റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ടായിരുന്ന പോലെ ആഭ്യന്തര സംഘര്‍ഷമില്ല. വലിയ രാഷ്ട്രീയ പ്രക്ഷോഭവുമില്ല. പക്ഷെ, രാജ്യത്തെ കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ കാലങ്ങളായി ആഗ്രഹിച്ചിരുന്നു മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണിയന്‍ ജനങ്ങള്‍. ഇത്രകാലം മിണ്ടാതിരുന്നു. പ്രതിഷേധിച്ചാല്‍ മരണശിക്ഷയില്‍ കുറഞ്ഞൊന്നും ലഭിക്കില്ലെന്ന തിരിച്ചറിവായിരുന്നു ഇതിന് പിന്നില്‍. 55 വര്‍ഷമായി നിലവിലെ പ്രസിഡന്റ് അലി ബോംഗോ ഒന്‍ഡിമ്പയുടെ കുടുംബം കൈവശം വെച്ചിരുന്ന ഗാബോണ്‍ ഭരണത്തിന് പട്ടാള അട്ടിമറിയിലൂടെ അവസാനമായപ്പോള്‍ തെരുവില്‍ ജനങ്ങള്‍ ആനന്ദനൃത്തമാടി. ജനങ്ങള്‍ പട്ടാള ഭരണത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇന്നാണ് ഞങ്ങളുടെ സ്വാതന്ത്രദിനമെന്ന് ഉറക്കെ പറഞ്ഞ് സൈനികര്‍ക്കൊപ്പം ഓരോ തെരുവിലും ദേശീയഗാനം ആലപിച്ച് സന്തോഷിച്ചു.

To advertise here,

അലി ബോംഗോ ഒന്‍ഡിമ്പയേയും കുടുംബത്തേയും വീട്ടുതടങ്കിലാക്കിയായിരുന്നു പട്ടാള അട്ടിമറിയെങ്കിലും ഇതില്‍ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ട പ്രസിഡന്റിന് പട്ടാള അട്ടിമറിയില്‍ സന്തോഷിച്ച് തെരുവില്‍ നൃത്തമാടുന്ന ജനങ്ങളുടെ കാഴ്ചയാണ് കാണേണ്ടി വന്നത്. 2018-ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ആരോഗ്യം ക്ഷയിച്ചിട്ട് പോലും ഭരണ ചക്രം വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന അലി ബോംഗോയ്ക്ക് ഓര്‍ക്കാപ്പുറത്തുണ്ടായ തിരിച്ചടിയായി കഴിഞ്ഞ ദിവസത്തെ പട്ടാള അട്ടിമറി. അതും തിരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ.

placeholder
ഗാബോണിന്റെ ഭരണം പിടിച്ചെടുത്തതായി സൈന്യം പ്രഖ്യാപനം നടത്തുന്നു | Photo: AFP

2020-ന് ശേഷം പട്ടാള അട്ടിമറിയില്‍ ഭരണം പിടിച്ചെടുക്കുന്ന എട്ടാമത്തെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പട്ടികയിലാണിപ്പോള്‍ ഗാബോണ്‍. നൈജറിലേതായിരുന്നു ഏറ്റവും ഒടുവിലത്തേത്. മലി, ഗിനിയ, ബുര്‍ക്കിന ഫാസോ, ചഥ് എന്നിവിടങ്ങളിലും പട്ടാളം ഭരണം പിടിച്ചെടുത്തിരുന്നു. വര്‍ഷങ്ങളായി കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോള്‍ സൈന്യത്തിന് നന്ദിപറയുകയാണെന്നുമാണ് ആഹ്ളാദപ്രകടനം നടത്തിയവര്‍ ഗാബോണില്‍ പ്രതികരിച്ചത്. സൈന്യം ഭരണം പിടിച്ചെടുത്ത് സൈനിക മേധാവി ജനറല്‍ എന്‍ജ്യൂമയെ പുതിയ നേതാവായി പ്രഖ്യാപിച്ചതോടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഭരണം പിരിച്ചുവിട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രധാന തുറമുഖങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിട്ടു.

ഒരു കാലത്ത് ഫ്രാന്‍സിന്റെ കോളനിയായിരുന്ന ഗാബോണില്‍ വലിയ ഫ്രാന്‍സ് വിരുദ്ധ വികാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് അലി ബോംഗോ ഒന്‍ഡിമ്പയുടെ പല നിലപാടുകളും ഫ്രാന്‍സിന് അനുകൂലമായിരുന്നു. ഇത് ജനങ്ങളെ മാറ്റി ചിന്തിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും സൈന്യത്തിന് അനുകൂലമായി നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നായ ഗാബോണ്‍ പ്രതിദിനം 200,000 ബാരലിനടുത്ത് ക്രൂഡ് ഓയിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍ കണ്ണുംനട്ടാണോ പട്ടാള അട്ടിമറിയെന്നും സംശയിക്കുന്നുണ്ട്.

placeholder
സൈന്യം വീട്ടു തടങ്കിലാക്കിയ അലി ബോംഗോ ഒന്‍ഡിമ്പ | Photo: AFP
  • അച്ഛന്‍ ബോംഗോ ഭരിച്ചത് 41 വര്‍ഷം

നീണ്ട 41 വര്‍ഷം. തന്റെ മരണം വരെ തുടര്‍ച്ചയായി ഗാബോണ്‍ ഭരിച്ച ഒമര്‍ ബോംഗോയുടെ വഴിപിടിച്ചാണ് നിലവിലെ പ്രസിഡന്റ് അലി ബോംഗോ ഒന്‍ഡിമ്പ 2009-ല്‍ ഗാബോണിന്റെ പ്രസിഡന്റാവുന്നത്. പിന്നീട് രാജ്യം കണ്ടത് അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തുമായിരുന്നു. ഇതാണ് പട്ടാള അട്ടിമറിയിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. പട്ടാള നേതാവായ ജനറല്‍ എന്‍ജ്യുമയാണ് അലി ബോംഗോ ഒന്‍ഡിമ്പയെ അധികാര ഭ്രഷ്ടനാക്കിയ അട്ടിമറിക്ക് നേതൃത്വം നല്‍കിയത്. സമര്‍ഥനായ പട്ടാളക്കാരനെന്ന നിലയില്‍ ജനങ്ങളുടെ ഇടയില്‍ വലിയ മതിപ്പുള്ള നേതാവ് കൂടിയാണ് എന്‍ജ്യമ. ഇദ്ദേഹം അലി ബോംഗോ ഒന്‍ഡിമ്പയുടെ പിതാവ് ഒമര്‍ ബോംഗോയുടെ അടുത്ത അനുയായിരുന്നുവെന്നത് മറ്റൊരു തമാശ. ഒമര്‍ ബോംഗോ മരിച്ചതിനുശേഷം 2009-ല്‍ അലി ബോംഗോ അധികാരമേറ്റ സമയത്ത് ഗാബോണ്‍ എംബസികളില്‍ മിലിറ്ററി അറ്റാഷേ പദവിയിലായിരുന്നു ജനറല്‍ എന്‍ജ്യൂമയെങ്കിലും 2018-ല്‍ ഗാബോണിന്റെ ഏറ്റവും ശക്തമായ മിലിറ്ററി യൂണിറ്റായ എലൈറ്റ് റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ ഇന്റലിജന്‍സ് തലവനായി നിയമിക്കപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് പ്രശനങ്ങളായിരുന്നു.

ഇതിനിടെയാണ് 2019-ല്‍ അലി ബോംഗോ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സമയത്ത് മറ്റൊരു അട്ടിമറി ശ്രമം നടന്നത്. പക്ഷെ അത് പരാജയപ്പെട്ടു. മാത്രമ,ല്ല അട്ടിമറി നടത്താന്‍ ശ്രമിച്ച സൈനികരെ ജയിലിലടയ്ക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സംഭവിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതുവരെ നടന്ന പട്ടാള അട്ടിമറികളുമായി ബന്ധപ്പെട്ട് ഇതിന് എന്തെങ്കിലും ബന്ധമില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം മറ്റ് രാജ്യങ്ങളില്‍ നിന്ന വ്യത്യസ്തമായി തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരേ സൈന്യം നടത്തിയ പോരാട്ടമായിട്ടാണ് സൈന്യം ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ പിന്നില്‍ ഫ്രാന്‍സിന്റെ കളിയുണ്ടോയെന്നും സംശയിക്കപ്പെടുന്നുണ്ട്. 

