പുതിയ പ്രതിഷേധമാര്‍ഗം ലോകമെമ്പാടും ഉടലെടുത്തതെന്നാണ് വിലയിരുത്തല്‍. ഇതിന് നേപ്പാള്‍ വിജയമാതൃകയായതോടെ ഈ കൂട്ടായ്മകളെ ആശങ്കയോടെയാണ് ഭരണ നേതൃത്വങ്ങളും കാണുന്നത്.

മഡഗാസ്കറിലെ ജെൻ സീ പ്രക്ഷോഭത്തില്‍ നിന്ന് |ഫോട്ടോ: എഎഫ്പി
കഴിഞ്ഞ മാസം നേപ്പാളില്‍ അരങ്ങേറിയ ജെന്‍സീ വിപ്ലവം ആ രാജ്യത്തെ മാത്രമല്ല, ലോകത്തെയൊന്നാകെ പിടിച്ചുകുലുക്കിയിരുന്നു. സോഷ്യല്‍ മീഡിയ നിരോധനത്തിലായിരുന്നു അതിന്റെ തുടക്കം. പിന്നീടത് ഭരണ നേതൃത്വത്തിന്റെ കഴിവില്ലായ്മയ്ക്കും അഴിമതിക്കുമെതിരെയുള്ള പോരാട്ടമായി വളർന്നു. ഒടുക്കം അധികാരവും പണവുമുണ്ടെങ്കില്‍ എന്തും നേടാമെന്ന രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ അഹന്തയ്‌ക്കേറ്റ തിരിച്ചടിയായി.
നേപ്പാളിലെ ആഭ്യന്തര കലാപത്തിന് ശേഷം ഇപ്പോള്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മഡഗാസ്‌ക്കറും ജെന്‍സീ വിപ്ലവത്തിന്റെ ചൂടറിഞ്ഞിരിക്കുകയാണ്. സമരക്കാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രി രജോലിനയ്ക്ക് നാടുവിട്ട് ഓടിപ്പോകേണ്ടി വന്നിരിക്കുന്നു. ഒരിക്കല്‍ മറ്റൊരു സൈനിക അട്ടിമറിയിലൂടെ അധികാരത്തിലേറിയ രജോലിനയ്ക്ക് അതേ സൈനിക അട്ടിമറിയിലൂടെ തിരിച്ചടി നേരിടേണ്ടി വന്നു.
ജെന്‍ സീ പ്രക്ഷോഭത്തിന് പിന്തുണയേകി സൈന്യത്തിന്റെ കാപ്‌സാറ്റ് യൂണിറ്റും രംഗത്ത് വന്നതോട് കൂടിയാണ് പ്രസിഡന്റിന്റെ കാലിടറിയത്. എന്താണ് മഡഗാസ്‌കറില്‍ സംഭവിച്ചത്. നേപ്പാളില്‍ തുടങ്ങി മഡഗാസ്‌ക്കറില്‍ എത്തിനില്‍ക്കുന്ന ജെന്‍ സീ വിപ്ലവത്തിന്റെ ഭാവിയെന്ത്.
