
പട്ടാള അട്ടിമറിയോടെയാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബസൗമിനെ പുറത്താക്കിയ സൈന്യം ഭരണഘടന റദ്ദാക്കുകയും അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. ഈ മാസം ആറിനകം മുഹമ്മദ് ബസൗമിനെ അധികാരത്തില്‍ തിരിച്ചെത്തിച്ചില്ലെങ്കില്‍ സൈനിക ഇടപെടലുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളുടെ സഖ്യം നൈജറിലെ പട്ടാളഭരണകൂടത്തിന് അന്ത്യശാസനം നല്‍കി. നൈജറുമായുള്ള ബന്ധം വിച്ഛേദിച്ച സഖ്യം രാജ്യവുമായുള്ള കര-വ്യോമ അതിര്‍ത്തികള്‍ അടച്ചു. പക്ഷേ, സൈനിക സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് അയല്‍രാജ്യങ്ങളായ ബര്‍ക്കിനാഫാസോയും മലിയും രംഗത്തെത്തി. വിഷയത്തില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇടപെട്ടതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. ഇതിനിടെ ഫ്രഞ്ച് താല്പര്യങ്ങള്‍ക്ക് എതിരായ ഒന്നും വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഫ്രാന്‍സിന്റെ ഭീഷണി. രാജ്യത്ത് ഫ്രഞ്ച് വിരുദ്ധ വികാരം വര്‍ധിക്കുന്നതിനിടയില്‍, ഫ്രാന്‍സിലേക്കുള്ള യുറേനിയം കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് സൈനിക ഭരണകൂടം പ്രഖ്യാപിച്ചു. ഇത് ഫ്രാന്‍സിന്റേയും യൂറോപ്യന്‍ യൂണിയന്റേയും നെഞ്ചിടിപ്പ് കൂട്ടി.
റേഡിയോ ആക്ടീവ് യുറേനിയം അയിരാണ് നൈജറിന്റെ പ്രധാന കയറ്റുമതികളിലൊന്ന്. നിലവില്‍ നൈജറിന്റെ ആകെ കയറ്റുമതിയുടെ 31 ശതമാനവും യുറേനിയമാണ്. ഇതിലധികവും കയറ്റുമതി ചെയ്യുന്നതാകട്ടെ ഫ്രാന്‍സിലേക്കും. ഇത് തന്നെയാണ് നൈജറില്‍ സ്ഥിരത നിലനിര്‍ത്തേണ്ടതും നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ തുടരേണ്ടതും ഫ്രാന്‍സിന്റെയും യൂറോപ്യന്‍ യൂണിയന്റേയും ആവശ്യമാകുന്നതും. ഊര്‍ജസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ തല്‍ക്കാലം പ്രശ്‌നമൊന്നുമില്ലെന്ന് പറയുമ്പോഴും നൈജറില്‍ താല്പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള നീക്കങ്ങളൊന്നും ഫ്രാന്‍സ് ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. ഇതിനിടയിലാണ് റഷ്യയും നൈജറില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. യുറേനിയം കയറ്റുമതിക്ക് നൈജര്‍ വിലക്കേര്‍പ്പെടുത്തുമ്പോള്‍ ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും പ്രതിസന്ധിയിലാകുമോ എന്നതാണ് വലിയ ചോദ്യം.

പട്ടാള അട്ടിമറിയോടെ മാറിമറിഞ്ഞ തലവിധി
നൈജറില്‍ എല്ലാകാലത്തും ജനാധിപത്യം വലിയ വെല്ലുവിളി നേരിട്ടിട്ടുണ്ട്. 1960-ല്‍ ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടിയശേഷം നാലുതവണയാണ് രാജ്യത്ത് പട്ടാള അട്ടിമറിയുണ്ടായത്. 1974-1991 കാലഘട്ടത്തിലായിരുന്നു ആദ്യത്തെ സൈനിക ഭരണം. എന്നാല്‍ എണ്‍പതുകളില്‍ സൈന്യത്തിന് രാഷ്ട്രീയത്തിലുള്ള നിയന്ത്രണം ക്രമേണ നഷ്ടപ്പെട്ടു. പിന്നാലെ 1991-ല്‍ ബഹുകക്ഷി തിരഞ്ഞെടുപ്പ് നടക്കുകയും ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. 1996 മുതല്‍ 1999 സമയത്ത് വീണ്ടും സൈനിക ഇടപെടലുണ്ടായി. തുടര്‍ന്ന് 2009 വരെയുള്ള കാലഘട്ടത്തില്‍ വീണ്ടും ജനാധിപത്യസര്‍ക്കാര്‍ അധികാരത്തില്‍ എത്തി. 2009-ല്‍ ഭരണഘടന പരിഷ്‌കരിച്ച് രാഷ്ട്രീയ കാലാവധി നീട്ടാനുള്ള പ്രസിഡന്റിന്റെ ശ്രമത്തിന് മറുപടിയായി സൈന്യം അട്ടിമറി നടത്തി. ആ ഭരണം 2010 വരെ നീണ്ടു. 2010-ല്‍ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 2021-ലാണ് പാശ്ചാത്യാനുകൂല സംഘടനകളുടെ പിന്‍ബലത്തോടെ നിലവിലെ പ്രസിഡന്റ് മുഹമ്മദ് ബസൗം (mohamed bazoum) പ്രസിഡന്റാകുന്നത്. ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടിയശേഷം നൈജറില്‍ സമാധാനപരമായി അധികാരത്തിലേറുന്ന ആദ്യ ജനാധിപത്യസര്‍ക്കാരായിരുന്നു ബസൗമിന്റേത്. പക്ഷേ അദ്ദേഹത്തിനും അധികകാലം കസേരയില്‍ തുടരാനായില്ല.
ജൂലായ് 26-ന് പുലര്‍ച്ചെയാണ് പ്രസിഡന്റ് മുഹമ്മദ് ബസൗമിനെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയില്‍ പട്ടാളം തടങ്കലിലാക്കിയത്. 2011 മുതല്‍ പ്രസിഡന്റിന്റെ സേനയുടെ മേധാവിയായി പ്രവര്‍ത്തിക്കുന്ന ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമി(Abdourahamane Tchiani)യുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി. ഭരണഘടന റദ്ദുചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങള്‍ പിരിച്ചുവിടുകയും ചെയ്ത സൈന്യം തലസ്ഥാനമായ നിയാമെയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ച് മുദ്രവെച്ചു. സേനകള്‍ചേര്‍ന്ന് നിലവിലെ ഭരണകൂടത്തിന് അന്ത്യംകുറിക്കുകയാണെന്നാണ് പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയ ഷിയാമി ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. നിലവിലെ സര്‍ക്കാര്‍ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും രാജ്യസുരക്ഷയുറപ്പാക്കുന്നതിലും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വിഷയമാണെന്നും വിദേശരാജ്യങ്ങള്‍ ഇടപെടരുതെന്നും പറഞ്ഞ ഷിയാമി രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുന്നതുവരെ വ്യോമ-കര അതിര്‍ത്തികള്‍ അടയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു. പിന്നാലെ ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമി പുതിയ നേതാവായി സ്വയം പ്രഖ്യാപിച്ചു.

പിന്തുണയുമായി പാശ്ചാത്യലോകം
സഹ്‌റാവി (Sahrawi) മേഖലയിലെ ഭീകരവാദ സംഘങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ പാശ്ചാത്യരാജ്യങ്ങളുടെ പ്രധാന സഖ്യകക്ഷിയായിരുന്നു ബസൗമിന്റെ സര്‍ക്കാര്‍. യുറേനിയം സമ്പുഷ്ടമായ നൈജര്‍ യൂറോപ്പിനും പ്രധാനപ്പെട്ട ഇടമാണ്. യു.എസിനും ഫ്രാന്‍സിനും അവിടെ സൈനികത്താവളങ്ങളുണ്ട്. ഈ ഘട്ടത്തിലെ പട്ടാള അട്ടിമറി പാശ്ചാത്യലോകത്തിന് വലിയ വെല്ലുവിളിയും അവരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. അട്ടിമറിക്കെതിരേ ആഗോളതലത്തില്‍ സ്വാഭാവികമായും എതിര്‍പ്പുയര്‍ന്നു. അട്ടിമറി അന്തിമമല്ലെന്നാണ് നൈജറിനെ ഏറെക്കാലം അടക്കിഭരിച്ചിരുന്ന ഫ്രാന്‍സ് പ്രതികരിച്ചത്. അട്ടിമറിക്കാര്‍ക്ക് പുനരാലോചന നടത്താനും ബസൗമിനെ വീണ്ടും അധികാരത്തിലെത്തിക്കാനും ഇനിയും സമയമുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. പിന്നാലെ നൈജറിനുള്ള എല്ലാസഹായവും റദ്ദാക്കുമെന്ന് യൂറോപ്യന്‍ യൂണിയനും ഭീഷണിപ്പെടുത്തി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍രാജ്യ കൂട്ടായ്മയായ ഇകോവാസും (ഇക്കണോമിക് കമ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കന്‍ നേഷന്‍സ്) വിഷയത്തില്‍ ഇടപെട്ടു. അയല്‍രാജ്യമായ നൈജീരിയയും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
പ്രസിഡന്റ് മുഹമ്മദ് ബസൗമിനെ ഒരാഴ്ചയ്ക്കുള്ളില്‍ തിരികെ നിയമിക്കണമെന്നാണ് ഇകോവാസ് നിര്‍ദേശിച്ചത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബലം പ്രയോഗിക്കുമെന്ന് അവര്‍ മുന്നറിയിപ്പും നല്‍കി. ബസൗമിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തി. സര്‍ക്കാരിനെ അട്ടിമറിച്ച് ബസൗമിനെ തടവിലാക്കിയവര്‍ അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അല്ലാത്തപക്ഷം നൈജറിനുള്ള സാമ്പത്തിക സഹായം നിര്‍ത്തുമെന്നും മുന്നറിയിപ്പുനല്‍കി. എന്നാല്‍ നൈജറിലെ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് അയല്‍ രാജ്യങ്ങളായ ബര്‍ക്കിനാഫാസോയും മലിയും രംഗത്ത് എത്തിയത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി. നൈജറിലെ പട്ടാളത്തിന് എതിരായ ഏതൊരു സൈനിക നടപടിയും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നാണ് ഇരുരാജ്യങ്ങളിലേയും സൈനിക ഭരണകൂടങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

എന്തുകൊണ്ട് നൈജര്‍ പ്രധാന്യം അര്‍ഹിക്കുന്നു?
പാശ്ചാത്യരാജ്യങ്ങളുടെ ശ്രദ്ധ നൈജറില്‍ പതിയാനുള്ള പ്രധാന കാരണം പ്രകൃതി വിഭവങ്ങള്‍ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ യുറേനിയം നിക്ഷേപമുള്ള രാജ്യമാണ് നൈജര്‍. ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള യുറേനിയം അയിരുകള്‍ നൈജറാണ് ഉത്പാദിപ്പിക്കുന്നത്. 1957-ല്‍ ഫ്രഞ്ച് ഗവേഷണസ്ഥാപനമായ ബി.ആര്‍.ജി.എമ്മാണ് അസിലിക് (Azelik ) മേഖലയില്‍ യുറേനിയം സാന്നിധ്യം തിരിച്ചറിയുന്നത്. തുടര്‍ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഫ്രഞ്ച് ആറ്റമിക് എനര്‍ജി കമ്മിഷനാണ്. പിന്നാലെ കൂടുതല്‍ സ്ഥലങ്ങളില്‍ നിക്ഷേപങ്ങള്‍ കണ്ടെത്തി. 1971-ലാണ് ഈ മേഖലയില്‍ നിന്ന് യുറേനിയം ഉത്പാദനം ആരംഭിക്കുന്നത്. നിലവില്‍ ലോകത്തില്‍ ആകെ ഉത്പാദിപ്പിക്കപ്പെടുന്ന യൂറേനിയത്തിന്റെ അഞ്ച് ശതമാനമാണ് നൈജറിന്റെ സംഭാവന. 2019-ല്‍ 2,982 ടണ്‍ യുറേനിയമാണ് നൈജര്‍ ഉത്പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 2,020 ടണ്‍ ആയിരുന്നു. തലസ്ഥാനമായ നിയാമിയില്‍ നിന്ന് ഏകദേശം 1,100 കിലോമീറ്റര്‍ വടക്കുള്ള അര്‍ലിറ്റ് (Arlit) പട്ടണത്തിനടുത്തുള്ള സൊമൈര്‍ ( Somaïr) ഖനിയിലാണ് പ്രധാന ഉത്പാദനം.
കണക്കുകള്‍ പ്രകാരം, സ്വര്‍ണം കഴിഞ്ഞാല്‍ നൈജറിന്റെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതിയാണ് യുറേനിയം. യൂറോപ്പിലേക്ക് യുറേനിയം കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് നൈജര്‍. യൂറോപ്യന്‍ യൂണിയന്റെ യുറേനിയം ഇറക്കുമതിയുടെ 25 ശതമാനവും നൈജറില്‍ നിന്നാണ്. കസാഖസ്താനും കാനഡയുമാണ് മറ്റ് രണ്ട് വലിയ വിതരണക്കാര്‍. ഈ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്നാണ് യൂറോപ്യന്‍ യൂണിയന് ആവശ്യമായ യുറേനിയത്തിന്റെ 74 ശതമാനവും നല്‍കുന്നത്. വര്‍ഷങ്ങളോളം നൈജര്‍ അടക്കി ഭരിച്ചിരുന്ന ഫ്രാന്‍സ് അവരുടെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി വലിയ തോതിലാണ് യുറേനിയം ഇറക്കുമതി ചെയ്യുന്നത്. വേള്‍ഡ് ന്യൂക്ലിയര്‍ അസോസിയേഷന്റെ കണക്കനുസരിച്ച് ഫ്രാന്‍സിന്റെ 70 ശതമാനം വൈദ്യുതി ഉത്പാദനവും ആണവോര്‍ജത്തിൽ നിന്നാണ്. യൂറോപ്യന്‍ യൂണിയനാകട്ടെ ഉപയോഗിക്കുന്നതിന്റെ നാലിലൊന്നും ആണവവൈദ്യുതിയാണ്.

ഫ്രാന്‍സിന് നൈജറില്‍ എന്താണ് താല്പര്യം?
അധികാരം പിടിച്ചെടുത്തതിന് പിന്നാലെ നൈജറിലെ സൈനിക ഭരണകൂടം ഫ്രാന്‍സിലേക്കുള്ള യുറേനിയം കയറ്റുമതി നിരോധിച്ചു. കൊളോണിയല്‍ ചൂഷണങ്ങളുടെ ചരിത്രം ചൂണ്ടിക്കാണിച്ച് രാജ്യത്ത് ഫ്രാന്‍സ് വിരുദ്ധ വികാരം ഉയര്‍ന്നതും ഇതിന് ഒരു പരിധിവരെ കാരണമായി. യുറേനിയത്തിനായി നൈജറിനെ വലിയ തോതില്‍ ആശ്രയിക്കുന്നതിനാല്‍ നടപടി ഫ്രാന്‍സിന് വെല്ലുവിളിയാണ്. ഫ്രഞ്ച് സ്ഥാപനമായ ഒറാനോയ്ക്ക് പതിറ്റാണ്ടുകളായി നൈജറില്‍ നിര്‍ണായക സ്ഥാധീനമാണുള്ളത്. നൈജറിലെ പ്രധാന ഖനിയായ സൊമൈറിന്റെ 63.4 ശതമാനം ഫ്രഞ്ച് കമ്പനിയായ ഒറാനോയുടെ ഉടമസ്ഥതയിലും 36.66 ശതമാനം നൈജര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഉടമസ്ഥതയിലുമാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അട്ടിമറി യുറേനിയം വിതരണത്തെ ബാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.
യുറേനിയം നിക്ഷേപങ്ങളുടെ സാന്നി ഫ്രാന്‍സ് അവരുടെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി ഇതിനെ ആശ്രയിക്കുന്നതും നൈജറിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഫ്രാന്‍സിലെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെയും ആണവനിലയങ്ങളിലേക്ക് നൈജറില്‍ നിന്നുള്ള യുറേനിയം വിതരണം അവസാനിക്കുന്നത് യൂറോപ്യന്‍ ഊര്‍ജ സുരക്ഷയെ തന്നെ ബാധിച്ചേക്കാം. യുക്രൈന്‍ യുദ്ധം ഉയര്‍ത്തുന്ന ഊര്‍ജ വെല്ലുവിളികള്‍ക്കിടയില്‍പോലും യൂറോപ്പിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നു. റഷ്യന്‍ യുറേനിയത്തിന് ഉപരോധം ഏര്‍പ്പെടുത്തിയുരുന്നില്ല എന്നതായിരുന്നു ഒരു കാരണം. മറ്റൊന്ന് നൈജര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിയും. അതിനാല്‍ തന്നെ റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് കഴിയാതിരുന്നത് നൈജറിലെ അട്ടിമറിക്ക് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവുണ്ട്. നൈജറിന്റെ നീക്കം ഫ്രാന്‍സിലെ ഊര്‍ജ ഉത്പാദനത്തേയും അതുവഴി യൂറോപ്യന്‍ യൂണിയന്റെ ഊര്‍ജ വിതരണത്തേയും നിര്‍ണായകമായി ബാധിച്ചേക്കാം എന്നാണ് വിലയിരുത്തല്‍.
നൈജര്‍ യുറേനിയം കയറ്റുമതി അവസാനിപ്പിച്ചാല്‍ യൂറോപ്യന്‍ യൂണിയന്റെ ആണവോര്‍ജ ഉല്‍പാദനത്തിന് ഉടൻ വെല്ലുവിളി ഉണ്ടാകില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആണവ ഏജന്‍സിയായ യുറാറ്റം (euratom) വ്യക്തമാക്കിയത്. മൂന്ന് വര്‍ഷത്തേക്ക് തങ്ങളുടെ ന്യൂക്ലിയര്‍ പവര്‍ റിയാക്ടറുകള്‍ക്ക് ആവശ്യമായ യുറേനിയം സ്റ്റോക്കുണ്ടെന്നാണ് യുറാറ്റം പറഞ്ഞത്. യൂറോപ്യന്‍ യൂണിയന്റെ ആവശ്യം നിറവേറ്റാന്‍ ആവശ്യമായ യുറേനിയം ആഗോള മാര്‍ക്കറ്റിലുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ ചൂണ്ടിക്കാണിച്ചിരുന്നു. നൈജറില്‍ നിന്നുള്ള യുറേനിയത്തിന്റെ കുറവ് വലിയ പ്രശ്‌നമാകില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്ന് യുറേനിയം എത്തിക്കാന്‍ സാധിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയത്. എന്നിട്ടും ഫ്രഞ്ച് താല്‍പ്പര്യങ്ങള്‍ക്കെതിരായ ഏത് അക്രമത്തിനും ഫ്രാന്‍സ് ഉടന്‍ പ്രതികരിക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത്. പിന്നാലെ നൈജറിനുള്ള സുരക്ഷാ സഹകരണവും സാമ്പത്തിക സഹായവും തടയുമെന്ന് യൂറോപ്യന്‍ യൂണിയനും ഭീഷണിപ്പെടുത്തി.

പിടിമുറുക്കുമോ വാഗ്‌നര്‍, പുതിയ നേതാവ് ആര്‍ക്കൊപ്പം?
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ബൗസം പാശ്ചാത്യരാജ്യങ്ങളുമായി വലിയ അടപ്പമാണ് കാത്തുസൂക്ഷിച്ചിരുന്നത്. പശ്ചിമാഫ്രിക്കയിലെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാശ്ചാത്യരാജ്യങ്ങളുടെ പ്രധാന സഖ്യകക്ഷിയായിരുന്നു ബസൗമിന്റെ സര്‍ക്കാര്‍. അതിനാല്‍ തന്നെ നൈജറില്‍ രാഷ്ട്രീയ അനിശ്ചിതത്വം നീളുന്നത് മേഖലയില്‍നിന്ന് ഭീകരവാദം തുടച്ചുനീക്കാനുള്ള പോരാട്ടങ്ങളെ പിന്നോട്ട് അടിക്കുമെന്നാണ് വിലയിരുത്തല്‍. പശ്ചിമാഫ്രിക്കയില്‍ റഷ്യയുടെ സ്വാധീനം വര്‍ധിക്കുമെന്നാണ് പാശ്ചാത്യനിരീക്ഷകരുടെ ഭയം. റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍സംഘം കൂടുതല്‍ വേരുറപ്പിക്കുമെന്നും അവര്‍ ഭയക്കുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ വാഗ്‌നര്‍സംഘത്തിന് നിര്‍ണായകസ്വാധീനമുണ്ട്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, മലി എന്നീ രാജ്യങ്ങളില്‍ വാഗ്‌നര്‍സേനയുടെ ആയിരക്കണക്കിന് പോരാളികളാണുള്ളത്. അവരുടെ സ്വാധീനം ശരിവെക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങള്‍. വാഗ്‌നര്‍സേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിനാളുകള്‍ റഷ്യന്‍ പതാകയുമായി നൈജര്‍ തലസ്ഥാനമായ നിയാമെയില്‍ തടിച്ചുകൂടിയിരുന്നു. ഈ ഭരണം ഞങ്ങള്‍ക്ക് മടുത്തുവെന്നും ഫ്രഞ്ച് ഭരണകൂടത്തിനായി ജനതയ്ക്കുനേരെ ഒളിപ്പോരുനടത്തുന്നവരുടെ വേട്ടയാടല്‍കൊണ്ട് പൊറുതിമുട്ടിയെന്നുമാണ് പ്രതിഷേധക്കാരുടെ ഭാഷ്യം. അതിനാല്‍ തന്നെ റഷ്യയുമായി സഖ്യം ചെയ്യാന്‍ പോവുകയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ദീര്‍ഘകാലം ഫ്രഞ്ച് കോളനിയായിരുന്നു നൈജര്‍. സ്വാതന്ത്ര്യം ലഭിച്ചിട്ടും രാജ്യത്ത് ഫ്രാന്‍സിന്റെ ഇടപെടല്‍ വ്യക്തമാണ്. ഖനികള്‍ അടക്കമുള്ളവയില്‍ ഫ്രാന്‍സിന് നിര്‍ണായക സ്വാധീനവുമുണ്ട്. ഈവിരോധം ഒരു വിഭാഗത്തിനിടയിലുണ്ട്. ഇത് തന്നെയാണ് അവരെ റഷ്യയോടടുപ്പിക്കുന്നതില്‍ നിര്‍ണായകമാകുന്നത്. റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നറിന്റെ മേധാവി യെവ്ഗെനി പ്രിഗോഷിന്‍ പട്ടാള അട്ടിമറിയെ വന്‍ വിജയമെന്നാണ് വിശേഷിപ്പിച്ചത്. കോളനി ഭരണത്തിനുകീഴില്‍ നൈജര്‍ ജനത അനുഭവിച്ച ദുരിതവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യം ഒന്നുമല്ലെന്നും പ്രിഗോഷിന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അട്ടമറിയിലൂടെ ഭരണം പിടിച്ച പുതിയ നേതാവ് ആരുമായി സഖ്യം ചെയ്യുമെന്നാണ് പാശ്ചാത്യരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. പട്ടാള ഭരണം നടത്തുന്ന അയല്‍രാജ്യങ്ങളായ മലിക്കും ബര്‍ക്കിനാഫാസോയ്ക്കും നിലവില്‍ റഷ്യയോടാണ് ചായ്‌വ്. അവരുടെ വഴിയിലേക്ക് തന്നെ നൈജറും നീങ്ങാനാണ് സാധ്യത. അത് യൂറോപ്പിന് വലിയ തിരിച്ചടിയായിരിക്കും. അതുകൊണ്ട് തന്നെയാണ് പട്ടാളഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സും തീര്‍ത്തുപറയുന്നതും.
Content Highlights: How the Niger coup can throw Europe into a deep energy crisis
Published: 03 Aug 2023, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented