
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്. വന്‍ലാഭം വാഗ്ദാനം ചെയ്ത്, നൂറ്റിയിരുപത്തേഴ് രാജ്യങ്ങളില്‍നിന്നുള്ള പതിനായിരക്കണക്കിന് നിക്ഷേപകരില്‍നിന്ന് തട്ടിയെടുത്തത് 20 ബില്യന്‍ ഡോളര്‍. ഒടുവില്‍ കുറ്റം തെളിഞ്ഞതോടെ 150 കൊല്ലം തടവ് ശിക്ഷ, ജയിലില്‍ കിടന്ന് മരണം. പറഞ്ഞുവരുന്നത് അമേരിക്ക കണ്ട, ഏറ്റവും കുശാഗ്രബുദ്ധിക്കാരനായ സാമ്പത്തിക കുറ്റവാളി ബെര്‍ണാഡ് ലോറന്‍സ് മേഡോഫ് എന്ന ബേണി മാഡോഫിനെ കുറിച്ചാണ്. മേഡോഫിന്റെ തട്ടിപ്പിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം ഡിസംബര്‍ 30-ന് പൂര്‍ത്തിയായതായി യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. തട്ടിപ്പ് പുറത്തെത്തി 16 കൊല്ലം കഴിയുമ്പോഴാണ് നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാകുന്നത്.
ആരാണ് ബേണി മേഡോഫ്
അമേരിക്കയിലെ അറിയപ്പെടുന്ന സ്റ്റോക്ക് ബ്രോക്കറും ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസറുമായിരുന്നു ബേണി മേഡോഫ്. 1938-ല്‍ ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിനിലാണ് ജനനം. 32-ാം വയസ്സില്‍ 1960-ലാണ് അദ്ദേഹം ചെയര്‍മാനായ ധനകാര്യ മാനേജ്‌മെന്റ് സ്ഥാപനം ബെര്‍ണാര്‍ഡ് എല്‍. മേഡോഫ് ഇന്‍വെസ്റ്റ്‌മെന്റ് സെക്യൂരിറ്റീസ് (ബി.എല്‍.എം.ഐ.എസ്.) സ്ഥാപിക്കുന്നത്. സ്റ്റോക്ക് ബ്രോക്കറേജ്, അസറ്റ് മാനേജ്‌മെന്റ് എന്നീ രണ്ടു മേഖലകളിലാണ് ബി.എല്‍.എം.ഐ.എസ്. പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നത്. ഇതില്‍ അസറ്റ് മാനേജ്‌മെന്റ് ബിസിനസിലൂടെയാണ് ലോകമെമ്പാടുമുള്ള നിക്ഷേപകരെ പോണ്‍സി ഇടപാട് വഴി മേഡോഫ് വഞ്ചിച്ചത്. ഒരു നിക്ഷേപകനില്‍ നിന്ന് സ്വീകരിക്കുന്ന പണം, ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് പകരം നേരത്തെ നിക്ഷേപം നടത്തിയവര്‍ക്ക് നല്‍കുകയും വന്‍ലാഭമെന്ന പ്രതീതി സൃഷ്ടിക്കുകയുമാണ് പോണ്‍സി സ്‌കീമില്‍ ചെയ്യുന്നത്. പുതുതായി ആളുകള്‍ ചേരാതിരിക്കുകയും പണം ലഭിക്കാതെ വരികയും ചെയ്യുന്നതോടെ തട്ടിപ്പ് പുറത്താകും.
മേഡോഫിന്റെ വല
ഹോളിവുഡ് താരദമ്പതികളായ കെവിന്‍ ബേക്കണ്‍-കൈറ സെഡ്‌വിക്ക്, ഡിസ്‌നി സ്റ്റുഡിയോ മുന്‍ മേധാവി ജെഫ്രി കാറ്റ്‌സെന്‍ബെര്‍ഗ്, സാന്‍ഡി കോഫാക്‌സ് അങ്ങനെ അതിപ്രശസ്തര്‍ മുതല്‍ തീര്‍ത്തും സാധാരണക്കാര്‍ വരെ മാഡോഫിന്റെ നിക്ഷേപത്തട്ടിപ്പില്‍ ഇരകളായെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, അഞ്ചുലക്ഷം ഡോളറില്‍ താഴെ നിക്ഷേപം നടത്തിയ, ചെറുകിട നിക്ഷേപകരായിരുന്നു മേഡോഫിന്റെ വലയില്‍ കുടുങ്ങിയവരില്‍ കൂടുതലും. വ്യക്തികള്‍ മാത്രമായിരുന്നില്ല സ്‌കൂളുകളും സന്നദ്ധ സംഘടനകളുമൊക്കെ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. മേഡോഫ്, ബോര്‍ഡ് അംഗമായിരുന്ന യെഷിവ യൂണിവേഴ്‌സിറ്റിക്ക് നിക്ഷേപത്തട്ടിപ്പില്‍ നഷ്ടമായത് 100 മില്യന്‍ ഡോളറായിരുന്നു. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി, എലീ വീസെല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റി തുടങ്ങിയവര്‍ക്കും പണം നഷ്ടമായി.

Photo: Getty Images
1990-കളോടെയാണ് മേഡോഫ് തട്ടിപ്പ് ആരംഭിച്ചത്. വര്‍ഷങ്ങളായി മേഡോഫ് നടത്തിവന്നിരുന്ന തട്ടിപ്പ് പുറത്തെത്തുന്നത് 2008-ലെ സാമ്പത്തികമാന്ദ്യകാലത്തും. ഓഹരിവിപണിയില്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളില്‍നിന്ന് തന്റെ കമ്പനിയായ ബി.എല്‍.എം.ഐ.സിലൂടെ പണം സമാഹരിച്ചു. എന്നാല്‍ ഈ പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചില്ല. പകരം പോണ്‍സി ഇടപാടിലൂടെ നിക്ഷേപകരെ വഞ്ചിച്ചും കൂടുതലാളുകളെ വലയില്‍ വീഴ്ത്തിക്കൊണ്ടുമിരുന്നു. 2008 ഡിസംബറില്‍ മേഡോഫ് അറസ്റ്റിലായി. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, വിശ്വാസവഞ്ചന തുടങ്ങി പതിനൊന്ന് കുറ്റങ്ങളാണ് മേഡോഫ് ചെയ്തതായി കോടതി കണ്ടെത്തിയത്. കുറ്റം തെളിയിക്കപ്പെട്ടതോടെ ശിക്ഷയുമെത്തി. അന്ന് 71 വയസ്സുണ്ടായിരുന്ന മേഡോഫിന് 150 കൊല്ലത്തെ തടവാണ് 2009, ജൂണ്‍ 29-ന് കോടതി വിധിച്ചത്.
തുടര്‍ന്ന് മാഡോഫിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മേഡോ വിക്ടിം ഫണ്ട് അഥവാ എം.ഡി.എഫിന് സര്‍ക്കാര്‍ രൂപം നല്‍കി. 2017- മുതലാണ് തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് എം.ഡി.എഫ്. നഷ്ടപരിഹാരം നല്‍കിത്തുടങ്ങിയത്. റിക്കവറി നടപടികളിലൂടെ ഇതിന് ആവശ്യമായ പണം സമാഹരിക്കുകയും ചെയ്തു. പല ഘട്ടങ്ങളായാണ് നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കിയത്. 131.4 മില്യൺ ഡോളറാണ് നഷ്ടപരിഹാര വിതരണത്തിന്റെ അവസാനഘട്ടത്തില്‍ വിതരണം ചെയ്തത്. മേഡോഫിന്റെ നിക്ഷേപത്തട്ടിപ്പില്‍ കുരുങ്ങിയ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 23,000-ല്‍ അധികം പേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. ഇതോടെ പണം നഷ്ടപ്പെട്ട നാല്‍പ്പതിനായിരത്തിലധികം പേര്‍ക്ക് കൃത്യമായി പറഞ്ഞാല്‍ 40,930 പേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. നിക്ഷേപകര്‍ക്കുണ്ടായ നഷ്ടത്തില്‍ 94 ശതമാനത്തോളം പരിഹരിക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്.
കനിയാത്ത കോടതി, അഴിക്കുള്ളില്‍ മരിച്ച മേഡോ; ജീവനൊടുക്കിയ മകന്‍
തട്ടിപ്പിലൂടെ ലഭിച്ച പണം തനിക്കും കുടുംബത്തിനും അടുത്ത സുഹൃദ്‌വലയത്തിലുള്ളവര്‍ക്കും പ്രയോജനപ്പെടുത്തുകയായിരുന്നു മേഡോഫ് ചെയ്തത്. 65 ബില്യന്‍ ഡോളറിന്റെ തട്ടിപ്പ് നടന്നുവെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. എന്നാല്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാന്‍ മേഡോഫ് ഉപയോഗിച്ച കണക്കും കാര്യങ്ങളും കുറച്ചതോടെ തുക ഇരുപത് ബില്യൺ ഡോളറായി. അപ്പോഴും യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പാണ് ഇതെന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പ് എന്ന് കോടതി വിലയിരുത്തിയ കുറ്റത്തിന് നോര്‍ത്ത് കരോളീനയിലെ ജയിലിലേക്ക് പോകുമ്പോള്‍ 71 വയസ്സായിരുന്നു മേഡോഫിന്റെ പ്രായം. ഗുരുതരമായ വൃക്കരോഗമുണ്ടെന്നും അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ച് മോചിപ്പിക്കണമെന്നും അഭ്യര്‍ഥിച്ച് 2020-ല്‍ അദ്ദേഹം കോടതിയെ സമീപിച്ചു. എന്നാല്‍ മേഡോഫിനെ മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട്, നിക്ഷേപത്തട്ടിപ്പിനിരയാക്കപ്പെട്ട അഞ്ഞൂറോളം പേര്‍ ജഡ്ജിക്ക് കത്ത് എഴുതിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. ഏകദേശം ഒരുകൊല്ലത്തിനുശേഷം, 2021 ഏപ്രില്‍ 14-ന് തന്റെ എണ്‍പത്തിരണ്ടാമത്തെ വയസ്സില്‍ ജയിലില്‍വെച്ച് മേഡോഫ് മരിച്ചു.

1959-ലാണ് തന്റെ ദീര്‍ഘകാലപ്രണയിനി റൂത്ത് ആല്‍പേണിനെ മേഡോ വിവാഹം കഴിക്കുന്നത്. മാര്‍ക്ക്, ആന്‍ഡ്രൂ എന്നീ രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്ക് പിറന്നത്. മാഡോഫിന്റെ തട്ടിപ്പ്, മൂത്തമകന്‍ മാര്‍ക്കിന്റേത് ഉള്‍പ്പെടെ ചുരുങ്ങിയത് നാല് ആത്മഹത്യകള്‍ക്ക് വഴിവെച്ചുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് ഡോട്ട് കോം 2021-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മരണവാര്‍ത്തയില്‍ പരാമര്‍ശിക്കുന്നുണ്ട്. 2010-ല്‍ മേഡോഫിന്റെ അറസ്റ്റിന്റെ രണ്ടാം വാര്‍ഷികദിനത്തിലാണ് മാര്‍ക്ക് തൂങ്ങിമരിച്ചത്. ബേണി, വഞ്ചന നിറഞ്ഞ ജീവിതത്തിലൂടെ നിങ്ങള്‍ എങ്ങനെയാണ് നിങ്ങളുടെ പുത്രന്മാരുടെ ജീവിതം നശിപ്പിച്ചതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ എന്നായിരുന്നു നാല്‍പ്പത്തിയെട്ടുകാരനായ മാര്‍ക്കിന്റെ ആത്മഹത്യക്കുറിപ്പില്‍ ഉണ്ടായിരുന്നത്. മേഡോഫിന്റെ രണ്ടാമത്തെ മകന്‍ ആന്‍ഡ്രൂ, 2014-ല്‍ അപൂര്‍വമായ കാന്‍സര്‍ബാധയെ തുടര്‍ന്നാണ് മരിച്ചത്. തനിക്ക് കാന്‍സര്‍ബാധ വീണ്ടും വരാന്‍ കാരണം മേഡോഫ് ആണെന്നായിരുന്നു ആന്‍ഡ്രൂവും ആരോപിച്ചത്. താന്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ പോലും മേഡോഫിന്റെ ചെയ്തികളോട് പൊറുക്കില്ലെന്ന് ആന്‍ഡ്രൂ, പീപ്പിള്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി 150 കൊല്ലത്തെ തടവിന് വിധിക്കപ്പെട്ടുവെങ്കിലും റൂത്ത്, മാഡോഫില്‍നിന്ന് വിവാഹമോചനം നേടിയിരുന്നില്ല. എന്നാല്‍, മൂത്തമകന്‍ മാര്‍ക്കിന്റെ ആത്മഹത്യക്കുശേഷം താന്‍ ഒരിക്കലും മാഡോഫിനോട് സംസാരിച്ചിട്ടില്ലെന്ന് റൂത്ത് 2011-ല്‍ 60 മിനിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: bernie madoff us financial criminal
Published: 01 Jan 2025, 04:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented