
ചുറ്റും തുറമുഖങ്ങള്‍ കൊണ്ട് വേലിതീര്‍ക്കുന്ന ചൈനയ്ക്കുള്ള മറുപടി, അഫ്ഗാനിസ്താനെ ചേര്‍ത്തുനിര്‍ത്തി പാകിസ്താനെതിരേയുള്ള വെല്ലുവിളി, റഷ്യയുമായുള്ള വ്യവഹാരങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്പോര്‍ട്ട് കൊറിഡോറിലൂടെ തുറക്കുന്ന കവാടം, ചബഹാര്‍ തുറമുഖ നടത്തിപ്പിന് ഇറാനുമായുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചത് മധ്യേഷ്യയിലേക്കും അതുവഴി യൂറോപ്പിലേക്കുമുള്ള ചരക്കുഗതാഗതത്തില്‍ ചൈനയേയും പാകിസ്താനെയും മറികടക്കാമെന്ന ഭാരിച്ച പ്രതീക്ഷയോടെയാണ്. എന്നാൽ, ഇപ്പോൾ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതോടെ ഈ കരാറിന്റെയും പാതയുടെയും ഭാവി എന്താകും എന്നൊരു ആശങ്കയ്ക്കും ജീവൻവച്ചിരിക്കുകയാണ്. എന്താവും പദ്ധതിയോടുള്ള പുതിയ ഭരണകൂടത്തിന്റെ സമീപനം എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.
നീണ്ട കാലത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ചബഹാര്‍ തുറമുഖത്തിന്റെ ഷാഹിദ്-ബെഹെസ്തി ടെര്‍മിനിലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിടുന്നത്. പത്തു വര്‍ഷത്തേക്ക് ഇന്ത്യയ്ക്കാണ് നടത്തിപ്പ് ചുമതല. ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം. ഇറാന്റെ സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലെ ആഴക്കടല്‍ തുറമുഖമാണ് ചബഹാര്‍. ഇന്ത്യയോട് ഏറ്റവും അടുത്ത് കിടക്കുന്ന ഇറാനിയന്‍ തുറമുഖവും ചബഹാര്‍ തന്നെ. കൂറ്റന്‍ ചരക്കു കപ്പലുകളുള്‍പ്പടെയുള്ളവയ്ക്ക് എത്താന്‍ കഴിയുന്ന മേഖലയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നതും. വലിയ ഇന്ധന നിക്ഷേപമുള്ള മേഖലയാണിതെന്നതാണ് ശ്രദ്ധേയം. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്നാണ് കേന്ദ്ര തുറമുഖമന്ത്രാലയം വ്യക്തമാക്കുന്നത്. ചബഹാറിൽ 120 മില്യൺ ഡോളറാണ് ഇന്ത്യ നിക്ഷേപിച്ചത്. തുറമുഖത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതിയ്ക്കായി 250 മില്യൺ ഡോളർ വായ്പയായും നൽകും.
Also Read
അഫ്ഗാനിസ്താനുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങള്‍ക്കുള്ള കവാടമായി ചാബഹാര്‍ മാറുമെന്നാണ് പ്രതീക്ഷ. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെയും ഇറാന്‍ ഗതാഗത മന്ത്രി മെഹര്‍സാദ് ബസര്‍പാഷിന്റെയും സാന്നിധ്യത്തില്‍ കേന്ദ്രത്തിനു കീഴിലുള്ള ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡ് കമ്പനിയും ഇറാനിലെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ചബഹാര്‍ തുറമുഖമേറ്റെടുക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2002-ല്‍ ഇറാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഹസന്‍ റുഹാനി പ്രസിഡന്റ് സയെദ് മുഹമ്മദ് ഖതാമിയുടെ നിര്‍ദേശപ്രകാരം അന്നത്തെ ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവായ ബ്രജേഷ് മിശ്രയുമായി ചര്‍ച്ച നടത്തിയിരുന്നു. 2003 ജനുവരിയില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിയും ഖതാമിയും കരാറൊപ്പിട്ടു. എന്നാല്‍ ആ സമയത്താണ് അമേരിക്ക ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തി 'തിന്മയുടെ അച്ചുതണ്ടുകളില്‍' ഒന്നായി പ്രഖ്യാപിച്ചത്. തീവ്രവാദത്തെ കൂട്ടുപിടിക്കുന്നു എന്ന ആരോപണം ഉയര്‍ത്തിയായിരുന്നു അന്ന് യു.എസ്. ഇറാന്‍, ഇറാഖ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. അത് പ്രഖ്യാപിച്ചു കൊണ്ട് അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് നടത്തിയ പ്രസംഗത്തില്‍ രാജ്യങ്ങളെ തിന്മയുടെ അച്ചുതണ്ട് എന്നാണ് വിശേഷിപ്പിച്ചത്. അതോടെ യു.എസുമായി മികച്ച നയതന്ത്രബന്ധം പുലര്‍ത്തിയിരുന്ന ഇന്ത്യ വിഷമവൃത്തത്തിലായി. ഇറാനുമായുള്ള ഇടപാടുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. അതോടെ ചബഹാര്‍ അനിശ്ചിത്വത്തിലുമായി.

പിന്നീട് ചബഹാറില്‍ പുരോഗതിയുണ്ടാകുന്നത് 2015-ല്‍ നടന്ന P5+1 രാജ്യങ്ങളും അതായത് യു.എന്‍.സുരക്ഷാ കൗണ്‍സിലിന്റെ സ്ഥിരാംഗങ്ങളായ അമേരിക്കയും ചൈനയും ഫ്രാന്‍സും റഷ്യയും ബ്രിട്ടനും പിന്നെ ജര്‍മനിയും ഉള്‍പ്പെട്ട രാജ്യങ്ങളും ഇറാനും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ്. യൂറോപ്യന്‍ യൂണിയനും പങ്കാളിയായി. 2015 ജൂലായ് 15-ന് ഇറാനുമായി രാജ്യങ്ങള്‍ ജോയന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ.എ.) എന്ന ആണവക്കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു.
അതിന് മൂന്നാഴ്ചയ്ക്ക് ശേഷം അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. അതോടെ ചബഹാറിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന വഴികള്‍ വീണ്ടും തുറന്നു. അഫ്ഗാനിസ്താനെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായി. 2016 മേയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇറാന്‍ സന്ദര്‍ശനവേളയില്‍ പദ്ധതിക്കായി ഇന്ത്യ 50 കോടി ഡോളര്‍, ഏകദേശം 3400 കോടി രൂപ, നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചു. മൂന്നു രാജ്യങ്ങളും രാജ്യാന്തര വടക്ക്-തെക്ക് ഗതാഗത ഇടനാഴി അഥവാ ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കൊറിഡോറിലൂടെയുള്ള ചരക്കുനീക്കത്തിനായി ത്രികക്ഷി കരാറിലും ഒപ്പുവെച്ചു.

പക്ഷേ 2018-ഓടെ കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞു. 2018 മേയ് 8-ന് ഇറാനുമായി 2015-ലുണ്ടാക്കിയ ആണവക്കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് യു.എസ്. രംഗത്തെത്തി. കരാര്‍ ഒപ്പിടും മുമ്പ് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. ഇറാനുമായി വ്യാപാര-വ്യാണിജ-നിര്‍മാണക്കരാറുകളുണ്ടാക്കിയിട്ടുള്ള രാജ്യങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍, വ്യക്തികള്‍, തുടങ്ങിയവ അതില്‍ നിന്ന് സ്വയം പിന്മാറണമെന്നായിരുന്നു യു.എസിന്റെ നിര്‍ദേശം. പിന്മാറിയില്ലെങ്കില്‍ അവയുമായുള്ള ഇടപാടുകള്‍ യു.എസ്. മരവിപ്പിക്കുമെന്ന ഭീഷണിയും മുഴക്കി. യു.എസിനെ പിണക്കാന്‍ കഴിയാത്തതു കൊണ്ടു തന്നെ ഇന്ത്യ പ്രതിസന്ധിയിലായി. കാരണം ആണവസാമഗ്രി വിതരണസംഘത്തില്‍ (എന്‍.എസ്.ജി.) അംഗത്വം ലഭിക്കാന്‍ ഇന്ത്യയ്ക്ക് യു.എസിന്റ പിന്തുണ അത്യാവശ്യമായിരുന്നു. യു.എസിന്റെ സമ്മര്‍ദത്തിനു വഴങ്ങി ഇറാനില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് കുറയ്ക്കുകയും യു.എസിലേത് ഇരട്ടിയാക്കുക വരെ ഇന്ത്യ ചെയ്തു. പക്ഷേ ഉടൻ തന്നെ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയുള്‍പ്പടെ എട്ട് സുഹൃദ്‌രാജ്യങ്ങള്‍ക്ക് യു.എസ്. അനുമതി നല്‍കി. പിന്നാലെ ചബഹാര്‍ തുറമുഖത്തിലും യു.എസ്. ഇന്ത്യയ്ക്ക് ഇളവ് നല്‍കി. അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തില്‍ ചബഹാറിന്റെ പങ്ക് മനസ്സിലാക്കിയാണ് അന്ന് യു.എസ്. ഇന്ത്യക്ക് ഇളവ് നല്‍കിയത്. ഇതോടെയാണ് ചബഹാർ പദ്ധതിക്ക് വീണ്ടും ചിറക് മുളച്ചത്.
എന്തുകൊണ്ട് ചബഹാര്‍?
മധ്യേഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ചബഹാറിന് വലിയ പ്രാധാന്യമുണ്ട്. അഫ്ഗാനിസ്താന്‍, മധ്യേഷ്യ,വിശാലമായ യുറേഷ്യന്‍ മേഖല എന്നിവയിലേക്കുള്ള ഇന്ത്യയുടെ നിര്‍ണായകമായ കണക്ടിവിടി ലിങ്കായി ചബഹാര്‍ മാറും. ഇന്ത്യയ്ക്ക് കരമാര്‍ഗം മാത്രമേ മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. അവിടേക്കുള്ള ഏകമാര്‍ഗം പാകിസ്താനിലൂടെ സഞ്ചരിക്കുക എന്നതും.
പാക് മണ്ണിലൂടെയുള്ള ചരക്കുനീക്കം ഇന്ത്യയെ സംബന്ധിച്ച് അസാധ്യമായതിനാല്‍ തന്നെ കടല്‍മാര്‍ഗം യൂറോപ്പിലെത്തി, അവിടെ നിന്നും കരമാര്‍ഗം മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുക എന്ന വഴി മാത്രമേ ഇന്ത്യയ്ക്ക് മുന്നിലുള്ളൂ. എന്നാല്‍ ആ മാര്‍ഗം വളരെ ചെലവേറിയതാണ്. അങ്ങനെയുള്ളപ്പോള്‍ അഫ്ഗാന് ആവശ്യമായ ചരക്കുകളെത്തിക്കാന്‍ ഇന്ത്യയ്ക്കുള്ള എളുപ്പവഴിയാണ് ചബഹാര്‍ പാകിസ്താന്റെ പ്രധാന അതിര്‍ത്തികളിലൊന്നായ അഫ്ഗാന്‍ ഒപ്പമുള്ളത് ഇന്ത്യയ്ക്ക് ബലമാണ്. അഫ്ഗാനിസ്താനില്‍ നിന്ന് താലിബാന്‍ ഭീകരതയുടെ വേര് പൂര്‍ണമായും അറ്റുപോയിട്ടില്ല.

താലിബാനെ അഫ്ഗാനില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കണമെങ്കില്‍ അഫ്ഗാനിസ്താന്‍ സാമ്പത്തികമായി അഭിവൃദ്ധി കൈവരിക്കണം. അതിനുള്ള സഹായമാണ് ഇന്ത്യ നല്‍കുന്നത്. കാരണം അഫ്ഗാനെ ചേര്‍ത്തുനിര്‍ത്തേണ്ടത് ഇന്ത്യയുടെ സുരക്ഷിതത്വത്തിന് അനിവാര്യമാണ്. ചബഹാറിലൂടെ അതിവേഗം ചെറിയ ചെലവില്‍ ഇന്ത്യയ്ക്ക് അഫ്ഗാനിസ്താനിലെത്താന്‍ സാധിക്കുകയും അഫ്ഗാനിലൂടെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കുകയും ചെയ്യും. കൂടാതെ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഇന്ധന ആവശ്യം നിറവേറ്റാനും ചബഹാര്‍ കൂടിയേ തീരൂ. ഗള്‍ഫ് ഓഫ് ഒമാന് സമീപം ഹോര്‍മൂസ് കടലിടുക്കിന് സമീപമാണ് ചബഹാര്‍ സ്ഥിതി ചെയ്യുന്നത്. ധാരാളം ചരക്കുനീക്കം നടക്കുന്ന മേഖലയിലെ ആഴക്കടല്‍ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യക്ക് ലഭിക്കുമ്പോള്‍ അതുവഴി ഇന്ത്യയ്ക്ക് ലഭിക്കുന്ന സാമ്പത്തികനേട്ടവും ചെറുതല്ലല്ലോ. അതോടൊപ്പം ഐ.എന്‍.എസ്.ടി.സി വാണിജ്യപാതയേയും ചബഹാർ ബന്ധിപ്പിക്കുന്നു.
രാജ്യാന്തര വടക്ക്-തെക്ക് ഗതാഗത ഇടനാഴി
നിലവില്‍ യൂറോപ്പിനും ഏഷ്യക്കും ഇടയിലുള്ള വാണിജ്യത്തിന്റെ പ്രധാന പാത സൂയസ് കനാലിലൂടെയും ചെങ്കടലിലൂടെയുമാണ്. ഇതിനു ബദലായി ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന, ദൂരം കുറഞ്ഞതും കുറഞ്ഞ ചെലവില്‍ വേഗത്തിലെത്താന്‍ സഹായിക്കുന്നതുമായ മറ്റൊരു ഇടനാഴിയുണ്ട്. രാജ്യാന്തര വടക്ക്-തെക്ക് ഗതാഗത ഇടനാഴി അഥവാ ഇന്റര്‍നാഷണല്‍ നോര്‍ത്ത് - സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ (INSTC). ഇറാന്‍, അര്‍മീനിയ, അസര്‍ബെയ്ജാന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍, റഷ്യ,ഇന്ത്യ എന്നീ രാജ്യങ്ങളുൾപ്പെട്ട ഈ ഇടനാഴി കടല്‍ മാര്‍ഗവും കരമാര്‍ഗവും റെയില്‍ മാര്‍ഗവും ബന്ധിപ്പിക്കപ്പെട്ടതാണ്. ഇന്ത്യന്‍ മഹാസമുദ്രത്തെ പേര്‍ഷ്യന്‍ ഗള്‍ഫ്, കാസ്പിയന്‍ കടല്‍ എന്നിവ വഴി റഷ്യയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയ്ക്ക് ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിലുള്ള ചരക്കുനീക്കത്തിന്റെ ചെലവ് ഏകദേശം 30% കുറയ്ക്കാനും യാത്രാസമയം പകുതിയിലധികം കുറയ്ക്കാനും കഴിയും. മുംബൈ, മോസ്‌കോ, ടെഹ്‌റാന്‍, ബാക്കു ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇടനാഴിയുടെ ലക്ഷ്യം.

നിലവിൽ സൂയസ് കനാലിലുള്ള വാണിജ്യപാതയേക്കാൾ 15 ദിവസങ്ങൾ കുറവ് മതി ഐ.എന്‍.എസ്.ടി.സി വഴിയുള്ള ചരക്കുനീക്കം.ആ സാഹചര്യത്തിലും ഇടനാഴി കൊണ്ട് ഇന്ത്യക്ക് കൂടുതൽ നേട്ടമുണ്ടാക്കാം. ഇസ്രയേൽ-ഹമാസ് യുദ്ധവും കോവിഡുമൊക്കെ പരമ്പരാഗത വാണിജ്യപാതകളെ അസ്ഥിരമാക്കിയിട്ടുണ്ട്. എന്നാൽ ഭൂമിശാസ്ത്രപരമായി പ്രകൃതി ദുരന്തങ്ങളായ മണ്ണിടിച്ചില്‍, ഹിമപാതം, വെള്ളപൊക്കം ചുഴലിക്കാറ്റ് എന്നിവ സാധാരണഗതിയില്‍ ഈ പാതയെ ബാധിക്കാറില്ല. കോവിഡിനെയും യുദ്ധത്തെയും തുടർന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും ഒരു ബദല്‍പാതയുടെ ആവശ്യം വര്‍ധിപ്പിച്ചിരുന്നു. 2021 മാര്‍ച്ചില്‍ എവര്‍ ഗിവന്‍ കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങിയ അവസരത്തില്‍ ചെങ്കടലിനും മെഡിറ്ററേനിയന്‍ കടലിനുമിടയിലുള്ള ചരക്കുഗതാഗതം സ്തംഭിച്ചു. ഇത് വലിയ നഷ്ടമാണ് പല രാജ്യങ്ങള്‍ക്കുമുണ്ടാക്കിയത്. സൂയസ് കനാലിനെ ഒഴിവാക്കിക്കൊണ്ട് കിഴക്കന്‍ യൂറോപ്പില്‍നിന്നും മധ്യേഷ്യന്‍ രാജ്യങ്ങളില്‍നിന്നും ചരക്ക് വേഗത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിക്കാനുള്ള സാധ്യതകള്‍ ഇതോടെ സജീവമായി. ഇത് തന്നെയാണ് ഐ.എന്‍.എസ്.ടി.സി. ലക്ഷ്യമിടുന്നതും. റഷ്യ, ഇറാന്‍, ഇന്ത്യ, മധ്യഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്കിടയില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ ഈ രാജ്യങ്ങളുടെ ഉഭയകക്ഷി വ്യാപാരവും വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
ചൈനയ്ക്ക് ഉയർത്തുന്ന വെല്ലുവിളി
ഗ്വാദര്‍,ഹംബന്‍ടോട്ട(ശ്രീലങ്ക),ചിറ്റഗോങ്(ബംഗ്ലാദേശ്), ക്യാവുപ്ക്യു(മ്യാന്‍മാര്‍) എന്നിവിടങ്ങളിലെല്ലാം ചൈന ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഒരര്‍ഥത്തില്‍ ഇന്ത്യയ്ക്ക് ചുറ്റും തുറമുഖങ്ങള്‍ തീര്‍ക്കുകയാണ് ചൈന. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനുള്ള ചൈനയുടെ തന്ത്രപരമായ നയമാണ് സ്ട്രിങ് ഓഫ് പേൾസ്(String of Pearls). ജീബൂട്ടിയിലെ സൈനികത്താവളം ചൈന നവീകരിക്കുന്നു എന്ന രീതിയിൽ ഇടയ്ക്ക് പുറത്തുവന്ന വാർത്തയും ഇതിൻ്റെ ഭാഗമാണ്. കടക്കെണി തന്ത്രത്തിലൂടെയും ചൈന നല്ലൊരും പങ്ക് രാജ്യങ്ങളിലും ആധിപത്യം ഉറപ്പിച്ചു. ചബഹാറിൻ്റെ നിയന്ത്രണം ഇന്ത്യയുടെ കൈകളിലെത്തുന്നതോടെ ഇന്ത്യയും ആ മേഖലകളിൽ വ്യക്തമായ സാന്നിധ്യം ഉറപ്പിക്കും. ചൈനയുടെ സ്ട്രിങ് ഓഫ് പേൾസിനെതിരെ മറുതന്ത്രമായി ഇന്ത്യ പുറത്തിറക്കിയ നെക്ക്ലെസ് ഓഫ് ഡയമണ്ട് നയത്തിൻ്റെ ഭാഗമായും ഇതിനെ കാണാം. കൂടാതെ ആധുനിക പട്ടുപാത എന്ന് വിശേഷിപ്പിക്കുന്ന ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന ഷി ജിൻപിങ്ങിൻ്റെ സ്വപ്ന പദ്ധതിക്കും അതിൻ്റെ ഭാഗമായി നവീകരിച്ച പാകിസ്താനിലെ ഗ്വാദർ തുറമുഖത്തിനും ചബഹാറും ഐ.എൻ.സി.ടി.യും ബദലാകും.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളെ ചൈനയുമായി ബന്ധിപ്പിക്കുന്ന കര-സമുദ്ര മാര്‍ഗങ്ങളുടെ ഒരു ശൃംഖലയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് . ഓവര്‍ലാന്‍ഡ് സില്‍ക്ക് റോഡ് ഇക്കണോമിക് ബെല്‍റ്റ് (overland Silk Road Economic Belt), മാരിടൈം സില്‍ക്ക് റോഡ് (Maritime Silk Road) എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് പദ്ധതിക്കുള്ളത്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള വ്യാപാര-അടിസ്ഥാന സൗകര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയെന്നതാണ് ലക്ഷ്യം. തുറമുഖങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യക്ക് ചുറ്റും ചൈന ആധിപത്യമുറപ്പിക്കുന്നതിനാലും വാണിജ്യ തുറമുഖങ്ങളെ എളുപ്പത്തില്‍ സൈനിക ഉപയോഗത്തിന് അനുയോജ്യമാക്കി മാറ്റാന്‍ കഴിയുമെന്നതിനാല്‍ തുടക്കം മുതൽ തന്നെ ബി.ആർ.ഐ. ഇന്ത്യയെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഐ.എൻ.എസ്.ടി. സജീവമാകുമ്പോൾ അത് ചൈനയ്ക്ക് ഉയർത്തുന്ന വെല്ലുവിളി നിസ്സാരമല്ല. ഐ.എന്‍.എസ്.ടി.സിയിലൂടെ ഇന്ത്യയുടെ ചരക്കുനീക്കം വേഗത്തിലാകുന്നതും രാജ്യത്തിന് പദ്ധതിയിയില്‍ വലിയ പ്രാധാന്യം ലഭിക്കുന്നതും ചൈനയ്ക്ക് വെല്ലുവിളിയാകും. ഒപ്പം ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് സാമ്പത്തിക ബാധ്യതയാകുമോ എന്ന് പേടിച്ച് ചില രാജ്യങ്ങള്‍ മാറിനില്‍ക്കുന്നതും ചൈനയ്ക്ക് തിരിച്ചടിയാണ്. ഇറ്റലിയുൾപ്പടെയുള്ള രാജ്യങ്ങൾ ബി.ആർ.ഐ.യിൽ നിന്ന് പിന്മാറിയിരുന്നു. യൂറോപ്പിലെ വ്യാപാരികളെ സംബന്ധിച്ചും ആകര്‍ഷകമായ ഒന്നാണ് ഐ.എന്‍.എസ്.ടി.സി.
വീണ്ടും ഭീഷണിയുയർത്തി അമേരിക്ക, ഇന്ത്യയും നേരിടുമോ ഉപരോധം
ഇന്ത്യയും ഇറാനും കരാറൊപ്പിട്ടതിനു പിന്നാലെ 2018-നു സമാനമായി വീണ്ടും ഉപരോധഭീഷണിയുമായി യു.എസ്. രംഗത്തെത്തി. ഇറാനുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ ആറായിരത്തോളം ഉപരോധങ്ങളാണ് ഇറാനുമേൽ യു.എസ്. പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടാനിരിക്കുന്ന ഓരോരുത്തരും അതിനൊപ്പം നേരിടേണ്ടി വരുന്ന അപകടസാധ്യതകളെ കുറിച്ച് ബോധവന്മാരായിരിക്കണമെന്നാണ് ഇത്തവണത്തെ ഭീഷണി. ചബഹാർ ഇന്ത്യ ഏറ്റെടുക്കുന്നത് എല്ലാവർക്കും ഗുണകരമാകുമെന്നും ആ തീരുമാനത്തെ ഇടുങ്ങിയ വീക്ഷണത്തിലൂടെ നോക്കി കാണരുതെന്നായിരുന്നു ഒരു ദിവസത്തെ മൗനത്തിനു ശേഷം യു.എസിന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യു.എസിനു നൽകിയ മറുപടി. ചബഹാറിൻ്റെ പ്രാധാന്യം യു,എസിന് വ്യക്തമായി അറിയാമെന്നും അതിനാൽ തന്നെ അത്തരം ഉപരോധ നടപടികളൊന്നും യു.എസിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് കരുതിന്നില്ലെന്നും ജയശങ്കർ വ്യക്തമാക്കി.
അന്ന് ട്രംപ് പ്രസിഡൻ്റായിരുന്ന 2018 കാലത്താണ് മുമ്പ് യു.എസിൽ നിന്നും ഇത്തരത്തിലൊരു പ്രതിസന്ധി ഇന്ത്യ നേരിട്ടത്. ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും യു.എസിൽ നിന്നുള്ള ഇറക്കുമതി ഇരട്ടിയാക്കണമെന്നൊക്കെ അന്ന് യു.എസ്. സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ ഭീഷണിയുടെ വലുപ്പത്തിന് അനുസരിച്ച് ഒരു നടപടി യു,എസിൻ്റെ ഭാഗത്തുനിന്നുണ്ടായില്ല. മറിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യക്ക് ഇളവ് നൽകുകയാണ് യു.എസ്. ചെയ്തത്. അതിനുള്ള പ്രധാന കാരണം അഫ്ഗാനിസ്താന് ചബഹാർ ഗുണകരമാകുമെന്നതായിരുന്നു.
17 വര്‍ഷമാണ് അഫ്ഗാനിസ്താനില്‍ നിന്നും താലിബാനെ തുരത്താന്‍ യു.എസ്. ശ്രമം നടത്തിയത്. താലിബാന്‍ അധികാരത്തില്‍ നിന്ന് മാറിയെങ്കിലും ഭീകരതയുടെ അംശങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു. അത് പൂർണമായും ഇല്ലാതാവണമെങ്കിൽ അഫ്ഗാൻ സാമ്പത്തികമായി അഭിവൃദ്ധി നേടണം. അഫ്ഗാൻ്റെ സാമ്പത്തിക പുനർനിർമാണത്തിന് ചബഹാറും അതുവഴിയുള്ള ചരക്ക് നീക്കവും വലിയ പങ്ക് വഹിക്കുന്നുണ്ട്. അഫ്ഗാനിൽ നിന്നുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിക്കായി ഇന്ത്യ ഒരു റോഡും പണിതു നൽകിയിട്ടുണ്ട്. കൂടാതെ അഫ്ഗാനിൽ നിന്നുള്ള ധാതുക്കളുടെ കയറ്റുമതിക്കായി ചബഹാർ ഉപകാരപ്പെടുമെന്ന് ട്രംപ് തന്നെ ഒരിക്കൽ പറഞ്ഞതുമാണ്. ആ നിലയ്ക്ക് ചബഹാറിനും ഇന്ത്യക്കുമിടയിൽ യു.എസ് വാൾവീശാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ അനുമാനിക്കാം.
Content Highlights: chabahar port deal of india-iran counters china how iran president ebrahim raisi's death affect it
Published: 20 May 2024, 10:30 am IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented