ചെന്നൈ: എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി പളനിസ്വാമിക്കെതിരേ വൻ വെളിപ്പെടുത്തലുമായി പാർട്ടിയിലെ വിമതപക്ഷ നേതാവ് സി.വി. ഷൺമുഖം. തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപവത്കരിക്കാനാവശ്യമായ പിന്തുണയില്ലാതിരുന്ന സാഹചര്യത്തിൽ ഡിഎംകെ ഒരു പദ്ധതി മുന്നോട്ടുവെച്ചിരുന്നെന്ന് അദ്ദേഹം വാർത്താസമ്മേളത്തിൽ അവകാശപ്പെട്ടു.

To advertise here,

വിസികെയുടെ അധ്യക്ഷൻ തോൽ തിരുമാളവനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടും എഐഡിഎംകെ അംഗങ്ങൾ ഉൾപ്പെട്ട കാബിനറ്റും ചേർന്ന സർക്കാരിനെ ഡിഎംകെ പുറമേനിന്ന് പിന്തുണയ്ക്കാൻ തയ്യാറായിരുന്നു. എന്നാൽ, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഡിഎംകെയുടെ പദ്ധതിയെ എടപ്പാടി തള്ളിക്കളയുകയായിരുന്നെന്ന് ഷൺമുഖം ആരോപിച്ചു.

എഐഎഡിഎംകെയ്ക്കുള്ളിൽ കടുത്ത ഭിന്നത രൂപംകൊള്ളുന്നതിനിടെയാണ് ഷൺമുഖത്തിന്റെ വെളിപ്പെടുത്തൽ. മാത്രമല്ല, സർക്കാരുണ്ടാക്കാനില്ല പ്രതിപക്ഷത്തിരിക്കുമെന്നായിരുന്നു ഡിഎംകെ നിലപാട് കൈക്കൊണ്ടിരുന്നത്. ഇതിന് വിരുദ്ധമായ നീക്കം നടന്നെന്നാണ് ഷൺമുഖം ആരോപിക്കുന്നത്. അതേസമയം, ആരോപണത്തിൽ ഡിഎംകെയോ എടപ്പാടിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ന് നിയമസഭയിൽ വിജയ്‌യുടെ സർക്കാർ വിശ്വാസവോട്ട് തേടിയപ്പോൾ 25 ഐഡിഎംകെ എംഎൽഎമാർ സർക്കാരിനൊപ്പംനിന്നിരുന്നു. എസ്.പി. വേലുമണി, സി.വി. ഷൺമുഖം, എം.ആർ. വിജയശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള എംഎൽഎമാരാണ് എഐഎഡിഎംകെയിൽ വിമതകലാപക്കൊടി ഉയർത്തിയിട്ടുള്ളത്.

വിശ്വാസവോട്ടെടുപ്പിൽ 144 എംഎൽഎമാരാണ് വിജയ് സർക്കാരിനെ പിന്തുണച്ചത്. ഡിഎംകെ അംഗങ്ങൾ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തില്ല. ടിവികെ-105, കോൺഗ്രസ്-5, സിപിഐ-2, സിപിഎം-2, മുസ്‌ലിം ലീഗ്-2, വിസികെ- 2, എഐഎഡിഎംകെ വിമതപക്ഷം-25, എഎംഎംകെ-1 എന്നിവരാണ് വിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. എഐഎഡിഎംകെയിലെ എടപ്പാടി പക്ഷത്തുള്ള 22 എംഎൽഎമാർ എതിർപ്പ് രേഖപ്പെടുത്തി.