ചെന്നൈ: ഏപ്രിൽ 23-ന് നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്തെന്ന് ആരോപിച്ച് 10 വിദേശ പൗരരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജമായി നേടിയെടുത്ത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തെന്നാണ് ആരോപണം. അറസ്റ്റിലായവരിൽ നാല് പേർ സ്ത്രീകളാണ്. വ്യാഴാഴ്ചയാണ് പോലീസുദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.

To advertise here,

തിരഞ്ഞെടുപ്പിന് ശേഷം രാജ്യം വിടാൻ ശ്രമിക്കവേ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഇമിഗ്രേഷൻ അധികൃതർ ഇവരെ തടഞ്ഞത്.

വിദേശ പൗരത്വം ഉള്ളവരും ഇന്ത്യൻ പൗരരല്ലാത്തവരുമായ പ്രതികൾ, നിയമവിരുദ്ധമായി വോട്ട് രേഖപ്പെടുത്തുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മിഷണറേറ്റിന് നൽകിയ പരാതിയെ തുടർന്ന്, മേയ് 7നും മേയ് 14നും ഇടയിൽ സെൻട്രൽ ക്രൈംബ്രാഞ്ചും പ്രാദേശിക പോലീസ് യൂണിറ്റുകളും കേസുകൾ രജിസ്റ്റർ ചെയ്തു. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.