റാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെ വജ്രായുധം പ്രയോഗിച്ച് ഇറാൻ. ഹോർമുസ് കടലിടുക്ക് അടച്ചുകൊണ്ട് ലോകവ്യാപാരത്തിന്റെ നട്ടെല്ല് ലക്ഷ്യമിട്ടിരിക്കുകയാണ് രാജ്യം. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സമാധാനസ്ഥിതി അസ്ഥിരമായതിനൊപ്പം ആഗോള ഊർജ വ്യാപാരവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലിനേയും കടന്നുപോവാൻ അനുവദിക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചുകഴിഞ്ഞു.

To advertise here,

അറേബ്യൻ കടലിനെയും പേർഷ്യൻ ഗൾഫിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ പാതയിലൂടെയാണ് ലോകത്തിന്റെ ഊർജ ആവശ്യങ്ങൾക്കുള്ള ഭൂരിഭാഗം പങ്ക് ഇന്ധനവും ഒഴുകുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചാൽ ആഗോള എണ്ണ വ്യാപാരത്തിലും അതുവഴി സമ്പദ്‌വ്യവസ്ഥയിലും വരാൻ പോകുന്നത് കടുത്ത പ്രതിസന്ധികളാവും.

കടലിലെ കുപ്പിക്കഴുത്ത്, തന്ത്രപ്രധാന കവാടം

പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന അതിപ്രധാനമായ ഒരു സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക്. വടക്ക് ഇറാനും തെക്ക് ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്സും (UAE) അതിരിടുന്ന ഈ ജലപാതയ്ക്ക് അതിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്ത് വെറും 33 കിലോമീറ്റർ മാത്രമാണ് ദൂരമുള്ളത്. ആകെ ദൈർഘ്യം ഏകദേശം 50 കിലോമീറ്ററോളം വരും. 60 മീറ്ററിലേറെ ആഴം എവിടേയുമില്ല. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയാണിത്. ഒമാനും ഇറാനും ഇടയിലുള്ള ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് ലോകത്ത് സമുദ്രമാർഗമുള്ള എണ്ണ വ്യാപാരത്തിന്റെ ഏകദേശം 25 ശതമാനവും കടന്നുപോകുന്നത്. ഇവിടെ കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന പാതയ്ക്ക് ഏകദേശം 3.2 കിലോമീറ്റർ വീതി മാത്രമാണുള്ളത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഓയിൽ ചോക്ക് പോയിന്റാണ് ഹോർമുസ് എന്നാണ് അമേരിക്കൻ എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷൻ വിശേഷിപ്പിച്ചിരുന്നത്. ഹോർമുസ് കടലിടുക്കിലൂടേയുള്ള നാവിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഇറാന്റെ മിലിട്ടറി വിഭാഗമായ റെവല്യൂഷണറി ഗാർഡ് ആണ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളായ സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നിവയെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന ഏക കവാടമാണിത്. ഒമാൻ ഉൾക്കടലിലേക്കും അറേബ്യൻ കടലിലേക്കും അതുവഴി മറ്റ് രാജ്യങ്ങളിലും ഇന്ധനമെത്താനുള്ള ഏക വഴിയും ഇതുതന്നെ. ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ കപ്പൽ പാതയിലൂടെ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ അസംസ്‌കൃത, സംസ്‌കരിച്ച ഉൽപ്പന്നങ്ങൾ നീങ്ങുന്നു. അസംസ്‌കൃത എണ്ണ മാത്രമല്ല, ഊർജ ആവശ്യങ്ങൾക്കാവശ്യമായ പ്രകൃതിവാതകവും ഈ ഇടുങ്ങിയ വഴിയിലൂടെയാണ് കടന്നുപോകുന്നത്. ഇത് ആഗോള എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് വരും. ഖത്തറിൽ നിന്നാണ് പ്രധാനമായും കയറ്റുമതി.

ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതയാണ് ഹോർമുസിനെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 'ചോക്ക് പോയിന്റ്' ആക്കി മാറ്റുന്നത്. ഇത് അടയ്ക്കുക എന്നത് ഇറാനെ സംബന്ധിച്ചിടത്തോളം ഒരു സൈനിക നീക്കത്തേക്കാൾ ഉപരിയായി ആഗോളതലത്തിൽ പ്രയോഗിക്കാവുന്ന ഏറ്റവും വലിയ സാമ്പത്തിക ആയുധമാണ്.

വ്യാപാരം അനുവദിക്കില്ലെന്ന് ഇറാൻ

ഹോർമുസ് വഴിയുള്ള വ്യാപാരം അനുവദിക്കില്ലെന്നും ഈ പാത അടച്ചിട്ടതായും ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചിട്ടുണ്ട്. ഇതോടെ ആഗോള കപ്പൽ ചരക്ക് നീക്കം ഗണ്യമായി കുറഞ്ഞു. ലോകത്തെ ആകെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് നടക്കുന്നത് ഈ പാതയിലൂടെയാണ്. ഹോർമുസ് അടച്ചതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. എസ്&പി ഗ്ലോബൽ മിന്റ് ഡാറ്റ അനുസരിച്ച് യുദ്ധം ആരംഭിച്ച ഫെബ്രുവരി 28ന് ഹോർമുസ് മേഖലയിൽ വളരെ കുറച്ച് ക്രൂഡ് ഓയിൽ ടാങ്കറുകൾ മാത്രമാണുണ്ടായിരുന്നത്. സംഘർഷ വിവരം പുറത്തുവന്നതിന് പിന്നാലെ കപ്പലുകൾ ഹോർമുസ് പാത ഉപേക്ഷിച്ചു. മറ്റ് ചില ടാങ്കറുകൾ മുൻകൂട്ടി നിശ്ചയിച്ച ചരക്ക് നീക്കം തന്നെ റദ്ദാക്കിയിട്ടുണ്ട്. ആക്രമണങ്ങൾ നടക്കുന്ന കരയിലാണെങ്കിലും അത് വൈകാതെ സമുദ്രമഖലയിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചരക്കുകൾക്ക് നേരെ ഡ്രോൺ ആക്രമണത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഭീഷണികളെ തുടർന്ന് കപ്പൽ ചരക്കുനീക്കം തടസ്സപ്പെട്ടാൽ അത് ഏഷ്യയുടെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥകളിലുടനീളം പ്രതിഫലിക്കും. മാത്രമല്ല, ഇറാന്റെ സ്വന്തം കയറ്റുമതിയിലും ഇത് ബാധിക്കും. അത് എണ്ണ കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന്റെ വരുമാനം ഇടിയുന്നതിലേക്കാവും എത്തിക്കുക. നിരവധി തവണ ആഗോള സംഘർഷങ്ങളിൽ ഹോർമുസ് അകപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പൂർണമായും അടച്ചിട്ടിട്ടില്ല. അങ്ങനെ ചെയ്യുന്നത് ഇറാൻ മലർന്നുകിടന്ന് തുപ്പുന്നതിന് തുല്യമാവും എന്നതിനാലാണത്. തങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഹോർമുസ് അടച്ചിടുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻപും സമാനമായ ഭീഷണികൾ ഉയർത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അടച്ചിട്ടിരുന്നില്ല. കപ്പൽ വേട്ടയ്ക്കും ആക്രമണത്തിനും പേരുകേട്ട മേഖല കൂടിയാണ് ഹോർമുസ് കടലിടുക്ക്. 2018ൽ ആണവകരാറിൽ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെ ഈ മേഖലയിലെ ഇത്തരം സംഭവങ്ങൾ വർധിക്കുകയും ചെയ്തിരുന്നു.

ഹോർമുസ് അടച്ചാൽ

എണ്ണ വിതരണത്തിലെ ഏറ്റവും വലിയ ചോക്ക് പോയിന്റാണ് ഹോർമുസ്. ഇത് അടച്ചാൽ ലോകത്തിന്റെ 20% എണ്ണ വിതരണം തടസ്സപ്പെടും. ഫലപ്രദമായ മറ്റ് റൂട്ടുകളില്ലെന്നതാണ് അതിന് കാരണം. സൗദി അറേബ്യയും യുഎഇയും ഹോർമുസിനെ ബൈപാസ് ചെയ്യാനുള്ള സമുദ്രപാത നിർമിച്ചിട്ടുണ്ട്. എന്നാൽ അതുവഴിയുള്ള ഗതാഗതത്തിനും പരിമിതികളുണ്ട്. പ്രതിദിനം 2.6 മില്ല്യൺ ബാരൽ ക്രൂഡ് ഓയിൽ മാത്രമേ ഇതുവഴി കടത്തിവിടാൻ കഴിയുകയുള്ളൂ. അതായത് 20 മില്യണിന്റെ വെറും 13% മാത്രമേ ഇത് വരികയുള്ളൂ. ഗൾഫ് മേഖലയിൽ നിന്ന് ഏറ്റവും എളുപ്പമുള്ള പാതയാണ് ഹോർമുസ് വഴിയുള്ളത്. സൂയസ് കനാൽ, ബാബ അൽ മൻദാബ് എന്നീ പാതകൾ ഉണ്ടെങ്കിലും അത് കപ്പൽ കമ്പനികൾക്കും കയറ്റുമതി രാജ്യങ്ങൾക്ക് ഭാരിച്ച ചെലവും സമയനഷ്ടവുമാണ് ഉണ്ടാക്കുക.

സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഇറാഖ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ എണ്ണ കയറ്റുമതി പൂർണമായും ഈ പാതയെയാണ് ആശ്രയിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ നിലയ്ക്കുന്നത് ലോകമെമ്പാടുമുള്ള പെട്രോൾ, ഡീസൽ വില കത്തിക്കും. ഹോർമുസ് കടലിടുക്ക് ഒരു ദിവസം പോലും അടച്ചാൽ എണ്ണ വിലയിൽ അത് വലിയ കുതിച്ചുചാട്ടമുണ്ടാക്കിയേക്കാം. നിലവിൽ 66-70 ഡോളറിന് അടുത്ത് നിൽക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില പെട്ടന്ന് 120 ഡോളർ മുതൽ 150 വരെ ഉയരാനുള്ള സാധ്യതകളുണ്ട്. ദീർഘകാലത്തേക്ക് അടച്ചിട്ടാൽ ബാരലിന് 200 ഡോളർ മുതലങ്ങോട്ടുള്ള വർധനവാണ് നിലവിലെ വിലയുടെ അടിസ്ഥാനത്തിൽ കണക്കുകൂട്ടുന്നത്. ഇപ്പോഴത്തെ വിലയുമായി താരതമ്യം ചെയ്താൽ 20-40% വർധനവാണിത്. ഇന്ധനവില മാത്രമല്ല, എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളാവും കൂടുതൽ ബാധിതരാവുക. പണപ്പെരുപ്പം, ഇന്ധനവിലയിലെ വർധനവ്, അതുവഴി ഗതാഗത ചെലവ്, വ്യവസായ ചെലവ് എന്നിവയിലടക്കം അത് പ്രകടമാവും. രാജ്യങ്ങളുടെ ഇറക്കുമതി ബില്ല് വർധിക്കുന്നത് സാമ്പത്തിക വളർച്ചയെ തന്നെ തകിടം മറിക്കാം. ലോക വിപണി സ്റ്റോക്കുകളും തകരാറിലാകാം. കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ഇൻഷുറൻസ് നിരക്കുകൾ വർധിപ്പിക്കുകയും ചരക്ക് നീക്കം മന്ദഗതിയിലാക്കുകയും ചെയ്യും.

ഹോർമുസ് വഴി കടന്നുപോവുന്ന ഇന്ധനത്തിന്റെ 84 ശതമാനവും ഏഷ്യൻ മാർക്കറ്റുകളിലേക്കാണ്. ഇറാന്റെ ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്. ഇറാന്റെ നിരന്തരം പിന്തുണയ്ക്കുന്ന രാജ്യം കൂടിയാണ് ചൈന. ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയാണ് എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ.

ഇന്ത്യയിലും കേരളത്തിലും ഇത് ആഘാതമുണ്ടാക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹോർമുസ് കടലിടുക്കിലെ ഏത് ചലനവും അതിനിർണ്ണായകമാണ്. നിലവിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. ഇന്ത്യ 85-90% ക്രൂഡ് ഇറക്കുമതി ചെയ്യുന്നുണ്ട്. അതിൽ 40-50% ഹോർമുസ് വഴി ഗൾഫിൽ നിന്നാണ്. ഇന്ധനവിതരണം തടസ്സപ്പെട്ടാൽ രാജ്യത്ത് പെട്രോൾ-ഡീസൽ വില പെട്ടെന്ന് ഉയരും ഗതാഗതം, കൃഷി, വ്യവസായം ബാധിക്കും. ഇറക്കുമതി ബില്ല് വർധിക്കുന്നതിലൂടെ രൂപയുടെ മൂല്യം തകരാറിലാവുകയും പണപ്പെരുപ്പം സാധാരണക്കാരെ പോലും സാരമായി ബാധിക്കുകയും ചെയ്യും. ദീർഘകാലത്തേക്ക് ഇത് തുടരുന്നത് ലോക സാമ്പത്തിക മാന്ദ്യത്തിലേക്ക് വരെ എത്തിച്ചേക്കാം.