ഷിയാ പോരാളികള്‍ക്കും യെമനിലെ ഹൂത്തികള്‍ക്കുമൊക്കെ ഇറാന്‍ സൈനികവും അല്ലാത്തതുമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. അമേരിക്ക ഇസ്രയേലിന്റെ പക്ഷത്തും ഇറാനും പ്രോക്‌സികളും അടങ്ങുന്ന ചെറുത്തുനില്‍പ്പ് അച്ചുതണ്ട് മറുവശത്തും (ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്) തുറന്ന യുദ്ധത്തില്‍ പങ്കെടുക്കുന്ന സാഹചര്യമുണ്ടാക്കാന്‍ ഹമാസിനു പദ്ധതിയുണ്ടായിരുന്നു എന്നു കരുതുന്നവരുണ്ട്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനെന്നു ഇസ്രയേല്‍ ആരോപിക്കുന്ന യാഹ്യാ സിന്‍വറാവും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും സന്തോഷിക്കുക. ഇസ്രയേല്‍ വിരുദ്ധ പോര്‍മുഖങ്ങളെല്ലാം ഒരുമിക്കണം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇസ്രയേലുമായി തുറന്ന യുദ്ധത്തിനു പോയാല്‍ ഹിസ്ബുള്ളയെ കാത്തിരിക്കുന്നത് കടുത്ത അനിശ്ചിതത്വങ്ങളാണ്. 1982-ല്‍ സ്ഥാപിക്കപ്പെട്ട ഈ സംഘടന ആശയവിനിമ ഉപകരണങ്ങളൊക്കെ നശിപ്പിക്കപ്പെട്ട അവസ്ഥയിലും നേതൃത്വത്തിന്റെ ഭൂരിഭാഗവും തുടച്ചുനീക്കപ്പെട്ട അവസ്ഥയിലുമാണ്. അവര്‍ക്ക് സാങ്കേതികമായും സൈനികവുമായും വലിയ മേല്‍ക്കോയ്മയുള്ള ഇസ്രയേലിനോട് നേരിട്ടുള്ള യുദ്ധത്തില്‍ എത്രകാലം പിടിച്ചു നില്‍ക്കാനാവുമെന്നത് കണ്ടറിയേണ്ടതാണ്.
മുമ്പ് ഇത്തരം പ്രകോപനങ്ങള്‍ ഉണ്ടായപ്പോള്‍ ഹിസ്ബുള്ളയും ഇസ്രയേലും ചില പരിധികള്‍ വിട്ട് വഷളാവാന്‍ അനുവദിച്ചിരുന്നില്ല. ഇക്കുറി പരിധികള്‍ അപ്രസക്തമായിക്കഴിഞ്ഞു എന്ന സംശയമുണര്‍ത്തുന്നതാണ് ഇസ്രയേല്‍ പക്ഷത്തുനിന്നും വരുന്ന പ്രസ്താവനകള്‍. കഴിഞ്ഞ ഏപ്രിലില്‍ ഇസ്രയേലിലേക്ക് ഇറാന്‍ നൂറുകണക്കിന് റോക്കറ്റുകള്‍ തൊടുത്തുവിട്ടതു പോലുള്ള ആക്രമണങ്ങള്‍, ചെറിയതോതിലുള്ള ഇസ്രയേല്‍ അധിനിവേശം എന്നിവയൊക്കെ ഹിസ്ബുള്ളയുടെ മനസ്സിലുണ്ടാവാം. അല്ലെങ്കില്‍ എളുപ്പപ്പണിയുണ്ട്. മറ്റൊരു രാജ്യത്തെ ജൂതന്‍മാരെ, ഇസ്രയേല്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിടാം. ജൂതരാഷ്ട്രമാവട്ടെ, ലെബനനിലെ ഹിസ്ബുള്ളയുടെ അടിവേരു മാന്തുംവരെ ബോംബിങ് തുടര്‍ന്നേക്കാം.
ഇന്ത്യയുടെ ധര്‍മ്മസങ്കടം
ഏതാണ്ട് 90 ലക്ഷം ഇന്ത്യക്കാരാണ് മധ്യേഷ്യയില്‍ ജോലി ചെയ്ത് കുടുംബം നോക്കുകയും നാട്ടിലേക്ക് പണമയക്കുകയും ചെയ്യുന്നത്. രാജ്യത്തിനു കിട്ടുന്ന വരുമാനത്തിന്റെ ഏറ്റവും വലിയ സ്രോതസ്സാണിത്. പ്രവാസികളുടെ സുരക്ഷ പരമപ്രധാനമാണ്. നമ്മുടെ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും മൂന്നില്‍ രണ്ടുഭാഗവും വാങ്ങുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്. ആ മേഖലയില്‍ ഉണ്ടാവുന്ന അസ്ഥിരത രാജ്യത്തിന്റെ ഊര്‍ജസുരക്ഷയെ ബാധിക്കും. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണ്. ഹിസ്ബുള്ള- ഇസ്രയേല്‍ യുദ്ധം വഷളായാല്‍ ഇറാനും അമേരിക്കയ്ക്കും ഏറെനാള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ല. അങ്ങനെ വന്നാല്‍ റഷ്യ-യുക്രെയിന്‍ യുദ്ധത്തെക്കാള്‍ നയതന്ത്രപരമായി കടുത്ത വെല്ലുവിളിയാണ് രാജ്യത്തെ കാത്തിരിക്കുന്നത്..
Content Highlights: Tensions in the Middle East escalate as Israel and Hezbollah engage in intense fighting
Published: 23 Sept 2024, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented