ദീർഘകാല ശത്രുതയാണ് അമേരിക്കയും ഇറാനും തമ്മിലുള്ളത്. 1979-ലെ ഇസ്ലാമിക വിപ്ലവം മുതൽ ഏറ്റവും ഒടുവിലെ പ്രക്ഷോഭം വരെ അത് തുടരുകയും ചെയ്തു. എന്നാൽ, ശക്തമായ സൗഹൃദം നിലനിന്നിരുന്നൊരു കാലവും ഇരു രാജ്യങ്ങളുടേയും ചരിത്രത്തിലുണ്ട്.  ഇസ്ലാമിക വിപ്ലവത്തിനും മുൻപ്, ഇറാനിലെ അവസാനത്തെ രാജാവായ മുഹമ്മദ് റെസ ഷാ പഹ്‌ലവിയുടെ കാലത്തായിരുന്നു അത്. ആ പഴയ സൗഹൃദത്തിന്റെ അവശേഷിപ്പായി ഇറാനിലെ ആകാശത്ത് ഇപ്പോഴും അമേരിക്കൻ നിർമിത F-14 ടോംകാറ്റ് ഫൈറ്റർ ജെറ്റുകൾ പറക്കുന്നുണ്ട്. അമേരിക്കയുടെ ഇടപെടൽ ഉണ്ടായാൽ പോലും അവർക്കെതിരേ ഇറാൻ അണിനിരത്തുക ടോംകാറ്റ് ഉൾപ്പെടെയുള്ള സന്നാഹങ്ങളെ ആയിരിക്കും. ഒരുകാലത്ത് യുഎസ് നാവികസേനയുടെ അഭിമാനമായിരുന്ന ഈ വിമാനങ്ങൾ ഇപ്പോൾ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എയർഫോഴ്‌സിന്റെ മാത്രം സ്വന്തമാണ്. തകർക്കപ്പെട്ട നയതന്ത്രബന്ധത്തിന്റെ ഓർമപ്പെടുത്തലായാണ് അവ ഇപ്പോഴും നിലകൊള്ളുന്നത്.

To advertise here,

അമേരിക്കയും ഇറാനും ടോംകാറ്റ് വിമാനങ്ങളും

1960-കളുടെ അവസാനത്തിൽ അമേരിക്കൻ നാവികസേനയ്ക്കായി വികസിപ്പിച്ചെടുത്ത ഒരു സൂപ്പർസോണിക്, ഇരട്ട എഞ്ചിൻ ഫൈറ്റർ ജെറ്റാണ് ഗ്രൂമാൻ എഫ്-14 ടോംകാറ്റ്. വേരിയബിൾ-സ്വീപ് ചിറകുകളുള്ള ലോംഗ്-റേഞ്ച് ഇന്റർസെപ്റ്ററായാണ് ഇത് രൂപകൽപന ചെയ്തത്. AWG-9 റഡാർ പോലുള്ള നൂതന ഏവിയോണിക്‌സ് സംവിധാനങ്ങളുള്ള വിമാനമാണ് ടോംകാറ്റ്. ഒന്നിലധികം ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും വിഷൻ റേഞ്ചിന് പുറത്തുള്ള വിന്യാസങ്ങൾക്ക് വേണ്ടി AIM-54 ഫീനിക്‌സ് മിസൈലുകളുമായി ചേർന്ന് പ്രവർത്തിക്കാനും സാധിക്കും. എയർ സുപ്പീരിയോറിറ്റി, രഹസ്യാന്വേഷണം, LANTIRN പോഡുകൾ പോലുള്ള അപ്ഗ്രേഡുകളോടെ 2006 വരെ ഇത് യുഎസ് നാവികസേനയിൽ പ്രവർത്തനത്തിലുണ്ടായിരുന്നു.

1970-കളിലാണ് കഥയുടെ ആരംഭം. മുഹമ്മദ് റെസ ഷാ പഹ്‌ലവി ആയിരുന്നു അക്കാലത്തെ ഇറാന്റെ ഭരണാധികാരി. തങ്ങളോട് കൂറ് പുലർത്തിവന്ന പഹ്‌ലവിയിലൂടെ മധ്യേഷ്യയിലെ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായി ഇറാൻ മാറി. സോവിയറ്റ് യൂണിയന്റെ മിഗ്-25 വിമാന ഭീഷണികൾ ഇറാന് മുന്നിൽ വന്നപ്പോൾ ഇറാന് ആയുധം കൊടുത്ത് സംരക്ഷണമൊരുക്കിയത് അമേരിക്കയായിരുന്നു. 80 അത്യാധുനിക ടോംകാറ്റ് വിമാനങ്ങൾക്കായിരുന്നു ഇറാൻ ഓർഡർ നൽകിയത്. 79 എണ്ണം അമേരിക്ക കൈമാറി. 1976 നും 1978 നും ഇടയിലാണ് ഇവയുടെ കൈമാറ്റം നടന്നത്. പ്രോജക്ട് പേർഷ്യൻ കിങ് എന്നാണ് രണ്ട് ബില്ല്യൺ ഡോളർ വിലയുള്ള ഈ ഇടപാട് നടന്നത്.

യുഎസ് ടാസ്‌ക് ഫോഴ്‌സുകളുടെ മുൻനിരയിൽ മാത്രം ഉപയോഗിക്കപ്പെട്ടിരുന്ന വിമാനങ്ങളാണിവ. ശക്തമായ AWG-9 റഡാറും ദീർഘദൂര AIM-54 ഫീനിക്‌സ് മിസൈലുകളും കൊണ്ട് സജ്ജീകരിച്ചി ഈ വിമാനങ്ങൾ സ്വന്തമാക്കിയതോടെ ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര വ്യോമാധിപത്യം നേടുന്ന പോരാളികളുടെ ഉടമയായി ഇറാൻ മാറുകയായിരുന്നു. 2 ബില്ല്യൺ ഡോളറിനാണ് 80 എഫ്-14 വിമാനങ്ങൾ ഇറാൻ ഓർഡർ ചെയ്തത്. 714 AIM-54 ഫീനിക്‌സ് മിസൈലുകൾ, സ്‌പെയറുകൾ, പരിശീലനം എന്നിവ ഇതിലുൾപ്പെടുന്നു. 1976ൽ വിമാനങ്ങൾ ഇറാനിലെത്തി. യുഎസ് പൈലറ്റുമാരാണ് ഇവയെ പറത്തിക്കൊണ്ടുപോയത്. ഇവ പ്രവർത്തിപ്പിക്കാനായി അന്ന് 120 ഇറാനിയൻ ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്തു. ഇസ്ഫഹാന്റെ അടുത്തുള്ള ഖത്തമി എയർ ബേസിലായിരുന്നു ഇവയുടെ പ്രവർത്തനങ്ങൾ.

വിപ്ലവം തകർത്ത ബന്ധം

1979-ലെ ഇസ്ലാമിക വിപ്ലവം എല്ലാം മാറ്റിമറിച്ചു. ഷാ പെഹ്‌ലവി അധികാരത്തിൽനിന്ന് തെറിച്ചു. അതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒറ്റരാത്രികൊണ്ട് തകർന്നു. അമേരിക്ക ഉപരോധങ്ങൾ ഏർപ്പെടുത്തുകയും സൈനിക സഹകരണം പൂർണമായി അവസാനിപ്പിക്കുകയും ചെയ്തു. വിപ്ലവത്തെത്തുടർന്ന് കൂടുതൽ കൈമാറ്റങ്ങൾ നിർത്തിവെച്ചതോടെ അവസാനത്തെ ജെറ്റ് അമേരിക്ക നിലനിർത്തിയിരുന്നു. ഇതോടെ ഇറാൻ ടോംകാറ്റ് പോലെ സങ്കീർണ്ണമായ ഈ നാവികവ്യൂഹത്തിന്റെ ഉടമയായെങ്കിലും ഔദ്യോഗിക പിന്തുണയോ സ്‌പെയർ പാർട്‌സോ പരിപാലന സഹായമോ ലഭിക്കാതെയായി. ഉപരോധത്തോടെ വിമാനത്തിന്റെ ഭാഗങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള പിന്തുണ അമേരിക്ക അവസാനിപ്പിച്ചിരുന്നു. എന്നാൽ, റിവേഴ്‌സ് എഞ്ചിനീയറിംഗ്, ബ്ലാക്ക് മാർക്കറ്റ് വഴിയുള്ള സംഭരണങ്ങൾ, പുതിയ റഡാറുകൾ, അമേരിക്കയിൽ നിന്നല്ലാത്ത മിസൈലുകൾ ഉപയോഗിച്ചുള്ള അപ്‌ഗ്രേഡുകൾ എന്നിവയിലൂടെ നാൽപ്പതിലേറെ ടോംകാറ്റ് വിമാനങ്ങൾ ഇറാൻ കൈവശം നിലനിർത്തി. ഇറാൻ നടത്തിയ ഏറ്റവും വലിയ അതിജീവന തന്ത്രം കൂടിയായിരുന്നു അത്.

1980-1988 ഇറാൻ-ഇറാഖ് യുദ്ധസമയത്ത് ഈ വിമാനങ്ങളെ ഇറാൻ വിന്യസിച്ചിരുന്നു. ഇറാഖിനെതിരേ വിജയം നേടുന്നതിൽ ഈ വിമാനങ്ങൾ നിർണായകമായ പങ്ക് വഹിക്കുകയും ചെയ്തു. പക്ഷെ, അറ്റകുറ്റപ്പണികൾക്കായി സങ്കീർണമായ പരിമിതികളാണ് അവർ നേരിട്ടത്. ഇതിനെ മറികടക്കാൻ അന്ന് ഇറാൻ സ്വീകരിച്ച അസാധാരണമായ തന്ത്രങ്ങളുടെ ഫലമായാണ് ഇന്നും ഇറാനെ ടോംകാറ്റ് വിമാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സ്ഥിതിയിലേക്ക് വളർത്തിയത്.

സൈനിക നടപടികൾക്കിടെ നിലത്തുവീണ വിമാനങ്ങളെ 'കനബലൈസേഷൻ' (ഭാഗങ്ങൾ വേർപെടുത്തി ഉപയോഗിക്കൽ) ചെയ്ത് പറക്കുന്ന വിമാനങ്ങൾക്കായി ഘടകങ്ങൾ ശേഖരിക്കലായിരുന്നു ഇറാൻ പ്രധാനമായും ചെയ്തത്. കൂടാതെ ചില ഭാഗങ്ങളുടെ ആഭ്യന്തര ഉത്പാദനം ആരംഭിക്കുകയും ചെയ്തു. നവീകരണ പദ്ധതികളിലൂടെ ഏവിയോണിക്‌സ് ആധുനികവൽക്കരിക്കാൻ ശ്രമിച്ചെങ്കിലും ചിലത് വിജയിച്ചു, ചിലത് പൂർണമായും പാളിപ്പോയി.

ടോംകാറ്റ് 'വിരമിക്കുന്നു'

2006 സെപ്തംബറിലാണ് അമേരിക്കൻ നാവിക സേന F-14 വിമാനങ്ങൾ ശേഖരത്തിൽനിന്ന് ഒഴിവാക്കിയത്. പരിപാലനത്തിനുള്ള കൂടിയ ചെലവുകൾ, സ്‌പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവ് തുടങ്ങിയവയായിരുന്നു അമേരിക്കയുടെ തീരുമാനത്തിന് പിന്നിൽ. ഒരു മണിക്കൂർ തുടർച്ചായയി പറക്കാൻ 40 മണിക്കൂറിലധികം പരിപാലനമാണ് F-14 ഫൈറ്ററുകൾക്ക് വേണ്ടത്. ഇത് ഈ വിമാനങ്ങളുടെ കാര്യക്ഷമതയെ വളരെ പിന്നിലാക്കി. പ്രയാസമേറിയ വേരിയബിൾ-സ്വീപ് വിംഗുകളും കാലഹരണപ്പെട്ട സംവിധാനങ്ങളുമായിരുന്നു ഇതിന്റെ പ്രധാന കാരണം. ശീതയുദ്ധാനന്തരം അമേരിക്കയുടെ പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ചത് ചെലവുകൾ വർധിപ്പിക്കുകയും ഈ വിമാനങ്ങളെ പരിപാലിച്ചുകൊണ്ടുപോവുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്തു.

1991-ന് ശേഷം സോവിയറ്റ് ബോംബറുകൾക്കെതിരായ ടോംകാറ്റിന്റെ ഫ്‌ലീറ്റ് എയർ ഡിഫൻസ് കുറഞ്ഞുവന്നു, കൂടുതൽ സാങ്കേതികതയുള്ള സൂപ്പർ ഹോർനെറ്റ് കുറഞ്ഞ ചിലവിൽ വിവിധ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് 1991ൽ ഈ വിമാനങ്ങളുടെ നിർമാണം അമേരിക്ക അവസാനിപ്പിച്ചു. 2006ൽ ഇറാഖുമായി നടന്ന സംഘർഷത്തിലാണ് അമേരിക്ക ടോംകാറ്റ് ഫൈറ്ററുകൾ അവസാനമായി ഉപയോഗിച്ചത്. സേവനത്തിൽ നിന്ന് ഒഴിവാക്കിയ വിമാനങ്ങളിൽ പലതും അമേരിക്ക നശിപ്പിക്കുകയുണ്ടായി. വിമാനത്തിന്റെ ഭാഗങ്ങൽ ഇറാനിലേക്ക് എത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമേരിക്ക ഇത്തരത്തിൽ ചെയ്തത്. എന്നിരുന്നാലും നാഷണൽ നേവൽ ഏവിയേഷൻ മ്യൂസിയം പോലുള്ള ചില സ്ഥലങ്ങളിലും ടോപ്പ് ഗൺ: മാവെറിക് പോലുള്ള സിനിമകൾക്ക് വേണ്ടിയും പറക്കാൻ യോഗ്യമായ കുറച്ച് വിമാനങ്ങൾ ഇപ്പോഴും അമേരിക്കയുടെ കൈവശമുണ്ട്. പക്ഷെ പവർത്തന സജ്ജമായ വിമാന യൂണിറ്റുകളോ സൈനിക സംഘങ്ങളോ ഇല്ല.

നിലവിലെ സ്ഥിതിയെന്ത്?

നിലവിൽ ടോംകാറ്റ് വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ തന്നെ ഏക ഓപ്പറേറ്ററാണ് ഇറാൻ. എന്നാൽ ഈ നാവിക വ്യൂഹം ക്രമേണ ക്ഷയിച്ചുവരികയാണ്. ഇപ്പോൾ ഇറാന്റെ കൈവശമുള്ള പ്രവർത്തനക്ഷമമായ വിമാനങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ വ്യത്യസ്തമാണ്. ഈ രംഗത്തെ വിദഗ്ധർ പറയുന്നതനുസരിച്ച് നിലവിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന പത്തിനടുത്ത് ടോംകാറ്റ് വിമാനങ്ങൾ മാത്രമാണ് ഇറാന്റെ പക്കലുള്ളത്. എന്നാൽ 20 എണ്ണം വരെയുള്ളതായുള്ള മറ്റ് റിപ്പോർട്ടുകളുമുണ്ട്. ഇറാൻ-ഇറാഖ് യുദ്ധത്തിൽ (1980-1988) ഇറാൻ ഏകദേശം 16 F14 വിമാനങ്ങൾ ഇറാന് നഷ്ടമായിരുന്നു. 2025-ലെ ഇസ്രായേൽ ആക്രമണങ്ങളിൽ ചില ജെറ്റുകൾ നശിപ്പിക്കപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ടോംകാറ്റ് വിമാനങ്ങളിൽ പലതും ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടതായാണ് കണക്കുകൂട്ടൽ.

ഉപരോധങ്ങൾക്കിടയിലും ഇവയെ ഇറാൻ തദ്ദേശീയമായി പരിപാലിച്ചുവരികയാണ്. സൈനികനടപടികളുടെ മുൻനിരയിൽ ഇവയുണ്ട് താനും. എന്നാൽ ദശാബ്ദങ്ങൾക്ക് മുൻപ്, അറുപതുകളിൽ രൂപകൽപന ചെയ്തതും 2006ൽ അമേരിക്കൻ നാവികസേനയിൽ നിന്ന് ഒഴിവാക്കിയതുമായ ഈ വിമാനം സാങ്കേതികമായി കാലഹരണപ്പെട്ടതായാണ് വിദഗ്ധർ പറയുന്നത്. പക്ഷെ ഇറാനെ സംബന്ധിച്ചിടത്തോളം ടോംകാറ്റിന്റെ സാന്നിധ്യം കാലങ്ങളായുള്ള അവരുടെ പ്രതിരോധശേഷിയുടെ സാക്ഷ്യമാണ്. 1989-ൽ മെഡിറ്ററേനിയൻ കടലിൽ ലിബിയൻ മിഗ്-23 ഫൈറ്ററുകളെ തകർത്ത ചരിത്രം ഉൾക്കൊള്ളുന്നവയാണവ. ഇസ്ഫഹാൻ വ്യോമതാവളമാണ് ടോംകാറ്റ് വിമാനങ്ങളുടെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഇവയിൽ പ്രവർത്തിപ്പിക്കാൻ ശേഷിയില്ലാത്ത വിമാനങ്ങൾ മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയതായുള്ള റിപ്പോർട്ടുകളുമുണ്ട്.