അധികാരമാറ്റത്തിലേക്ക് നയിച്ച സമരം
സെപ്തംബര്‍ അവസാന വാരത്തോടെ തന്നെ മഡഗാസ്‌കറിന്റെ തലസ്ഥാനനഗരയിലെ 13 മേയ് സ്‌ക്വയറില്‍ പ്രതിഷേധ റാലികള്‍ പതിവ് കാഴ്ചയായിരുന്നു. വീഥികൾ ദേശീയപതാകയും ജാപ്പനീസ് ആനിമേഷനായ 'വണ്‍ പീസി'ലെ തലയോട്ടിയും എല്ലുകളും ചേര്‍ന്ന ചിഹ്നമുള്ള ബാനറുകളേന്തിയും ആയിരക്കണക്കിന് പ്രകടനക്കാരെക്കൊണ്ട് നിറഞ്ഞു. ജെന്‍ സീ പ്രതിഷേധങ്ങളുടെ പ്രതീകമാണ് വൺ പീസിലെ ചിഹ്നനങ്ങൾ. ഒക്ടോബര്‍ 13-ഓടെ തന്നെ സാഹചര്യം കൈവിട്ടുപോകുന്ന അവസ്ഥയിലുമെത്തി. പ്രതിഷേധക്കാരെ അടിച്ചൊതുക്കാന്‍ സര്‍ക്കാരില്‍ നിന്ന് ഉത്തരവുണ്ടായെങ്കിലും സൈന്യത്തിലെ കാപ്‌സാറ്റ് യൂണിറ്റ് ഇതനുസരിക്കാതെ, പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കി. ഇതാണ് നിര്‍ണായകമായത്.
നിങ്ങള്‍ സൈനിക ഏറ്റെടുക്കലിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന കാപ്‌സാറ്റ് കേണല്‍ മൈക്കല്‍ രന്‍ഡ്രിയാനിറയുടെ ചോദ്യത്തെ വലിയ കൈയടികളിളോടെയാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചത്. ഇതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. കാപ്‌സാറ്റ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ
ദിവസങ്ങള്‍ക്കുള്ളില്‍ അര്‍ധസൈനിക വിഭാഗമായ ജെന്‍ഡാര്‍മറിയും ദേശീയ പോലീസിലെ ചില വിഭാഗങ്ങളും രജോലിന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെയാണ് സൈനിക അട്ടിമറി എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ പോയത്. കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്റ് രജോലിന സൈനിക അട്ടിമറിക്കുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. മഡഗാസ്‌കറിനെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും നാഷണല്‍ അസംബ്ലി പിരിച്ചുവിട്ടതായും പ്രഖ്യാപിച്ചുകൊണ്ട് സൈന്യം ഭരണം പിടിച്ചെടുത്തതോടെ രജോലിന നാട് വിടുകയും ചെയ്തു. സൈന്യം ഭരണഘടന സസ്‌പെന്‍ഡ് ചെയ്തു. പുതിയ ഭരണഘടനയും തിരഞ്ഞെടുപ്പും ഉടന്‍ നടക്കുമെന്നും പ്രഖ്യാപിച്ചു.
എന്താണ് പ്രക്ഷോഭകരുടെ ആവശ്യം
വെള്ളം വൈദ്യുതി എന്നിവയുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി തുടങ്ങിയ പ്രക്ഷോഭം വ്യാപിപ്പിക്കുകയും അഴിമതിയും ദുര്‍ഭരണവും ഉന്നയിച്ച് സമരം കൂടുതല്‍ ശക്തമാവുകയുമായിരുന്നു. അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ കര്‍ശനമാക്കി പുതിയ ഭരണഘടന വേണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. വൈദ്യുതി, തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പുനഃസംഘടന വേണമെന്നും സൈനിക ഭരണത്തിന് പകരം സിവിലിയന്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
നിര്‍ണായകമായ കാപ്‌സാറ്റ്
മഡഗാസ്‌കര്‍ സായുധസേനയിലെ ഏറ്റവും ശക്തമായ വിഭാഗമാണ് കാപ്‌സാറ്റ്. സൈന്യത്തിന്റെ മുന്‍നിര പോരാളികളല്ലെങ്കിലും സൈനിക വിന്യാസം, സാങ്കേതിക സഹായം-എന്നിവയുമായെല്ലാം ബന്ധപ്പെട്ട് നിര്‍ണായക ശക്തികളാണവര്‍. 2009-ല്‍ രജോലിനയെ അധികാരത്തിലെത്താന്‍ സഹായിച്ച സൈന്യത്തിലെ പ്രധാന വിഭാഗവും കാപ്‌സാസ്റ്റായിരുന്നു. ജെന്‍ സീ പ്രതിഷേധങ്ങള്‍ക്ക് അവരുടെ കൂടെ നിലകൊണ്ട സൈന്യം, സായുധസേനയുടെ നിയന്ത്രണം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. അത് പ്രകാരം സൈന്യത്തിന്റെ എല്ലാ വിഭാഗത്തിന്റെയും ഉത്തരവുകള്‍ ഇനി കാപ്സാറ്റ് ആസ്ഥാനത്ത് നിന്നായിരിക്കും വരുന്നത് എന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു.
ഒക്ടോബര്‍ 11 മുതലാണ് കാപ്‌സാറ്റ് സര്‍ക്കാരുമായി പരസ്യമായ പോരിനിറങ്ങിയത്. അംഗങ്ങള്‍ തലസ്ഥാന നഗരമായ അന്റനാനരിവോയിലേക്ക് മാര്‍ച്ച് ചെയ്യുകയും പ്രതിഷേധക്കാര്‍ക്കൊപ്പം ചേരുകയുമായിരുന്നു. തുടര്‍ന്നായിരുന്നു എല്ലാ സൈനിക വിഭാഗങ്ങളുടെയും നിയന്ത്രണമേറ്റെടുക്കുന്നതായും ഇനിയുള്ള ഉത്തരവുകള്‍ കാപ്‌സാറ്റ് പുറപ്പെടുവിക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാല്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും അല്ലാതെ സൈനിക അട്ടിമറിയല്ലെന്നുമാണ് കാപ്‌സാറ്റ് നേതൃത്വം ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
ബംഗ്ലാദേശിന്റെ തനിയാവര്‍ത്തനം
ഒരുവര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന പ്രതിഷേധക്കാരെ ഭയന്ന് നാടുവിട്ടോടിയതിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ മഡഗാസ്‌കറിലും അരങ്ങേറിയത്. എന്നാല്‍ ജെന്‍ സീ പ്രക്ഷോഭത്തിന്റെ ആഗോള കേന്ദ്രബിന്ദുവായി മാറിയ തലയോട്ടിയും ക്രോസ്‌ബോൺസുമാണ് മഡഗാസ്‌കറിലും പ്രതിഷേധക്കാര്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കാണാന്‍ കഴിയും. നിലവില്‍ ഒരു വര്‍ഷമാണ് മഡഗാസ്‌കറിന്റെ ഭരണമേറ്റെടുത്ത കാപ്‌സാറ്റ് മുന്നോട്ടുവെക്കുന്ന ട്രാന്‍സിഷന്‍ സമയം. അതിനിടയ്ക്ക് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുമെന്നും പുതിയ ഭരണനേതൃത്വം മഡഗാസ്‌കറിന്റെ ഭരണമേറ്റെടുക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനായി പോലീസ്, പട്ടാളം, അര്‍ധസൈനിക വിഭാഗം, എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി ഗവേണിങ് കമ്മിറ്റി രൂപവത്കരിക്കാനും പദ്ധതിയുണ്ട്. രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയും ജനവിശ്വാസവും പുനഃസ്ഥാപിക്കപ്പെടുന്നത് വരെ സെനറ്റ്, ഭരണഘടനാ കോടതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയുള്‍പ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങള്‍ മരവിപ്പിച്ച നിലയില്‍ തുടരുമെന്നും സൈനിക നേതൃത്വം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
തുടര്‍ക്കഥയായ രാഷ്ട്രീയ അസ്ഥിരത
1960-ല്‍ ആണ് ഫ്രാന്‍സില്‍ നിന്നും മഡഗാസ്‌കര്‍ സ്വതന്ത്രമാവുന്നത്. പക്ഷേ, അന്ന് മുതല്‍ രാഷ്ട്രീയ അസ്ഥിരതയും ഉടലെടുത്തു. ഇതിനിടെ 1972-ല്‍ ആദ്യ സൈനിക അട്ടിമറി നടന്നു. അന്ന് അധികാരത്തിലിരുന്ന ഫില്‍ബര്‍ട്ട് സിരനാനയ്‌ക്കെതിരേ സൈനിക അട്ടിമറി നടത്തി ഗബ്രിയേല്‍ രമനാന്‍ഡോസ അധികാരം പിടിച്ചെടുക്കുകയായിരുന്നു. 2006-ല്‍ ജനറല്‍ ആന്‍ഡ്രിയാന ഫിഡിസോവയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് മാര്‍ക് റവലോമനോനയ്‌ക്കെതിരേ സൈനിക അട്ടിമറി ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. ഇതിനുശേഷം 2009-ല്‍ ആണ് മറ്റൊരു അട്ടിമറി ശ്രമം നടന്നത്. അന്ന് ഇപ്പോഴത്തെ പ്രസിഡന്റ് ആന്‍ഡ്രി രജോലിനയുടേയും കാപ്‌സാറ്റിന്റേയും നേതൃത്വത്തിലായിരുന്നു സംഘര്‍ഷം. മാര്‍ക് റവലോമനോനയ്‌ക്കെതിരേ അധികാര ദുര്‍വിനിയോഗവും അഴിമതിയും ആരോപിച്ച് രജോലിന ആരംഭിച്ച പ്രക്ഷോഭം വന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ കലാശിച്ചു.
ഏറെനാള്‍ നീണ്ടുനിന്ന പ്രക്ഷോഭത്തിനുശേഷം മാര്‍ക് റവലോമനോനയ്ക്ക് അധികാരം നഷ്ടപ്പെടുകയും രജോലിന മെഡഗാസ്‌കറിന്റെ പ്രസിഡന്റായി അധികാരമേല്‍ക്കുകയും ചെയ്തു. 2010-ല്‍ രജോലിനയ്‌ക്കെതിരേ മറ്റൊരു അട്ടിമറി ശ്രമവും നടന്നെങ്കിലും പരാജയപ്പെട്ടു. ഇതിനുശേഷമാണ് ഈമാസം രജോലിനയെ അധികാരത്തിലെത്താന്‍ സഹായിച്ച അതേ കാപ്‌സാറ്റ് തന്നെ സൈനിക അട്ടിമറിക്കും നേതൃത്വം നല്‍കിയത്. ഒടുവില്‍ രജോലിനയ്ക്ക് നാടുവിടേണ്ടിയും വന്നു.
ലോകശ്രദ്ധയില്‍ ജെന്‍ സീ
സര്‍ക്കാരുകളോടുള്ള പുതുതലമുറകളുടെ അതൃപ്തിയും യുവജനങ്ങള്‍ക്കിടയിലെ രോഷവും കാരണം ലോകമെമ്പാടും പ്രതിഷേധങ്ങളുടെ ഒരു പുതിയ തരംഗം അരങ്ങേറുകയാണിന്ന്.
നേപ്പാളിനും മഡഗാസ്‌കറിലും ഒതുങ്ങിനില്‍ക്കാതെ ഫിലിപ്പീന്‍സ്, ഇൻഡൊനീഷ്യ, കെനിയ, പെറു, മൊറോക്കോ തുടങ്ങി ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സമീപകാല പ്രതിഷേധങ്ങളെയും പൊതുവെ ഇന്ന് വിശേഷിപ്പിക്കുന്നത് ജെന്‍ സീ പ്രക്ഷോഭമെന്നാണ്. ഈ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത് ചില പ്രത്യേക സാഹചര്യമാണെങ്കിലും വര്‍ധിച്ചുവരുന്ന അസമത്വം, സാമ്പത്തിക അനിശ്ചിതത്വം, അഴിമതി, നേതാക്കളുടെ സ്വജനപക്ഷപാതം തുടങ്ങിയ ദീര്‍ഘകാലമായി പുകയുന്ന പ്രശ്‌നങ്ങളിലേക്ക് പിന്നീട് അവ വഴിമാറുന്ന കാഴ്ചയും കാണാന്‍ കഴിയുന്നു.
മിക്കവാറും നേതാക്കളില്ലാത്ത ഈ പ്രതിഷേധങ്ങളില്‍ പ്രധാനമായും 'ജെന്‍ സീ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവാക്കളാണുള്ളത്. ഏകദേശം 1996-നും 2010-നും ഇടയില്‍ ജനിച്ച, പൂര്‍ണമായും ഇന്റര്‍നെറ്റ് യുഗത്തില്‍ വളര്‍ന്നുവന്ന ആദ്യ തലമുറയാണിവര്‍. പരമ്പരാഗത രാഷ്ട്രീയ സമ്പ്രദായങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നേയില്ല എന്ന തോന്നലാണ് ഇത്തരമൊരു കൂട്ടായ്മയിലേക്കും അതിന് വലിയ പിന്തുണ ലഭിക്കുന്നതിലേക്കുമെത്തുന്നതെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായ സന്നദ്ധ സംഘടന സോഷ്യല്‍ ചെയ്ഞ്ച് ലാബിന്റെ ഡയറക്ടര്‍ സാം നദേല്‍ ചൂണ്ടിക്കാട്ടുന്നത്.
മൊറോക്കോയില്‍ ജെന്‍ സീ 212 എന്ന പേരിലാണ് കഴിഞ്ഞ മാസം തെരുവുകളില്‍ സമരം ആരംഭിച്ചത്. മോശം ആരോഗ്യ, വിദ്യാഭ്യാസ മേഖല, തൊഴിലില്ലായ്മ എന്നിവയെല്ലാം ഉന്നയിച്ച് ആരംഭിച്ച പ്രക്ഷോഭം ഇവിടേയും അഴിമതിക്കേതിരേയും സ്വജനപക്ഷപാതത്തിനേതിരേയുള്ള സമരമായി മാറി.
സമാന സാഹചര്യമാണ് പെറുവിലുമുള്ളത്. 18 വയസ്സിന് മുകളിലുള്ള എല്ലാവരും സ്വകാര്യ പെന്‍ഷന്‍ സ്‌കീമിലേക്ക് സംഭാവന ചെയ്യണമെന്ന നിയമമാണ് വിവാദമായത്. ഇതിനെതിരേ തുടങ്ങിയ സമരം പ്രസിഡന്റ് ദിന ബൊലുറേറ്റിനെതിരേയുള്ള അഴിമതി സ്വജനപക്ഷപാത സമരമായി മാറുകയായിരുന്നു.
2022-ല്‍ ശ്രീലങ്കയിലും 2024-ല്‍ ബംഗ്ലാദേശിലും നിലവിലുണ്ടായിരുന്ന ഭരണകൂടങ്ങളെ പുറത്താക്കുന്നതിലേക്ക് നയിച്ച വിജയകരമായ സര്‍ക്കാര്‍ വിരുദ്ധ പ്രസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ജെന്‍സീ പ്രക്ഷോഭം എന്ന പുതിയ പ്രതിഷേധമാര്‍ഗം ലോകമെമ്പാടും ഉടലെടുത്തതെന്നാണ് വിലയിരുത്തല്‍. ഇതിന് നേപ്പാള്‍ വിജയമാതൃക കൂടിയായി മാറുകയും ചെയ്തതോടെ വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തു. അതുകൊണ്ടു തന്നെ ഈ കൂട്ടായ്മകളെ ഏറെ ആശങ്കയോടെയാണ് ഭരണ നേതൃത്വങ്ങളും നോക്കിക്കാണുന്നത്.
Content Highlights: Explore the Gen Z uprisings in Nepal and Madagascar
Published: 17 Oct 2025, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented