'ധുനിക കാലത്തെ സില്‍ക്ക് റൂട്ട് ' എന്ന് വിളിക്കപ്പെടുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (Belt and Road Initiative) എന്ന ചൈനയുടെ സ്വപ്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ലോകത്ത് ഇതുവരെ വിഭാവനം ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ബൃഹത്തായ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായ ബി.ആര്‍.ഐ. വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളെ അടിസ്ഥാന ഭൗതിക സൗകര്യങ്ങളിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യമിട്ടത്. പദ്ധതി ലോകരാജ്യങ്ങള്‍ക്കിടയില്‍ ചൈനയുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ചൈനയുടെ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ- സാമ്പത്തിക സ്വാധീനത്തിന്റെ വിപുലീകരണമായാണ് ചിലര്‍ ഈ പദ്ധതിയെ കാണുന്നത്. പല പദ്ധതികളുടെയും ചെലവ് കുതിച്ചുയര്‍ന്നതിനാല്‍ തന്നെ ഇതിനെതിരായ എതിര്‍പ്പും രൂക്ഷമായി.

To advertise here,

ബെല്‍റ്റ് ആന്‍ഡ് റോഡിന്റെ ഔദ്യോഗിക പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം 150-ലധികം രാജ്യങ്ങളും 32 അന്തര്‍ദേശീയ സംഘടനകളും പദ്ധതിയുടെ ഭാഗമാണ്. അതേസമയം ഓരോ ബി.ആര്‍.ഐ ഫോറത്തിലും പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണവും കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തില്‍ പദ്ധതിയേക്കുറിച്ച് ചൈന പറയുന്നതെല്ലാം സത്യം തന്നെയാണോ? പദ്ധതി പ്രഖ്യാപിച്ചിട്ട് പത്ത് വര്‍ഷമാകുമ്പോള്‍ എത്രത്തോളമുണ്ട് പങ്കാളിത്തം?എന്തുകൊണ്ടാണ് ഇന്ത്യയും അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ഇതിനോട് സഹകരിക്കാത്തത്. യൂറോപ്യന്‍ രാജ്യങ്ങളും പിന്‍വാങ്ങുമ്പോള്‍ എന്തായിരിക്കും പദ്ധതിയുടെ ഭാവി?

ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ്

ചൈനയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പദ്ധതിയാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആര്‍.ഐ.) ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളെ ചൈനയുമായി ബന്ധിപ്പിക്കുന്ന കര-സമുദ്ര മാര്‍ഗങ്ങളുടെ ഒരു ശൃംഖലയാണ് ബി.ആര്‍.ഐ. ഓവര്‍ലാന്‍ഡ് സില്‍ക്ക് റോഡ് ഇക്കണോമിക് ബെല്‍റ്റ് (overland Silk Road Economic Belt), മാരിടൈം സില്‍ക്ക് റോഡ് (Maritime Silk Road) എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് പദ്ധതിക്കുള്ളത്. 2013-ല്‍ കസാഖ്‌സ്താൻ, ഇന്‍ഡോനീഷ്യ എന്നിവിടങ്ങളില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനവേളയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ് പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ സില്‍ക്ക് റോഡ് ഇക്കണോമിക് ബെല്‍റ്റാണ് പ്രഖ്യാപിച്ചത്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള വ്യാപാര-അടിസ്ഥാന സൗകര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു പദ്ധതി. ഈ മാരിടൈം റൂട്ട് ചൈനയെ തെക്കു-കിഴക്കന്‍ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ്. ഇവ രണ്ടും ചേര്‍ത്ത് 'വണ്‍ ബെല്‍റ്റ് വണ്‍ റോഡ്' എന്നാണ് തുടക്കത്തില്‍ വിളിച്ചിരുന്നതെങ്കിലും 2016-ലാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന പേര് പദ്ധതിക്ക് ചൈന നല്‍കുന്നത്. 

മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ വഴി പടിഞ്ഞാറോട്ടും ദക്ഷിണേഷ്യയിലേക്കും തെക്കു-കിഴക്കന്‍ ഏഷ്യയുടെ ഭാഗങ്ങളിലേയ്ക്കും റെയില്‍പ്പാതകള്‍, ഊര്‍ജ പൈപ്പ് ലൈനുകള്‍, ഹൈവേകള്‍ എന്നിവയുടെ വിപുലമായ ശൃംഖല സൃഷ്ടിക്കുക എന്നതായിരുന്നു ഷിയുടെ ലക്ഷ്യം. ഇത്തരമൊരു ശൃംഖല ചൈനീസ് കറന്‍സിയുടെ അന്താരാഷ്ട്ര ഉപയോഗം വിപുലീകരിക്കുകയും രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധത്തിലെ തടസ്സം നീക്കുമെന്നുമാണ് ഷി പ്രതീക്ഷിച്ചത്. അടിസ്ഥാന സൗകര്യവികസനത്തിന് പുറമേ നൂറുകണക്കിന് പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും വ്യവസായ മേഖലകള്‍ക്കും ചൈന ധനസഹായം നല്‍കി. ഇത് ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായ ഹുവായ് നല്‍കുന്ന 5 ജി നെറ്റ്​വർക്ക് പോലുള്ള സാങ്കേതിക ഓഫറുകള്‍ സ്വീകരിക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചു.

placeholder
2017 മെയ് 14-ന് ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്  | Photo : Wu Hong-Pool/Getty Images

ചൈനയുടെ വലിയ ലക്ഷ്യങ്ങള്‍

ചൈനയുടെ സാമ്പത്തിക-രാഷ്ട്രീയ നയതന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ്. ആഗോള ആശയവിനിമയ സംവിധാനം, വ്യാപാരം, സാമ്പത്തികം എന്നിവയെ അടിസ്ഥാനപരമായി മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണ് ഇതെന്നാണ് ചൈന ലോകത്തിന് മുന്നില്‍ പ്രഖ്യാപിച്ചത്. ഏകദേശം 1.3 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള 900 അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. ചൈനീസ് ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രത്യേക ഫണ്ടുകള്‍ എന്നിവയില്‍ നിന്നാണ് സാമ്പത്തിക സഹായം ഭൂരിഭാഗവും പ്രതീക്ഷിക്കുന്നത്.  ഒരു ട്രില്യണ്‍ ഡോളറാണ് പദ്ധതിക്കായി ചൈന ബജറ്റില്‍ മാറ്റിവെച്ചത്. ചൈനയെ അറബിക്കടലിലെ പാകിസ്താനിലെ ഗ്വാദര്‍ (gwadar) തുറമുഖവുമായി ബന്ധിപ്പിക്കുന്ന 62 ബില്യണ്‍ ഡോളറിന്റെ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയാണ് ഇതുവരെ നടപ്പാക്കിയതില്‍ ഏറ്റവും വലുതെന്ന് കണക്കാക്കുന്നത്. കണക്കുകള്‍ വ്യത്യസ്തമാണെങ്കിലും ബി.ആര്‍.ഐയ്ക്ക് വേണ്ടി ചൈനയുടെ ചെലവ് 8 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 

നയപരമായ ഏകോപനം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വ്യാപാരം, സാമ്പത്തിക ഏകീകരണം, ആളുകള്‍ തമ്മിലുള്ള ബന്ധം എന്നിവയായിരുന്നു തുടക്കത്തില്‍ ബിആര്‍എ ലക്ഷ്യമിട്ടത്. പിന്നീട്, വ്യാവസായിക സഹകരണവും ഇതിന്റെ ലക്ഷ്യമായി. അടിസ്ഥാനപരമായി വിവിധ പദ്ധതി വഴി ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ ചൈനയുടെ രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.  2017, 2019, 2023 വര്‍ഷങ്ങളിലായി ചൈന മൂന്ന് ബി.ആര്‍.ഐ ഫോറങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചു. ഈ ഒത്തുചേരലുകളില്‍ വിവിധ രാജ്യങ്ങളുടെ പങ്കാളിത്വം ഉറപ്പാക്കാനും അവര്‍ക്ക് സാധിച്ചിരുന്നു. ഓരോ ഫോറവും നിരവധി കരാറുകള്‍ ഒപ്പുവെക്കുന്നതിലേക്ക് നയിച്ചു. സംരംഭത്തിന്റെ പത്താം വാര്‍ഷികത്തില്‍, 150 ലധികം രാജ്യങ്ങളും 30 അന്താരാഷ്ട്ര സംഘടനകളും ബി.ആര്‍.ഐയുടെ ഭാഗമാകുമെന്നാണ് ചൈന പ്രഖ്യാപിച്ചത്. പക്ഷേ, പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം കുറവായിരുന്നു. 

placeholder
ഇറ്റലിയിലെ ട്രൈസ്റ്റെയില്‍ പുതിയ തുറമുഖം നര്‍മാണപ്രവര്‍ത്തനങ്ങള്‍ (ഫയല്‍ ചിത്രം) | Photo : Marco Di Lauro/Getty Images

പദ്ധതി എങ്ങനെ ? 

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളെ ചൈനയുമായി ബന്ധിപ്പിക്കുന്ന കര-സമുദ്ര വ്യാപാര മാര്‍ഗങ്ങളുടെ ഒരു ശൃംഖലയാണ് ബി.ആര്‍.ഐ. ഓവര്‍ലാന്‍ഡ് സില്‍ക്ക് റോഡ് ഇക്കണോമിക് ബെല്‍റ്റ്, മാരിടൈം സില്‍ക്ക് റോഡ് എന്നിങ്ങനെ പദ്ധതിക്ക് രണ്ട് ഭാഗങ്ങളാണ് പദ്ധതിക്കുണ്ടായിരുന്നത്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള വ്യാപാര-അടിസ്ഥാന സൗകര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതാണ് ഓവര്‍ലാന്‍ഡ് സില്‍ക്ക് റോഡ് ഇക്കണോമിക് ബെല്‍റ്റ്. മാരിടൈം സില്‍ക്ക് റോഡ് എന്ന സമുദ്രപാതയാകട്ടെ ചൈനയെ തെക്കു-കിഴക്കന്‍ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ്. ന്യൂ യുറേഷ്യ ലാന്‍ഡ് ബ്രിഡ്ജ്, ചൈന-മധ്യേഷ്യ-പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴി, ചൈന-മംഗോളിയ-റഷ്യ സാമ്പത്തിക ഇടനാഴി, ചൈന-ഇന്തോ ചൈന പെനിന്‍സുല സാമ്പത്തിക ഇടനാഴി, ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി, ബംഗ്ലാദേശ്-ചൈന-ഇന്ത്യ-മ്യാന്‍മര്‍ സാമ്പത്തിക ഇടനാഴി എന്നിങ്ങനെ ആറ് അന്താരാഷ്ട്ര സാമ്പത്തിക ഇടനാഴികള്‍ പദ്ധതികളാണ് ചൈന തുടക്കത്തില്‍ പ്രഖ്യാപിച്ചത്. 2019-ലെ രണ്ടാമത്തെ ബി.ആര്‍.ഐ. ഫോറത്തില്‍, 35 പ്രധാന ഇടനാഴികളുടെയും പദ്ധതികളുടെ ഒരു ലിസ്റ്റ് പുറത്തിറക്കി. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ പദ്ധതിയില്‍ അംഗമായിരുന്നില്ല. 

മറുവശത്ത് ബി.ആര്‍.ഐയിലെ പ്രധാന പദ്ധതിയാണ് ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി. പാകിസ്താന്‍ വളരെ പ്രയാസകരമായ രാഷ്ട്രീയ സാമ്പത്തിക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പദ്ധതിയുമായി അവര്‍ മുന്നോട്ട് പോവുകയാണ്. സാമ്പത്തിക ഇടനാഴി അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് ദീര്‍ഘകാല പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് ചില വിദഗ്ധര്‍ സൂചിപ്പിക്കുന്നുണ്ട്. ചൈനയുടേയും പാകിസ്താന്റേയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്റെയും കേന്ദ്രബിന്ദുവാണ് പദ്ധതി. സി.പി.ഇ.സിയുടെ ഒരു പ്രധാനഭാഗം ഊര്‍ജ്ജവുമായി ബന്ധപ്പെട്ട പദ്ധതികളാണ്. റോഡ്, റെയില്‍വേ, ഗ്വാദര്‍ തുറമുഖത്തിന്റെ വികസനം എന്നിവയാണ് ബാക്കിയുള്ള പദ്ധതികള്‍. ഇതിനിടെ പദ്ധതി ആഫ്ഗാനിസ്താനിലേക്ക് വ്യാപിപ്പിക്കുന്നതിനേക്കുറിച്ചും ആലോചനയുണ്ട്. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് ഇതിനകം താലിബാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി, ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി എന്നിവയില്‍ അഫ്ഗാനിസ്താനെ ഭാഗമാക്കണമെന്ന് അവര്‍ ചൈനീസ് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

placeholder
ഇന്‍ഡോനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, കസാഖ്‌സ്താൻ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവ് എന്നിവര്‍ 2023 ഒക്ടോബര്‍ 18-ന് ചൈനയിലെ ബീജിങ്ങില്‍ നടന്ന മൂന്നാമത് ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ | Photo : Suo Takekuma-Pool/Getty Images

വെല്ലുവിളികള്‍, വിമര്‍ശനങ്ങള്‍ 

പല രാജ്യങ്ങളും തുടക്കത്തില്‍ നല്ല സമീപനമാണ് പദ്ധതിയോട് സ്വീകരിച്ചത്. എന്നാല്‍, പദ്ധതിയുടെ ഭാഗമായി ചൈന നടത്തുന്ന ചില പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളും ഉണ്ടായി. ചില രാജ്യങ്ങളില്‍ ചൈന പാഴാക്കുന്ന നിക്ഷേപവും അധികച്ചെലവുകള്‍ നല്‍കുന്ന ഭാരവും പരിസ്ഥിതി നാശവുമൊക്കെ ലോകത്തെമ്പാടും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ലോകമെമ്പാടുമുള്ള ചൈനയുടെ പല പ്രമുഖ പദ്ധതികളും പാതിവഴിയിൽ നിലച്ചിരിക്കുകയാണിപ്പോള്‍. പദ്ധതി ഒന്നുകില്‍ ചൈനയെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുമെന്നും അല്ലെങ്കില്‍ അവരുടെ ഭാവി തന്നെ തകര്‍ത്തേക്കാമെന്നുമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഏതറ്റം വരെയും പോകുമെന്ന ചൈനീസ് നിലപാടാണ് ഇത്തരമൊരു സംശയത്തിന് പിന്നില്‍. എന്നാല്‍, പല രാജ്യങ്ങളെയും കടക്കെണിയില്‍ കുരുക്കാനുള്ള തന്ത്രമാണിതെന്ന് വ്യാപക വിമര്‍ശനമുണ്ട്. ശ്രീലങ്കയിലും പാകിസ്താനിലും തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായും ചൈനീസ് വായ്പകളെ പഴിക്കുന്നവരുമുണ്ട്.

പദ്ധതി സാമ്പത്തിക ബാധ്യതയാകുമോ എന്ന് പേടിച്ച് ചില രാജ്യങ്ങള്‍ മാറിനില്‍ക്കുന്നതും അവര്‍ക്ക് വെല്ലുവളിയാണ്. അടുത്തിടെയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ബി.ആര്‍.ഐയില്‍ നിന്ന് പിന്മാറാനുള്ള താല്പര്യം ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിനെ അറിയിച്ചത്. സഖ്യകക്ഷികളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് 2019-ലാണ് ഇറ്റലി ബി.ആര്‍.ഐയുടെ ഭാഗമാകുന്നത്. പിന്നീട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ റോം സന്ദര്‍ശന വേളയില്‍ 2.5 ബില്യണ്‍ യൂറോയുടെ (2.8 ബില്യണ്‍ ഡോളര്‍) 29 ഇടപാടുകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. ബി.ആര്‍.ഐ നഷ്ടക്കച്ചവടമായിരുന്നുവെന്നും തങ്ങളുടെ താല്പര്യങ്ങള്‍ നിറവേറ്റിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇറ്റലി പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതിനേക്കുറിച്ച് ചിന്തിച്ചത്. യുഎസ് നേതൃത്വത്തിലുള്ള ചൈനാവിരുദ്ധ പാളയത്തില്‍ ശക്തമായി ഉറച്ചുനില്‍ക്കേണ്ടിവന്നതും ഇറ്റലിയെ മറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അതുപോലെ തന്നെ വികസ്വര രാജ്യങ്ങള്‍ക്ക് ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവിവ് ഒരു 'കടക്കെണി' ആണെന്ന ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന്, ബി.ആര്‍.ഐയില്‍ ചേര്‍ന്ന ശ്രീലങ്ക സമീപ വര്‍ഷങ്ങളില്‍ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. ഇറ്റലിയുടെ മാതൃക മറ്റ് രാജ്യങ്ങളും പിന്തുടര്‍ന്നാല്‍ ഷിയുടെ സ്വപ്നപദ്ധതിക്ക് ഏല്‍ക്കുന്ന തിരിച്ചടി കൂടിയാണിത്.

2023 ഒക്ടോബറില്‍ നടന്ന മൂന്നാം ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാരുടെ പ്രാതിനിധ്യം കുറവായിരുന്നു. ഒപ്പം മുന്‍ പതിപ്പുകളെ അപേക്ഷിച്ച് പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരുടെ എണ്ണത്തിലും കുറവുണ്ടായി. ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവിനോടുള്ള താല്പര്യവും പിന്തുണയും കുറയുന്നതിന്റെ സൂചനയായാണ് ഇത് കണക്കാക്കുന്നത്. 2017-ലെ ഒന്നാം ബിആര്‍എഫില്‍ 30 രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തപ്പോള്‍ 2019-ല്‍ നടന്ന രണ്ടാം ബിആര്‍എഫില്‍ ഇത് 38 ആയി ഉയര്‍ന്നിരിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 24 രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ പ്രതിനിധികളും മാത്രമാണ് മൂന്നാം ബിആര്‍എഫില്‍ പങ്കെടുത്തത് എന്നത് ചൈനയെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഏറ്റവും ശ്രദ്ധേയമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന തലത്തിലുള്ള പങ്കാളിത്തം ഒമ്പതില്‍ നിന്ന് രണ്ടായി. ഹംഗറിയുടെ പ്രധാനമന്ത്രിയും സെര്‍ബിയയുടെ പ്രസിഡന്റും മാത്രമാണ് യൂറോപ്പില്‍നിന്ന് പങ്കെടുത്തത്. ബി.ആര്‍.ഐയിലെ ഏക ജി 7 അംഗമായ ഇറ്റലി ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ്. ചൈനയുടെ സ്വപ്‌നപദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആര്‍.ഐ.) പ്രസിഡന്റ് ഷി ജിന്‍പിങ് ആദ്യമായി പ്രഖ്യാപിച്ചിട്ട് ഒരു പതിറ്റാണ്ട് തികയുകയുമ്പോള്‍ ഈ കൊഴിഞ്ഞുപോക്ക് ചൈനയെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയല്ല.

placeholder
Narendra Modi and Joe Biden . Photo: AP/File
 പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും | Photo: AP/File

കടുത്ത നിലപാടുമായി ഇന്ത്യയും അമേരിക്കയും

ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് പദ്ധതിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് 2013 മുതല്‍ താരതമ്യേന സ്ഥിരതയുള്ളതാണ്. തുടക്കം മുതല്‍ ഇന്ത്യയ്ക്ക് പദ്ധതിയെക്കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. അത് പ്രധാനമായും പാക് അധീന കശ്മീരില്‍ക്കൂടിയുള്ള ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി, പദ്ധതികളുടെ ഭൗമ, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം എന്നിവ മൂലമുള്ളതായിരുന്നു. വ്യാപാരം, ഊര്‍ജ ഗതാഗതം, നിക്ഷേപം എന്നിവ മുന്‍നിര്‍ത്തി ചൈനയ്ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പുറത്തുള്ള താല്പര്യം വര്‍ധിച്ചിരുന്നു. ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ വിവിധ തുറമുഖങ്ങളിലെ നിക്ഷേപത്തിലൂടെ ഇന്ത്യയുടെ അയല്‍പക്കത്ത് ചൈന സ്വാധീനമുറപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. വാണിജ്യ തുറമുഖങ്ങളെ എളുപ്പത്തില്‍ സൈനിക ഉപയോഗത്തിന് അനുയോംജ്യമാക്കി മാറ്റാന്‍ കഴിയുമെന്നതിനാല്‍ ഇത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതായിരുന്നു. ഇന്ത്യ ബി.ആര്‍.ഐയില്‍ അംഗമല്ലാതിരിക്കുകയും ഫോറങ്ങളില്‍ പങ്കെടുക്കുന്നില്ലെങ്കിലും ചൈന ആസ്ഥാനമായുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ (എഐഐബി) തുടക്കം മുതല്‍ സജീവ പങ്കാളിയാണ്. സില്‍ക്ക് റോഡ് ഫണ്ടും (എസ്ആര്‍എഫ്) എഐഐബിയും ബി.ആര്‍.ഐ. നിക്ഷേപത്തിനും ധനസഹായവും നല്‍കുന്നത്. 

കടക്കെണി, സുതാര്യതയുടെ അഭാവം, ബി.ആര്‍.ഐ. പദ്ധതികളുടെ സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യയാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. പിന്നീട്, യുഎസും യൂറോപ്യന്‍ യൂണിയനും സമാനമായ ആശങ്കകള്‍ ഉന്നയിച്ചു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അമേരിക്ക ബി.ആര്‍.ഐയെ എതിര്‍ത്തത്. എന്നാല്‍ തുടക്കത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പൊതുവില്‍ ബി.ആര്‍.ഐയെ പോസിറ്റീവായാണ് സമീപിച്ചത്. പതിറ്റാണ്ടുകളായി പ്രാദേശിക ഏകീകരണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഇതിനേയും ഗുണപരമായാണ് കണ്ടത്. ആദ്യത്തെ രണ്ട് ബി.ആര്‍.ഐ. ഫോറങ്ങളില്‍ ധാരാളം യൂറോപ്യന്‍ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പക്ഷേ, പിന്നീട് ചൈനയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചും പല പദ്ധതികളും നടപ്പിലാക്കുന്ന രീതിയെക്കുറിച്ചും അവര്‍ക്കിടയില്‍ സംശയങ്ങളും ആശങ്കകളും വര്‍ധിച്ചു. പിന്നാലെ ഇറ്റലി പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിനേക്കുറിച്ചും ചിന്തിച്ചു. പക്ഷേ, ആഫ്രിക്കയിലേയും മധ്യഏഷ്യയിലേയും പല രാജ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്നും വളരെ പിന്നിലാണ്. അതിനാല്‍ തന്നെ വിമര്‍ശനങ്ങള്‍ക്കിടയിലും ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ പല വികസ്വര രാജ്യങ്ങള്‍ക്കും ബി.ആര്‍.ഐ. ഇപ്പോഴും ആകര്‍ഷകമായ ഒരു നിര്‍ദ്ദേശമാണ്. അവര്‍ വികസന സ്വപ്‌നങ്ങള്‍ കാണുമ്പോള്‍ സഹായിച്ച് അത് മുതലാക്കാനുള്ള ശ്രമത്തിലാണ് ചൈന. 

placeholder
നിര്‍ദിഷ്ട ഇന്ത്യ-മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ റൂട്ട്

ഇതിനിടെ ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് (ബി.ആര്‍.ഐ.) മറുപടിയായാണ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇന്ത്യ-മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐ.എം.ഇ.സി) വിഭാവനം ചെയ്തത്. ന്യൂഡല്‍ഹിയില്‍ നടന്ന ജി- 20 ഉച്ചകോടിയില്‍ പദ്ധതി പ്രഖ്യാപിക്കുകയും ധരണാപത്രത്തില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. ഐ.എം.ഇ.സി സജീവമാകുമ്പോള്‍ അത് ചൈനയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ചൈനയേയും പാകിസ്താനേയും ബന്ധിപ്പിക്കുന്നതും പാക് അധിനിവേശ കശ്മീരീലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിക്ക് ബദല്‍ എന്നത് ഇന്ത്യയ്ക്ക് ഗുണകരമാണ്. ഐ.എം.ഇ.സി സജ്ജമായാല്‍ ഇന്ത്യയുടെ ചരക്ക് നീക്കം വേഗത്തിലാകുന്നതും രാജ്യത്തിന് പദ്ധതിയിയില്‍ വലിയ പ്രാധാന്യം ലഭിക്കുന്നതും ചൈനയ്ക്ക് വെല്ലുവിളിയാകുക. യൂറോപ്പിലെ വ്യാപാരികളെ സംബന്ധിച്ചും ആകര്‍ഷകമായ ഒന്നാണ് ഐ.എം.ഇ.സി. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തേത്തുടര്‍ന്ന് അനിശ്ചിതത്വത്തിലാണെങ്കിലും ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവിന് വെല്ലുവിളിയാകുന്ന ഐ.എം.ഇ.സി കൂടുതല്‍ സജീവമാകുമ്പോള്‍ ബെയ്​ജിങ് അടങ്ങിയിരിക്കുമോ എന്നതാണ് പ്രധാന ചോദ്യം.