ലെബനനിലെ ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ട (Beaufort Castle) പിടിച്ചെടുത്ത് ഇസ്രയേൽ സൈന്യം. ലെബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള സൈനികനീക്കം ശക്തമാക്കുന്നതിനിടയിലാണ് തെക്കൻ ലെബനനിലെ കുന്നിൻമുകളിലുള്ള മധ്യകാലത്തെ കോട്ട ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. 1982-ലെ ലെബനൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കവെയാണ് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇസ്രയേലിലെ ഗലീലി പ്രദേശത്തെ ജനവാസമേഖലകൾക്ക് അഭിമുഖമായി നിൽക്കുന്ന കുന്നിൻമുകളിൽ വീണ്ടും ഇസ്രയേൽ പതാക ഉയർന്നുവെന്ന് കാറ്റ്‌സ് പറഞ്ഞു. നമ്മുടെ ധീരരായ സൈനികർ ബ്യൂഫോർട്ട് കോട്ട വീണ്ടും പിടിച്ചെടുത്തുവെന്നും ലെബനനിലെ സുരക്ഷാമേഖലയുടെ ഭാഗമായി സൈന്യം അവിടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേൽ പതാകയും സൈന്യത്തിന്റെ ഗോലാനി ബ്രിഗേഡിന്റെ പതാകയും കോട്ടയിൽ ഉയർത്തിയ ചിത്രം കാറ്റ്‌സ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

To advertise here,

എന്താണ് ബ്യൂഫോർട്ട് കോട്ടയുടെ ചരിത്രം? ഇസ്രയേൽ ഇത് എങ്ങനെയാണ് പിടിച്ചെടുത്തത്? ഈ സൈനിക നീക്കത്തിന്റെ പ്രാധാന്യം എന്താണ്? 

എന്താണ് ബ്യൂഫോർട്ട് കോട്ട?

അറബിയിൽ 'ഖലാത് അൽ-ഷഖീഫ്' എന്നറിയപ്പെടുന്ന ബ്യൂഫോർട്ട് കോട്ട പന്ത്രണ്ടാം നൂറ്റാണ്ടിൽ കുരിശുയുദ്ധക്കാരാണ് (ക്രൂസേഡേഴ്‌സ്) നിർമിച്ചത്. നേരത്തെയുണ്ടായിരുന്ന ചില പ്രതിരോധ നിർമിതികൾക്ക് മുകളിലാണ് ഇത് പണികഴിപ്പിച്ചത്. പഴയ ഫ്രഞ്ച് ഭാഷയിൽ 'മനോഹരമായ കോട്ട' എന്നർത്ഥം വരുന്ന 'ബ്യൂഫോർട്ട്' എന്ന പേരാണ് കുരിശുയുദ്ധക്കാർ ഇതിന് നൽകിയത്. തെക്കൻ ലെബനനിലെ ലിതാനി നദിക്ക് അഭിമുഖമായി നിൽക്കുന്ന കുത്തനെയുള്ള ഒരു മലയിടുക്കിലാണ് കോട്ട സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 700 മീറ്റർ (2,300 അടി) ഉയരത്തിലുള്ള ഈ കോട്ട 900 വർഷം പഴക്കമുള്ള ഒരു ചരിത്രസ്മാരകമാണ്. യുനെസ്‌കോയുടെ (UNESCO) വിലയിരുത്തൽ പ്രകാരം, പശ്ചിമേഷ്യയിൽ ഇന്നും ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള മധ്യകാല കോട്ടകളിലൊന്നാണിത്.

നൂറ്റാണ്ടുകളായി കോട്ട ഒട്ടേറെ ഭരണാധികാരികളുടെ കൈകളിലൂടെ കടന്നുപോയിട്ടുണ്ട്. കുരിശുയുദ്ധക്കാരിൽനിന്ന് ആരംഭിച്ച ഇതിന്റെ നിയന്ത്രണം പിൽക്കാലത്ത് ഓട്ടോമൻ സാമ്രാജ്യം ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക ശക്തികളിലേക്ക് മാറിമറിഞ്ഞു. ഭൂമിശാസ്ത്രപരമായ ഇതിന്റെ സ്ഥാനം കാരണം, ചരിത്രപരമായി ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രതിരോധ കേന്ദ്രമായിരുന്നു ഇത്. വടക്കൻ ഇസ്രയേലിലെ ഗലീലി പ്രദേശവും തെക്കൻ ലെബനനിലെ നബാതിയ മേഖലയും പൂർണ്ണമായി നിരീക്ഷിക്കാൻ സാധിക്കുന്ന തന്ത്രപ്രധാനമായ സ്ഥാനത്താണ് കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയുടെ നിയന്ത്രണം കൈവശംവെക്കുന്നവർക്ക് പ്രദേശത്ത് വലിയ തോതിലുള്ള നിരീക്ഷണ-ആക്രമണ മേധാവിത്വം ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കുന്നിൻമുകളിലെ ഈ തന്ത്രപ്രധാന സ്ഥാനം ശത്രു സൈന്യത്തിന്റെ നീക്കങ്ങളും സൈനികപ്രവർത്തനങ്ങളും വളരെ കൃത്യമായി നിരീക്ഷിക്കാൻ സഹായിക്കുമെന്നതാണ് പ്രധാന പ്രത്യേകത.

സമീപകാല ചരിത്രത്തിലേക്ക് നോക്കിയാൽ, പല യുദ്ധങ്ങളുടെയും പ്രധാന കേന്ദ്രമായിരുന്നു ഈ കോട്ട. പലസ്തീൻ സായുധസംഘങ്ങൾ കോട്ട താവളമായി ഉപയോഗിച്ചിരുന്നു. 1982-ലെ ലെബനൻ യുദ്ധകാലത്ത് പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിൽനിന്ന് ഇസ്രയേൽ ഈ കോട്ട പിടിച്ചെടുത്തിരുന്നു. പിന്നീടുള്ള കാലയളവിൽ കോട്ടയെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സൈനിക താവളങ്ങളിലൊന്നാക്കി ഇസ്രയേൽ മാറ്റി. 2000-ൽ ഈ പ്രദേശത്തുനിന്ന് പിന്മാറുന്നതുവരെ, തെക്കൻ ലെബനനിലെ തങ്ങളുടെ സുരക്ഷാ മേഖലയുടെ ഭാഗമായി ഇസ്രയേൽ സൈന്യം കോട്ട കൈവശം വെച്ചിരുന്നു. ലെബനനിലെ ഇസ്രയേലിന്റെ ദീർഘകാല സൈനിക സാന്നിധ്യത്തിന്റെ പ്രതീകമായി മാറിയ ബ്യൂഫോർട്ട് കോട്ടയ്ക്ക് നേരെ ഹിസ്ബുള്ള നിരന്തരം ആക്രമണങ്ങൾ നടത്തിയിരുന്നു.

ബ്യൂഫോർട്ടിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം

ലെബനനിലെ അഞ്ചാമത്തെ വലിയ നഗരമായ നബാതിയയ്ക്ക് സമീപം തന്ത്രപ്രധാനമായ കുന്നിൻമുകളിലാണ് ബ്യൂഫോർട്ട് കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയും ചുറ്റുമുള്ള മലനിരകളും തെക്കൻ ലെബനനിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക താവളങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. കോട്ട പിടിച്ചെടുത്തതിലൂടെ തെക്കൻ ലെബനന്റെ വലിയൊരു ഭാഗവും വടക്കൻ ഇസ്രയേലും നിരീക്ഷിക്കാനുള്ള മികച്ച സാഹചര്യം ഇസ്രയേൽ സൈന്യത്തിന് ലഭിക്കും. ഹിസ്ബുള്ളയുടെ സൈനിക സംവിധാനങ്ങൾ തകർക്കുക, ഇസ്രയേൽ അതിർത്തിയോട് ചേർന്നുള്ള ഉയർന്ന പ്രദേശങ്ങളിൽ നിയന്ത്രണം സ്ഥാപിക്കുക എന്നിവയായിരുന്നു ഈ സൈനിക നീക്കത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കോട്ടയുടെ നിയന്ത്രണം കൈക്കലാക്കിയത് ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഇസ്രയേൽ സൈന്യത്തിന് തന്ത്രപരമായ മേധാവിത്വം നൽകുമെന്നാണ് വിലയിരുത്തൽ. നബാതിയ നഗരത്തിന് ചുറ്റുമുള്ള നഗരങ്ങളെയും ഗ്രാമങ്ങളെയും കോട്ടയിൽനിന്ന് വീക്ഷിക്കാൻ സാധിക്കും. പടിഞ്ഞാറൻ ബെക്കാ താഴ്വര, ഗോലാൻ കുന്നുകൾ, വടക്കൻ ഗലീലി വരെയുള്ള പ്രദേശങ്ങൾ എന്നിവയും ഇവിടെനിന്ന് കൃത്യമായി നിരീക്ഷിക്കാനാകും. ഇതിനെല്ലാമുപരി ലെബനനുമായി നടത്തുന്ന ചർച്ചകളിൽ ഇസ്രയേലിന് മേൽക്കൈ നൽകാൻ കോട്ടയുടെ നിയന്ത്രണം സഹായിക്കും. ചർച്ചകളിൽ കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി ലെബനൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താൻ ഇസ്രയേൽ ശ്രമിച്ചേക്കും. എന്നാൽ, ഇസ്രയേലിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ നിരീക്ഷണ മേധാവിത്വം കാരണം സൈനിക നടപടി വ്യാപിപ്പിച്ചേക്കുമെന്ന ആശങ്കയും മേഖലയിലുണ്ട്.

ഇസ്രയേലിന്റെ തന്ത്രപരമായ നീക്കം!

ബ്യൂഫോർട്ട് കോട്ടയിൽനിന്ന് ഇസ്രയേൽ സൈന്യം 2000-ൽ പിന്മാറിയെങ്കിലും യുദ്ധത്തിൽ കോട്ടയ്ക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. തുടർന്ന് കോട്ടയുടെ അറ്റകുറ്റപ്പണികൾ തീർക്കാനും പുനരുദ്ധരിക്കാനുമായി വൻതോതിലുള്ള സംരക്ഷണ പദ്ധതികൾ ആരംഭിച്ചിരുന്നു. ഞായറാഴ്ചയോടെയാണ് വീണ്ടും കോട്ടയുടെ നിയന്ത്രണം ഇസ്രയേൽ ഏറ്റെടുത്തത്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെയും പ്രതിരോധമന്ത്രിയുടെയും നിർദ്ദേശപ്രകാരം ഇസ്രയേൽ സൈന്യം ലെബനനിലെ സൈനിക നീക്കം വിപുലീകരിച്ചിരുന്നു. തുടർന്ന് ലിതാനി നദി മുറിച്ചുകടന്ന് ബ്യൂഫോർട്ട് മലനിരകൾ പിടിച്ചെടുത്തു. ഗലീലിയിലെ ജനവാസ മേഖലകളുടെ സംരക്ഷണത്തിനും തങ്ങളുടെ സൈന്യത്തിന്റെ സുരക്ഷയ്ക്കും ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നാണിതെന്നാണ് പ്രതിരോധ മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കിയത്.

ദിവസങ്ങൾ നീണ്ട കടുത്ത പോരാട്ടങ്ങൾക്കും വ്യോമാക്രമണങ്ങൾക്കും ഒടുവിലാണ് ബ്യൂഫോർട്ട് കോട്ട ഇസ്രയേൽ സൈന്യം പിടിച്ചെടുത്തത്. കോട്ടയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിൽ വൻതോതിൽ ബോംബാക്രമണം നടത്തിയ ശേഷമാണ് സൈന്യം ഇവിടേക്ക് ഇരച്ചുകയറിയത്. ഹിസ്ബുള്ളയുമായി ശക്തമായ ഏറ്റുമുട്ടൽ നടക്കുന്ന നബാത്തിയക്ക് സമീപമുള്ള ദുർഘടമായ മലനിരകളിലൂടെയാണ് ഇസ്രയേൽ സൈന്യം മുന്നേറിയത്. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രയേൽ സഖ്യം ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെയാണ് ലെബനനിലെ പോരാട്ടവും രൂക്ഷമായത്. ഇതിന് പിന്നാലെ തെക്കൻ ലെബനന്റെ വലിയൊരു ഭാഗം ഇസ്രയേൽ കൈക്കലാക്കിയിരുന്നു. ഇതിനിടെ ലെബനനിലേക്ക് കൂടുതൽ ആഴത്തിൽ സൈനികനീക്കം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ അയൽരാജ്യമായ ലെബനനിലേക്ക് ഇസ്രയേൽ നടത്തുന്ന ഏറ്റവും വലിയ അധിനിവേശമാണിത്.

കോട്ട പൂർണ്ണമായും സൈന്യത്തിന്റെ സുരക്ഷാ വലയത്തിലായതോടെ ഇസ്രയേലിന്റെയും ഗോലാനി ബ്രിഗേഡിന്റെയും പതാകകൾ കോട്ടയ്ക്ക് മുകളിൽ ഉയർത്തി. ബ്യൂഫോർട്ട് മലനിരകളുടെയും വാദി അൽ-സലൂക്കി മേഖലയുടെയും നിയന്ത്രണം ഏറ്റെടുക്കുക എന്നതായിരുന്നു സൈനിക നീക്കത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം ഇറാന്റെ പിന്തുണയോടെ ഈ മലനിരകളിൽ ശക്തമായ അടിത്തറയുറപ്പിച്ചിരുന്ന ഹിസ്ബുള്ളയെയും അവരുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയും തകർക്കുക എന്നതും ലക്ഷ്യമിട്ടിരുന്നതായി ഐ.ഡി.എഫ്. വ്യക്തമാക്കി. ഈ സൈനിക നീക്കത്തിനിടെ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടതായി പ്രതിരോധ സേന അറിയിച്ചു. പുതിയ മുന്നേറ്റത്തോടെ ഇസ്രയേൽ സൈന്യത്തിന് വടക്കൻ ഇസ്രയേലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തെക്കൻ ലെബനനിലും കൃത്യമായ നിരീക്ഷണം സാധ്യമാകും.