'കണ്ണും കൈയ്യുമില്ലാത്തവര്‍ ലെബനനിലൂടെ അലയണം. ജീവച്ഛവങ്ങളെ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണമായിരുന്നു'.

ലെബനനിലെ ഷിയ സായുധവിഭാഗമായ ഹിസ്ബുള്ളയ്ക്ക് വലിയ തിരിച്ചടി നല്‍കിയ പേജര്‍- വാക്കിടോക്കി ആക്രമണത്തെക്കുറിച്ച് മൊസാദ് ചാരന്മാരുടെ വെളിപ്പെടുത്തലാണിത്. ആള്‍ബലത്തോടൊപ്പം സംഘത്തിന്റെ ആത്മവീര്യവും കെടുത്തിക്കളഞ്ഞ ആക്രമണമായിരുന്നു സെപ്റ്റംബറില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് നടന്ന സ്‌ഫോടനപരമ്പര. ഇരുസ്‌ഫോടനങ്ങളിലായി 12 സാധാരണപൗരന്മാരടക്കം 42 പേര്‍ കൊല്ലപ്പെട്ടു. 4,000-ത്തോളം പേര്‍ക്ക് പരിക്കേറ്റു. അതിന് പിന്നാലെ പ്രധാന നേതാക്കളെ ഒന്നൊന്നായി ഹിസ്ബുള്ളയ്ക്ക് നഷ്ടമായി. ലോകത്തെ ആകെ അമ്പരിപ്പിച്ചുകളഞ്ഞ, കൃത്യതയേറിയ ആക്രമണത്തെ സംബന്ധിച്ച് ഏറ്റവും പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. വിരമിച്ച രണ്ട് മൊസാദ് ചാരന്മാരെന്ന് അവകാശപ്പെടുന്നവരുടെ വെളിപ്പെടുത്തലാണ് അമേരിക്കന്‍ മാധ്യമമായ സി.ബി.എസ്. പുറത്തുവിട്ടത്. പേജറുകളും വാക്കിടോക്കിയും ഉപയോഗിച്ചുള്ള ആക്രമണത്തിനുള്ള ആസൂത്രണം ഒരു ദശാബ്ദംമുമ്പേ തന്നെ തുടങ്ങിയെന്നാണ് വെളിപ്പെടുത്തല്‍. ഓപ്പറേഷന്‍ ഗ്രിം ബീപ്പര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആക്രമണത്തിന്റെ വിശദാംശങ്ങളാണ് ഇതോടെ പുറത്തുവന്നത്.

To advertise here,

പേജര്‍ സ്ഫോടനം

സെപ്റ്റംബര്‍ 17-നാണ് ആദ്യസ്ഫോടനപരമ്പരയുണ്ടാവുന്നത്. സിറിയയിലും ലെബനനിലും പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തും കൈയിലും വയറ്റിലുമായി പരിക്കേറ്റത് 3000-ത്തോളം പേര്‍ക്ക്. 12 പേരുടെ മരണമായിരുന്നു ആദ്യദിവസം സ്ഥിരീകരിച്ചത്. മരിച്ചവരില്‍ ഹിസ്ബുള്ള എം.പിമാരുടെ മക്കളും മറ്റൊരു അംഗത്തിന്റെ പത്തുവയസ്സുകാരി മകളും ഉള്‍പ്പെട്ടിരുന്നു. ലെബനനിലെ ഇറാന്‍ സ്ഥാനപതി മൊജ്താബ അമാനിക്ക് സ്ഫോടനത്തില്‍ ഒരു കണ്ണ് നഷ്ടമായി. ഇത്രയും വിപുലമായ ആക്രമണം നടത്തണമെങ്കില്‍ പിന്നില്‍ ഇസ്രയേലാണെന്ന് അന്നേ ഉറപ്പിച്ചു. ആക്രമണങ്ങള്‍ നടന്ന് രണ്ടുമാസത്തിന് ശേഷം മാത്രമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് സ്ഥിരീകരിച്ചത്. ആക്രമണം നടത്തിയത് ഇസ്രയേലാണെങ്കില്‍ ബുദ്ധി ചാരസംഘടന മൊസാദിന്റേത് തന്നെയെന്ന് പറയപ്പെട്ടു. ഇതിനുള്ള സ്ഥിരീകരണാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വാക്കിടോക്കി സ്ഫോടനം

രണ്ടുതരംഗമായാണ് ഒപ്പറേഷന്‍ ഗ്രിം ബീപ്പര്‍ നടന്നത്. ആദ്യത്തെ സ്‌ഫോടനം നടന്ന്‌ 24 മണിക്കൂര്‍ പിന്നിട്ട ശേഷം സെപ്റ്റംബര്‍ 18-ന് വൈകീട്ട് അഞ്ചോടെ വീണ്ടും ആക്രമണമുണ്ടായി. ഇത്തവണ പൊട്ടിത്തെറിച്ചത് വാക്കിടോക്കികളായിരുന്നു. കിഴക്കന്‍ ലെബനനിലെ സൊഹ്‌മോര്‍ പട്ടണം, ബെകാവാലി തുടങ്ങി വിവിധ ഇടങ്ങളിലായിരുന്നു സ്ഫോടനം. പേജര്‍ ആക്രമണത്തില്‍ മരിച്ച ഹിസ്ബുള്ള അംഗങ്ങളുടേയും ഒരു കുട്ടിയുടേയും കബറടക്കം നടക്കുന്ന സ്ഥലത്തും സ്ഫോടനമുണ്ടായി. ഇതേസമയത്ത് 71 വീടുകളിലും കടകളിലും തീപ്പിടിത്തമുണ്ടായി.

placeholder
പേജർ സ്ഫോടനത്തിൽ പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: എ.പി.

എന്തുകൊണ്ട് പേജര്‍?

കൈയില്‍ക്കൊണ്ടുനടക്കാവുന്ന വാര്‍ത്താവിനിമയ ഉപകരണമാണ് പേജര്‍. എണ്‍പതുകളും തൊണ്ണൂറുകളുമായിരുന്നു പേജറുകളുടെ പ്രതാപകാലം. 1994-ല്‍ ലോകത്തുടനീളം 6.1 കോടി പേജറുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. 1949-ല്‍ ആല്‍ഫ്രഡ് ഗ്രോസ് എന്നയാളാണ് പേജര്‍ രൂപകല്പന ചെയ്തതെന്നാണ് പേജര്‍ നിര്‍മാതാക്കളായ സ്പോക് പറയുന്നത്. എന്നാല്‍, പേജര്‍ എന്ന പദം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത് മോട്ടറോള കമ്പനിയാണ്. അവര്‍ തന്നെയാണ് 1964-ല്‍ പേജര്‍ബോയ് എന്ന പേരില്‍ ആദ്യ പേജര്‍ നിര്‍മിച്ചതും. ഒരുകാലത്ത് വിപണികള്‍ വലിയതോതില്‍ കൈയ്യടക്കിയ പേജറുകള്‍, 2000-ത്തിന്റെ തുടക്കത്തില്‍ സ്മാര്‍ട്ഫോണുകളുടെ വരവോടെ കാലഹരണപ്പെട്ടു.

സെല്‍ഫോണുകളുടെ മുന്‍ഗാമിയാണ് പേജര്‍. ആധുനികകാലത്ത് എന്തുകൊണ്ട് ഹിസ്ബുള്ള പേജറുകള്‍ ആശയവിനിമയോപാധിയായി സ്വീകരിച്ചു എന്നത് പേജര്‍ ആക്രമണത്തെത്തുടര്‍ന്ന് ഉയര്‍ന്ന വലിയ ചോദ്യമായിരുന്നു. കൈയിലൊതുങ്ങുന്ന, ചെറുസന്ദേശങ്ങള്‍ അയക്കാവുന്ന ഈ ഉപകരണം ഇന്‍ര്‍നെറ്റുമായി ബന്ധപ്പിക്കാന്‍ കഴിയാത്തതിനാല്‍ നിരീക്ഷിക്കാന്‍ ആവില്ല എന്നതായിരുന്നു ഹിസ്ബുള്ള ആശയവിനിമയത്തിന് പേജറുകള്‍ തിരഞ്ഞെടുക്കാന്‍ കാരണം. ഇസ്രയേലിന്റെ ചാരക്കണ്ണുകളില്‍നിന്ന് രക്ഷപ്പെടാനും സുരക്ഷിതമായി വിവരങ്ങള്‍ കൈമാറാനും പേജര്‍തന്നെ വിശ്വസ്തമെന്ന് ഹിസ്ബുള്ള കരുതി. വര്‍ഷാദ്യം ഹിസ്ബുള്ള ഇറക്കുമതി ചെയ്ത പേജറുകളാണ് പൊട്ടിത്തെറിച്ചത് എന്നായിരുന്നു വിവരം. 'ഗോള്‍ഡ് അപ്പോളോ' എന്ന തയ്വാന്‍ കമ്പനിയാണ് 'എ.പി.924' മോഡലിലുള്ള പേജര്‍ ഹിസ്ബുള്ളയ്ക്കായി നിര്‍മിച്ചിരുന്നത്.

മലയാളി വരെ നീണ്ട പേജര്‍ ബന്ധം

പേജര്‍ സ്‌ഫോടനത്തില്‍ മലയാളിയും നോര്‍വീജിയന്‍ പൗരനുമായ മാനന്തവാടി സ്വദേശിയിലേക്ക് വരെ അന്വേഷണം നീണ്ടിരുന്നു. സ്‌ഫോടകവസ്തുക്കളുള്ള പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് റിന്‍സണ്‍ ജോസ് എന്നയാളുടെ പേരിലുള്ള കമ്പനിയാണെന്ന വിവരത്തെത്തുടര്‍ന്ന് നോര്‍വേ പോലീസാണ് അന്വേഷണം നടത്തിയത്. ബള്‍ഗേറിയന്‍ കമ്പനി നോര്‍ട്ട ഗ്ലോബലിനു നേരെയായിരുന്നു ആരോപണം. എന്നാല്‍, ബള്‍ഗേറിയന്‍ സുരക്ഷ ഏജന്‍സി ഇത് നിഷേധിച്ചു. ഇസ്രയേലിന്റെ ഷെല്‍ കമ്പനിയുടെ എം.ഡിക്ക് നോര്‍ട്ട ഗ്ലോബലുമായി ഇടപാടുണ്ടായിരുന്നു. റിന്‍സണിന്റെ കമ്പനി ഇടനിലക്കാരായി പ്രവര്‍ത്തിച്ചെന്നും അവരിലൂടെയാണ് ഹിസ്ബുള്ളയുമായി പണമിടപാട് നടത്തിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്.

placeholder
Renson Jose

വെളിപ്പെടുത്തല്‍

ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ആക്രമണരീതിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നു എന്നതിലുപരി, പിന്നില്‍ പ്രവര്‍ത്തിച്ചത് മൊസാദാണ് എന്ന് സ്ഥിരീകരിക്കപ്പെടുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തലിന്റെ പ്രാധാന്യം. മൈക്കല്‍, ഗബ്രിയേല്‍ എന്നീ പേരുകളിലാണ് രണ്ട് മൊസാദ് മുന്‍ ചാരന്മാരെ സി.ബി.എസ്. അവതരിപ്പിച്ചത്. നേരത്തെ, അഭ്യൂഹങ്ങളായി നിലനിന്നിരുന്ന പല കാര്യങ്ങളും ഇരുവരും സ്ഥിരീകരിക്കുന്നു എന്നാതാണ് വെളിപ്പെടുത്തലിന്റെ പ്രത്യേകത. മാസ്‌ക് ധരിച്ച് വ്യാജപേരുകളിലാണ് ഇരുവരേയും 60 മിനിറ്റ്സ് എന്ന പരിപാടിയില്‍ സി.ബി.എസ്. അവതരിപ്പിച്ചത്. പേജര്‍- വാക്കിടോക്കി ആക്രമണത്തിന്റെ ലക്ഷ്യം ആളുകളെ കൊല്ലുക എന്നതായിരുന്നില്ല എന്ന തുറന്നുപറച്ചിലാണ് ഇതില്‍ പ്രധാനം. 'മരിച്ചാല്‍ അതോടെ തീര്‍ന്നു. എന്നാല്‍, പരിക്കേറ്റാല്‍ അവരെ ആശുപത്രിയില്‍ കൊണ്ടുപോകണം, ചികിത്സിക്കണം. അതിന് പണവും മനുഷ്യശേഷിയും ആവശ്യമായി വരും. അത് ഹിസ്ബുള്ളയെ തളര്‍ത്തും. ജീവച്ഛവങ്ങളെ സൃഷ്ടിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കണ്ണും കൈയ്യുമില്ലാത്തവര്‍ ലെബനനിലൂടെ അലയണം. ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണമായിരുന്നു', എന്നായിരുന്നു പേജര്‍- വാക്കിടോക്കി ആക്രമണത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് മൊസാദ് ചാരന്മാരുടെ വാക്കുകള്‍.

പേജറുകളും വാക്കിടോക്കികളും തങ്ങള്‍ ഇനി ആക്രമണത്തിനായി ഉപയോഗിക്കില്ലെന്ന തുറന്നുപറച്ചിലില്‍ തന്നെ ഒരു മുന്നറിയിപ്പിന്റെ സ്വഭാവമുണ്ട്. അതിന്റെ സന്ദേശം എത് അര്‍ഥത്തിലും വേണമെങ്കില്‍ ഉള്‍ക്കൊള്ളാം. ഇനി പേജറുകള്‍ ഉപയോഗിക്കില്ലന്ന് പറയുന്ന മുന്‍ മൊസാദ് ചാരന്മാര്‍, തങ്ങള്‍ മറ്റ് വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും പറയുന്നു. സ്ഫോടകവസ്തുഘടിപ്പിച്ച വാക്കിടോക്കികള്‍ ഹിസ്ബുള്ള അംഗങ്ങളുടെ കൈയിലെത്തിക്കാന്‍ പത്തുവര്‍ഷമെടുത്തുവെന്നാണ് ഇരുവരും പറയുന്നത്. പേജര്‍ ആക്രമണത്തിന് രണ്ടുവര്‍ഷത്തെ തയ്യാറെടുപ്പാണ് മൊസാദ് നടത്തിയതെന്നും മൈക്കലും ഗബ്രേിയേലും പറയുന്നു.

ഒരു ദശാബ്ദം നീണ്ട മുന്നൊരുക്കം

കാലഘടന നോക്കിയാല്‍ ഓപ്പറേഷന്‍ ഗ്രിം ബീപ്പറില്‍ ആദ്യം നടക്കുന്നത് പേജര്‍ ആക്രമണമാണെങ്കിലും മൊസാദ് നേരത്തേ തന്നെ ആസൂത്രണം തുടങ്ങിയത് വാക്കിടോക്കി ഉപയോഗിച്ചുള്ള ആക്രണത്തിനാണെന്നാണ് വെളിപ്പെടുത്തല്‍. പേജര്‍ സ്‌ഫോടനം നടന്ന് പിറ്റേ ദിവസമാണ് ലെബനനിലെ വിവിധ ഭാഗങ്ങളില്‍ വാക്കിടോക്കി പൊട്ടിത്തെറിക്കുന്നത്. ബുള്ളറ്റും മിസൈലും പീരങ്കിയും പോലെ മറ്റൊരു ആയുധം മാത്രമായിരുന്നു തങ്ങള്‍ക്ക് വാക്കിടോക്കിയെന്നാണ് ചാരന്മാരുടെ ശബ്ദത്തില്‍ മൊസാദ് പറയുന്നത്. ഇസ്രയേല്‍ ചാരസംഘടനയുടെ കേന്ദ്രത്തില്‍ നിര്‍മിച്ച വാക്കിടോക്കിയില്‍ സ്‌ഫോടകവസ്തു നിറച്ചു. ഹിസ്ബുള്ള അംഗങ്ങളുടെ യുദ്ധക്കുപ്പായങ്ങളില്‍ നെഞ്ചിനോട് ചേര്‍ന്നുള്ള ഭാഗത്ത് വെക്കാന്‍ പാകത്തിലായിരുന്നു വാക്കിടോക്കികള്‍ രൂപകല്പന ചെയ്തത്. 16,000ത്തോളം വാക്കിടോക്കികള്‍ ഹിസ്ബുള്ള വാങ്ങിയെന്നാണ് മൊസാദ് പറയുന്നത്. സംശയം തോന്നാതിരിക്കാന്‍ കരാര്‍ തുക വല്ലാതെ കുറച്ചില്ല. 'മോശമല്ലാത്ത തുക'യ്ക്ക് തന്നെയായിരുന്നു ഡീലെന്നും പറയുന്നു. മൊസാദിലേക്ക് എത്താതിരിക്കാന്‍ ഷെല്‍ കമ്പനികള്‍ ഉണ്ടാക്കിയാണ് വാക്കിടോക്കി വിറ്റത്. നിഴല്‍ കമ്പനികള്‍ രൂപവ്തകരിച്ച് ഹിസ്ബുള്ളയെ തന്ത്രപരമായി കബളിപ്പിച്ചതിനെ മൊസാദ് ഏജന്റുമാര്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെ: 'ഞങ്ങളൊരു വ്യാജ ലോകം സൃഷ്ടിക്കുന്നു. ഞങ്ങളൊരു ആഗോള നിര്‍മാണ കമ്പനിയാണ്: ഞങ്ങള്‍ തിരക്കഥയെഴുതുന്നു, ഞങ്ങള്‍ തന്നെയാണ് സംവിധായകര്‍, നിര്‍മാതാക്കളും പ്രധാന നടന്മാരും ഞങ്ങള്‍ തന്നെ. ലോകമാണ് ഞങ്ങളുടെ വേദി'.

പേജറുകളിലേക്ക്

ട്രാക്ക് ചെയ്യാന്‍ എളുപ്പമല്ലെന്നതുകൊണ്ടുതന്നെയാണ് ഹിസ്ബുള്ള ആശയവിനിമയത്തിന് പേജറുകള്‍ ഉപയോഗിച്ചത്. ഇസ്രയേല്‍ പിന്നീട് വധിച്ച ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ളയുടെ ആഹ്വാനമാണ് അവര്‍ക്ക് തന്നെ വിനയായി തീര്‍ന്നത്. ഇസ്രയേലിന്റെ ഹൈടക് ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാനും നിരീക്ഷണമൊഴിവാക്കാനും മൊബൈല്‍ ഫോണ്‍ ഒഴിവാക്കണമെന്നായിരുന്നു ഒരുവര്‍ഷംമുമ്പ് ഹസന്‍ നസ്രള്ള മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ ഫോണുകള്‍ക്ക് പകരം പേജറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. നസ്രള്ള മനസ്സില്‍കണ്ടത് പക്ഷേ മൊസാദ്‌ രണ്ടുവര്‍ഷം മുമ്പ് തന്നെ മാനത്തുകണ്ടു.

placeholder
ഹസൻ നസ്രറള്ള ടെലിവിഷനിലൂടെ അനുയായികളെ അഭിസംബോധന ചെയ്യുന്നു | Photo: Al-Manar / AFP

വാക്കിടോക്കികള്‍ യുദ്ധസമയത്ത് മാത്രമേ ഉപയോഗിക്കൂ എന്ന വിലയിരുത്തലിന് പുറത്താണ് അപായത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള ഉപകരണത്തിന്റെ സാധ്യത തേടിയത്. ഹിസ്ബുള്ള അംഗങ്ങള്‍ എപ്പോഴും കൈയ്യില്‍ കരുതാന്‍ സാധ്യതയുള്ള ഉപകരണമായിരിക്കണം ദൗത്യത്തിന് തിരഞ്ഞെടുക്കുന്നത് എന്നുറപ്പിച്ചു. ഇതേത്തുടര്‍ന്നാണ് 2022-ല്‍ പേജറുകള്‍ എന്ന ആശയത്തിലേക്ക് എത്തിയത്. തയ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയില്‍നിന്ന് ഹിസ്ബുള്ള പേജറുകള്‍ വാങ്ങുന്നതായി മൊസാദ് മനസിലാക്കി.

കീശയില്‍ സൂക്ഷിക്കാവുന്ന മെലിഞ്ഞ പേജറുകളായിരുന്നു ഗോള്‍ഡ് അപ്പോളോ നിര്‍മിച്ചിരുന്നത്. എന്നാല്‍, സ്ഫോടകവസ്തു ഘടിപ്പിക്കാന്‍ പാകത്തില്‍ കുറച്ചുകൂടി വലുതായിരുന്നു മൊസാദിന്റെ ഡിസൈന്‍. പേജര്‍ ഉപയോഗിക്കുന്ന ഹിസ്ബുള്ള അംഗത്തെ മാത്രം പരിക്കേല്‍പ്പിക്കുന്ന തരത്തിലായിരുന്നു നിര്‍മാണം. തൊട്ടടുത്തു നില്‍ക്കുന്നവര്‍ക്ക് അപായം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലെടുത്തു. ഇതിന് ഡമ്മികള്‍ ഉപയോഗിച്ച് പലതവണ പരിശീലനം നടത്തി. പൊടി രൂപത്തിലുള്ള സ്ഫോടകവസ്തുവായിരുന്നു പേജറുകളില്‍ നിറച്ചത്. മിനിയേച്ചര്‍ ബോംബുകളായാണ് മൊസാദ് പേജറിനെ കണ്ടത്. സന്ദേശം വന്നാല്‍ ഉടന്‍ പേജറുകള്‍ കൈയിലെടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ശബ്ദം ക്രമീകരിച്ചു. പിന്നാലെ നടത്തിയ പരീക്ഷണത്തില്‍ പേജര്‍ ശബ്ദിച്ചാല്‍ ഒരാള്‍ പ്രതികരിക്കുന്ന ശരാശരി സമയം ഏഴ് സെക്കന്‍ഡാണെന്ന് മനസിലാക്കി.

ഹിസ്ബുള്ളയുടെ കൈയിലേക്ക്

ആദ്യം നിര്‍മിച്ച പേജര്‍ മൊസാദ് തലവന്‍ ഡേവിഡ് ബര്‍ണിയയെ കാണിച്ചപ്പോള്‍ പ്രതികരണം നിരാശപ്പെടുത്തുന്നതായിരുന്നു എന്നാണ് ഗബ്രിയേല്‍ എന്ന പേരില്‍ സി.ബി.എസ്. പരിചയപ്പെടുത്തിയ മൊസാദ് ഏജന്റ് വെളിപ്പെടുത്തുന്നത്. ഇത്രവലിയ പേജര്‍ ആരും വാങ്ങാന്‍ പോകുന്നില്ല എന്നായിരുന്നു ബര്‍ണിയയുടെ പ്രതികരണം. ഇത് പോക്കറ്റില്‍ സൂക്ഷിക്കാന്‍ എളുപ്പമല്ല എന്നതായിരുന്നു ചൂണ്ടിക്കാണിച്ച കാരണം. ബര്‍ണിയ ഗബ്രിയേലിനെ തിരിച്ചയച്ചു. എന്നാല്‍, രണ്ടാഴ്ച നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ ഗബ്രിയേലിന്റെ പ്രയത്നം അംഗീകരിക്കാന്‍ മൊസാദ് തലവന്‍ തയ്യാറായി.

പേജറുകള്‍ ഹിസ്ബുള്ളയുടെ കൈയിലെത്തിക്കുക എന്നതായിരുന്നു അടുത്ത നടപടി. പേജറുകളുടെ സവിശേഷതകളെക്കുറിച്ച് യുട്യൂബ് പരസ്യം നിര്‍മിച്ചു. വെള്ളവും അഴുക്കും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പേജറുകളെന്നായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. ഉയര്‍ന്ന ബാറ്ററി ലൈഫും വാഗ്ദാനം ചെയ്തു. വ്യാജസാക്ഷ്യങ്ങളും പരസ്യത്തില്‍ അവതരിപ്പിച്ചു. ഹിസ്ബുള്ള ഒഴികെ പലരും പേജറുകള്‍ക്കായി സമീപിച്ചു. എന്നാല്‍, പ്രാപ്യമല്ലാത്ത വില പറഞ്ഞ് ആ കച്ചവടങ്ങള്‍ മുടക്കി.

placeholder
സ്‌ഫോടനത്തിന് പിന്നാലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, Photo:AP

ഗോള്‍ഡ് അപ്പോളോയുമായി സഹകരിക്കാന്‍ ഹംഗറിയില്‍ ഷെല്‍ കമ്പനിയുണ്ടാക്കി. തയ്‌വാന്‍ കമ്പനിക്കുവേണ്ടി പേജറുകള്‍ നിര്‍മിച്ചത് മൊസാദ് തന്നെയായിരുന്നു. പേജറുകള്‍ വാങ്ങുമ്പോള്‍, മൊസാദുമായിട്ടായിരുന്നു കച്ചവടമെന്ന് ഹിസ്ബുള്ളയ്ക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല. വളരെ സ്വാഭാവികമായ രീതിയില്‍ കച്ചവടം നടന്നു. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന ഗോള്‍ഡ് അപ്പോളോയുടെ ജീവനക്കാരിയെ തന്നെയായിരുന്നു ഇടനിലക്കാരിയാക്കിയത്. എന്നാല്‍, താന്‍ ജോലിചെയ്യുന്നത് മൊസാദിനുവേണ്ടിയാണെന്ന് അവര്‍ക്കും അറിവുണ്ടായിരുന്നില്ല. അപ്‌ഗ്രേഡ് എന്ന നിലയില്‍ സൗജന്യമായാണ് ഹിസ്ബുള്ളയ്ക്ക് ആദ്യഘട്ടം പേജറുകള്‍ കൈമാറിയത്. 2024 സെപ്റ്റംബറോടെ 5,000-ത്തോളം പേജറുകള്‍ മൊസാദ് ഹിസ്ബുള്ളയ്ക്ക് വളഞ്ഞവഴിയില്‍ വിറ്റു.

ദൗത്യത്തിലെ പ്രധാന വെല്ലുവിളി സ്‌ഫോടനസമയം തീരുമാനിക്കുന്നതായിരുന്നു. പേജറുകളെക്കുറിച്ച് ഹിസ്ബുള്ളയ്ക്ക് സംശയം തോന്നിത്തുടങ്ങി എന്ന വിവരം ലഭിച്ച ഉടനെയായിരുന്നു ദൗത്യത്തിന് അനുമതി നല്‍കിയത്. സെപ്റ്റംബര്‍ 17-ന് 3.30-ന് ആക്രമണം നടത്തി. പേജറുകളിലേക്ക് ഒരേ സമയം, 'നിങ്ങള്‍ക്കൊരു എന്‍ക്രിപ്റ്റഡ് മെസേജ് ഉണ്ട്', എന്ന സന്ദേശം വന്നു. ഇത് വായിക്കാന്‍ രണ്ടു ബട്ടണുകള്‍ ഒരുമിച്ച് അമര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പേജറുകള്‍ പൊട്ടിത്തെറിച്ചത്. ഹസന്‍ നസ്രള്ള നോക്കി നില്‍ക്കെ ഒപ്പമുണ്ടായിരുന്നവര്‍ക്ക്‌ ആക്രമണത്തില്‍ പരിക്കേറ്റുവെന്ന്‌ മൊസാദ് അവകാശപ്പെടുന്നു. പ്രതീക്ഷിച്ചതുപോലെ ദൗത്യം വിജയമായിരുന്നു എന്നാണ് മൊസാദിന്റെ വിലയിരുത്തല്‍. പരീഷണം നടത്തി ഉറപ്പിച്ചതുപോലെ, പേജറുകള്‍ ഉപയോഗിച്ചവര്‍ക്ക് മാത്രമായിരുന്നു പരിക്കേറ്റതെന്നും അവര്‍ അവകാശപ്പെടുന്നു. പേജര്‍ സ്ഫോടനത്തിന്റെ പിറ്റേന്ന് ലെബനനില്‍ ആളുകള്‍ എ.സി. ഓണ്‍ ചെയ്യാന്‍ പോലും മടിച്ചുവെന്നാണ് മൊസാദ് ചാരന്മാര്‍ അവകാശപ്പെട്ടു. പേജര്‍ ആക്രമണത്തിന്റെ പിറ്റേ ദിവസം, പത്തുവര്‍ഷമായി ഉറങ്ങിക്കിടുന്ന വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. പേജര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തവരായിരുന്നു വാക്കിടോക്കി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ഏറെയും.

എന്തുകൊണ്ട് വെളിപ്പെടുത്തല്‍

അമേരിക്കന്‍ മാധ്യമമായ സി.ബി.എസില്‍ വിരമിച്ച മൊസാദ് ചാരന്മാരുടെ പേരില്‍വന്ന വെളിപ്പെടുത്തലിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നില്ലെങ്കിലും എന്തുകൊണ്ട് ഇപ്പോഴിത് എന്ന സംശയം പങ്കുവെയ്ക്കപ്പെടുന്നുണ്ട്. സാധാരണ നിലയില്‍ തങ്ങളുടെ ഓപ്പറേഷനുകളുടെ വിശദാംശങ്ങള്‍ രഹസ്യമാക്കിവെക്കുന്ന മൊസാദ് ഇപ്പോള്‍ എന്തുകൊണ്ട് ഈ ആക്രമണങ്ങളെ 'വിരമിച്ച' ഉദ്യോഗസ്ഥരില്‍ ചാരി പുറത്തുപറയുന്നു എന്നതാണ് ചോദ്യം. ഇസ്രയേലിന് ഉള്ളിലും ലോകത്തിന് ആകെയും തന്നെ തങ്ങളുടെ ശേഷി ബോധിപ്പിക്കുക എന്ന ലക്ഷ്യമാണ് വെളിപ്പെടുത്തലിലൂടെ മൊസാദ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേല്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ യോസി മെല്‍മാന്‍ അഭിപ്രായപ്പെടുന്നു. വെളിപ്പെടുത്തിലിന് മുന്നറിയിപ്പിന്റെ സ്വഭാവമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേലിന്റെ എതിരാളികളോട് തങ്ങള്‍ ഏതറ്റം വരേയും പോകാമെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് വ്യക്തമാക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും ഓപ്പറേഷനെ ഉപയോഗിക്കാനുള്ള ശ്രമമായും പുതിയ വെളിപ്പെടുത്തലിനെ കാണുന്നു. പാശ്ചാത്യമാധ്യമം വഴി വിവരങ്ങള്‍ പുറത്തുവിടുമ്പോള്‍ ലഭിക്കാവുന്ന മാധ്യമശ്രദ്ധയും സി.ബി.എസിനോട് സഹകരിക്കുന്നതിലൂടെ മൊസാദ് ലക്ഷ്യമിടുന്നു എന്നാണ് വിലയിരുത്തല്‍.