ജനീവ: ഐക്യരാഷ്ട്രസഭ പൊതുസഭയിൽ ഇന്ത്യക്കെതിരേ രൂക്ഷവിമർശനവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ‘സംഘർഷം തടഞ്ഞ’ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമയോചിത ഇടപെടലിന് അദ്ദേഹം നന്ദിപറഞ്ഞു. അണക്കെട്ടുകളിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ പാകിസ്താനിലേക്കുള്ള സിന്ധു നദീജലപ്രവാഹം തടയാനോ വഴിതിരിച്ചുവിടാനോ ഇന്ത്യ ശ്രമിച്ചാൽ അത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും ഷെരീഫ് മുന്നറിയിപ്പ് നൽകി.

To advertise here,

ആണവായുധ ശേഷിയുള്ള ഇരുരാജ്യങ്ങളും കടുത്ത യുദ്ധത്തിന്റെ വക്കിൽ നിൽക്കുമ്പോഴാണ് ട്രംപ് ഇടപെട്ടതെന്നും അദ്ദേഹത്തിന്റെ കൃത്യമായ തീരുമാനങ്ങളാണ് ദക്ഷിണേഷ്യയെ വലിയൊരു ദുരന്തത്തിൽനിന്ന് രക്ഷിച്ചതെന്നും ഷെരീഫ് പറഞ്ഞു. സംഘർഷസമയത്ത് ഐക്യരാഷ്ട്രസഭയുടെ 51-ാം വകുപ്പ് പ്രകാരം പാകിസ്താൻ സ്വയം പ്രതിരോധത്തിനുള്ള അവകാശമാണ് വിനിയോഗിച്ചത്. ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിൽ സേന കൃത്യമായ മറുപടി നൽകി. ഒരിക്കലും മറക്കാനാവാത്ത ഒരു പാഠം ഇന്ത്യയെ പഠിപ്പിച്ചെന്നും ഷെരീഫ് അവകാശപ്പെട്ടു.

സിന്ധു നദീജലക്കരാർ ഇന്ത്യ മരവിപ്പിച്ച തീരുമാനത്തേയും ഷെഹ്ബാസ് വിമർശിച്ചു. 1960-ൽ ഒപ്പുവെച്ച ഈ കരാർ ഏകപക്ഷീയമായി റദ്ദാക്കാൻ ഇന്ത്യക്ക് നിയമപരമായ അവകാശമില്ല. ജലം ആയുധമാക്കരുത്. പാകിസ്താന്റെ ജീവനാഡിയായ നദീജലം തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ അതിനെ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.എന്റെ പിന്തുണയോടെയുള്ള ഹിതപരിശോധനയ്ക്കായി കശ്മീരികൾ പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. പ്രദേശത്ത് ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങളും ജനസംഖ്യാ പുനഃക്രമീകരണവും നടത്തുന്നു. കശ്മീർ പ്രദേശവാസികളുടെ സ്വയംനിർണയാവകാശ പോരാട്ടത്തിന് പാകിസ്താന്റെ നയതന്ത്ര, രാഷ്ട്രീയ, ധാർമിക പിന്തുണ തുടരും. കശ്മീർ എല്ലായ്‌പോഴും പാകിസ്താന്റെ ജീവനാഡിയാണെന്നും അദ്ദേഹം ആവർത്തിച്ചു.

ഷെഹ്ബാസിന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ കനത്ത മറുപടിയാണ് നൽകിയത്. ഇന്ത്യയുടെ യു.എന്നിലെ പെർമനന്റ് മിഷനിലെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗെഹ്ലോട്ട് 'റൈറ്റ് ഓഫ് റിപ്ലൈ' വിനിയോഗിച്ച് പാകിസ്താന്റെ വാദങ്ങൾ തള്ളിക്കളഞ്ഞു. 2025 മേയിലെ വെടിനിർത്തൽ ഇരുരാജ്യങ്ങളുടേയും സൈനിക നേതൃത്വങ്ങൾ നേരിട്ട് ആശയവിനിമയം നടത്തി തീരുമാനിച്ചതാണെന്നും, ട്രംപോ മറ്റേതെങ്കിലും മൂന്നാംകക്ഷിയോ ഇതിൽ ഇടപെട്ടിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു.

പാകിസ്താൻ അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ ആഗോള കേന്ദ്രമാണ്. പകൽസമയത്ത് സുരക്ഷയെക്കുറിച്ച് സംസാരിക്കുകയും രാത്രിയിൽ ഭീകരവാദം നടപ്പിലാക്കുകയുമാണ് അവരുടെ രീതി. 9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഒസാമ ബിൻ ലാദൻ പാക് മണ്ണിലാണ് ഒളിച്ചുപാർത്തത്. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിലും ജനാധിപത്യ മൂല്യങ്ങളിലും പരാജയപ്പെട്ട ഭരണകൂടമാണ് പാകിസ്താനിലേതെന്നും ഗെഹ്ലോട്ട് പറഞ്ഞു.