
1994 ഒക്ടോബര്‍ 19, ഇസ്രയേലിലെ ടെല്‍ അവിവിലെ റൂട്ട് നമ്പര്‍ അഞ്ച്. യാത്രക്കാരുടെ ഒരു ബസ് കഫേകളും കോഫീ ഷോപ്പുകളും കൊണ്ട് നിറഞ്ഞ ഡിസെങ്കോ സ്ട്രീറ്റിലെത്തുന്നു. അവിടെ നിന്ന് സാലെ അബ്ദെല്‍ റഹിം എന്നയാള്‍ ബസില്‍ കയറി സീറ്റില്‍ ഇരിപ്പുറച്ചു. പൊതുവേ ശാന്തനായാണ് അയാള്‍ കാണപ്പെട്ടത്. എന്നാല്‍ ആ ബസിനെ ചാമ്പലാക്കാന്‍ പോന്ന സ്‌ഫോടകവസ്തുക്കള്‍ അയാളുടെ പക്കലുണ്ടായിരുന്നെന്ന് ആരും അറിഞ്ഞില്ല. അയാളുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ 20 കിലോഗ്രാം ടിഎന്‍ടി നിറച്ച ഒരു ബോംബാണുണ്ടായിരുന്നത്. നിമിഷങ്ങള്‍ക്കകം ആ ബസ് കത്തിച്ചാമ്പലായി. സ്‌ഫോടനത്തില്‍ 21 പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രയേലിനെയൊന്നാകെ ഞെട്ടിച്ചതായിരുന്നു ആ ബോംബ് സ്‌ഫോടനം. രാജ്യത്തിന്റെ ചരിത്രത്തില്‍ അന്നുവരെ അത്തരമൊന്ന് ഉണ്ടായിട്ടില്ല. തന്റെ ഇളയ സഹോദരനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് സാലെ ഈ ക്രൂരകൃത്യം നടത്തിയത്. 1989-ല്‍ ഇസ്രയേലി സൈന്യമാണ് സാലെയുടെ സഹോദരനായ ഹാസിനെ വധിക്കുന്നത്. അതിന്റെ പ്രതികാരമാണ് ഈ സ്‌ഫോടനമെങ്കിലും ഈ പദ്ധതിയുടെ സൂത്രധാരന്‍ സാലെയായിരുന്നില്ല. അത് മറ്റൊരാളായിരുന്നു. ഹമാസ് നേതാവും ബോംബ് നിര്‍മാണ വിദഗ്ധനുമായിരുന്ന യഹിയ അയ്യാഷ്. അയാളായിരുന്നു ഈ ബോംബ് സ്‌ഫോടനത്തിന്റെ ബുദ്ധികേന്ദ്രം. ഈ ഒരു പദ്ധതി മാത്രമായിരുന്നില്ല അയ്യാഷ് നടപ്പിലാക്കിയത്. ഇസ്രയേലില്‍ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ അയാള്‍ നടത്തി. ഇസ്രയേലി ഇന്റലിജന്‍സ് ഏജന്‍സിയുടെ വാണ്ടഡ് ലിസ്റ്റിലെ പ്രധാനിയായും അയാള്‍ മാറി. ഒടുവില്‍ ലോകം അന്നുവരെ കേട്ടിട്ടില്ലാത്ത രീതിയിലാണ് അയ്യാഷിനെ കൊലപ്പെടുത്തുന്നത്. ഒരു മൊബൈല്‍ ഫോൺ ബോംബാക്കി മാറ്റിക്കൊണ്ട് നടത്തിയ സ്‌ഫോടനത്തിലൂടെ.
അയ്യാഷിന്റെ വധത്തിന് ശേഷവും ഹമാസ് ചാവേര്‍ സ്‌ഫോടനങ്ങള്‍ തുടര്‍ന്നുവന്നിരുന്നു. എന്നാല്‍, രാഷ്ട്രീയ ഒറ്റപ്പെടലുണ്ടാകുമെന്ന ആശങ്കയില്‍ പിന്നീട് ഇത് അവസാനിപ്പിച്ചു. ഇപ്പോഴിതാ ചാവേര്‍ സ്‌ഫോടനങ്ങള്‍ തുടരാന്‍ ഹമാസ് നേതാവായ യഹിയ സിന്‍വര്‍ ആഹ്വാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഹമാസ് കമാന്‍ഡര്‍മാര്‍ക്ക് സിന്‍വര്‍ നിര്‍ദേശം നല്‍കിയതായി അറബ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. ആശങ്കയോടെയാണ് ലോകം ഹമാസ് നേതാവിന്റെ ഈ പ്രഖ്യാപനത്തെ കാണുന്നത്.
ആരാണ് യഹിയ അയ്യാഷ്?
1990-കളില്‍ ഇസ്രയേലിലുണ്ടായ ഒട്ടുമിക്ക ബോംബ് സ്‌ഫോടനങ്ങളുടേയും സൂത്രധാരനും ഹമാസിന്റെ ബോംബ്‌നിര്‍മാണ വിദഗ്ധനുമായിരുന്നു യഹിയ അയ്യാഷ്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയായിരുന്ന അയ്യാഷ് അറിയപ്പെട്ടത് തന്നെ ദി എന്‍ജിനിയര്‍ എന്നായിരുന്നു. 90-കളുടെ മധ്യത്തില്‍ ഇസ്രയേലിനെ ഭീതിയിലാഴ്ത്തിയ സ്‌ഫോടനപരമ്പരകള്‍ക്ക് പിന്നില്‍ ഇയാളുടെ ആസൂത്രണമായിരുന്നു. ഈ ആക്രമണങ്ങളില്‍ 150 ഓളം ഇസ്രയേലി പൗരന്മാര്‍ മരിക്കുകയും 500-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചാവേര്‍ ആക്രമണങ്ങള്‍ക്ക് പിന്നിലെ സൂത്രധാരനായിരുന്നു അയ്യാഷ്.
കുട്ടിക്കാലത്ത് റേഡിയോകളും ടിവി സെറ്റുകളും റിപ്പയർ ചെയ്യുന്നതില്‍ അയ്യാഷ് തത്പരനായിരുന്നു. 1985 ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയതിനുശേഷം 1987 ല്‍ ബിര്‍സീറ്റ് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. അവിടെ വെച്ച് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും നേടി. പിന്നീട് ജോര്‍ദാനില്‍ വെച്ച് പിജി കോഴ്‌സ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാല്‍ സ്റ്റുഡന്റ് വിസ നിരസിച്ചതോടെ അത് ഉപേക്ഷിച്ചു. പിന്നീടാണ് പലസ്തീന്‍ സായുധസംഘടനയായ ഹമാസില്‍ ചേരുന്നത്. അതോടെയാണ് ഏറ്റവം വിനാശകരമായ ബോംബ് ആക്രമണങ്ങള്‍ക്ക് യഹിയ നേതൃത്വം നല്‍കുന്നത്.
ഹമാസിന്റെ കുപ്രസിദ്ധമായ ആക്രമണങ്ങളുടെ ഭാഗമായി ആ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരി മാറുകയായിരുന്നു. മുപ്പത് വയസിനുള്ളില്‍ തന്നെ ഒട്ടേറെ സ്‌ഫോടനങ്ങള്‍ ഇസ്രയേലില്‍ അയാള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി. ബോംബ് നിര്‍മാണത്തിലായിരുന്നു അയ്യാഷിന്റെ ശ്രദ്ധ. കുപ്രസിദ്ധമായ ബെയ്റ്റ് ലിഡിലെ സ്‌ഫോടനം, മേഹോള ജങ്ഷന്‍ ബോംബാക്രമണം എന്നിവയ്ക്ക് പിന്നില്‍ അയ്യാഷിന്റെ കൈകളായിരുന്നു. ജറുസലേം, രാമത് ഗാന്‍ തുടങ്ങി ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ബസിനുള്ളില്‍വെച്ച് സ്‌ഫോടനം നടത്തി. ഹമാസും പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയും ഒരുമിച്ച് ചേര്‍ന്നും ആക്രമണങ്ങള്‍ നടപ്പിലാക്കി. ബെറ്റ് ലിഡ് ജങ്ഷനില്‍ വെച്ചുണ്ടായ സ്‌ഫോടനത്തില്‍ ഇസ്രയേലി സൈനികരുള്‍പ്പെടെ 22 പേരാണ് മരിച്ചത്.
സ്‌ഫോടകവസ്തുക്കള്‍ ലഭിക്കാതെ വന്നപ്പോള്‍ അയ്യാഷ് മറ്റൊരു മാര്‍ഗവും കണ്ടെത്തി. വീട്ടില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ചും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിച്ചു. അസെറ്റോണ്‍ എന്ന രാസവസ്തുവും ഡിറ്റര്‍ജന്റുകളുമാണ് ഇതിനായി ഉപയോഗിച്ചത്. ആക്രമണം നടത്താനായി അത്തരത്തില്‍ ഉഗ്രസ്‌ഫോടകവസ്തുക്കള്‍ അയ്യാഷ് നിര്‍മിച്ചുകൊണ്ടേയിരുന്നു.
എന്നാല്‍ സെന്‍ട്രല്‍ ഇസ്രയേലിലെ രാമത് ഗാനില്‍ വെച്ച് ബോംബ് സ്‌ഫോടനത്തിനുള്ള ശ്രമം പാളി. പിന്നാലെ ബോംബ് വെക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ കാര്‍ പരിശോധിച്ചപ്പോള്‍ സ്‌ഫോടകവസ്തുക്കളും കണ്ടെത്തി. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് യഹിയ അയ്യാഷിനെക്കുറിച്ചുള്ള വിവരം അനേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്നത്. പിന്നാലെ ഇസ്രയേലി സുരക്ഷാ ഏജന്‍സികള്‍ അയ്യാഷിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
'ദ ഹണ്ട് ഫോര്‍ ദ എന്‍ജിനിയര്‍'
ഇസ്രയേലി ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന്‍ബെറ്റിന്റെ വാണ്ടഡ് ലിസ്റ്റിലെ പ്രധാനിയായിരുന്നു അയ്യാഷ്. ഡിസെങ്കോഫിലും ജറുസലേമിലുമെല്ലാം സ്‌ഫോടനങ്ങള്‍ നടത്തിയതിന് പിന്നില്‍ ഇയാളാണെന്ന് കണ്ടെത്തിയതോടെ സുരക്ഷാ ഏജന്‍സികളൊന്നടങ്കം ഈ ഇലക്ട്രിക്കല്‍ ബിരുദധാരിയെ തേടിയിറങ്ങി. 'യഹിയ അയ്യാഷ്, ഡിസെങ്കോഫിലെ ആക്രമണത്തിന്റെ സൂത്രധാരനായ അയാളെ ഒരു മരിച്ച മനുഷ്യനായി കണക്കാക്കുക. ഞങ്ങളുടെ കൈകളില്‍ അയാളെ കിട്ടാനുള്ള സമയം മാത്രമേയുള്ളൂ'-അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയായ യിറ്റ്‌സ്ഷാക് റാബിന്‍ പറഞ്ഞതിങ്ങനെയാണ്. തിരച്ചില്‍ ശക്തമാക്കിയെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അയ്യാഷിനെ കണ്ടെത്താന്‍ ഇസ്രയേലിന് സാധിച്ചില്ല.
ഇസ്രയേല്‍ തേടുന്നതിനിടെ 1995-ല്‍ ഗാസയില്‍ ഒളിവില്‍ കഴിഞ്ഞു. യൂനിവേഴ്‌സിറ്റിയിലെ സുഹൃത്തായ ഒസാമ ഹമദാണ് അയ്യാഷിന് ഒളിച്ചുതാമസിക്കാനുള്ള സൗകര്യം നല്‍കിയത്. ഗാസയില്‍ താമസിക്കവേ അയ്യാഷ് വിവാഹിതനും ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനുമായി. അയ്യാഷ് ഒളിച്ച് താമസിക്കുന്നതിനെ സംബന്ധിച്ച് സാമുവല്‍ എം കാറ്റ്‌സ് എഴുതിയ ദ ഹണ്ട് ഫോര്‍ എന്‍ജിനിയര്‍ എന്ന പുസ്തകത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
1996 ജനുവരിയില്‍ ഭാര്യയേയും മകനേയും ഗാസയിലെ സുരക്ഷിതകേന്ദ്രത്തിലേക്ക് അയ്യാഷ് മാറ്റി. ഒരു കിലോമീറ്റര്‍ അകലെ മറ്റൊരു വീട്ടിലായിരുന്നു അയ്യാഷിന്റെ താമസം. എന്നാല്‍ ഭാര്യയേയും മകനെയും പലപ്പോഴായി കാണാനെത്തി. വളരെ ജാഗ്രതയോടെയാണ് അയ്യാഷ് ഇക്കാര്യങ്ങള്‍ ചെയ്തത്. ബുര്‍ഖ ധരിച്ച് സ്ത്രീയായി വേഷം മാറിയായിരുന്നു യാത്ര. ഭാര്യയേയും മകനെയും മാത്രമല്ല വെസ്റ്റ് ബാങ്കിലുള്ള മാതാപിതാക്കളെ കാണാനും സംസാരിക്കാനും അയ്യാഷ് തീരുമാനിച്ചു. ഫോണ്‍ വഴി പലതവണ മാതാപിതാക്കളുമായി ബന്ധപ്പെട്ടു.
1996 ജനുവരി 5, പുലര്‍ച്ചെ വീട്ടിലെത്തിയ ശേഷം അച്ചനോട് സംസാരിക്കാനായി സുഹൃത്തിന്റെ ഫോണ്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സാധാരണയായി വീട്ടിലെ ലാന്‍ഡ് ഫോണാണ് അയ്യാഷ് ഉപയോഗിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി ലാന്‍ഡ് ഫോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്ന് പിതാവിന് 050507497 എന്ന മറ്റൊരു ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു. സുഹൃത്തിന്റെ ഫോണ്‍ എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാവാതെ വന്നതോടെ ഉറങ്ങി.
രാവിലെ 8.40 ഓടെ ഫോണ്‍ റിങ് ചെയ്തു. സുഹൃത്തായ ഒസാമ ഹമദ് പിതാവിന്റെ ഫോണാണെന്ന് പറഞ്ഞ് അയ്യാഷിന് ഫോണ്‍ കൈമാറി. രാവിലെ മുതല്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നുമാണ് പിതാവ് ഫോണില്‍ പറഞ്ഞത്.
'രണ്ടുപേരും സംസാരിക്കുന്നതിനിടയില്‍ ആകാശത്ത് ഒരു വിമാനം താഴ്ന്നുപറന്നുകൊണ്ട് നിലയുറപ്പിച്ചു. അച്ഛനും മകനും തമ്മില്‍ ദൈര്‍ഘ്യം കുറഞ്ഞ സംഭാഷണമായിരുന്നു. അച്ഛന് സുഖമാണോ? 050507497 എന്ന നമ്പറില്‍ നിന്ന് അവസാനമായി കേട്ട വാക്കുകള്‍ ഇതായിരുന്നു'.- സാമുവല്‍ കാറ്റ്‌സിന്റെ പുസ്തകത്തില്‍ പറയുന്നു. പിന്നീട് ആ നമ്പര്‍ പ്രവര്‍ത്തനരഹിതമായി. യഹിയ അയ്യാഷ് കൊല്ലപ്പെട്ടു.
ശബ്ദം സ്ഥിരീകരിച്ചു, പിന്നാലെ കൊലപാതകം
വെറുമൊരു ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടമായിരുന്നില്ല അയ്യാഷിന്റെ മരണത്തിലേക്ക് നയിച്ചത്. വ്യക്തമായ പദ്ധതിയുണ്ടായിരുന്നു ഇതിന് പിന്നില്‍. ഒരു റേഡിയോ കണ്‍ട്രോള്‍ഡ് ബോംബ് മൊബൈല്‍ ഫോണിനുള്ളില്‍ ഘടിപ്പിച്ചാണ് ഇത് നടപ്പിലാക്കിയത്. അമ്പത് ഗ്രാമോളം ആര്‍.ഡി.എക്‌സ് സ്‌ഫോടകവസ്തുക്കള്‍ ഫോണിന്റെ ബാറ്ററിയില്‍ നിറച്ചുവെച്ചിരുന്നു. ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന്‍ ബെറ്റാണ് ഇത് ആസൂത്രണം ചെയ്തതെന്ന് പിന്നീട് വെളിപ്പെടുത്തലുകളുമുണ്ടായി.
ആ പദ്ധതിക്കായി അയ്യാഷിന്റെ സുഹൃത്തിന്റെ അമ്മാവനെയാണ് ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സി സമീപിച്ചത്. സുഹൃത്ത് ഒസാമ ഹമദിന്റെ അമ്മാവനായ കമാല്‍ ഹമദാണ് ഫോണില്‍ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാന്‍ സഹായിച്ചതെന്ന് 1996-ല്‍ പുറത്തിറങ്ങിയ വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കമാല്‍ ഫോണ്‍ കുറച്ച് ദിവസത്തേക്ക് ഉപയോഗിക്കാനായി വാങ്ങുകയും സ്‌ഫോടകവസ്തുക്കള്‍ നിറച്ചതിനുശേഷം തിരികെ കൊടുക്കുകയുമായിരുന്നു. കമാലിനോട് അയ്യാഷിന്റെ ശബ്ദം ചോര്‍ത്തുകയാണ് ലക്ഷ്യമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും സ്‌ഫോടകവസ്തുക്കള്‍ നിറച്ചിട്ടുണ്ടെന്ന വിവരം അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
യഹിയ അയ്യാഷും പിതാവും തമ്മിലുള്ള സംഭാഷണം ആകാശത്തിലൂടെ താഴ്ന്നുപറന്ന വിമാനത്തിലൂടെ ചോര്‍ത്തുകയായിരുന്നു. അയ്യാഷിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ വിവരം ഇസ്രയേലി കമാന്‍ഡ് പോസ്റ്റിലേക്ക് നല്‍കി. പിന്നാലെ റിമോട്ട് കണ്‍ട്രോള്‍ സംവിധാനം വഴി സ്‌ഫോടനം നടത്തി. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന കാര്യം ഇസ്രയേല്‍ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ മുന്‍ ഷിന്‍ ബെറ്റ് ഡയറക്ടര്‍ കാര്‍മി ഗില്ലണ്‍ ഇക്കാര്യം ദ ഗേറ്റ് കീപ്പേഴ്‌സ് എന്ന ഡോക്യുമെന്ററിയില്‍ സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം സ്‌ഫോടനത്തിന് ശേഷം കമാല്‍ വീടും കാറുമെല്ലാം ഉപേക്ഷിച്ച് നാടുവിട്ടെന്നും ഒരു മില്ല്യണ്‍ ഡോളര്‍, വ്യാജ പാസ്‌പോര്‍ട്ട്, അമേരിക്കയിലേക്കുള്ള വിസ എന്നിവ ലഭിച്ചെന്നുമാണ് അന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ലോകം മൊബൈല്‍ ഫോണിനെ കുറിച്ച് കേട്ടുതുടങ്ങുന്ന കാലത്താണ് ഇത്തരമൊരു സംഭവം നടക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നടത്തിയ ആദ്യത്തെ സ്‌ഫോടനങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സംഭവം നടന്ന് മൂന്നുപതിറ്റാണ്ടോടടുക്കുമ്പോഴും ഗാസയില്‍ അയ്യാഷിന് വീരപരിവേഷം നല്‍കുന്നവരുണ്ട്. പിന്നീട് ഹമാസ് ചാവേര്‍ സ്‌ഫോടനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. രാഷ്ട്രീയ ഒറ്റപ്പെടലുണ്ടാകുമെന്ന ആശങ്കയിലാണ് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴിതാ ചാവേര്‍ സ്‌ഫോടനങ്ങള്‍ തുടരാന്‍ ഹമാസ് നേതാവായ യഹിയ സിന്‍വര്‍ ആഹ്വാനം ചെയ്തത് ആശങ്കയോടെയാണ് ലോകം കാണുന്നത്.
Content Highlights: yahya Ayyash hamas leader the hunt for the engineer israeli agents
Published: 13 Oct 2024, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented