
സുഡാനിലെ വെടിയൊച്ചകള്‍ കേൾക്കാതിരിക്കുകയാണ് ലോകരാജ്യങ്ങള്‍. വലിയ വിഭവശേഷി ഉണ്ടായിട്ടും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീണ ഒരു രാജ്യത്തെ ജനങ്ങളെ ആഭ്യന്തര കലാപം രണ്ടാഴ്ചകൊണ്ട് അതിദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. എന്നിട്ടും വമ്പന്‍മാര്‍ ഗാലറിയിലിരുന്ന് കളി കാണുകയാണ്. കാരണം കലാപത്തിന് നേതൃത്വം നല്‍കുന്ന രണ്ട് സൈനിക മേധാവികളും, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണ് എന്നത് കൊണ്ടുതന്നെ. ധൃതിപിടിച്ച നീക്കം ഭാവി സുഡാന്‍ സര്‍ക്കാരുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന ചിന്തയിലാണ് മറ്റു ചില രാജ്യങ്ങള്‍. സമ്പന്നമായ സ്വര്‍ണഖനി, ജലസേചനം തുടങ്ങി നിയമപരവും അല്ലാത്തതുമായ വിവിധ കാര്യങ്ങളില്‍ സുഡാനുമായി രഹസ്യ-പരസ്യ ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ലോകരാജ്യങ്ങള്‍ നിലപാടെടുക്കുന്നതില്‍നിന്ന് മനഃപൂര്‍വം മാറി നില്‍ക്കുകയുമാണ്.
രാജ്യത്തെ രണ്ടു വൻശക്തികൾ അധികാരത്തിനു വേണ്ടി നടത്തുന്ന പോരാട്ടത്തിൽ ഇതുവരെ നാന്നൂറിലധികം ആളുകള്‍ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീടും ജീവനോപാധിയും നഷ്ടപ്പെട്ട് പലയിടങ്ങളിലും കുടുങ്ങിപ്പോയവരുടെ എണ്ണത്തില്‍ കണക്കുകളില്ല. വെടിവെപ്പില്‍നിന്നും സ്ഫോടനങ്ങളില്‍നിന്നും മോഷണത്തില്‍നിന്നും രക്ഷ നേടി പലരും പലായനം ചെയ്യുകയും ചെയ്തു.

2003-ല്‍ തുടങ്ങിയ ആഭ്യന്തരയുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് ലക്ഷക്കണക്കിനാളുകള്‍ രാജ്യത്ത് പലയിടങ്ങളിലായി ഇപ്പോഴും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇവരുടെ ഇടയിലേക്കാണ് മറ്റൊരു ആഭ്യന്തരകലാപം കൂടി എത്തിയതെന്നോര്‍ക്കണം. സുഡാന്‍ സായുധസേന മേധാവി അബ്ദൈല്‍ ഫത്ത അല്‍ബുര്‍ഹാനും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് മേധാവി മുഹമ്മദ് ഹംദാന്‍ ഡഗാലോയും തമ്മിലുള്ള മേൽക്കോയ്മ തർക്കത്തിൽ തുടങ്ങിയ കലാപം ഇന്ന് സുഡാനെ മാത്രമല്ല, മറ്റ് പല രാജ്യങ്ങളേയും ബാധിക്കുന്ന തരത്തിലേക്കുള്ള പ്രശ്നമായും മാറിയിരിക്കുന്നു.

ഇന്ത്യ, യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, റഷ്യ, ദക്ഷിണ കൊറിയ, വിവിധ അറബ് രാജ്യങ്ങള്‍ എന്നിവയെല്ലാം തങ്ങളുടെ പൗരന്‍മാരെ സുഡാനില്‍നിന്ന് ഒഴിപ്പിക്കാനുള്ള ഊര്‍ജിതശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുകൊണ്ടു മാത്രം തീരുന്നതല്ല പ്രശ്നം. ചെങ്കടലിന്റെ തന്ത്രപ്രധാനമായ സ്ഥാനം, നൈല്‍ നദിയിലേക്കുള്ള പ്രവേശനകവാടം എന്നീ നിലയ്‌ക്കെല്ലാം സുഡാന്‍ ആരേയും കൊതിപ്പിക്കുന്ന രാജ്യമാണ്. പക്ഷെ, അമ്പേ ദരിദ്രരായ ജനതയാണ്. സമ്പന്നമായ സ്വര്‍ണഖനികള്‍, വലിയ കാര്‍ഷിക സാധ്യതകള്‍ എന്നിവയെല്ലാം ഉണ്ടെങ്കിലും ഇതിന്റേയൊക്കെ ഉപയോക്താക്കള്‍ പുറംശക്തികളാണ്. അതുകൊണ്ടു തന്നെ സുഡാന്‍ ആഭ്യന്തരകലാപത്തെ അയല്‍ രാജ്യങ്ങള്‍, റഷ്യ, അറബ് രാജ്യങ്ങള്‍ എന്നിവയെല്ലാം ഏറെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്.
ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയത് മുതല്‍ മുഴങ്ങുന്നതാണ് സുഡാനിലെ വെടിയൊച്ചയെങ്കിലും രണ്ട് പട്ടാളമേധാവികള്‍ നേതൃത്വം നല്‍കുന്ന ഇപ്പോഴത്തെ സംഘര്‍ഷം അത്ര പെട്ടെന്ന് അവസാനിക്കുന്നതല്ലെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇരുവിഭാഗങ്ങള്‍ക്കും പല രീതിയില്‍ വിദേശപിന്തുണയും സൈനിക- സാമ്പത്തികസഹായവും ഒരുപോലെ ലഭിച്ചുകൊണ്ടിരിക്കുന്നു. പരാജയപ്പെടുന്ന സൈനിക മേധാവികള്‍ക്ക് ഒന്നുകില്‍ മരണം അല്ലെങ്കില്‍ രാജ്യം വിട്ടുപോകല്‍ എന്ന അവസ്ഥയും വരും.

ആഭ്യന്തരകലാപം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ മറ്റ് പ്രാദേശിക- അന്താരാഷ്ട്ര ശക്തികള്‍ ഒരു പക്ഷെ സ്വന്തം സൈന്യവും പണവും ആയുധങ്ങളുമെല്ലാം ഉപയോഗിച്ച് നടത്തുന്ന സമാന്തര ഗെയിമായി സുഡാന്‍ സംഘര്‍ഷം മാറുമെന്നാണ് കഴിഞ്ഞ ദിവസം ടെഫ്റ്റ്സ് യൂണിവേഴ്സിറ്റി വിദഗ്ധന്‍ അലക്സ് ഡെ വാള്‍ വ്യക്തമാക്കിയത്. അങ്ങനെ സംഭവിച്ചാല്‍ യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിന് ശേഷം ലോകം കാണുന്ന മറ്റൊരു യുദ്ധസാഹചര്യമായിരിക്കും സുഡാനിലേത്.
നിര്‍ണായക അതിര്‍ത്തികള്‍
ഈജിപ്ത്, ലിബിയ, ചാഡ്, എറിട്രിയ, സൗത്ത് സുഡാന്‍, എത്യോപ്യ തുടങ്ങി ഏഴ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുവെന്നത് കൊണ്ടുതന്നെ ഏറെ നിര്‍ണായകമാണ് സുഡാന്റെ അതിര്‍ത്തികള്‍. അതുകൊണ്ടു തന്നെയാണ് സുഡാനിലെ സായുധ, അര്‍ധ സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള ആഭ്യന്തരകലാപം അയല്‍രാജ്യങ്ങള്‍ക്കു തിരിച്ചടിയാകുമെന്ന് പലരും കണക്കാക്കുന്നത്. ഇപ്പോള്‍തന്നെ പലവിധ ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ കുഴപ്പത്തിലായിരിക്കുന്ന അയല്‍രാജ്യങ്ങള്‍ക്ക് സുഡാന്‍ സംഘര്‍ഷം വരുത്തിവെക്കുന്നത് ഇരുട്ടടിയുമാവും. സെന്‍ട്രല്‍ ആഫ്രിക്കയിലെ ചാഡ് ഇപ്പോള്‍തന്നെ രൂക്ഷമായ അഭയാര്‍ഥി പ്രശ്നം അനുഭവിക്കുന്ന രാജ്യമാണ്. പുതിയ സാഹചര്യത്തില്‍ ജീവന്‍ മാത്രം കൈയില്‍ പിടിച്ച് സുഡാനില്‍നിന്ന് വലിയ രീതിയിലാണ് ഇവിടേക്ക് ആളുകളെത്തുന്നത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ട് സൗത്ത് സുഡാന്‍ നേരത്തെ തന്നെ അരക്ഷിതാവസ്ഥയിലായതിനാല്‍ സുഡാന്‍ ആഭ്യന്തരകലാപത്തെ ഏറെ ഗൗരവത്തോടെയാണ് ഇവരും നോക്കിക്കാണുന്നത്.

| Photo: Getty Images
സുഡാന്റെ ശക്തമായ അയല്‍രാജ്യമെന്ന നിലയ്ക്ക് ഏറെ ഭീതിയോടെയും ആശങ്കയോടെയുമാണ് ഈജിപ്തും നിലവിലെ അവസ്ഥയെ വീക്ഷിക്കുന്നത്. രണ്ട് സൈനിക മേധാവികള്‍ തമ്മിലുളള സംഘര്‍ഷമെന്ന നിലയ്ക്ക് ആരുടെയൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഈജിപ്ത്. ഈജിപ്തിന്റെ പ്രധാന സാമ്പത്തിക പിന്തുണക്കാരായ യു.എ.ഇ. തങ്ങളെ പിന്തുണക്കുമെന്നാണ് ആഭ്യന്തര കലാപത്തിന് നേതൃത്വം നല്‍കുന്ന അര്‍ധസൈനിക വിഭാമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍.എസ്.എഫ്.) തലവന്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ഈജിപ്തിനു ഡഗാലോയെ കൈവിടാനാവില്ല. നിലവിലെ ഭരണാധികാരിയെന്ന നിലയ്ക്ക് സായുധസേന മേധാവി അബ്ദൈല്‍ ഫത്ത അല്‍ബുര്‍ഹാനെ വെറുപ്പിക്കാനുമാവില്ല.
സുഡാനും ഈജിപ്തും തമ്മില്‍ സ്വതന്ത്ര സഞ്ചാര കരാറുള്ളതിനാല്‍ അഭയാര്‍ഥി പ്രശ്‌നവുമുണ്ട്. ഇപ്പോള്‍തന്നെ 50 ലക്ഷത്തോളം സുഡാനികളെയാണ് ഈജിപ്ത് സ്വീകരിച്ചത്. പലരും അവിടെ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നു. 2003 -ലെ ആഭ്യന്തര കലാപത്തിന് ശേഷം സുഡാനില്‍നിന്നു ഈജിപ്തിലേക്കുള്ള അഭയാര്‍ഥി പ്രവാഹം അനിയന്ത്രിതമായി തുടരുകയാണ്. പുതിയ സാഹചര്യത്തില്‍ ഇത് വീണ്ടും വര്‍ധിക്കുമെന്നും അത് രാജ്യത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നുമാണ് ഈജിപ്ത് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ കുറച്ചുമാസമായി സുഡാനിലെ ഖാര്‍ത്തൂമില്‍നിന്ന് ദിവസേന ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലേക്ക് 25 ബസ്സെങ്കിലും സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. സംഘര്‍ഷം രൂക്ഷമായോടെ ഇത് വര്‍ധിച്ചിട്ടുമുണ്ട്.

ഇതിനുപുറമെ, വിവാദമായ അണക്കെട്ടിനെച്ചൊല്ലി (Grand Ethiopian Renaissance Dam) എത്യോപ്യയുമായുള്ള ഏറെക്കാലമായുള്ള തര്‍ക്കത്തില്‍ സുഡാനെ ഒഴിച്ചുകൂടാനാവാത്ത സഖ്യകക്ഷിയായി ഈജിപ്ത് കണക്കാക്കുന്നുണ്ട്. തങ്ങളുടെ രാജ്യത്തിനുതന്നെ ഭീഷണിയെന്ന നിലയിലാണ് വടക്കന്‍ എത്യോപ്യയിലെ നീല നൈല്‍ നദിയിലെ ഭീമാകാരമായ ജലവൈദ്യുത പദ്ധതിയെ ഈജിപ്ത് കണക്കാക്കുന്നത്. ആഭ്യന്തരയുദ്ധത്തിന് ശേഷം സുഡാന്‍ ആര് ഭരിക്കുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അണക്കെട്ട് വിഷയത്തിലടക്കം ഈജിപ്തിനോടുള്ള സുഡാന്റെ ഭാവി നിലപാട്.
നൈല്‍ നദിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഏറ്റവും വലിയ ആഫ്രിക്കന്‍ രാജ്യമെന്ന നിലയില്‍ എളുപ്പത്തില്‍ ഈജിപ്ത്, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജലസേചന സൗകര്യം ഉറപ്പാക്കുന്നതിനും സുഡാന് വലിയ പങ്കുണ്ട്. ഒരുപക്ഷേ, ഈജിപ്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സും ഇവരാണ്. ഇതിന് പുറമെ സുഡാന്‍ സൈന്യവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ് ഈജിപ്ത്. ഇങ്ങനെ പലവിധ വിഷയങ്ങളില്‍ ഈജിപിതിന് സുഡാന്‍ ഒഴിച്ചുകൂടാനാവാത്ത സഖ്യക്ഷിയാണ്. അതുകൊണ്ടാണ് ഇവരുടെ നിലപാട് നിര്‍ണായകമാവുന്നതും.

പുറംശക്തികളും സുഡാനും
മിഡില്‍ ഈസ്റ്റില്‍ നിര്‍ണായകശക്തിയായി ഉയര്‍ന്ന് വരുന്ന യു.എ.ഇ. സൈന്യത്തിന് സുഡാന്‍ ആഭ്യന്തരകലാപത്തിന് ഒരുവശത്ത് നേതൃത്വം നല്‍കുന്ന റാപ്പിഡ് സപോര്‍ട്ട് ഫോഴ്സുമായി അടുത്ത ബന്ധമാണുള്ളത്. യെമനില്‍ ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമത്തെ പ്രതിരോധിക്കുന്ന യു.എ.ഇ., സൗദി അറേബ്യ സൈനികരെ സഹായിക്കാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ആയിരക്കണക്കിന് സൈനികരെയാണ് നല്‍കിയത്.
യൂറോപ്പിലേക്കുള്ള ഊര്‍ജ കയറ്റുമതിക്കായി ചെങ്കടല്‍ വ്യാപാരപാതയില്‍ 300 സൈനികരേയും നാല് കപ്പലുകളേയും ഉള്‍ക്കൊള്ളിക്കാനാവുന്ന നാവികകേന്ദ്രം സ്ഥാപിക്കാന്‍ റഷ്യയ്ക്കും ഏറെ നാളത്ത പദ്ധതിയുണ്ട്. ഇതിന് പുറമെ യുക്രൈനിനെതിരേ യുദ്ധരംഗത്ത് മുന്‍നിരയിലുള്ള റഷ്യയുടെ വാഗ്‌നര്‍ ഗ്രൂപ്പുമായി ഏറെ അടുപ്പമുള്ളവരാണ് സുഡാനിലെ റാപ്പിഡ് സപ്പോര്‍ട്ട് ഗ്രൂപ്പ്. വഗ്‌നര്‍ ഗ്രൂപ്പിന്റെ സ്വര്‍ണഖനികള്‍ക്കെല്ലാം സുരക്ഷയൊരുക്കുന്നതില്‍ പ്രധാന പങ്കാളികളാണ് ആര്‍.എസ്.എഫ്. 2017 മുതല്‍ സുഡാനില്‍ വാഗ്നര്‍ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുമുണ്ട്. സ്വര്‍ണ കള്ളക്കടത്തും മനഷ്യാവകാശ ലംഘനവും ആരോപിച്ച് യുറോപ്യന്‍ യൂണിയന്‍ വാഗ്നര്‍ ഗ്രൂപ്പിന് വിലക്കേര്‍പ്പെടുത്തിയത് ഈയടുത്താണ്. ഈ വാഗ്നര്‍ഗ്രൂപ്പിന് കൂലിപ്പട്ടാളക്കാരേയും ആയുധുങ്ങളും പോലും ആര്‍.എസ്.എഫ്. വിതരണം ചെയ്യുന്നുണ്ട്. കലാപം അവസാനിപ്പിക്കാനായി സുഡാനിലെ ഡഗാലോ-ബുര്‍ഹാന്‍ സൈനിക മേധാവികള്‍ക്കിടയില്‍ മധ്യസ്ഥം വഹിക്കാന്‍ സഹായിക്കാമെന്ന് വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ജനി പ്രിഗോസിന്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമെ സുഡാനിലെ കലാപത്തില്‍ വാഗ്നര്‍ ഗ്രൂപ്പ് ആയുധങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായും ആരോപണവുമുണ്ട്.

തങ്ങളുടെ ബദ്ധശത്രുവായ ഇറാനെതിരെ രാഷ്ട്രീയവും സൈനികവുമായ മുന്നണി രൂപീകരിക്കാന്‍ മറ്റ് അറബ്, മുസ്ലീം രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഇസ്രയേല്‍ സുഡാനില്‍നിന്ന് പിന്തുണ തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി 2020-ല്‍ ഇരുരാജ്യങ്ങളിലും പ്രത്യേക കരാറില്‍ ഒപ്പിടുകയും മൂന്നു വര്‍ഷത്തിന് ശേഷം നയതന്ത്ര ബന്ധം ഔദ്യോഗികമായി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത് മാത്രമല്ല, ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ആര്‍.എസ്.എഫ്. തലവന്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോ അടക്കമുള്ളവരെ സന്ദര്‍ശിക്കാനായി കഴിഞ്ഞ വര്‍ഷം ഇസ്രയേലിലെത്തിയിരുന്നു. ഭീകരവാദ പ്രതിരോധവും ഇന്റലിജന്‍സ് സഹായവുമെല്ലാം സുഡാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളും രണ്ട് ജനറല്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ആരുടെയൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പത്തിലാണ്. പെട്ടെന്നുള്ള മധ്യസ്ഥത യുദ്ധത്തിനപ്പുറമുള്ള സങ്കീര്‍ണതയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന കണക്കുകൂട്ടലിലാണവര്‍.

ഏറ്റുമുട്ടല്‍ ഒറ്റനോട്ടത്തില്‍
30 വര്‍ഷം സുഡാന്‍ ഭരിച്ച കേണല്‍ ഉമര്‍ അല്‍ ബഷീറിന്റെ 30 വര്‍ഷംനീണ്ട ഏകാധിപത്യ ഭരണത്തിനു കീഴിലാണ് ഇന്ന് ആഭ്യന്തര യുദ്ധത്തിന് നേതൃത്വം നല്‍കുന്ന സുഡാന്‍ സായുധസേന മേധാവി അബ്ദൈല്‍ ഫത്ത അല്‍ബുര്‍ഹാനും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് മേധാവി മുഹമ്മദ് ഹംദാന്‍ ഡഗാലോയും ഉയര്‍ന്നുവന്നത്. ഒടുവില്‍ രണ്ടു പേരും ചേര്‍ന്ന് അദ്ദേഹത്തെ അട്ടിമറിച്ച് രാജ്യഭരണം പിടിച്ചു. 2018-ല്‍ ബഷീറിനെതിരേയുണ്ടായ ജനകീയപ്രക്ഷോഭം മുതലെടുത്ത് 2019 ഏപ്രിലില്‍ ബുര്‍ഹാനും ഡഗാലോയും ചേര്‍ന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. പ്രക്ഷോഭകരുടെ നേതാക്കളും സായുധസേനകളും അധികാരം പങ്കുവെക്കല്‍ കരാറും സോവറിന്‍ കൗണ്‍സില്‍ എന്ന സമിതിയുമുണ്ടാക്കി സുഡാന്‍ ഭരിച്ചു. ജനറല്‍ ബുര്‍ഹാന്‍ സോവറിന്‍ കൗണ്‍സിലിന്റെ മേധാവി. സിവിലിയന്‍ നേതാവ് അബ്ദല്ല ഹംദോക്ക് പ്രധാനമന്ത്രി. ഇക്കൊല്ലം ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന വ്യവസ്ഥയിലായിരുന്നു ഈ അധികാരം പങ്കിടല്‍.

പക്ഷേ, 2021 ഒക്ടോബറില്‍ അടുത്ത അട്ടിമറിയുണ്ടായി. പ്രധാനമന്ത്രിയെ പുറത്താക്കി സുഡാന്റെ ഭരണം ബുര്‍ഹാന്‍ കൈയിലാക്കി. ഡഗാലോയെ അധികാരശ്രേണിയിലെ രണ്ടാമനുമാക്കി. ഇക്കൊല്ലം ജൂലായില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ മാത്രമാകും ഭരണമെന്ന് പ്രഖ്യാപിച്ചു. ഇതിന് സിവിലിയന്‍ പ്രതിനിധികളുമായി ഉടമ്പടിയുമുണ്ടാക്കി.
തിരഞ്ഞെടുപ്പ്, സിവിലിയന്‍ ഭരണം തുടങ്ങിയ വാഗ്ദാനങ്ങള്‍ക്ക് മറ്റൊരു അര്‍ഥംകൂടിയുണ്ടായിരുന്നു. ആര്‍.എസ്.എഫിനെ എസ്.എ.എഫുമായി ലയിപ്പിച്ച് ഒരൊറ്റ സൈന്യമാക്കുക. ആ സൈന്യത്തെ സിവിലിയന്‍ നിരീക്ഷണത്തിലാക്കുക. ഇതിനുള്ള അന്തിമ ഉടമ്പടി ഈ മാസം ആദ്യം ഒപ്പിടേണ്ടതായിരുന്നു. അപ്പോഴേക്കും ബുര്‍ഹാനും ഡഗാലോയും തമ്മിലുള്ള ബന്ധം വഷളായി. ആര്‍.എസ്.എഫിനെ രണ്ടു വര്‍ഷത്തിനുള്ളില്‍ സൈന്യത്തിന്റെ ഭാഗമാക്കണം എന്നാണ് ബുര്‍ഹാന്റെ കടുംപിടിത്തം. എന്നാല്‍, ഇതിന് ഡഗാലോ തയ്യാറായില്ല. തൊട്ടുപിന്നാലെ ആഭ്യന്തരകലാപത്തിനു തിരികൊളുത്തുകയും ചെയ്തു.
Content Highlights: sudan coup fight and wold leaders viewpoint
Published: 28 Apr 2023, 11:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented