ബ്രിക്സ് പുതിയ അംഗങ്ങളെ സമവായത്തിലൂടെയാണ് കൂട്ടായ്മയിലേക്ക് സ്വീകരിക്കുന്നത്. അതിനാൽ ഏതൊരു രാജ്യത്തിനും പുതിയ ഒരു രാജ്യത്തിന്റെ അപേക്ഷ എളുപ്പത്തിൽ തടയാൻ കഴിയും.

ലോകത്തെ ഏറ്റവും ശക്തമായ ബഹുരാഷ്ട്ര കൂട്ടായ്മകളിലൊന്ന്. അതാണ് ബ്രിക്സ്. അഞ്ച് അംഗങ്ങളായി ആരംഭിച്ച കൂട്ടായ്മയിൽ ഇപ്പോൾ പത്ത് അംഗങ്ങളുണ്ട്. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം സംഘം ലോകജനസംഖ്യയുടെ ഏകദേശം 49 ശതമാനത്തോളം ഈ രാജ്യങ്ങൾ ഉൾക്കൊള്ളുന്നു. ആഗോള മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 29 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 23 ശതമാനവും ബ്രിക്സ് രാജ്യങ്ങളുടെ സംഭാവനയാണ്. വ്യാപാരം, അടിസ്ഥാന സൗകര്യ നിക്ഷേപം, നയതന്ത്രം എന്നിവയിലൂടെ സ്വാധീനം വർധിപ്പിക്കുന്നതിനൊപ്പം ആഗോള സാമ്പത്തിക വ്യവസ്ഥയെ പരിഷ്‌കരിക്കാൻ കഴിയുന്ന സംരംഭങ്ങളും കൂട്ടായ്മ നടപ്പിലാക്കിയിട്ടുണ്ട്. അതിനാൽ തന്നെ പാശ്ചാത്യ നേതൃത്വത്തിലുള്ള കൂട്ടായ്മകൾക്ക് ബദലായി സ്വയം നിലകൊള്ളുന്ന ബ്രിക്സിൽ ചേരാൻ വർധിത താല്പര്യമാണ് ലോകരാജ്യങ്ങൾക്ക്. ഇക്കൂട്ടത്തിൽ പാകിസ്താനുമുണ്ട്. എന്നാൽ പാകിസ്താൻ ബ്രിക്സിന്റെ ഭാഗമാകുമോ? ഈ വർഷം ബ്രിക്സിന്റെ അധ്യക്ഷ സ്ഥാനത്ത് എത്തിയ ഇന്ത്യയ്ക്ക് മുന്നിലുള്ളതും ഈ നയതന്ത്ര വെല്ലുവിളിയാണ്.
'ബ്രിക്സിൽ നിന്ന് 'ബ്രിക്സ്' പ്ലസിലേക്ക്
വ്യാപാരം, സുരക്ഷ, നയതന്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ സഹകരിക്കുന്നതിന് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്കും വികസിത രാജ്യങ്ങൾക്കും ഒരു വേദിയായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട കൂട്ടായ്മയാണ് 'ബ്രിക്സ്'. ആഗോള ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്സിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ ജിം ഒനീലാണ് 'ബ്രിക്' (BRIC) എന്ന പദം ആദ്യമായി ഉപയോഗിച്ചത്. വിദേശ നിക്ഷേപതന്ത്രങ്ങളുടെ പശ്ചാത്തലത്തിലാണ് ഒനീൽ, 'ബ്രിക്' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 2001-ലെ ഒരു ഗവേഷണ പ്രബന്ധത്തിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന (BRIC) എന്നീ രാജ്യങ്ങളുടെ വളർച്ച ജി-7 രാജ്യങ്ങളുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ പര്യാപ്തമാണെന്ന് ഒനീൽ ചൂണ്ടിക്കാണിച്ചു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന് ശക്തമായ സാമ്പത്തികചേരി കെട്ടിപ്പടുക്കുമെന്നും രണ്ട് ദശാബ്ദങ്ങൾ കൊണ്ട് അമേരിക്കയുൾപ്പെടെയുള്ള ഏറ്റവും ശക്തമായ പാശ്ചാത്യരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളെ മറികടക്കുമെന്നുമായിരുന്നു ജിം ഒനീലിന്റെ പ്രവചനം. ബ്രിക് രാജ്യങ്ങളുടെ ഭാവിയേയും ശക്തിയേയും സാധ്യതകളേയും കുറിച്ച് 'ബിൽഡിങ് ബെറ്റർ ഗ്ലോബൽ ഇക്കണോമിക് ബ്രിക്സ്' എന്ന പ്രബന്ധത്തിൽ ഒനീൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഇതിന് ശേഷം റഷ്യയാണ് ബ്രസീൽ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ ചേർത്ത് ഒരു സമ്മേളനം ആദ്യമായി വിളിച്ചുചേർത്തത്. പാശ്ചാത്യ രാജ്യങ്ങൾക്ക് എതിരായി ഒരു കൂട്ടായ്മ സൃഷ്ടിക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിന്റെ വർദ്ധിച്ചുവരുന്ന ആഗ്രഹമായിരുന്നു ഇതിന് പിന്നിൽ. 2006 സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിനിടെ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ന്യൂയോർക്കിൽ യോഗം ചേർന്നു. 2009-ൽ റഷ്യ ആദ്യത്തെ ഔദ്യോഗിക 'ബ്രിക്' ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. റഷ്യയിലെ യെക്കാറ്റെറിൻബർഗിൽ നടന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ലുല ഡാ സിൽവ, ദിമിത്രി മെദ്വദേവ്, മൻമോഹൻ സിങ്, ഹു ജിന്റാവോ എന്നിവർ പങ്കെടുത്തു. ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതും ധനകാര്യ സ്ഥാപനങ്ങൾ പരിഷ്‌കരിക്കുന്നതുമായിരുന്നു ഉച്ചകോടിയുടെ പ്രധാന ചർച്ച. 2010 ഡിസംബർ 24-ന് ദക്ഷിണാഫ്രിക്ക കൂട്ടായ്മയിൽ ഔദ്യോഗികമായി അംഗരാജ്യമായി. ചൈന ദക്ഷിണാഫ്രിക്കയെ ഔപചാരികമായി ക്ഷണിക്കുകയും മറ്റ് അംഗരാജ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഇതോടെ ഗ്രൂപ്പിനെ 'ബ്രിക്സ്' (BRICS) എന്ന് പുനർനാമകരണം ചെയ്തു. 'എസ്' ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്നു.
2023-ലെ ബ്രിക്സ് ഉച്ചകോടിയിൽ അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ ആറ് രാജ്യങ്ങളെ ബ്രിക്സിന്റെ ഭാഗമാകാൻ ഔദ്യോഗികമായി ക്ഷണിച്ചു. 2024 ജനുവരി 1-ന് സമ്പൂർണ അംഗത്വം എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അർജന്റീനിയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുകയും ഭരണമാറ്റം ഉണ്ടാകുകയും ചെയ്തതിന് പിന്നാലെ അധികാരത്തിലെത്തിയ പ്രസിഡന്റ് ഹാവിയർ മിലേ രാജ്യത്തിന്റെ അംഗത്വ അപേക്ഷ പിൻവലിക്കാൻ തീരുമാനിച്ചു. 2023 ഡിസംബർ 29-ന് ബ്രിക്‌സിൽ ചേരാനുള്ള ക്ഷണം ഔദ്യോഗികമായി നിരസിച്ചു. മുൻനിശ്ചയപ്രകാരം 2024-ന്റെ തുടക്കത്തിൽ സൗദി അറേബ്യയും കൂട്ടായ്മയുടെ ഭാഗമായില്ല. വിഷയം ഇപ്പോഴും പരിഗണനയിലാണെന്നാണ് സൗദി വ്യക്തമാക്കിയത്. ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങൾ ബ്രിക്സിന്റെ ഭാഗമായി. പിന്നാലെ ബ്രിക്സ് എന്നത് 'ബ്രിക്സ് പ്ലസ്' (BRICS+) എന്ന് അറിയപ്പെടാൻ തുടങ്ങി. 2025 ജനുവരി 6-ന് ഇൻഡോനീഷ്യ ഔദ്യോഗികമായി ബ്രിക്സിൽ അംഗമായി ചേർന്നു. ഇതോടെ അംഗരാജ്യങ്ങളുടെ എണ്ണം 10 ആയി ഉയർന്നു.
വരി നിൽക്കുന്ന രാജ്യങ്ങൾ
ജി ഏഴ് പോലുള്ള പാശ്ചാത്യ കൂട്ടായ്മകൾക്ക് ബദലായി സ്വയം നിലകൊള്ളുന്ന ബ്രിക്സിൽ നിലവിൽ പത്ത് അംഗങ്ങളാണുള്ളത്. ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് (എൻ.ഡി.ബി.), ബ്രിക്‌സ് കണ്ടിഞ്ചന്റ് റിസർവ് അറേഞ്ച്‌മെന്റ്, ബ്രിക്‌സ് പേ, ബ്രിക്‌സ് ജോയിന്റ് സ്റ്റാറ്റിസ്റ്റിക്കൽ പബ്ലിക്കേഷൻ തുടങ്ങിയ ആഗോള സാമ്പത്തിക വ്യവസ്ഥയെ പരിഷ്‌കരിക്കാൻ കഴിയുന്ന സംരംഭങ്ങൾ കൂട്ടായ്മ നടപ്പിലാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി തുടങ്ങിയ എൻ.ഡി.ബി, ബാങ്ക് ലോക ബാങ്ക്, ഐ.എം.എഫ്. പോലുള്ള പാശ്ചാത്യ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ശൈശവ ഘട്ടത്തിലാണ്. പക്ഷേ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് - പ്രത്യേകിച്ച് ഐ.എം.എഫിൽ വലിയ കടബാധ്യതയുള്ളവയ്ക്ക് - പടിഞ്ഞാറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള അവസരമാണ് ഇത്. യുഎസ് ഡോളറിന്റെ റിസർവ് കറൻസി ഉപയോഗം കുറയ്ക്കുന്നതിനായി ഡീഡോളറൈസേഷനും മുന്നോട്ടുവച്ചിട്ടുണ്ട്. ഇതെല്ലാം ആഗോളതലത്തിൽ അവഗണിക്കാൻ കഴിയാത്ത ശക്തമായ കൂട്ടായ്മയായി ബ്രിക്സിനെ മാറ്റി. ഫലമോ ബ്രിക്സിൽ ചേരാൻ രാജ്യങ്ങളുടെ തള്ളിക്കയറ്റമാണ്.
കൂട്ടായ്മയിലെ ആഭ്യന്തര ഐക്യം തകർക്കാതെ പുതിയ അപേക്ഷകരെ നിയന്ത്രിക്കുന്നതിനായി, 2024-ൽ ബ്രിക്സ് ഒരു പുതിയ വിഭാഗം അവതരിപ്പിച്ചു: അതാണ് പങ്കാളിത്വ രാജ്യങ്ങൾ. ഈ രാജ്യങ്ങൾക്ക് പൂർണഅംഗത്വമില്ലാതെ തന്നെ കൂട്ടായ്മയുടെ യോഗങ്ങളിൽ പങ്കെടുക്കാനും അടുത്ത ഇടപെടൽ നടത്താനും സാധിക്കും. 2024 ഒക്ടോബറിൽ അൾജീരിയ, ബെലാറസ്, ബൊളീവിയ, ക്യൂബ, ഇൻഡോനീഷ്യ, കസാഖിസ്താൻ, മലേഷ്യ, നൈജീരിയ, തായ്‌ലാൻഡ്, തുർക്കി, ഉഗാണ്ട, ഉസ്‌ബെക്കിസ്താൻ, വിയറ്റ്നാം എന്നീ 13 രാജ്യങ്ങളെ പങ്കാളി രാജ്യങ്ങൾ ആയി പങ്കെടുക്കാൻ ക്ഷണിച്ചു. എന്നാൽ 2025 ജനുവരിയിൽ ഇൻഡോനീഷ്യ ബ്രിക്‌സിൽ ഔദ്യോഗികമായി പൂർണ്ണ അംഗമായി ചേർന്നു. ബെലാറസ്, ബൊളീവിയ, ക്യൂബ, കസാഖസ്താൻ, മലേഷ്യ, നൈജീരിയ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്‌ബെക്കിസ്താൻ, വിയറ്റ്നാം എന്നീ പത്ത് രാജ്യങ്ങൾ നിരീക്ഷക രാജ്യങ്ങളായി. അൾജീരിയയെയും തുർക്കിയെയും ഒബ്സർവർ പാർട്ട്ണർ ആയി ക്ഷണിച്ചെങ്കിലും അവർ ബ്രിക്സിന്റെ ഭാഗമായില്ല.
അൻപതിലധികം രാജ്യങ്ങൾ ബ്രിക്‌സിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2025 അവസാനത്തോടെ ഏകദേശം 23 രാജ്യങ്ങൾ ഔദ്യോഗികമായി അപേക്ഷകൾ സമർപ്പിച്ചിരുന്നു. വിയറ്റ്നാം, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മൊറോക്കോ, സിറിയ, വെനിസ്വേല, സിംബാബ്‌വെ, അസർബൈജാൻ, കൊളംബിയ, സെനഗൽ, മ്യാൻമർ, ലാവോസ്, ചാഡ്, ഇക്വറ്റോറിയൽ ഗിനിയ, ഹോണ്ടുറാസ് എന്നിവരെല്ലാം അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഇവരിൽ നയതന്ത്ര സമ്മർദ്ദം ശക്തമാക്കുന്നവരിലൊരാൾ പാകിസ്താനാണ്. ബ്രിക്‌സിൽ പങ്കാളിത്വ രാജ്യം പോലുമല്ലാതിരിക്കെയാണ് പാകിസ്താൻ അംഗത്വത്തിനായി സമ്മർദം ശക്തമാക്കുന്നത്.
ബ്രക്സിൽ ചേരാൻ പാകിസ്താൻ
പാകിസ്താൻ ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്. കൂട്ടായ്മയുടെ ഭാഗമായ എൻ.ഡി.ബിയിൽ ചേരാനും അവർ ശ്രമിക്കുന്നു. പാകിസ്താനെ സംബന്ധിച്ചിടത്തോളം അജണ്ട വ്യക്തമാണ്. സാമ്പത്തിക താല്പര്യങ്ങൾ തന്നെയാണ് ബ്രിക്‌സിൽ ചേരാനുള്ള പാകിസ്താന്റെ ശ്രമങ്ങൾക്ക് പിന്നിൽ. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം 2022-ൽ പാകിസ്താന്റെ ജി.ഡി.പി. വളർച്ചാ നിരക്ക് ഏകദേശം 5 ശതമാനമായിരുന്നു. 2023-24 ൽ ഈ കണക്ക് 2 ശതമാനത്തിൽ കൂടുതൽ മാത്രമായി ചുരുങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 74 ശതമാനത്തിൽ താഴെയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം കടം-ജി.ഡി.പി. അനുപാതം ഏകദേശം 75 ശതമാനമായിരുന്നു. വിദേശ നിക്ഷേപത്തിലെ ദീർഘകാല ഇടിവ് രാജ്യത്തിന്റെ ദുരിതങ്ങൾക്ക് ആക്കം കൂട്ടി. രാഷ്ട്രീയ അസ്ഥിരതയും നിയമവാഴ്ചയിലുള്ള വിശ്വാസം കുറയുന്നതും ഇതിനെ കൂടുതൽ വഷളാക്കി. എൻ.ഡി.ബിയിൽ നിന്ന് ലഭിച്ചേക്കാവുന്ന ധനസഹായവും വിശാലമായ നയതന്ത്ര സാധ്യതകളുമാണ് അവരെ ബ്രിക്സിന്റെ ഭാഗമാകാൻ പ്രേരിപ്പിക്കുന്നത്.
സാമ്പത്തിക ക്രമീകരണങ്ങൾ നടപ്പിലാക്കൽ, സ്വകാര്യവൽക്കരണം, ഘടനാപരമായ പരിഷ്കാരങ്ങൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ പിൻവലിക്കൽ ഉൾപ്പെടെ സഹായത്തിനായി വ്യവസ്ഥകൾ നിരത്തുന്ന ഐ.എം.എഫിൽ നിന്ന് മതിയായ പിന്തുണ നേടുന്നതിൽ പാകിസ്താന് പ്രശ്‌നമുണ്ട്. ഇത് പലപ്പോഴും ബ്രിക്‌സ് രാജ്യങ്ങളുടെ ഇടപെടൽ ആവശ്യമായി വന്നിട്ടുണ്ട്. ഉദാഹരണത്തിന്, ഐ.എം.എഫിൽ നിന്ന് 7 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം നേടിയെടുക്കുന്നതിന് ബ്രിക്‌സിലെ അംഗങ്ങളായ ചൈന, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള സഹായം പാകിസ്താന് ലഭിച്ചിരുന്നു. ഐ.എം.എഫിൽ നിന്ന് വ്യത്യസ്തമായി, എൻ.ഡി.ബി. സാമ്പത്തിക സഹായത്തിന് വ്യവസ്ഥകൾ ഏർപ്പെടുത്തുന്നില്ല. കൂടാതെ ഒരു അംഗരാജ്യത്തിനും അതിന്റെ സാമ്പത്തിക വലുപ്പത്തെ അടിസ്ഥാനമാക്കി മറ്റ് അംഗങ്ങളുടെ തീരുമാനങ്ങളെ വീറ്റോ ചെയ്യാൻ കഴിയില്ല. രാജ്യങ്ങൾക്ക് അവരുടെ പ്രാദേശിക കറൻസികളിൽ വായ്പയെടുക്കാനും അനുവദിക്കുന്നു. പാകിസ്താന്റെ വിദേശ കരുതൽ ശേഖരം കണക്കിലെടുക്കുമ്പോൾ ഇത് വളരെ പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്.
കൂടാതെ, എൻ.ഡി.ബി. ആറ് മാസത്തിൽ താഴെ സമയത്തിനുള്ളിൽ വായ്പകൾ അംഗീകരിക്കുന്നു. ഈ സാഹചര്യത്തിൽ എൻ.ഡി.ബി. പാകിസ്താന് സഹായകമാകും. എൻ.ഡി.ബി. ബ്രിക്സ് അംഗങ്ങൾക്ക് നേരിട്ട് വായ്പ നൽകുന്നു. അതുകൊണ്ട് തന്നെ ബ്രിക്സ് അംഗത്വം നിർണായകമാക്കുന്നു. അംഗത്വം പാകിസ്താന് അവരുടെ പ്രതിസന്ധിയിലായ മേഖലകളിൽ, പ്രത്യേകിച്ച് ഊർജ്ജം, ഭക്ഷ്യ ഉല്പാദനം എന്നിവയിൽ അത്യാവശ്യമായ വ്യാപാരവും നിക്ഷേപവും കൊണ്ടുവരാൻ സാധ്യതയുണ്ട്. ആഗോള എണ്ണ ഉല്പാദനത്തിന്റെ 40 ശതമാനവും ആഗോള ധാന്യ ഉല്പാദനത്തിന്റെ 42 ശതമാനവും ബ്രിക്സ് അംഗങ്ങളുടെ സംഭാവനയാണ്. ഈ സാഹചര്യത്തിൽ അംഗങ്ങളുമായുള്ള ശക്തമായ വ്യാപാരബന്ധം സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് പാകിസ്താൻ കണക്ക് കൂട്ടുന്നു.
അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ വരുമ്പോൾ
ബ്രിക്‌സ് പുതിയ അംഗങ്ങളെ സമവായത്തിലൂടെയാണ് കൂട്ടായ്മയിലേക്ക് സ്വീകരിക്കുന്നത്. അതിനാൽ ഏതൊരു രാജ്യത്തിനും പുതിയ ഒരു രാജ്യത്തിന്റെ അപേക്ഷ എളുപ്പത്തിൽ തടയാൻ കഴിയും. ബ്രിക്സിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ള അംഗങ്ങൾക്കിടയിൽ സമവായം ആവശ്യമാണ്. കൂട്ടായ്മയിലേക്ക് ചേരാൻ അപേക്ഷ നൽകുന്ന രാജ്യങ്ങൾ മറ്റ് എല്ലാ അംഗങ്ങളുമായും നല്ല ബന്ധത്തിലായിരിക്കണം എന്ന് ബ്രിക്സ് വ്യവസ്ഥ ചെയ്യുന്നു. അതിനാൽ തന്നെ ഇന്ത്യയുമായുള്ള ദീർഘകാല ശത്രുത പാകിസ്താന്റെ ബ്രിക്സ് പ്രവേശനത്തിൽ വെല്ലുവിളി ഉയർത്തിയേക്കും. ബ്രിക്‌സിലും ബ്രിക്‌സ് ഡെവലപ്‌മെന്റ് ബാങ്കിലും അംഗത്വം ലഭിക്കുന്നതിന് പാകിസ്താൻ അടുത്ത സുഹൃത്തായി കണക്കാക്കുന്ന ചൈനയുടെ സഹായം തേടിയിരുന്നു. ചൈന ഇക്കാര്യത്തിൽ അനുകൂല നിലപാടുമാണ് സ്വീകരിക്കുന്നത്.
2026-ൽ ഇന്ത്യ ബ്രിക്‌സ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് അംഗത്വത്തിനായി പാകിസ്താൻ ശ്രമങ്ങൾ ശക്തമാക്കുന്നത്. ഇന്ത്യ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതോടെ കൂട്ടായ്മയുടെ ദിശ ഇനി ഇന്ത്യയുടെ മുൻഗണനകളെ ആശ്രയിച്ചിരിക്കും. ഈ പശ്ചാത്തലത്തിൽ പാകിസ്താന്റെ അപേക്ഷ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയ്ക്ക് എളുപ്പത്തിൽ നിരസിക്കാനാകും. പൊതുപ്രസ്താവനകളിൽ റഷ്യ പാകിസ്താന്റെ അപേക്ഷയ്ക്ക് പിന്തുണ സൂചന നൽകിയിട്ടുണ്ട്. ചൈന അതിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിക്സിന്റെ വിപുലീകരണത്തിനായി നിരന്തരം വാദിക്കുന്ന ദക്ഷിണാഫ്രിക്കയും ബ്രസീലും അനുകൂല നിലപാട് സ്വീകരിക്കാനാണ് സാധ്യത. ചൈനയും റഷ്യയും പിന്തുണയ്ക്കുന്നതിനാൽ ഇക്കാര്യത്തിൽ സമവായത്തിലേക്ക് എത്തേണ്ടതുണ്ട്. എന്നാൽ ഇന്ത്യ സമ്മതിക്കുന്നില്ലെങ്കിൽ പാകിസ്താന്റെ പ്രവേശനം സാധ്യമായേക്കില്ല. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഇന്ത്യ പാകിസ്താന്റെ പ്രവേശനത്തെ എതിർത്തേക്കുമെന്നാണ് കരുതുന്നത്.
Content Highlights: Explore Pakistan`s bid to join BRICS, supported by China and Russia. Understand India`s stance as chair and the implications for global economics and geopolitics.
Published: 03 Jan 2026, 02:07 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented