
വർത്തമാനകാലത്ത് ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ആത്മീയ നേതാക്കളിൽ പ്രധാനിയായ ദലൈലാമയുടെ നവതിയാഘോഷം ഞായറാഴ്ച നടന്നപ്പോൾ ലോകം കാതുകൂർപ്പിച്ച ആ ചോദ്യത്തിനുത്തരം മാത്രമുണ്ടായില്ല: ആരായിരിക്കും ടിബറ്റൻ ബുദ്ധിസത്തിന്റെ ആത്മീയാചാര്യന്റെ പിൻഗാമി?
ചൈനയെ പ്രകോപിപ്പിക്കുന്നതായിരിക്കും ഈ ഉത്തരം. ചൈനയും കൂടി ആകാംക്ഷയോടെ ഉറ്റുനോക്കുന്നതും ഈ ഉത്തരം തന്നെ. അതിനിനിയും കാത്തിരിക്കേണ്ടി വരും. ഞായറാഴ്ച ആഘോഷപൂർവ്വം പിറന്നാളാഘോഷം കൊണ്ടാടപ്പെട്ടെങ്കിലും വലിയ പ്രകമ്പനമുണ്ടാക്കാതെ ആഘോഷം കടന്നുപോയതും പിൻഗാമി പ്രഖ്യാപനമുണ്ടാവാതിരുന്നതിനാലാവണം. ഞാനിനിയും 30- 40 വർഷം കൂടി ജീവിച്ചിരിക്കുമെന്ന് ടെൻസിങ് ഗ്യാസ്റ്റോ എന്ന ഇപ്പോഴത്തെ പതിനാലാമത് ദലൈലാമ പ്രഖ്യാപിച്ചത് തന്നെ ഉടനൊരു പിൻഗാമിയെ പ്രഖ്യാപിക്കില്ലെന്നതിന്റെ സൂചനയായിരുന്നു.
നവതിയാഘോഷം ഗംഭീരമായി കൊണ്ടാടി. അവിടെ ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും പ്രമുഖരുടെ ആശംസാ സന്ദേശങ്ങൾ വായിക്കപ്പെട്ടു.അതിലേറ്റവും പ്രധാനം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടേതായിരുന്നു. പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള പൂർണ അധികാരം ദലൈലാമയ്ക്കും അദ്ദേഹത്തിന്റെ ആത്മീയ ട്രസ്റ്റായ ഗാഡെൻ ഫോദ്രാങിന് തന്നെ. പിൻഗാമിയുടെ കാര്യത്തിൽ കഴിഞ്ഞ ബുധനാഴ്ച ദലൈലാമ നയം വ്യക്തമാക്കിയപ്പോൾ തന്നെ ചൈന രോഷം പൂണ്ടിരുന്നു. ഇന്ത്യയുടെ പിന്തുണ ദലൈ ലാമയ്ക്ക് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞതും ചൈനയെ പ്രകോപിപ്പിച്ചു.
പക്ഷേ ഞായറാഴ്ച ആശംസാസന്ദേശത്തിൽ കിരൺ റിജിജു വീണ്ടും പറഞ്ഞതിങ്ങനെ: ദലൈലാമ എടുക്കുന്ന ഏത് തീരുമാനത്തിനുമൊപ്പം ഇന്ത്യയുണ്ട്. ചൈന ഇതിനെ എങ്ങനെയെടുക്കുമെന്ന് വ്യക്തമല്ല. പക്ഷേ, ദലൈലാമയ്ക്ക് അതിനുള്ള അധികാരമില്ലെന്ന് ചൈന വീണ്ടും ആവർത്തിച്ചിട്ടുണ്ട്.
ഞാനൊരു എളിയവനായ ബുദ്ധസന്യാസി മാത്രം എന്നാണ് ഹിമാലയ താഴ്വാരത്തിലെ ധരംശാലയിലുള്ള മക്ലിയോഡ്ഗഞ്ചിൽ, സുഗ്ലഖാങ് ക്ഷേത്രത്തില്‍ പ്രത്യേകം ഒരുക്കിയ പിറന്നാളാഘോഷപ്പന്തലില്‍ നിന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ പറഞ്ഞത്. ക്ഷേത്രമുറ്റത്തും വേദിക്ക് ചുറ്റിലുമായി തിക്കിത്തിരക്കി നിന്ന, ലോകത്തിന്റെ നാനാഭാഗത്ത് നിന്നെത്തിയ ബുദ്ധസന്യാസിമാരടക്കമുള്ള ജനസഹസ്രങ്ങള്‍ നീണ്ട കരഘോഷം മുഴക്കി.
ആത്മീയാചാര്യന്റെ നവതിയോടനുബന്ധിച്ച് കഴിഞ്ഞ ബുധനാഴ്‌ച തുടങ്ങിയ വിവിധ പരിപാടികളില്‍ ഏറ്റവും സുപ്രധാനം ഞായറാഴ്‌ചത്തെ പിറന്നാളാഘോഷച്ചടങ്ങായിരുന്നു. രണ്ട് ദിവസമായി ധരംശാലയിലെങ്ങും കോരിച്ചൊരിയുന്ന മഴയായിരുന്നു. ഒപ്പം മലയിറങ്ങി വരുന്ന കോടമഞ്ഞും. മഴയെ കൂസാതെയാണ് ജനസഹസ്രങ്ങള്‍ മക്ലിയോഡ്‌ഗഞ്ചിലേക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. ദലൈലാമയുടെ സുരക്ഷയെക്കരുതി കനത്ത സുരക്ഷാവലയം ക്ഷേത്രപരിസരത്തൊരുക്കിയിരുന്നു.സുഗ്ലഖാങ് ക്ഷേത്രവും പരിസരവും ബുദ്ധിസ്റ്റ് ലാമമാരെയും വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായെത്തിയ ദലൈ ലാമയുടെ അനുയായികളെയും ആരാധകരെയും കൊണ്ടു നിറഞ്ഞു. മക്ലിയോഡ്‌ഗഞ്ച് മേഖലയാകെ ആത്മീയനിര്‍വൃതിയാല്‍ തുടിച്ചുനിന്നു.
ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയോടെ തന്നെ ക്ഷേത്രമുറ്റത്തേക്ക് ജനപ്രവാഹമാരംഭിച്ചിരുന്നു. കനത്ത മഴയ്‌ക്കൊപ്പം മലമുകളില്‍ നിന്നിറങ്ങിവന്ന കോടമഞ്ഞില്‍ അവരലിഞ്ഞുചേര്‍ന്നു. അനുഭൂതിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൃത്യം 8.43ഓടെയാണ് ദലൈലാമ ക്ഷേത്രവളപ്പില്‍ തന്നെയുള്ള താമസകേന്ദ്രത്തില്‍ നിന്ന് പുറത്തേക്കിറങ്ങിവന്നത്. ആ നേരം തൊട്ട്, പിറന്നാളാഘോഷച്ചടങ്ങ് പൂര്‍ത്തിയാവുന്നത് വരെയും മഴ പൂര്‍ണമായും മാറിനിന്നത് അദ്‌ഭുതമായി. ജനസഹസ്രങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് മുന്നില്‍ കാലവര്‍ഷം തല കുനിച്ചുനിന്നതുപോലെ. വേദിയിലേക്ക് ദലൈ ലാമയെ ആനയിക്കാനായി ചുവപ്പുപരവതാനി ഒരുങ്ങി. പരമ്പരാഗത വേഷമണിഞ്ഞ തിബറ്റന്‍ കലാകാരന്മാര്‍ വാദ്യമേളങ്ങളോടെ അദ്ദേഹത്തെ വേദിയിലേക്കാനയിച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി ലലന്‍ സിങിന്റെ നേതൃത്വത്തില്‍ മുന്‍നിരയില്‍ നടന്നുനീങ്ങി. പിന്നാലെ ദലൈ ലാമ ജനസഹസ്രങ്ങളെ കൈവീശി അഭിവാദ്യം ചെയ്‌ത് വേദിയിലേക്ക്. ടിബറ്റന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിലെ (ടിപ) കലാകാരന്മാര്‍ ഒരുക്കിയ നൃത്ത, ഗാന വിരുന്നുകളാണ് ആഘോഷത്തിന് വര്‍ണചാരുത തീര്‍ത്തത്. ടിപയിലെ കലാകാരന്മാരുടെ കൂട്ടത്തിൽ ഇന്ത്യയടക്കം 9 രാജ്യങ്ങളിലെ കലാകാരന്മാരുണ്ടായി. തായ്വാനിൽ നിന്നടക്കം. ഇതിലൊരു കലാകാരൻ ദലൈ ലാമയ്ക്ക് തൊപ്പി സമ്മാനിച്ചു. അദ്ദേഹമതേറ്റു വാങ്ങി അനുഗ്രഹിച്ചു.
കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും ലലന്‍ സിങും ഹോളിവുഡ് നടനും ദലൈലാമയുടെ അനുയായിയുമായ റിച്ചാര്‍ഡ് ഗിയറുമുള്‍പ്പെടെ വേദിയിലെത്തി. വിശിഷ്ടാതിഥികളെല്ലാവരും ആത്മീയാചാര്യന് നവതിയാശംസകള്‍ നേര്‍ന്നു. പിറന്നാൾ കേക്ക് മുറിച്ച് ഒരു കഷണം കഴിച്ചാണ് ദലൈലാമ താമസകേന്ദ്രത്തിലേക്ക് മടങ്ങിയത്. ആത്മീയനേതാവിനുമപ്പുറമാണ് ദലൈലാമയുടെ സ്ഥാനമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം രാജ്യത്തെ ധന്യമാക്കിയെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആശംസിച്ചു. വിദേശത്ത് നിന്നടക്കം 300ഓളം പ്രതിനിധികളെ ചടങ്ങിലേക്ക് ക്ഷണിച്ചതായും ഇവരില്‍ പകുതിയിലധികം പേരെത്തിയെന്നും സംഘാടനചുമതലയുള്ള പ്രസ് റിലേഷന്‍ ഓഫീസര്‍ ടെന്‍സിന്‍ ജിഗ്മെ അറിയിച്ചു.
പിന്‍ഗാമിയെ പ്രഖ്യാപിക്കാതെ ദലൈ ലാമ
മനശ്ശാന്തിക്കും അനുകമ്പയ്‌ക്കും ഊന്നല്‍ നല്‍കുന്ന ടിബറ്റന്‍ സംസ്‌കാരവും പൈതൃകവും പ്രചരിപ്പിക്കാനുള്ള യത്‌നം തുടരുമെന്ന് പിറന്നാള്‍ വേളയില്‍ ദലൈ ലാമ പ്രഖ്യാപിച്ചത് നീണ്ട കൈയടിയോടെയാണ് തിങ്ങിക്കൂടിയ ആത്മീയസമൂഹം വരവേറ്റത്. ടിബറ്റന്‍ ആത്മീയ പാരമ്പര്യമനുസരിച്ച് തന്നെ തനിക്ക് പിന്‍ഗാമിയുണ്ടാകുമെന്ന് നവതിയാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച ബുധനാഴ്‌ച, ദലൈലാമ പറഞ്ഞിരുന്നു. നവതിയാഘോഷ ദിവസം തന്റെ പിന്‍ഗാമിയെ ദലൈ ലാമ പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ഇതിലൂടെ ഉയര്‍ന്നു. എന്നാല്‍ ദലൈ ലാമയുടെ പ്രഖ്യാപനത്തെ ചൈന ശക്തിയായി എതിര്‍ത്തു. പിന്‍ഗാമിയെ തിരഞ്ഞെടുക്കേണ്ടത് ബീജിങ് അംഗീകരിച്ച പ്രക്രിയ വഴി മാത്രമാകണമെന്ന് ചൈനീസ് വിദേശകാര്യവക്താവ് മാവോ നിങ് പ്രതികരിച്ചു.
ശനിയാഴ്‌ച വൈകുന്നേരം നടന്ന പ്രാര്‍ഥനാചടങ്ങില്‍ ദലൈലാമ തന്നെ അഭ്യൂഹത്തിന് വിരാമമിട്ടു. ഇനിയും 30- 40 വര്‍ഷം വരെ താന്‍ ജീവിച്ചിരിക്കുമെന്ന് വ്യക്തമാക്കുക വഴി, നവതിയാഘോഷദിനത്തില്‍ പിന്‍ഗാമിയെ പ്രഖ്യാപിക്കലുണ്ടാവില്ലെന്ന സൂചനയാണ് ദലൈലാമ നല്‍കിയത്. അതുതന്നെയാണ് സംഭവിച്ചതും. എന്നാല്‍ ടിബറ്റന്‍ ആത്മീയപാരമ്പര്യത്തെയും പൈതൃകത്തെയും എടുത്തുപറഞ്ഞതിലൂടെ, അതിനെ അംഗീകരിക്കാത്ത ചൈനീസ് ഭരണകൂടത്തിന് കൃത്യമായ സന്ദേശമാണ് ദലൈ ലാമ നല്‍കിയതെന്ന വ്യാഖ്യാനമുയര്‍ന്നു.
മാനുഷികമൂല്യങ്ങളെയും മതസൗഹാര്‍ദ്ദത്തെയും കാത്തുസൂക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള തന്റെ പ്രയത്‌നം തുടരുമെന്ന് ദലൈലാമ വ്യക്തമാക്കി. മനസ്സിനെയും നമ്മുടെ പ്രവര്‍ത്തികളെയും പറ്റി വാചാലമാകുന്ന പൗരാണികമായ ഇന്ത്യന്‍ വിജ്ഞാനശാഖയിലേക്ക് ലോകത്തിന്റെയാകെ ശ്രദ്ധ ക്ഷണിക്കുന്നു. രാജ്യം നഷ്ടപ്പെട്ട് ഇന്ത്യയില്‍ പ്രവാസിയായി കഴിയേണ്ടി വന്നെങ്കിലും ഇവിടെ നിന്ന് തനിക്കേറെ പ്രവര്‍ത്തിക്കാനും നേടാനുമായെന്നും നിറഞ്ഞ കരഘോഷത്തിനിടെ ദലൈലാമ പറഞ്ഞു.
ആത്മീയാചാര്യന്‍ മടങ്ങിപ്പോയ ശേഷവും ആഘോഷങ്ങള്‍ തുടര്‍ന്നു. കേന്ദ്രമന്ത്രിമാരടക്കമുള്ള വിശിഷ്ടാതിഥികള്‍ ടിബറ്റന്‍ കലാവിരുന്ന് മുഴുവനായിരുന്ന് ആസ്വദിച്ചു. വേദിക്ക് പുറത്ത് സദസ്സില്‍ പലയിടങ്ങളിലായി മധുരപലഹാരങ്ങളുടെ വിതരണം. ഏതാണ്ട് പന്ത്രണ്ട് മണിയോടെ ആളുകള്‍ പിരിഞ്ഞുതുടങ്ങി. പ്രദേശത്തെ കടകളിലെങ്ങും സുഗ്ലഖാങ് ക്ഷേത്രത്തിലെ ആഘോഷത്തിന്റെ അലയൊലികള്‍ പ്രകടമാണ് ഒരാഴ്‌ചയായി. ഏറെയും കാശ്‌മീരില്‍ നിന്നെത്തിയ മുസ്ലിം കച്ചവടക്കാരാണിവിടെ. നിരന്നിരിക്കുന്ന കടകളെല്ലാം ടിബറ്റന്‍ പ്രവാസി ആത്മീയ ഭരണനിയന്ത്രണത്തിലാണെന്നതിന്റെ സൂചനകളും കാണാം. അടഞ്ഞുകിടന്ന ഒരു ഷട്ടറില്‍ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു: "1995 മുതല്‍ കാണാതായ പഞ്ചന്‍ ലാമയെ വിട്ടുതരിക." ഫ്രീ ടിബറ്റ് എന്നെഴുതിയ ഷട്ടറുകളും ധാരാളം. എല്ലാം ചൈനയ്‌ക്കുള്ള മുന്നറിയിപ്പുകള്‍.
"ദലൈ ലാമ ഇനിയും ദീര്‍ഘായുസ്സോടെ വാണരുളും. ടിബറ്റന്‍ ആത്മീയപോരാട്ടം തുടരും"- കര്‍ണാടകയിലെ ബൈലകോപ്പെ ബുദ്ധവിഹാരത്തില്‍ നിന്നെത്തിയ സന്യാസി പാല്‍ ജോര്‍ മാതൃഭൂമിയോട് പറഞ്ഞു. ധരംശാല കഴിഞ്ഞാല്‍ ഇന്ത്യയിലുള്ള ഏറ്റവും വലിയ ടിബറ്റന്‍ സന്യാസിമഠമാണ് ബൈലകോപ്പെയിലേത്. ഇന്ത്യയിലെ 60ലധികം ടിബറ്റന്‍ സന്യാസിമഠങ്ങളിലും ഹിമാചല്‍പ്രദേശിലെ 20ഓളം വരുന്ന മഠങ്ങളില്‍ നിന്നുമുള്ള സന്യാസിമാര്‍ ഇവിടേക്കെത്തിയിട്ടുണ്ടെന്ന്‌് ഹിമാചലിലെ ബീഡില്‍ നിന്നെത്തിയ സന്യാസി പറഞ്ഞു.
"എന്തൊരദ്‌ഭുതമാണ്. എന്തു ഭംഗിയാണ്. ഇങ്ങനെയൊരാള്‍ക്കൂട്ടവും ആഘോഷവും കാണുന്നത് ആദ്യം "- ഇസ്രായേലില്‍ നിന്നെത്തിയ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ കൂടിയായ ടാലിയ പ്രതികരിച്ചു. ധരംശാലയിലെത്തിയ ടാലിയ, ഇവിടത്തെ ആഘോഷമറിഞ്ഞ് വന്നതായിരുന്നു.1959ൽ മാവോസെ ദോങിന്റെ നേതൃത്വത്തിൽ സാംസ്കാരികവിപ്ലവത്തിന്റെ ഭാഗമായി നടന്ന ചൈനീസ് അധിനിവേശത്തെ തുടർന്നാണ് ദലൈ ലാമ ടിബറ്റിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിൽ അഭയാർഥിയായെത്തിയത്.
ഇന്ത്യ അഭയം നൽകിയത് അതുവരെ ഇന്ത്യയോട് സൗഹൃദം പുലർത്തിയ ചൈനയെ ചൊടിപ്പിച്ചു. അതിഥി ദേവോ ഭവ എന്ന ഇന്ത്യയുടെ സമീപനം ടിബറ്റൻ അഭയാർഥിയോടു കാട്ടിയത് അവർക്കിഷ്ടപ്പെട്ടില്ല. 1962ലെ ചൈനീസ് യുദ്ധം വരെയെത്തിച്ചത് അതാണെന്ന് ചരിത്രം. ബുദ്ധമത സങ്കൽപ്പത്തിലെ മഹായാന ധാരയിൽ നിന്നുള്ള ഉൾപ്പിരിവായ വജ്രധാര സങ്കൽപ്പത്തിന്റെ വക്താക്കളാണ് ദലൈ ലാമയുടെ പരമ്പര. അതിൽ 14ാമത്തെ ദലൈ ലാമയാണിപ്പോൾ ടിബറ്റിൽ നിന്നെത്തി ഇന്ത്യയിലുള്ളത്. 23ാം വയസ്സില്‍ ചൈനയില്‍ നിന്ന് രക്ഷതേടി, ഇന്ത്യയിലേക്ക് ടിബറ്റില്‍ നിന്ന് അഭയാര്‍ഥിയായെത്തിയ, പില്‍ക്കാലത്ത് സമാധാന നൊബേല്‍ജേതാവായ ആത്മീയാചാര്യന്‍ ദലൈലാമയെ ധരംശാല ഏറ്റെടുത്തതിന്റെ വിളംബരമായിരുന്നു ഞായറാഴ്‌ച കണ്ടത്. ആഘോഷപരിപാടികള്‍ മൂന്ന് ദിവസം കൂടിയുണ്ട്.
Content Highlights: Dalai Lama`s 90th birthday celebrated without announcing a successor, sparking debate and concern
Published: 07 Jul 2025, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented