
നോണ്‍ വെജ് പാലോ...! പാലുത്പന്നങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തില്‍ കുടുങ്ങിയിരിക്കുകയാണ് ഇന്ത്യ-അമേരിക്ക വ്യാപാരക്കരാര്‍. ഇന്ത്യന്‍ വിപണി അമേരിക്കന്‍ ഡയറി ഉത്പന്നങ്ങള്‍ക്കായി തുറന്നുതരണമെന്നാണ് ട്രംപിന്റെ ആവശ്യം. എന്നാല്‍, നോണ്‍ വെജ് പാലുത്പന്നങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ വിപണി തുറന്നുവെയ്ക്കാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അമേരിക്കയില്‍ കന്നുകാലികളെ വളര്‍ത്തുന്ന രീതിയിലാണ് ഇന്ത്യ ഇടഞ്ഞിരിക്കുന്നത്. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാന്‍ ഇന്ത്യയും യുഎസും ലക്ഷ്യമിടുന്നുണ്ടെങ്കിലും പാല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി സംബന്ധിച്ച ചര്‍ച്ചകള്‍ നിലച്ചിരിക്കുകയാണ്. സാംസ്‌കാരികമായ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് യുഎസ് പാല്‍ ഉത്പന്നങ്ങള്‍ ഇന്ത്യ നിരസിക്കുന്നത്. 'സസ്യാഹാരമല്ലാത്ത പാല്‍' എന്നതാണ് ഇന്ത്യയുടെ പ്രശ്‌നം. ഇത് ചൂണ്ടിക്കാട്ടി അമേരിക്കയില്‍നിന്നുള്ള ഡയറി ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ അനുമതി നിഷേധിക്കുന്നു. എന്താണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ പാലിനെ ചൊല്ലിയുള്ള പ്രശ്‌നം? അമേരിക്കന്‍ പാല്‍ എങ്ങനെ നോണ്‍ വെജ് ആയി?
എന്താണ് നോണ്‍ വെജിറ്റേറിയന്‍ പാല്‍?
പാലുത്പന്നങ്ങള്‍ മാംസാഹാരമാണോ അല്ലയോ എന്നതില്‍ ഇന്ത്യയ്ക്ക് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ, പാല്‍ സസ്യാഹാരമാണ്. എന്നാല്‍, അമേരിക്കയില്‍ നിന്നുള്ള പാല്‍ ഉത്പന്നങ്ങളെ, ഉത്പാദനരീതിയുടേയും ഉറവിടത്തിന്റേയും അടിസ്ഥാനത്തില്‍ 'നോണ്‍ വെജ്' എന്ന വിഭാഗത്തിലാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ പാലിനെ ഇന്ത്യ നോണ്‍ വെജിറ്റേറിയൻ പട്ടികയിൽപെടുത്തിയത് കന്നുകാലികള്‍ക്ക് കൊടുക്കുന്ന തീറ്റയില്‍ മറ്റ് മൃഗങ്ങളുടെ മാംസമോ കൊഴുപ്പോ പാലോ രക്തമോ തുടങ്ങിയവ അടങ്ങിയിട്ടുണ്ടെന്നതിനാലാണ്. ഈ രീതി അമേരിക്കയില്‍ അനുവദനീയവും സാധാരണവുമാണ്. എന്നാല്‍, ഇന്ത്യയില്‍ ഈ രീതി പിന്തുടരുന്നില്ല. അതിനാല്‍ ഇന്ത്യന്‍ പാലും പാലുത്പന്നങ്ങളും വെജിറ്റേറിയൻ വിഭാഗത്തിലും അമേരിക്കന്‍ പാലും പാലുത്പന്നങ്ങളും നോണ്‍ വെജിറ്റേറിയൻ വിഭാഗത്തിലുമായി കണക്കാക്കുന്നു.
2023-ലെ ലോക അറ്റ്‌ലസ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഇന്ത്യയിലെ ആകെ ജനങ്ങളില്‍ 38 ശതമാനം പേര്‍ സസ്യാഹാര രീതിയാണ് പിന്തുടരുന്നത്. ഇന്ത്യയില്‍ സസ്യാഹാരികള്‍ ആ ഭക്ഷണരീതി പിന്തുടരുന്നത് സംസ്‌കാരത്തേയോ മതത്തിന്റെ ചട്ടക്കൂടോ അടിസ്ഥാനപ്പെടുത്തിയാണ്. അവയല്ലാത്തവയും ഉണ്ടെങ്കിലും ഭൂരിഭാഗം ആളുകളും വെജിറ്റേറിയനാവുന്നത് ഇത്തരം ചട്ടക്കൂടുകള്‍ക്കുള്ളിലെ രീതികള്‍ പിന്തുടര്‍ന്നാണ്. ഇന്ത്യയില്‍ കന്നുകാലികളുടെ പാല്‍, നെയ്യ് തുടങ്ങിയവ ഹിന്ദു ആചാരങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതേസമയം, ഇന്ത്യക്കാര്‍ക്കടക്കം പല രാജ്യങ്ങള്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത, വിവാദപരമായ പലതരം മിശ്രിതങ്ങള്‍ ചേര്‍ന്ന തീറ്റയാണ് അമേരിക്കയില്‍ കന്നുകാലികള്‍ക്കായി തയ്യാറാക്കുന്നത്. ഇത് വിശദമാക്കുന്ന പല റിപ്പോര്‍ട്ടുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. പന്നികള്‍, കോഴികള്‍, കുതിരകള്‍, നായ്ക്കള്‍, പൂച്ചകള്‍ തുടങ്ങിയവയുടെ മാംസം ഉണക്കിപ്പൊടിച്ചത്, പന്നികളുടെയും കുതിരകളുടെയും രക്തം, കന്നുകാലികളില്‍നിന്നുള്ള ഉരുക്കിയ കൊഴുപ്പ് (tallow), കോഴിത്തൂവലുകള്‍, വൈക്കോല്‍ ഉള്‍പ്പെടെയുള്ള വിരിപ്പുകള്‍, കോഴി കാഷ്ഠം മുതലായവയാണ് കാലിത്തീറ്റയില്‍ അടങ്ങിയിരിക്കുന്നത്.
കന്നുകാലികള്‍ക്കുള്ള ഈ തീറ്റകളില്‍നിന്ന് പശുക്കള്‍ക്കുള്ള രോഗവ്യാപന സാധ്യത തടയാന്‍ കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും ഈ രീതി ഇന്ത്യയ്ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് പ്രശ്‌നം. ഇക്കാര്യം അമേരിക്കയെ ഇന്ത്യ അറിയിച്ചിട്ടുമുണ്ട്. ഇറക്കുമതി ചെയ്യുന്ന പാല്‍ ഉത്പന്നങ്ങള്‍ക്കൊപ്പം, പാല്‍ എടുക്കുന്ന മൃഗങ്ങള്‍ക്ക് ഇത്തരം തീറ്റകള്‍ നല്‍കിയിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് ഇന്ത്യ നിര്‍ബന്ധം പിടിക്കുന്നു. മൃഗങ്ങളുടെയോ പന്നിയുടെയോ മാംസപ്പൊടി, എല്ലുപൊടി, ആന്തരികാവയവങ്ങള്‍, രക്തപ്പൊടി, കോശങ്ങള്‍ എന്നിവയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന തീറ്റ ഈ മൃഗങ്ങള്‍ക്ക് ഒരിക്കലും നല്‍കിയിട്ടില്ല' എന്ന ഉറപ്പ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കേണ്ടത്.
അനാവശ്യ വ്യാപാരതടസ്സമെന്ന് അമേരിക്ക
ഇന്ത്യയില്‍ പാലും നെയ്യുമെല്ലാം ദൈനംദിന ജീവിതത്തിലും ആചാരങ്ങളിലും വലിയ പ്രാധാന്യമുള്ളവയാണ്. മാംസമോ രക്തമോ ഭക്ഷിച്ച പശുവിന്റെ പാലില്‍ നിന്നുണ്ടാക്കിയ വെണ്ണ കഴിക്കുന്നത് ഇന്ത്യയിലെ സസ്യാഹാരികള്‍ക്ക് സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ലെന്നാണ് ഈ വിഷയത്തെ കുറിച്ച് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അജയ് ശ്രീവാസ്തവ പ്രതികരിച്ചത്. ഇന്ത്യയുടെ ഈ ആവശ്യം 'അനാവശ്യമായ വ്യാപാരതടസ്സമാണ്' എന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍, പാല്‍ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
കാലിത്തീറ്റയില്‍ മാംസാഹാരത്തിന്റെ മിശ്രിതം അടങ്ങിയിട്ടുണ്ടെങ്കില്‍ അത്തരം പാക്കറ്റുകള്‍ക്ക് പ്രത്യേക ലേബലിങ് നല്‍കണമെന്നാണ് ഇന്ത്യയിലെ നിയമം അനുശാസിക്കുന്നത്. കാലിത്തീറ്റയില്‍ മാംസം അടങ്ങിയിട്ടുണ്ടെങ്കില്‍ പാക്കറ്റില്‍ നോണ്‍ വെജ് ലേബല്‍ നല്‍കണമെന്ന് 2021-22-ലാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചത്. എന്നാല്‍, ഈ നീക്കം അന്നേ അമേരിക്കന്‍ കമ്പനികളില്‍നിന്നും വ്യാപാര സംഘടനകളില്‍നിന്നുമുള്ള എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. പാല്‍ പശുവിന്റെ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഒന്നായതുകൊണ്ടും അത് തീറ്റയില്‍നിന്ന് നേരിട്ട് ഉണ്ടാവാത്ത ഒന്നായതിനാലും സസ്യാഹാരമായിത്തന്നെ കണക്കാക്കണമെന്നാണ് അവരുടെ ആവശ്യം.
സസ്യാഹാരം കഴിക്കുന്ന പശുക്കളുടെയും സസ്യേതര ആഹാരം കഴിക്കുന്ന പശുക്കളുടെയും പാലുകൾ തമ്മില്‍ സൂക്ഷ്മമായ വ്യത്യാസങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ആരോഗ്യത്തിലോ രുചിയിലോ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക് വ്യത്യാസം നോണ്‍ വെജ് ലേബലില്‍ അല്ലാതെ തിരിച്ചറിയാന്‍ പോലും സാധിക്കില്ല. പാലിലെ മാംസ അംശത്തിന്റെ അളവ് തിരിച്ചറിയാന്‍ സങ്കീര്‍ണമായ ലാബ് പരിശോധനകളിലൂടെ സാധിക്കും. ഫാറ്റി ആസിഡ് പ്രൊഫൈല്‍, കാര്‍ണിറ്റൈന്‍ അളവ്, അല്ലെങ്കില്‍ മീനെണ്ണയുടെ അംശം പോലുള്ള ചില മാര്‍ക്കറുകളാണ് ലബോറട്ടറി പരിശോധനയിലൂടെ കണ്ടെത്താനാവുക. പാല്‍ മാത്രം വിശകലനം ചെയ്തുകൊണ്ട് ഒരു പശുവിന് സസ്യാഹാരമാണോ മാംസാഹാരമാണോ നല്‍കിയതെന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ നിലവില്‍ വിശ്വസനീയമായ ഒരു രീതിയുമില്ല.
ഈ വിഷയം ലോക വ്യാപാര സംഘടനയില്‍ (WTO) ഉന്നയിക്കപ്പെട്ടിട്ടുണ്ട്. 2024 നവംബറില്‍ ഇന്ത്യ അവതരിപ്പിച്ച പുതുക്കിയ ക്ഷീരോല്‍പ്പന്ന സര്‍ട്ടിഫിക്കേഷനില്‍ ഇത്തരം എതിര്‍പ്പുകളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് യുഎസ് സൂചിപ്പിച്ചിട്ടുണ്ട്.
എന്തിനാണ് പശുക്കള്‍ക്ക് നോണ്‍ വെജ് തീറ്റ?
ചെലവ് കുറവാണെന്നതിനാലാണ് അമേരിക്കയിലെ കന്നുകാലി കര്‍ഷകര്‍ ഇത്തരത്തിലുള്ള രീതികള്‍ പിന്തുടരുന്നത്. അത് മാത്രമല്ല, കന്നുകാലികള്‍ക്ക് ഭക്ഷണത്തിലൂടെ ലഭിക്കുന്ന പ്രോട്ടീന്റെ അളവ് വര്‍ധിപ്പിക്കാനും മാംസ സംയുക്തങ്ങളോ മിശ്രിതങ്ങളോ കാലിത്തീറ്റകളില്‍ ചേര്‍ക്കാറുണ്ട്. മത്സ്യപ്പൊടി പ്രോട്ടീനും ഒമേഗ ഫാറ്റി ആസിഡുകളും നല്‍കുന്നു. കുറഞ്ഞ ചെലവില്‍ ലഭ്യമായ കോഴി വേസ്റ്റ് പശുക്കള്‍ക്ക് പോഷകസമൃദ്ധമായ തീറ്റയാണ്. പന്നിയുടെയോ പശുവിന്റെയോ കൊഴുപ്പ് കന്നുകാലികളില്‍ നിന്നുള്ള പാലിലെ കലോറി വര്‍ധിപ്പിക്കാനായി കാലിത്തീറ്റയില്‍ ചേര്‍ക്കുന്നു. അമേരിക്ക, ബ്രസീല്‍, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം രീതികള്‍ സാധാരണമാണ്. അമേരിക്കയെ കൂടാതെ, പല രാജ്യങ്ങളും, പ്രത്യേകിച്ച് പാല്‍, ബീഫ് ഉത്പാദനം പ്രധാനമാക്കിയ രാജ്യങ്ങളില്‍ മാംസം, എല്ലുകള്‍, മത്സ്യപ്പൊടി, മൃഗക്കൊഴുപ്പ് എന്നിവ അടങ്ങിയ തീറ്റയാണ് പശുക്കള്‍ക്ക് നല്‍കുന്നത്. ചെലവ് കുറയ്ക്കുന്നതിനായി ബ്രസീലില്‍ കോഴി വേസ്റ്റ്, മത്സ്യപ്പൊടി, മൃഗക്കൊഴുപ്പ് എന്നിവ സാധാരണയായി ഉപയോഗിക്കുന്നു. ചൈനയില്‍, വ്യാവസായിക കൃഷിയില്‍ മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള മിശ്രിത തീറ്റ വ്യാപകമാണ്. യൂറോപ്പ്, റഷ്യ, മെക്‌സിക്കോ, തായ്‌ലാൻഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും ഇത്തരം തീറ്റ രീതികള്‍ സാധാരണമാണ്. ഇവിടെ പ്രാദേശിക നിയമങ്ങള്‍ അത്ര കര്‍ശനമല്ല.
എന്നാല്‍, ഇന്ത്യയില്‍ കന്നുകാലികള്‍ക്കുള്ള ഭക്ഷണരീതി തികച്ചും വ്യത്യസ്തമാണ്. പ്രധാനമായും ഉണങ്ങിയ വൈക്കോല്‍, പച്ചപ്പുല്ല്, ചോളം, ഗോതമ്പ്, തവിട് തുടങ്ങിയ സസ്യാഹാരമാണ് നല്‍കുന്നത്. ചില വലിയ ഡയറി ഫാമുകള്‍ വിദേശ തീറ്റരീതികള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും, ശക്തമായ മതവികാരങ്ങള്‍ കാരണം സസ്യേതര തീറ്റ ഇപ്പോഴും വ്യാപകമായി അസ്വീകാര്യമാണ്. ഇന്ത്യയില്‍ പിന്തുടരുന്ന രീതിയല്ലെങ്കിലും ശാസ്ത്രീയമായി കാലിത്തീറ്റകളില്‍ ഇത്തരം ഘടകങ്ങള്‍ ചേര്‍ക്കുന്നതില്‍ തെറ്റില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്
ഇന്ത്യയില്‍ സംസ്‌കാരം മാത്രമല്ല പ്രശ്‌നം; സാമ്പത്തികവും പ്രശ്‌നം
അമേരിക്കയില്‍നിന്നുള്ള പാലുത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യയില്‍ നോണ്‍ വെജ് സാംസ്‌കാരിക പ്രശ്‌നങ്ങള്‍ മാത്രമല്ല ഉള്ളത്. സാമ്പത്തിക വശങ്ങളും ഇതിനുണ്ട്. ഇന്ത്യയിലെ ചെറുകിട ക്ഷീരകര്‍ഷകരെ സംരക്ഷിക്കലാണ് അതില്‍ പ്രധാനം. ഇന്ത്യയിലെ ക്ഷീരമേഖലയില്‍ ഭൂരിഭാഗവും ലക്ഷക്കണക്കിന് ചെറുകിട കര്‍ഷകരാണ്. അവരില്‍ പലരും ഒന്നോ രണ്ടോ പശുക്കളെ മാത്രം ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. അമേരിക്കന്‍ ഇറക്കുമതിക്കായി ഈ മേഖല തുറന്നുകൊടുത്താല്‍ ഇന്ത്യന്‍ പാലിന്റെ വില കുറഞ്ഞത് 15% കുറയുമെന്നും ഇത് രാജ്യത്തെ ക്ഷീരകര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 1.03 ലക്ഷം കോടി രൂപ വരെ നഷ്ടമുണ്ടാക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിലവില്‍, ഇന്ത്യയുടെ മൊത്ത മൂല്യവര്‍ദ്ധനവില്‍ (ഗ്രോസ് വാല്യൂ ആഡഡ്- GVA) ഏകദേശം 2.5-3% സംഭാവന ചെയ്യുന്നത് ക്ഷീരമേഖലയാണ്. ഇത് 7.5-9 ലക്ഷം കോടി രൂപ വരും. അതായത് ഈ രംഗത്തുണ്ടാകുന്ന ഏതൊരു മാറ്റവും ഗ്രാമീണ വരുമാനത്തെയും ഉപജീവനത്തെയും സാരമായി ബാധിക്കുമെന്ന് ചുരുക്കം.
സ്വന്തം ക്ഷീര സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉത്പാദകരില്‍ ആദ്യസ്ഥാനം. എട്ട് കോടി ജനങ്ങള്‍ ഉപജീവനത്തിനായി പൂര്‍ണമായും ഈ വ്യവസായത്തെയാണ് ആശ്രയിക്കുന്നത്. വലിയ തോതില്‍ സബ്സിഡി നല്‍കുന്ന യു.എസ്. ക്ഷീരോല്‍പ്പന്നങ്ങളെ ഇന്ത്യയില്‍ അനുവദിക്കുന്നത് ആഭ്യന്തര പാല്‍ വില 15% വരെ കുറയാന്‍ കാരണമായേക്കും. ഇത്, നിലവില്‍ത്തന്നെ പ്രതിസന്ധിയുടെ വക്കിലുള്ള ചെറുകിട കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കര്‍ഷകര്‍ക്ക് വര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടത്തിന് ഇടയാക്കും. ഏത് കരാറിന്റെ പേരിലായാലും ക്ഷീരമേഖലയില്‍ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്‌നമേയില്ലെന്നും അതൊരു ലക്ഷ്മണരേഖ ആണെന്നുമാണ് ഈ വിഷയത്തിൽ കേന്ദ്രസർക്കാർ വക്താവ് പ്രതികരിച്ചത്.
ശുദ്ധമായ വെജ് മില്‍ക് എങ്ങനെ തിരിച്ചറിയാം?
100% വെജിറ്റേറിയന്‍ ഫീഡ്, 'ഗൗശാല അടിസ്ഥാനമാക്കിയത്', അല്ലെങ്കില്‍ 'ഓര്‍ഗാനിക് വെജ് ഫീഡ്' എന്നിങ്ങനെയുള്ള ലേബലുകള്‍ ബ്രാന്‍ഡഡ് പാക്കറ്റുകളില്‍ നല്‍കിക്കൊണ്ടാണ് വെജ് മില്‍ക് മാര്‍ക്കറ്റിലേക്ക് എത്തുന്നത്. ഇത് പശുക്കള്‍ക്ക് മൃഗങ്ങളില്‍നിന്നുള്ള ചേരുവകള്‍ അടങ്ങിയ തീറ്റ നല്‍കിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. ഗൗശാലകളില്‍നിന്നുള്ള പാല്‍ സാധാരണയായി ഏറ്റവും വിശ്വസനീയമായി കണക്കാക്കപ്പെടുന്നു. പശുവിന് പച്ചപ്പുല്ല്, ഉണങ്ങിയ വൈക്കോല്‍, പിണ്ണാക്ക്, ധാന്യങ്ങള്‍ എന്നിവ മാത്രം നല്‍കുന്നുവെങ്കിലാണ് ആ പാലിനെ ശുദ്ധമായ സസ്യാഹാരമായി കണക്കാക്കുന്നത്.
ഇന്ത്യയിലെ പല പ്രാദേശിക ഡയറികളും 'റെന്‍ഡേര്‍ഡ് ഫീഡ് ഫ്രീ' എന്ന് സ്വയം വിശേഷിപ്പിക്കുന്നുണ്ട്. തങ്ങളുടെ പശുക്കള്‍ക്ക് സസ്യാധിഷ്ഠിത തീറ്റ മാത്രമാണ് നല്‍കുന്നതെന്നും മൃഗങ്ങളില്‍നിന്നുള്ള ഉപോല്‍പ്പന്നങ്ങള്‍ ഒന്നും ചേര്‍ക്കുന്നില്ലെന്നും അവര്‍ പാക്കേജില്‍ വ്യക്തമാക്കാറുണ്ട്.
പാല്‍നയത്തില്‍ ഇളവോ? സൂചനകള്‍
ഇന്ത്യ-യുഎസ് പരസ്പര തീരുവ ഒഴിവാക്കുക എന്ന ലക്ഷ്യത്തില്‍ ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. രണ്ട് രാജ്യങ്ങള്‍ക്കും പരസ്പരം വിപണികള്‍ തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സെപ്തംബറോടെ അന്തിമ തീരുമാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാപാരക്കരാറില്‍നിന്നു പാലും പാലുത്പന്നങ്ങളും ഒഴിവാക്കാമെന്ന് അമേരിക്ക സമ്മതിച്ചതായുള്ള സൂചകള്‍ പുറത്തുവരുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. യുഎസിൽനിന്നുള്ള പാല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്താല്‍ രാജ്യത്തെ ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരെ സാരമായി ബാധിക്കുമെന്ന് ഇന്ത്യ നിലപാടെടുത്തതോടെയാണിത്. നോണ്‍ വെജ് പാലും എതിര്‍പ്പിന് കാരണമാണ്. പാല്‍ നയത്തില്‍ ഇളവിന് തയ്യാറാണെങ്കിലും സോയാബീന്‍, ചോളം പോലുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തില്‍നിന്നു പിന്നോട്ടില്ലെന്നാണ് യു.എസ് നിലപാട്.
ചില പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുള്‍പ്പെടെയുള്ള ഒട്ടേറെ വിളകളില്‍ ഇളവ് നല്‍കാന്‍ ഇന്ത്യ തയ്യാറാണെങ്കിലും സോയാബീന്‍, ചോളം എന്നിവയില്‍ ഇന്ത്യയ്ക്ക് വിശദമായ പുനരാലോചന വേണ്ടിവരും. കാരണം, ജനിതകമാറ്റം വരുത്തിയ വിളകളുടെ ഇറക്കുമതിക്ക് ഇന്ത്യന്‍ നിയമം കര്‍ശനമായ വിലക്കാണ് ഏര്‍പ്പെടുത്തി വരുന്നത്. യുഎസിൽ ഉത്പാദിക്കുന്ന ജനിതകവ്യതിയാനം വരുത്തിയ ചോളം, സോയാബീന്‍, അരി, ഗോതമ്പ് തുടങ്ങിയവയ്ക്ക് ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദേശത്തെയും ഇന്ത്യ എതിര്‍ക്കുകയാണ്. എന്നാല്‍, ഇതില്‍ അമേരിക്ക നിലപാട് കടുപ്പിച്ചാല്‍ ഇത് ഇന്ത്യയെ വലിയ സമ്മര്‍ദത്തിലാക്കും. കൃഷി, പാലുത്പാദന മേഖല മേഖലയാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലെ പ്രധാനതടസ്സം. ഈ മേഖലകള്‍ യുഎസ് നിക്ഷേപത്തിന് പൂര്‍ണമായും തുറന്നുകൊടുക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ടെക്സ്‌റ്റൈല്‍, ആഭരണം, തുകൽ ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍ തുടങ്ങിയവയുടെ വ്യവസായത്തില്‍ യുഎസിന് പൂര്‍ണതോതിലുള്ള പ്രവേശനവും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.
ഓഗസ്ത് ഒന്നിനു മുന്‍പ് ഇടക്കാല കരാര്‍ ഉണ്ടാക്കാനുള്ള ചര്‍ച്ചകള്‍ അഞ്ചാം തവണ പൂര്‍ത്തിയായിട്ടും അന്തിമതീരുമാനത്തിലേക്ക് എത്തിയിട്ടില്ല. കൃഷി, വാഹന വ്യവസായം തുടങ്ങിയ വിഷയങ്ങളില്‍ ആശങ്കകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അടുത്ത ആഴ്ചകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. വാണിജ്യ വകുപ്പ് സെക്രട്ടറി രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘമാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഓഗസ്ത് ഒന്നിന് മുന്‍പ് ഇടക്കാല കരാറും ഡിസംബര്‍ ആദ്യത്തോടെ അന്തിമ കരാറും നടപ്പാകുമെന്ന് കരുതുന്നതായി അദ്ദേഹം പ്രതികരിച്ചു. നിരവധി രാജ്യങ്ങള്‍ക്കെതിരെ ഏപ്രിലില്‍ പ്രഖ്യാപിച്ച തീരുവ വര്‍ദ്ധനയുടെ ഭാഗമായി യുഎസ് ചുമത്തിയ 26 ശതമാനം തീരുവയിൽ നിന്ന് ഇളവ് നേടാനാണ് ഇന്ത്യ പ്രധാനമായും ശ്രമിക്കുന്നത്. അതേസമയം, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങള്‍, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങള്‍, വൈനുകള്‍, പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ആപ്പിള്‍, ചില കായകള്‍, ജനിതകമാറ്റം വരുത്തിയ വിളകള്‍ എന്നിവയ്ക്ക് ഡ്യൂട്ടി ഇളവുകളാണ് യുഎസ് ആവശ്യപ്പെടുന്നത്.
Content Highlights: Non-veg milk is the key sticking point in the India–US trade deal
Published: 21 Jul 2025, 02:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented