പ്രതിരോധരംഗത്ത് സ്വയം ശക്തിയായി ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രതിരോധ കയറ്റുമതിയില്‍ രാജ്യം വേഗത്തില്‍ വളര്‍ച്ചയുണ്ടാക്കിയിട്ടുമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള ശ്രമങ്ങള്‍ അത്രകണ്ട് വിജയിക്കുന്നില്ല എന്നിടത്താണ് രാജ്യത്തിന്റെ പ്രതിസന്ധി കിടക്കുന്നത്. സൈനിക സാങ്കേതികവിദ്യാ രംഗത്ത് രാജ്യം കണക്കുകൂട്ടിയത്ര മുന്നോട്ടുപോകാത്തതിന് നിരവധി കാരണങ്ങളുണ്ട്. രാഷ്ട്രീയം, ഉദ്യോഗസ്ഥ മെല്ലെപ്പോക്ക്, ആവശ്യത്തിന് ഫണ്ട് ഇല്ലാതെ വരുന്നത്, സ്വകാര്യ പ്രതിരോധ കമ്പനികള്‍ ശക്തമാകാത്തത് തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. രാജ്യത്ത് പൊതുമേഖലയില്‍ മാത്രം പ്രതിരോധ ഗവേഷണവും വികസനവും നടത്തുക എന്നതായിരുന്നു മുന്‍കാലങ്ങളില്‍ അനുവര്‍ത്തിച്ചിരുന്ന നയം. അതിന്റെ തിക്തഫലങ്ങളാണ് ഇന്ന് രാജ്യം നേരിടുന്നത് എന്നതാണ് പൊതുവേ അനുമാനിക്കപ്പെടുന്നത്. പൊതുമേഖലയില്‍ മാത്രം പ്രതിരോധ ഗവേഷണവും വികസനവും എന്ന നയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പൊളിച്ചെഴുതിയത്. പ്രതിരോധരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അങ്ങനെ 70 ശതമാനത്തോളം അനുവദിക്കപ്പെട്ടു. ഇന്ത്യയുടെ പ്രശ്‌നം ഇതുകൊണ്ട് അവസാനിക്കുമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാം. മുമ്പ് പറഞ്ഞതുപോലെയുള്ള പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കാനും പരിഹരിക്കാനും സാധിച്ചാല്‍ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാകൂ. ലോക്​ഹീഡ് മാര്‍ട്ടിന്‍, ബോയിങ് തുടങ്ങിയവപോലെ ഇന്ത്യയുടെ സ്വന്തം സ്വകാര്യ പ്രതിരോധ കമ്പനികള്‍ ഉയര്‍ന്നുവന്നെങ്കില്‍ മാത്രമേ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാല ഭാവിയില്‍ പരിഹാരം കണ്ടെത്താനാകൂ. 

To advertise here,

ലോകത്തെ മികച്ച പ്രതിരോധ കമ്പനികളുടെ പട്ടിക നോക്കിയാല്‍ അതില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ്. ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് എടുത്തുപറയാന്‍ പറ്റുന്ന പ്രതിരോധ കമ്പനികൾ ഹിന്ദുസ്ഥാന്‍ എയ്‌റോണോടിക്‌സ് ലിമിറ്റഡും ബ്രഹ്‌മോസ് പ്രൈവറ്റ് ലിമിറ്റഡും മാത്രമാണ്. ഇതില്‍ ബ്രഹ്‌മോസ് മാത്രമാണ് സ്വകാര്യ കമ്പനി. അതുതന്നെ ഇന്ത്യ- റഷ്യ സംയുക്ത സംരംഭമാണ്. പ്രതിരോധ ഗവേഷണവും വികസനവും ആയുധ നിര്‍മാണവുമൊക്കെ നടത്തണമെങ്കില്‍ അതിന് വലിയ തോതിലുള്ള നിക്ഷേപവും സമയവും വേണം. എങ്കില്‍ മാത്രമേ ലോകോത്തര നിലവാരമുള്ള പ്രതിരോധ കമ്പനികള്‍ ഇന്ത്യയില്‍ വളര്‍ന്നുവരികയുള്ളൂ. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആയുധങ്ങള്‍ ഇന്ന് 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട് എന്നുള്ളത് കാണാതിരിക്കാനാകില്ല. എന്നാല്‍, തന്ത്രപരമായ പല സാങ്കേതികവിദ്യകളുടെയും വികസനത്തിന് ഇന്ത്യയ്ക്ക് വലിയ കാലതാമസമെടുക്കുന്നത് പ്രതിരോധരംഗത്ത് മാറിമാറി വന്ന സര്‍ക്കാരുകള്‍ തുടര്‍ന്ന നയങ്ങള്‍ മൂലമാണ്. അതിന് പൊളിച്ചെഴുത്ത് നടത്താന്‍ മോദി സര്‍ക്കാര്‍ കാണിച്ച ധൈര്യത്തെ പ്രശംസിക്കാതിരിക്കാനാവില്ല. ബ്രഹ്‌മോസ് മാതൃകയില്‍ ഇന്ത്യയില്‍ പ്രതിരോധ കമ്പനികള്‍ വരുന്നതിനെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രത്യേകിച്ച് യുദ്ധവിമാന മേഖലയിലും ആര്‍ട്ടിലറി, നാവിക രംഗങ്ങളിലും.

ഇറക്കുമതിയില്‍ നിന്ന് കയറ്റുമതിയിലേക്ക്

ഇന്ത്യയുടെ ദീര്‍ഘകാല ചരിത്രം നോക്കിയാല്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള സാമഗ്രികള്‍ വിദേശത്തുനിന്നായിരുന്നു വാങ്ങിയിരുന്നത്. ഇത് ഏതാണ്ട് 65 മുതല്‍ 70 ശതമാനത്തോളം വരുമായിരുന്നു. എന്നാല്‍, ഇന്നത് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ വിവിധ കമ്പനികള്‍ വഴി 65 ശതമാനം പ്രതിരോധ സാമഗ്രികളും ഇവിടെ തന്നെ നിര്‍മിക്കുന്നുമുണ്ട്. പ്രതിരോധ കയറ്റുമതിയിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്താന്‍ രാജ്യം ശ്രമിക്കുന്നുമുണ്ട്. 2014-15 സാമ്പത്തിക വര്‍ഷം 46,429 കോടിയുടെ പ്രതിരോധ ഉത്പാദനമാണ് ഇന്ത്യയില്‍ ഉണ്ടായത്. എന്നാല്‍, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 2023-24 വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ 1.27 ലക്ഷം കോടിയുടെ ഉത്പാദനമാണ് ഇന്ത്യ നടത്തിയത്. 174 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായത്. കയറ്റുമതിയുടെ കാര്യത്തില്‍ 2013-14 വര്‍ഷത്തില്‍ 686 കോടിയായായിരുന്നുവെങ്കില്‍ 2023-24 വര്‍ഷത്തില്‍ അത് 21,083 കോടിയായി കുത്തനെ ഉയര്‍ന്നു. 

പ്രതിരോധരംഗത്ത് സ്വയംപര്യാപ്തതരാകാന്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ കണ്ടില്ലെന്ന് നടക്കുന്നില്ല. ഇതിലെ പോരായ്മകളെന്തൊക്കെയാണെന്ന് നോക്കാം. ഇന്ത്യയിൽ ഏതാണ്ട് 430 അംഗീകൃത പ്രതിരോധ കമ്പനികളുണ്ട്. ചെറുകിട-സൂക്ഷ്മ- ഇടത്തരം രംഗത്ത് 16,000 സ്ഥാപനങ്ങളും പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇന്ത്യയിലെ പ്രധാന പ്രതിരോധ സ്ഥാപനങ്ങളെന്നത് ഇന്നും പൊതുമേഖലയിലുള്ളവയാണ്. 16 എണ്ണം. ഇവയെ സ്വകാര്യവത്കരിക്കണമെന്നല്ല പറയുന്നത്. പകരം കുറഞ്ഞത് ഇവയുടെ നിലവാരത്തിലേക്കെങ്കിലും ഉയര്‍ന്ന സ്വകാര്യ പ്രതിരോധ കമ്പനികള്‍ ഉണ്ടാകണമെന്ന കാര്യമാണ് ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ ഇന്ത്യയുടെ പ്രതിരോധ ഉത്പാദനരംഗത്തെ സ്വകാര്യമേഖലയുടെ സംഭാവന എന്ന് പറയുന്നത് 21 ശതമാനം മാത്രമാണ്. ഇത് ഉയര്‍ത്താൻ ആവശ്യമായ സമീപനമാണ് ഇനിയുണ്ടാകേണ്ടത്.  2020ലാണ് പ്രതിരോധമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം 74 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തോടെ 100 ശതമാനം നിക്ഷേപവും നടത്താമെന്നതായിരുന്നു 2020ലെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മുമ്പ് നേരിട്ടുള്ള നിക്ഷേപം 50 ശതമാനത്തിലും താഴെയായിരുന്നുവെന്നത് ഓര്‍ക്കണം. പുതിയ തീരുമാനം വന്നതോടെ 2024ലെ കണക്കുകള്‍ അനുസരിച്ച് 5,077 കോടിയുടെ നിക്ഷേപമാണ് പ്രതിരോധരംഗത്തേക്ക് മാത്രമായി വന്നത്. ഇത്രയൊക്കെ മതിയോ എന്ന് ചോദിച്ചാല്‍ പോര എന്ന് തന്നെ പറയണം.  

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയും ഉത്പാദനവുമൊക്കെ വര്‍ധിച്ചെങ്കിലും അതുവഴിയുണ്ടാകുന്ന വരുമാനം മെച്ചപ്പെടുമെങ്കിലും തന്ത്രപ്രധാനമായ സൈനിക സാങ്കേതിക വിദ്യയുടെ വികസനത്തിന് ഇത് മതിയാവില്ല. പക്ഷേ, അതിലേക്ക് വഴിതുറക്കുന്ന ദീര്‍ഘവീക്ഷണമുള്ള നടപടികള്‍ വളരെ വൈകിയെങ്കിലും തുടങ്ങിയെന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നുവെന്ന് മാത്രം. 

placeholder
തേജസ് യുദ്ധവിമാനം| ANI

കാലിടറുന്നതോ ഇടംകോലിടുന്നതോ?

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയും ഉത്പാദനവുമൊക്കെ വര്‍ധിച്ചുവെന്നത് മേല്‍സൂചിപ്പിച്ചുകഴിഞ്ഞു. അമ്യുണിഷന്‍, അഥവാ വെടിക്കോപ്പുകളും അവയുമായി ബന്ധപ്പെട്ട സാമഗ്രികളുമാണ് കൂടുതലായും ഇന്ത്യ നിര്‍മിക്കുന്നത്. ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത അതിനിര്‍ണായകം തന്നെയാണ്. നിരവധി രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇസ്രായേല്‍, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ യുക്രൈന്‍- ഷ്യ യുദ്ധത്തേ തുടര്‍ന്ന് സപ്ലൈ ചെയിനില്‍ തടസ്സമുണ്ടായതോടെ മറ്റ് രാജ്യങ്ങളും വെടിക്കോപ്പുകള്‍ സംഭരിക്കാന്‍ ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി പീരങ്കികളും യുദ്ധ ടാങ്കുകളും യുദ്ധവിമാനവും അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും വിമാനവാഹിനിയുമൊക്കെ നിര്‍മിക്കുന്നുണ്ട്. ഇനി ഈ മേഖലയില്‍ ഇന്ത്യ ഒരു ലോകശക്തിയാണോ എന്ന് ചോദിച്ചാല്‍ അതില്‍ പാതി ശരിയും പാതി തെറ്റുമാണ്. ആര്‍ട്ടിലറി ഗണ്ണുകളുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തരാണ്. എന്നാല്‍, ചില ആര്‍ട്ടിലറി ഗണ്ണുകളുടെ കാര്യത്തില്‍ അതിൽ ഉപയോഗിക്കുന്ന നാവിഗേഷന്‍ സംവിധാനങ്ങള്‍ക്ക് ഇപ്പോഴും വിദേശ ആശ്രിതത്വമുണ്ട്.

യുദ്ധടാങ്കുകള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ ഇന്ത്യയ്ക്ക് വൈദഗ്ധ്യമുണ്ട്. അക്കാര്യത്തില്‍ മറ്റ് ലോകശക്തികളോട് ഇന്ത്യന്‍ കമ്പനികള്‍ കിടപിടിക്കും. എന്നാല്‍, യുദ്ധടാങ്കുകളെ മുന്നോട്ടുനയിക്കേണ്ട പ്രധാന ഭാഗം അതിന്റെ എന്‍ജിനാണ്. 1400 എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കാനാകുന്ന ഡീസല്‍ എന്‍ജിനാണ് ഇന്ത്യയുടെ പ്രധാന യുദ്ധടാങ്കായ അര്‍ജുൻ ടാങ്കുകള്‍ക്ക് വേണ്ടത്. ഇത് നിലവില്‍ വാങ്ങുന്നത് ജര്‍മന്‍ കമ്പനിയില്‍ നിന്നാണ്. നിലവില്‍ കമ്പനിയുടെ സപ്ലൈ ചെയിനുകളില്‍ യുക്രൈന്‍- റഷ്യാ സംഘര്‍ഷത്തെ തുടര്‍ന്ന് താളംതെറ്റിയ നിലയിലാണ്. അത് എന്‍ജിന്‍ വിതരണത്തെ ബാധിക്കുന്നുമുണ്ട്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധവിമാനമാണ് തേജസ്. അതിന്റെ എയര്‍ഫ്രെയിം, ഡിസൈന്‍, റഡാര്‍, ആയുധങ്ങള്‍ ഒക്കെയും ഇന്ത്യന്‍ നിര്‍മിതമാണ്. സുപ്രധാന ഭാഗമായ വിമാന എന്‍ജിന് അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിനെ ആശ്രയിക്കണം. അവര്‍ എന്‍ജിനുകള്‍ നല്‍കാൻ വൈകുന്നത് മൂലം വ്യോമസേനയുടെ ആവശ്യത്തിനനുസരിച്ച് വിമാനങ്ങള്‍ കൈമാറാന്‍ സാധിക്കുന്നുമില്ല. അതിന്റെകൂടെ ഉത്പാദനത്തിലുണ്ടാകുന്ന കാലതാമസം വേറെയും. തദ്ദേശീയമായ കാവേരി എന്‍ജിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ എവിടെവരെയെത്തി എന്നുള്ളതും ഇന്ത്യന്‍ പ്രതിരോധ ഗവേഷണത്തിന്റെ പോരായ്മ വെളിപ്പെടുത്തുന്നു. തേജസ് വിമാനത്തിന്റെ വികസനവും ഇങ്ങനെ വലിയൊരു കാലയളവിനെത്തുടര്‍ന്നാണ് പൂര്‍ത്തിയായത്.

ഇന്ത്യ തദ്ദേശീയമായി യുദ്ധക്കപ്പലുകള്‍ ഡിസൈന്‍ ചെയ്യുന്നുണ്ട്. സ്വന്തമായി വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മിക്കാനും ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിൽ ഉപയോഗിക്കുന്നത് ജനറല്‍ ഇലക്ട്രിക്കിന്റെ എല്‍എം2500 എന്ന ഗ്യാസ് ടര്‍ബൈന്‍ എന്‍ജിനുകളാണ്. ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ക്കുള്ള എന്‍ജിനുകള്‍ക്ക് വേണ്ടി യുക്രൈന്‍, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളെ ആണ് ആശ്രയിക്കുന്നത്. അത്യാധുനിക ആളില്ലാ യുദ്ധവിമാനം, അഞ്ചാംതലമുറ വിമാനം തുടങ്ങിയവയുടെ കാര്യത്തിലെ തളര്‍ച്ചയും കാണാതിരിക്കാനാകില്ല. ഇനി പറയൂ, ഇന്ത്യയുടെ പ്രതിരോധ-ഗവേഷണരംഗം സ്വയംപര്യാപ്തമാണോ അല്ലയോ?

placeholder
അര്‍ജുന്‍ ടാങ്ക്| AFP

കണ്ണുതുറക്കാൻ വൈകരുത്

ഇന്ത്യയുടെ പ്രതിരോധരംഗത്തെ ഗവേഷണ-വികസനത്തിനായുള്ള പണം ചെലവിടല്‍ അതിദയനീയമാംവിധം കുറവാണ്. ജിഡിപിയുടെ 0.64 ശതമാനം മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയിലുണ്ടാകുന്നുള്ളു. ഇതില്‍ 90 ശതമാനവും കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് തന്നെയാണ്. എന്നുവച്ചാല്‍ പൊതുജനത്തിന്റെ പണം. അമേരിക്ക പ്രതിരോധ-ഗവേഷണ രംഗത്ത് ജിഡിപിയുടെ 3.47 ശതമാനമാണ് ചെലവിടുന്നത്. ചൈനയാകട്ടെ 2.41 ശതമാനവും. ചെറിയ രാജ്യമാണെങ്കിലും ഇസ്രായേല്‍ 5.71 ശതമാനം തുക പ്രതിരോധ ഗവേഷണത്തിനായി മാറ്റിവെയ്ക്കുന്നു. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ പണമിറക്കുന്നതിന് നിരവധി പരിമിതികളുണ്ട്. മറ്റ് രാജ്യങ്ങളേപ്പോലെയല്ല ഇന്ത്യയുടെ അവസ്ഥ. ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ ദീര്‍ഘകാലത്തേയ്ക്ക് വലിയ തുക നിക്ഷേപിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അങ്ങനെ വരുമ്പോള്‍ പ്രതിരോധരംഗത്ത് ആവശ്യത്തിന് പണം ചെലവിടാന്‍ സാധിക്കണമെന്നില്ല. ഈ പ്രതിസന്ധിയെ അഭിസംബോധന ചെയ്യേണ്ടത് സ്വകാര്യ മേഖലയെക്കൂടി പങ്കാളിയാക്കിക്കൊണ്ടാണ് എന്നതാണ്  ഉയരുന്ന ഒരു പ്രധാന വാദം. 

പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യയില്‍ സ്വകാര്യ പങ്കാളിത്തമെന്നത് വളരെ കുറവാണ്. 36.4 ശതമാനം മാത്രമാണ് ഇക്കാര്യത്തില്‍ സ്വകാര്യപങ്കാളിത്തമെന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇന്ത്യ മുന്‍കാലങ്ങളില്‍ തുടര്‍ന്നുവന്ന നയമാണ് ഇതിന് കാരണം. പ്രതിരോധരംഗത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമായിപ്പോയതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഇന്ത്യ പിന്നിലായത്. അയല്‍രാജ്യമായ ചൈനപോലും ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ 75 മുതല്‍ 77 ശതമാനം വരെ സ്വകാര്യ കമ്പനികള്‍ പ്രതിരോധ ഗവേഷണ- വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. പ്രതിരോധരംഗത്തെ വന്‍ശക്തിയായി നില്‍ക്കാന്‍ അവരെ സഹായിക്കുന്നതും സ്വകാര്യ കമ്പനികളുടെ പങ്കാളിത്തംകൊണ്ടുകൂടിയാണ്. ഇന്ത്യയും ഈ ചുവടുപിടിച്ച് മുന്നോട്ടുപോകണം. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ലോക്ഹീഡ് മാര്‍ട്ടിനേപ്പോലെയോ ബോയിങ്ങിനെപ്പോലെയോ ഉള്ള കമ്പനികള്‍ വളരാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകണം. സ്വകാര്യ രംഗത്ത് ഇത്തരം കമ്പനികള്‍ വരണമെങ്കില്‍ അതിന് ആഴത്തിലുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരും. ലോക്ഹീഡ്  മാര്‍ട്ടിനെപ്പോലെയൊരു സ്വകാര്യ കമ്പനി ഇന്ത്യയില്‍ ഉദയം കൊള്ളണമെങ്കില്‍ അതിന് വലിയതോതിലുള്ള നിക്ഷേപവും സര്‍ക്കാര്‍ സഹായവും ഒക്കെ വേണ്ടിവരും. ഗവേഷണരംഗത്ത് കഴിവുള്ള ഒരു തലമുറ ഉണ്ടായി വരേണ്ടതുമുണ്ട്. 

കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്‌നത്തിനെ മനസിലാക്കിയതിനെ തുടര്‍ന്ന് 2023ല്‍ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ആക്ട് എന്നൊരു നിയമം പാര്‍ലമെന്റ് പാസാക്കി. ശാസ്ത്ര-പ്രതിരോധ- കാര്‍ഷിക മേഖലകളിലെ ഗവേഷണത്തിന് കൂടുതല്‍ പങ്കാളിത്തം ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. ഇതൊക്കെ മുമ്പെ നടക്കേണ്ടതായിരുന്നു. 'ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍' എന്നാണല്ലോ. ഒരിക്കലുമില്ലാതിരിക്കുന്നതിനേക്കാള്‍ നല്ലത് വൈകിയാണെങ്കിലും തുടങ്ങിവെയ്ക്കുന്നതാണ്. ഇതൊക്കെയാണെങ്കിലും നിലവില്‍ പ്രതിരോധരംഗത്തെ പ്രധാന ചാലകശക്തിയെന്ന് പറയുന്ന പൊതുമേഖലയുടെ അവസ്ഥയും ഇക്കാര്യത്തില്‍ പരിഗണിക്കാതിരിക്കാനാകില്ല.

placeholder
തദ്ദേശീയമായി വികസിപ്പിച്ച എ.ടി.എ.ജി.എസ് പീരങ്കി| ANI

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ചുവപ്പ് നാടകളും

ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ 21-ാം നൂറ്റാണ്ടിന്റെ ആവശ്യകതയ്‌ക്കൊത്തല്ല പ്രവര്‍ത്തിക്കുന്നത് എന്നത് ഏതൊരു ഇ ക്കാരനുമറിയാം. മറ്റേത് മേഖലകളിലേതുമെന്നതുപോലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അതേ സ്വഭാവ സവിശേഷതകളാണ് പ്രതിരോധരംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമുള്ളത്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം. അധികാരക്കസേരയെ സ്ഥാപനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളേക്കാള്‍ പ്രധാനമായി കരുതുന്ന ഉദ്യോഗസ്ഥ സംവിധാനമാണ് ഇന്ത്യയുടെ ശാപം. ഇത് പുതിയ ആശയങ്ങളുടെ ഒഴുക്കിനെയും അതിന്റെ വികാസത്തിന്റെ വേഗതയെയും അണകെട്ടി തടയുന്നു. ഇന്ത്യയില്‍ ഒരു പദ്ധതി നടപ്പിലാക്കിയെടുക്കാനായി വേണ്ടിവരുന്ന ഉദ്യോഗസ്ഥ- ഫയല്‍ നീക്കങ്ങളുടെ ദീര്‍ഘകാലമായ കാലപരിധി വിശ്വവിഖ്യാതമാണ്.  ആകാശമിടിഞ്ഞുവീണാലും നിര്‍ദിഷ്ടപാതയില്‍കൂടി മാത്രമേ ആ ഫയലുകള്‍ സഞ്ചരിക്കൂ. ഒരു ഫയലില്‍ തീരുമാനമെടുക്കാന്‍ ഉണ്ടാകുന്ന കാലതാമസം എത്രവലുതാണെന്ന് ചിന്തിക്കാന്‍ പോലുമാകില്ല. ഫയലുകളിലെ സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങിയാണ് മിക്ക തീരുമാനങ്ങളും നടപ്പിലാകാതെ പോകുന്നതെന്നതാണ് യാഥാര്‍ഥ്യം. 

മറ്റൊന്ന് കാലം മാറുന്നതിനനുസരിച്ചുള്ള കഴിവുള്ള ഉദ്യോഗസ്ഥ- തൊഴിലാളി സംവിധാനം ഇന്ത്യയ്ക്ക് ഇനിയും പ്രാവര്‍ത്തികമാക്കാനായിട്ടില്ല എന്നുള്ളതാണ്. വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ആധുനിക സാഹചര്യങ്ങളുമായി ഒത്തുപോകുന്ന തൊഴില്‍ പരിചയമുള്ള വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരോ തൊഴിലാളികളോ ഇന്ത്യയിലില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ഇന്ത്യയിലെ ഉദ്യോഗസ്ഥ സംവിധാനവുമായി മല്ലിടാന്‍ നില്‍ക്കാതെ നാടുവിട്ട് വിദേശത്ത് പോകാനുള്ള താത്പര്യം ഇന്ത്യന്‍ യുവാക്കളില്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ നില്‍ക്കുന്നതിനേക്കാള്‍ അവസരങ്ങളും സാധ്യതകളും അവര്‍ വിദേശത്ത് കാണുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഇത് ഇന്ത്യയ്ക്ക് ഉണ്ടാക്കുന്ന മസ്തിഷ്ക്ക ശോഷണത്തിന്റെ പ്രത്യാഘാതം ഭാവിയിലാണ് അനുഭവപ്പെടുക. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ നിലവിലെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ആ രീതിയിലേക്കുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞെങ്കിലും അതിന് എത്രവേഗമെന്നതാണ് പ്രധാനം.