കഴിഞ്ഞയാഴ്ച അവസാനമായിരുന്നു ഗാബോണിലെ തിരഞ്ഞെടുപ്പ്. പക്ഷെ പതിവിലും വ്യത്യസ്ഥമായി വലിയ വെല്ലുവിളിയാണ് പ്രതിപക്ഷ നിരയില്‍ നിന്നും ബോംഗോയ്ക്ക് നേരിടേണ്ടി വന്നത്. ആല്‍ബര്‍ട്ടോ ഒന്‍ഡോ ഒസ്സയെന്ന മുന്‍ മന്ത്രിയും സാമ്പത്തിക വിദഗ്ധനും നയിച്ച സഖ്യം ഒരുവേള വിജയിച്ചതായി പോലും പ്രഖ്യാപനം വന്നെങ്കിലും അന്തിമഫലം ബോംഗോയ്ക്ക് അനുകൂലമായി വന്നതാണ് സൈന്യത്തെ ചൊടിപ്പിച്ചത്. ഇത് ക്രമക്കേട് നടത്തിയിട്ടാണെന്ന ആരോപണം വന്നു. ഇതോടെയാണ്  ബോംഗോയെ ഔദ്യോഗിക വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണം പിടിച്ചെടുത്തതായി  അറിയിച്ച് പട്ടാള ഉദ്യോഗസ്ഥര്‍ രാജ്യത്തെ ഔദ്യോഗിക ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന ലിബര്‍വില്ലയില്‍ വെടിവെപ്പ് നടക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയതിന് പുറമെ  ബോംഗോ കുടുംബം രാജ്യത്തെയും രാജ്യത്തിന്റെ സ്വത്തിനേയും സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്നുവെന്നുമുള്ള  ആരോപണമാണ് സൈന്യം പ്രധാനമായും ആരോപിച്ചത്. കഴിഞ്ഞ 14 വര്‍ഷത്തിലധികമായി  രാജ്യം ദാരിദ്രത്തിലൂടെ കടന്നുപോവുമ്പോള്‍ ബോംഗോയും കുടുംബവും ധൂര്‍ത്തടിച്ച് നടക്കുകയാണെന്ന പ്രചാരണവും അട്ടിമറിയിലേക്ക് നയിച്ചു. 

placeholder
അലി ബോംഗോ ഒഡിബയുടെ ഹോഡിംഗ് നശിപ്പിച്ച നിലയില്‍ | Photo: AFP
  • അലന്‍ ബെര്‍ണാഡില്‍നിന്ന് അലി ബോംഗോയിലേക്ക്

അലന്‍ ബെര്‍ണാഡ് ബോംഗോ എന്നതായിരുന്നു യഥാര്‍ഥ പേരെങ്കിലും 1973-ല്‍ പിതാവ് ഒമര്‍ ബോംഗോ മുസ്ലീം മതം സ്വീകരിച്ചതോടെയാണ്  അലി ബോംഗോയായി മാറിയത്. കുഞ്ഞുന്നാള്‍ മുതലെ അധികാരത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിച്ച് വളര്‍ന്നവന്‍. പിതാവ് ആദ്യമായി ഗാബോണില്‍ അധികാരത്തില്‍ കയറുമ്പോള്‍ എട്ടുവയസ്സുകാരനായിരുന്നു അലി ബോംഗോ. കണ്ടതും അനുഭവിച്ചുപോന്നതുമെല്ലാം അധികാരത്തിന്റെ സുഖലോലുപത. ഗാബോണിലെ പ്രകൃതി വാതകങ്ങളും സമ്പത്തുമെല്ലാം തന്റെ ജന്മാവകാശമാണെന്ന ബോധത്തില്‍ വളര്‍ന്നത് കൊണ്ടു തന്നെ അധികാരം എന്നതിനപ്പുറം മറ്റൊരു ചിന്തയും അലി ബോംഗോയ്ക്കുമുണ്ടായിരുന്നില്ല.

അമ്മയില്‍നിന്ന് പാരമ്പര്യമായി കിട്ടിയ സംഗീതത്തിലും തന്റെ ഫുട്‌ബോള്‍ ഭ്രാന്തിലും ആദ്യകാലങ്ങളില്‍ അഭിനിവേശം കാണിച്ച  ബോംഗോ ആല്‍ബം ഗായകനെന്ന നിലയിലും പ്രശസ്തനായിരുന്നു. പിന്നീടാണ് നിയമ ബിരുദത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. പിതാവിന്റെ ഭരണത്തിന് കീഴില്‍ തന്നെ പ്രതിരോധമന്ത്രി, വിദേശകാര്യ മന്ത്രി എന്നീ നിലയില്‍ 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ചാണ് ഭരണ തലപ്പത്തിലേക്കെത്തുന്നത്. പിതാവിനെ പോലെ അത്ര ശക്തനായ രാഷ്ട്രീയ നേതാവായി അലി ബോംഗോയെ ഗാബോണിലെ ജനങ്ങള്‍ കണക്കാക്കിയിരുന്നില്ലെങ്കിലും അധികാരത്തിലെത്തിയതോടെ ജനങ്ങളുടെ ആ ചിന്തയ്ക്ക് മാറ്റം വന്നിരുന്നു. സൈന്യത്തെ പുനര്‍നിര്‍മിച്ചുകൊണ്ടായിരുന്നു അതിന് മാറ്റം വരുത്തിയത്.

  • അഴിമതി ആരോപണങ്ങളും ബോംഗോ കുടുംബവും

അലി ബോംഗോയും കുടുംബവും ഗബോണിന്റെ പ്രകൃതി വിഭവങ്ങളും സമ്പത്തും സ്വന്തം നേട്ടത്തിനായി ധുര്‍ത്തടിക്കുന്നുവെന്നായിരുന്നു എതിരാളികളുയര്‍ത്തിയ പ്രധാന ആരോപണം. ഒപ്പം നികുതിപ്പണം കൊള്ളയടിക്കുന്നുവെന്ന ആരോപണവും പ്രതിപക്ഷം കാലങ്ങളായി മുന്നോട്ടുവെക്കുന്നുണ്ട്. 2017 ല്‍ ബോംഗോ കുടംബത്തിനെതിരേ ഫ്രാന്‍സിലെ 39 സ്വത്തു വകകളും ഒമ്പത് ലക്ഷ്വറി കാറുകളും സംബന്ധിച്ച് അഴിമതി ആരോപണമുയര്‍ന്നെങ്കിലും പിന്നീടിത് ഉപേക്ഷിക്കപ്പെട്ടു. ഇത് വലിയ ചര്‍ച്ചയായി. ഇതിന് ശേഷം ഫ്രാന്‍സിന് അനുകൂലമായി ബോംഗോ നിലപാടെടുക്കുന്നവെന്ന ആരോപണമാണ് ജനങ്ങളില്‍ പൊതുവായി ഉയര്‍ന്നത്.

ഇതോടെ ശക്തമായ ഫ്രാന്‍സ് വിരുദ്ധ വികാരം നിലനിന്നിരുന്ന ഗാബോണില്‍ ബോംഗോയ്‌ക്കെതിരായ വികാരമുയരാന്‍ പ്രധാന കാരണമായി മാറിയെന്നും പറയപ്പെടുന്നു. 2018-ലുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് സമ്മതിക്കാതായാതോടെ ആദ്യ സൈനിക അട്ടിമറിയേയും അലി ബോംഗോ നേരിട്ടു. ഭരണത്തില്‍ തിരിച്ചെത്തിയെങ്കിലും ഊന്നുവടിയുടെ സഹായത്തോടെ പ്രത്യക്ഷപ്പെട്ട ബോംഗോയെയാണ് പിന്നീട് ജനങ്ങള്‍ക്ക് കാണാനായത്. ഇതോടെ രാജ്യത്തെ നയിക്കാനുള്ള ശാരീരിക ശേഷിയില്ലാത്തയാളാണ് ബോംഗോയെന്ന ചര്‍ച്ചയാണ് ഉയര്‍ന്ന് വന്നത്. ഇത് ഭരണമാറ്റമെന്ന ആവശ്യത്തിന് ശക്തികൂട്ടുകയും ചെയ്തു. ഇതിനിടെയാണ് സൈനിക അട്ടിമറിയടക്കമുള്ളവ നടക്കുന്നത്.

placeholder
ഗാബോണില്‍ സൈനിക അട്ടിമറിയെ പിന്തുണച്ച് ജനങ്ങള്‍ തെരുവിലിറങ്ങി ആഘോഷം നടത്തുന്നു | Photo: AFP
  • ഗാബോണില്‍ ഇനിയെന്ത്

സൈനിക  അട്ടിമറി നടന്നതോടെ ഗബോണിന്റെ ഭാവിയെന്ത് എന്ന ചോദ്യമാണ് ലോകരാജ്യങ്ങള്‍ ചോദിക്കുന്നത്. സൈന്യം ഭരണം പിടിച്ചെടുത്തതോടെ നിലവിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കപ്പെട്ടു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അതിര്‍ത്തികള്‍ അടച്ചിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ആഗോള തലത്തിലും വലിയ ചര്‍ച്ചയാകുന്നുണ്ട്. സൈനിക അട്ടിമറി കൂടുതല്‍ അസ്ഥിരതയ്ക്ക് വഴിവെക്കുമെന്നാണ് യൂറോപ്യന്‍ ഫോറിന്‍ പോളിസി മേധാവി ജോസഫ് ബോറല്‍ പറഞ്ഞു. ഇതിനിടെ ഗാബോണിന്റെ പുതിയ നേതാവായി ജനറല്‍ ബ്രൈസ് ഒലിഗി എന്‍ജ്യുമയെ പ്രഖ്യാപിച്ചു. ഇനി എന്‍ജ്യൂമയുടെ ഫ്രാന്‍സിനോടുള്ള നിലപാടും വരും കാലങ്ങളില്‍ ഗാബോണില്‍ നിര്‍ണായകമായിരിക്കും. മൂന്നാം തവണയും ഭരണത്തിലേറുകയെന്നത് ഭരണഘടനാ ലംഘനമാണെന്നും നിയമവിരുദ്ധമായതിനാലാണ് സൈന്യം ഭരണം പിടിച്ചെടുത്തതെന്നുമാണ് എന്‍ജ്യൂമ കഴിഞ്ഞദിവസം ഒരു ഫ്രാന്‍സ് മാധ്യമത്തോട് പ്രതികരിച്ചത്.

സമര്‍ഥനായ പട്ടാളക്കാരന്‍ എന്നാണ് എന്‍ജ്യൂമ അറിയപ്പെട്ടിരുന്നതെങ്കിലും 2009-ല്‍ അലി ബോംഗോ ഗാബോണിന്റെ അധികാരമേറ്റെടുത്തതോടെ എന്‍ജ്യൂമയെ താക്കോല്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്നു. തുടര്‍ന്ന് 2018-ലാണ് വീണ്ടും അധികാര കേന്ദ്രങ്ങളിലേക്ക് തിരിച്ചെത്തിയത്. 2019 മുതല്‍ രാജ്യത്തെ പ്രധാന ആര്‍മി ഗ്രൂപ്പായ റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ മേധാവിയുമായി. സൈനിക ഉദ്യോഗസ്ഥന്റെ മകനെന്ന നിലയില്‍ അച്ഛന്റെ പാത പിന്തുടര്‍ന്നുള്ള പ്രവര്‍ത്തനമായിരുന്നു എന്‍ജ്യൂമ തന്റെ ജോലിയില്‍ കാണിച്ചിരുന്നത്. മൊറോക്കോ റോയല്‍ മിലിട്ടറി അക്കാദമി പോലുള്ള രാജ്യത്തെ പ്രമുഖ  സ്ഥാപനങ്ങളിലെ പരിശീലകനെന്ന നിലയിലും എന്‍ജ്യൂമ ഏറെ പ്രശസ്ഥനായി. പക്ഷേ, തന്നെ അധികാരസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയ അലി ബോംഗോയ്‌ക്കെതിരെ നിരന്തരം ശബ്ദിക്കുന്ന സൈനിക ഉദ്യോഗസ്ഥനായിട്ടാണ് എന്‍ജ്യൂമ അറിയപ്പെട്ടത്.

placeholder
അലി ബോംഗോ ഒന്‍ഡിമ്പ | Photo: AFP
  • സൈനിക അട്ടിമറിയെന്ന പകര്‍ച്ചവ്യാധി 

ഗാബോണിലെ സൈനിക അട്ടിമറി ആഫ്രിക്കന്‍ മേഖലയില്‍ സൈനിക ഏറ്റെടുക്കല്‍ പ്രവണത വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മാലി, ഗിനിയ, സുഡാന്‍, ബുര്‍ക്കിന ഫാസോ, നൈജര്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം 2020 മുതല്‍ സമാനമായ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ കുറച്ച് ദശകങ്ങളില്‍ ആഫ്രിക്ക നേടിയ ജനാധിപത്യ പുരോഗതിക്ക് നിഴല്‍ വീഴ്ത്തുന്നുമുണ്ട്. ഗാബോണിന്റെ രാഷ്ട്രീയ അസ്ഥിരത രാജ്യത്ത് വലിയ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം പ്രതിദിനം ഏകദേശം 200,000 ബാരലിന് അടുത്തുവരെ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഗാബോണ്‍. ടോട്ടല്‍ എനര്‍ജീസ്, പെരെന്‍കോ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിലെ അനിശ്ചിതത്വം ഇവരുയടെ പ്രവര്‍ത്തനങ്ങളെ തടസ്സങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഇത് വരും ദിവസങ്ങളിലും രൂക്ഷമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ഫ്രാന്‍സിനോടുള്ള നിലപാടും നിര്‍ണായകമാവും.