റിൻസൺ ജോസ്. പഠനത്തിനായി കുടിയേറി നോർവേ പൗരത്വം നേടി അവിടെ സ്ഥിരതാമസമാക്കിയ മലയാളി, വയനാട് മാനന്തവാടി സ്വദേശി. സിറിയയിലും ലെബനനിലും പേജറുകൾ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങൾ മരിച്ച സംഭവത്തിൽ ആരോപണം റിൻസണിലേക്കും നീണ്ടു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് പേജർ- വോക്കിടോക്കി സ്‌ഫോടനം നടക്കുമ്പോൾ അമേരിക്കയിലായിരുന്നു റിൻസൺ. ബോസ്റ്റണിൽ നടക്കുന്ന ടെക് കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ റിൻസണിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. റിൻസൺ ജോസ് എവിടെപ്പോയി?

To advertise here,

ഓപ്പറേഷൻ ഗ്രിം ബീപ്പർ. ഹിസ്ബുള്ളയുടെ ആൾബലവും ആത്മവീര്യവും ചോർത്തികളഞ്ഞ ഇസ്രയേലിന്റെ സർജിക്കൽ സ്‌ട്രൈക്ക്. ഒരുദശാബ്ദത്തോളം നീണ്ട മുന്നൊരുക്കമാണ് ഇസ്രയേൽ ഓപ്പറേഷനായി നടത്തിയത്. ആദ്യം പേജർ സ്‌ഫോടനം. 24 മണിക്കൂർ പിന്നിടും മുമ്പ് രണ്ടാമത്തെ സ്‌ഫോടനപരമ്പര. 12 സാധാരണപൗരന്മാരടക്കം കൊല്ലപ്പെട്ടത് 42 പേർ. 1,500-ഓളം ഹിസ്ബുള്ള അംഗങ്ങൾക്ക് പരിക്കേറ്റു.

സ്വന്തം നേതാവിന്റെ മുന്നറിയിപ്പായിരുന്നു ഹിസ്ബുള്ളയ്ക്ക് വിനയായത്. ഇസ്രയേലിന്റെ ചാരക്കണ്ണുകളിൽനിന്ന് രക്ഷപ്പെടാൻ മൊബൈൽ ഫോണുകൾ ഒഴിവാക്കണമെന്നായിരുന്നു ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ നിർദേശം. നസ്രള്ള മനസിൽ കണ്ടത് ഇസ്രയേലിന്റെ ചാരസംഘടന മൊസാദ് മാനത്തുകണ്ടു. മൊസാദ് നിർമിച്ച 16,000-ത്തോളം വാക്കിടോക്കികൾ ആദ്യം ഹിസ്ബുള്ളയുടെ കൈകളിലെത്തിച്ചു. ബാറ്ററിക്കുള്ളിൽ സ്‌ഫോടകവസ്തു നിറച്ച വാക്കിടോക്കികളാണ് ഹിസ്ബുള്ളയ്ക്ക് വിറ്റത്. ഷെൽ കമ്പനികളുണ്ടാക്കി വിദഗ്ധമായി ഹിസ്ബുള്ളയെ കബളിപ്പിച്ചു. ലക്ഷ്യം നേടാൻ വോക്കിടോക്കികൾ മാത്രം മതിയാവില്ലെന്ന് മനസിലാക്കിയ മൊസാദ് മറ്റ് വഴി തേടി. വോക്കിടോക്കിയേക്കാൾ ഹിസ്ബുള്ള അംഗങ്ങൾ സാർവത്രികമായി ഉപയോഗിക്കുന്ന പേജറുകളായിരുന്നു ഇത്തവണ പണികൊടുക്കാൻ മൊസാദ് തിരഞ്ഞെടുത്തത്.

തയ്‌വാന്‍ കമ്പനിയായ ഗോൾഡ് അപ്പോളോയിൽനിന്ന് ഹിസ്ബുള്ള പേജറുകൾ വാങ്ങുന്നതായി മൊസാദ് മനസിലാക്കി. കമ്പനി ഹിസ്ബുള്ളയ്ക്ക് നൽകിവരുന്ന എ.ആർ- 924 മോഡലിൽ സ്‌ഫോടകവസ്തു നിറയ്ക്കാൻ പാകത്തിൽ മാറ്റം വരുത്തി. ഗോൾഡ് അപ്പോളോയുടെ ട്രേഡ് മാർക്കോടെയുള്ള പേജറുകൾ നിർമിക്കാൻ ഇസ്രയേൽ ഹംഗറിയിൽ ഷെൽ കമ്പനി തുടങ്ങി. വാട്ടർപ്രൂഫാണെന്നും ബാറ്ററി ലൈഫ് കൂടുതലാണെന്നും വിശ്വസിപ്പിക്കാൻ യൂട്യൂബിൽ പരസ്യം ചെയ്തു. ഈ വർഷം സെപ്റ്റംബറോടെ 5,000-ത്തോളം പേജറുകൾ ഹിസ്ബുള്ളയ്ക്ക് മൊസാദ് വളഞ്ഞ വഴിയിൽ വിറ്റു. 

ഇവിടെയാണ് റിൻസൺ ജോസിന്റെ പേരും ഉയർന്നുവന്നത്. ഹംഗറിയിൽ രജിസ്റ്റർ ചെയ്ത ബി.എ.സി. കൺസൾട്ടിങ്ങിന്റെ പേരിലായിരുന്നു മൊസാദ് ഗോൾഡ് അപ്പോളോയ്ക്ക് വേണ്ടി പേജറുകൾ നിർമിച്ചത്. ബി.എ.സി. കൺസൾട്ടിങ് എന്ന പേരിൽ കമ്പനിയുണ്ടാക്കി ഒരുമാസം കഴിഞ്ഞപ്പോൾ ബൾഗേറിയയിലെ സോഫിയയിൽ നോർട്ട ഗ്ലോബൽ എന്ന പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്യപ്പെട്ടു. റിൻസൺ ജോസിന്റെ ഉടമസ്ഥതയിലായിരുന്നു കമ്പനി. ബി.എ.സിയുടെ എം.ഡി. ക്രിസ്റ്റിയാന ആർസിഡിയോക്കോണെ എന്ന സ്ത്രീയ്ക്ക് നോർട്ട ഗ്ലോബലുമായി ഇടപാടുണ്ടായിരുന്നു. റിൻസണിന്റെ കമ്പനി ഇടനിലക്കാരായി പ്രവർത്തിച്ചെന്നും അവരിലൂടെയാണ് ഹിസ്ബുള്ളയുമായി ബി.എ.സി. പണമിടപാട് നടത്തിയതെന്നുമായിരുന്നു പറത്തുവന്ന വിവരം.

എം.ബി.എ. പൂർത്തിയാക്കി റിൻസൺ സ്റ്റുഡന്റ് വിസയിലാണ് നോർവേയിലെത്തുന്നത്. പഠനം പൂർത്തിയാക്കി അവിടെ ജോലിയിൽ തുടർന്നു. കോട്ടയം സ്വദേശിനിയെ വിവാഹം ചെയ്ത റിൻസൺ, നോർവേയിൽ സ്ഥിരതാമസമാക്കി പൗരത്വവും നേടി. ഒരുവർഷം മുമ്പാണ് റിൻസൺ അവസാനമായി കേരളത്തിലെത്തിയത്. നവംബറിൽ കേരളത്തിലെത്തിയ റിൻസൺ, ജനുവരിയിൽ തിരിച്ചുപോയി. ഏതാണ്ട് എല്ലാദിവസവും റിൻസൺ കുടുംബവുമായി സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ, സ്‌ഫോടനത്തിന് പിന്നാലെ കുടുംബവുമായുള്ള ബന്ധവും നിലച്ചു. പേജർ- വോക്കിടോക്കി സ്‌ഫോടനം നടക്കുമ്പോൾ അമേരിക്കയിലായിരുന്നു റിൻസൺ. സ്‌ഫോടനങ്ങളുമായി ചേർത്ത് റിൻസണിന്റെ പേര് പുറത്തുവന്നതോടെ നോർവേ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സെർച്ച് വാറണ്ട് പുറപ്പെടുവിച്ചു. ബൾഗേറിയ പക്ഷേ റിൻസണിന് ക്ലീൻ ചിറ്റ് നൽകി. അപ്പോഴും റിൻസൺ എവിടെ എന്ന ചോദ്യം മാത്രം ബാക്കിയായി.

റിൻസണിനെ ഇസ്രയേൽ സുരക്ഷിത താവളത്തിലേക്ക് മാറ്റി എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. യു.എസിൽനിന്ന് മാറ്റിയ റിൻസൺ ഇപ്പോൾ ഒരു സുരക്ഷിത കേന്ദ്രത്തിലാണ് ഉള്ളതെന്നാണ്, ഇസ്രയേലിന്റെ മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പേജർ സ്‌ഫോടനത്തിലൂടെ ഹിസ്ബുള്ളയെ ആക്രമിക്കാനുള്ള പദ്ധതിയിൽ റിൻസൺ അറിഞ്ഞോ അറിയാതെയോ പങ്കാളിയായെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Inshort | Rinson Jose, a Malayali settled in Norway, is linked to Mossad’s operation against Hezbollah involving modified pagers and walkie-talkies. While attending a tech conference in the US during the blasts, Rinson vanished after the incident. Reports suggest he was relocated to a secure location by Israeli authorities - watch video