നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയവുമായി തമിഴക വെട്രികഴകം (ടി.വി.കെ.) പുതിയ വഴി വെട്ടിയതോടെ നഷ്ടപ്പെട്ട ജനപിന്തുണ തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട്ടിലെ മറ്റ് കക്ഷികൾ. ടി.വി.കെയ്ക്ക് ഭൂരിപക്ഷം നേടാൻ ഇനിയും സാധിച്ചിട്ടില്ല. അതോടെ പുതിയ സഖ്യസാധ്യതകൾ വരെ പല കക്ഷികളും തേടുന്നു. അതിനിടെ തമിഴ്‌നാട്ടിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയനീക്കമാണ് നിലവിലെ ഭരണകക്ഷി ദ്രാവിഡ മുന്നേറ്റ കഴകവും (ഡി.എം.കെ.) മുഖ്യപ്രതിപക്ഷ കക്ഷി ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എ.ഐ.എ.ഡി.എം.കെ.) ഒരുമിച്ച് പ്രവർത്തിക്കാനുള്ള ചർച്ചകൾ. കഴിഞ്ഞ 53 വർഷം നീണ്ട ശത്രുത മറന്ന് കൈകോർക്കണമെന്ന അഭിപ്രായം ഇരുപാർട്ടികളിലും ഒരുപോലെ ഉണ്ടായിട്ടുണ്ട്. ഇരു പാർട്ടികളുടെയും നേതൃത്വം ഇക്കാര്യം ശരി വെച്ചിട്ടില്ലെങ്കിലും ചില പ്രാഥമിക ചർച്ചകൾ നടന്നതായാണ് സൂചന.

To advertise here,

തമിഴ്‌നാട് രാഷ്ട്രീയത്തിലെ ശത്രുക്കളായ ഇരു ദ്രാവിഡ പാർട്ടികളും ലയിച്ച് ഒന്നാകാനുള്ള തീരുമാനം 47 വർഷം മുമ്പ് കരുണാനിധിയും എം.ജി.രാമചന്ദ്രനും ചേർന്നെടുത്തിരുന്നു. ഒഡിഷ മുൻ മുഖ്യമന്ത്രിയും അന്ന് ജനതാ പാർട്ടി നേതാവുമായിരുന്ന ബിജു പട്‌നായികാണ് ഈ ലയനചർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്. എന്നാൽ നേതാക്കൾ കൈകൊടുത്ത് പിരിഞ്ഞതിനുശേഷമുണ്ടായ ചില ഇടപെടലിൽ ഈ ലയനം നടക്കാതെ പോയി. 1972ലാണ് തമിഴ് സിനിമകളിലെ സൂപ്പർതാരം എം.ജി.ആർ. എന്ന എം.ജി. രാമചന്ദ്രൻ ഡി.എം.കെയിൽ നിന്ന് രാജിവെച്ച് എ.ഐ.എ.ഡി.എം.കെ. രൂപവത്കരിക്കുന്നത്. അതിനുശേഷം ഡി.എം.കെയും എ.ഐ.എ.ഡി.എ.കെയും നിരന്തരം തിരഞ്ഞെടുപ്പുകളിൽ ഏറ്റുമുട്ടി.

ഡി.എം.കെ. അടിയന്തിരാവസ്ഥയെ ശക്തമായി എതിർത്തപ്പോൾ എ.ഐ.എ.ഡി.എം.കെ. ഇന്ദിരാപക്ഷത്തായിരുന്നു. കേന്ദ്രത്തിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാർട്ടി സർക്കാർ വീണതിനുശേഷം ചരൺ സിങ് പ്രധാനമന്ത്രിയായപ്പോൾ എം.ജി.ആർ. പിന്തുണച്ചു. എ.ഐ.എ.ഡി.എം.കെ. അംഗങ്ങൾക്ക് കേന്ദ്രമന്ത്രിസ്ഥാനവും ലഭിച്ചു. 1977-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എ.ഐ.എ.ഡി.എം.കെ. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയില്ല. എം.ജി.ആർ. മുഖ്യമന്ത്രിയാകുകയും ചെയ്തു. 1980-ലെ ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി എ.ഐ.എ.ഡി.എം.കെയുടെ പിന്തുണ നേടാൻ ഇന്ദിരാഗാന്ധി ശ്രമിച്ചു. ഇന്ദിരാഗാന്ധിയും എം.ജി.ആറും തമ്മിൽ കൂടിക്കാഴ്ച നടത്താനുള്ള നീക്കം തുടങ്ങിയതോടെയാണ് ബിജു പട്‌നായിക് രംഗപ്രവേശം ചെയ്തത്.

മൊറാർജി ദേശായിയുടെയും ചരൺ സിങ്ങിന്റെയും മന്ത്രിസഭകളിൽ അംഗമായിരുന്ന ബിജു പട്‌നായിക് ഇന്ദിരാ വിരുദ്ധരെ ഏകോപിപ്പിക്കുന്ന ചുമതലയേറ്റെടുത്ത സമയമായിരുന്നു അത്. അദ്ദേഹത്തിന് കരുണാനിധിയുമായും എം.ജി.ആറുമായും നല്ല സൗഹൃദമുണ്ടായിരുന്നു. ബിജു പട്‌നായിക് അന്തരിച്ചപ്പോൾ മുരശൊലി പത്രത്തിൽ കരുണാനിധി അനുസ്മരണക്കുറിപ്പ് എഴുതി. ഇതിൽ ബിജു പട്‌നായിക് കാണാൻ വന്നതിനെയും പിന്നീടുണ്ടായ സംഭവവികാസങ്ങളെയും കുറിച്ച് കരുണാനിധി വ്യക്തമാക്കിയിട്ടുണ്ട്.

1979 സെപ്റ്റംബർ 12-നാണ് കരുണാനിധിയുടെ മദ്രാസിലെ വീട്ടിൽ ബിജു പട്‌നായിക് എത്തിയത്. ഇരുപാർട്ടികളും ഒന്നാകണമെന്ന കാര്യം അവതരിപ്പിച്ചപ്പോൾ കരുണാനിധി അതാരുടെ ആശയമാണെന്ന് ചോദിച്ചു. എം.ജി.ആറിന് ഇക്കാര്യത്തിൽ താത്പര്യമുണ്ടെന്നും എന്തൊക്കെയാണ് ഡി.എം.കെയുടെ ഉപാധികളെന്ന് അന്വേഷിച്ചുവെന്നും ബിജു പട്‌നായിക് മറുപടി നൽകി. പാർട്ടിയുടെ പേര് ഡി.എം.കെ. എന്നാകണമെന്നും അണ്ണാദുരൈയുടെ ചിഹ്നം ചേർത്ത എ.ഐ.എ.ഡി.എം.കെയുടെ കൊടി സ്വീകരിക്കാമെന്നും കരുണാനിധി പറഞ്ഞു. എം.ജി.ആറിന് മുഖ്യമന്ത്രിയായി തുടരാമെന്നും പുതിയ പാർട്ടിയുടെ അധ്യക്ഷൻ താനാകുമെന്നുമായിരുന്നു കരുണാനിധിയുടെ ഉപാധി. ഇതുകേട്ട ബിജു പട്‌നായിക് കരുണാനിധിയെ കെട്ടിപ്പിടിച്ചു. നടപ്പാക്കാനാകാത്ത ഉപാധികൾ വെക്കുമെന്നാണ് താൻ കരുതിയതെന്ന് അദ്ദേഹം പറഞ്ഞു.

തൊട്ടടുത്ത ദിവസം തന്നെ ചെപോക്കിലെ ഗസ്റ്റ് ഹൗസിൽ ബിജു പട്‌നായിക് ചർച്ചയ്ക്ക് അരങ്ങൊരുക്കി. കരുണാനിധിയും എം.ജി.ആറും ഒരു മുറിയിൽ നേരിട്ട് ചർച്ച നടത്തിയപ്പോൾ തൊട്ടടുത്ത മുറിയിൽ ഡി.എം.കെ. ജനറൽ സെക്രട്ടറി പ്രൊഫ. കെ. അൻപഴകനും എ.ഐ.എ.ഡി.എം.കെ. നേതാക്കളായ വി.ആർ. നെടുഞ്ചെഴിയനും പാന്റുതി രാമചന്ദ്രനും തമ്മിൽ സംസാരിച്ചു. ഇരുപാർട്ടികളിലെയും നേതാക്കൾ ലയനത്തിന് സമ്മതിക്കുകയും അതത് പാർട്ടികളുടെ അടിയന്തിര എക്‌സിക്യൂട്ടീവ് കൗൺസിൽ ചേർന്ന് പ്രമേയം പാസാക്കാനും തീരുമാനിച്ചാണ് എല്ലാവരും പിരിഞ്ഞത്.

തൊട്ടടുത്ത ദിവസമുണ്ടായ സംഭവം തന്നെ ആശ്ചര്യപ്പെടുത്തിയതായി കരുണാനിധി പിന്നീട് വ്യക്തമാക്കി. വെല്ലൂരിൽ നടന്ന പൊതുയോഗത്തിൽ എം.ജി.ആറിന്റെ സാന്നിധ്യത്തിൽ മന്ത്രിമാർ ഡി.എം.കെയെ രൂക്ഷമായി വിമർശിച്ചു. വെല്ലൂരിലേക്ക് പോകുന്നവഴിയിൽ കാറിൽ വെച്ചാണ് എം.ജി.ആറിന്റെ മനസ് മാറിയതെന്ന് കരുണാനിധി വിശ്വസിച്ചു. എം.ജി.ആറിന് കൂടെയുണ്ടായിരുന്ന അഭികാമ്യനല്ലാത്ത ഒരു വ്യക്തിയാണ് ലയനത്തിന് തുരങ്കം വെച്ചതെന്ന് കരുണാനിധി പിന്നീട് പറഞ്ഞു. മന്ത്രിയായിരുന്ന പാന്റുതി രാമചന്ദ്രനാണ് ഇതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

1979-ലെ ഈ ലയനനീക്കത്തിനുശേഷം തമിഴ്‌നാട് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും മാറിമാറി ഭരിക്കുകയായിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലാണ് ഇരുപാർട്ടികളെയും ഞെട്ടിച്ചുകൊണ്ട് വിജയ് തമിഴകത്ത് വെട്രി (വിജയം) നേടിയത്.