സാമൂഹികമാധ്യമങ്ങൾ നിരോധനത്തിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട യുവജന പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരിക്കുകയാണ് നേപ്പാൾ. ഇടക്കാല പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതിനെച്ചൊല്ലി ജെൻസീകൾക്കിടയിൽ ഭിന്നയുള്ള സാഹചര്യത്തിൽ പ്രക്ഷുബ്ധമാണ് നേപ്പാളിന്റെ രാഷ്ട്രീയം. പ്രധാനമന്ത്രിയുടെ രാജിയിലേക്ക് നയിച്ച തീവ്രമായ പ്രതിഷേധങ്ങളുടെ തുടക്കത്തിൽ കാഠ്മണ്ഡുവിന്റെ തെരുവുകളിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്ന് 'രാജാവ് തിരിച്ചുവരണം' എന്നതായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ പിടിമുറുക്കിയ സർക്കാരിനെതിരേ ജനാധിപത്യ അവകാശങ്ങൾക്കായുള്ള പ്രതിഷേധങ്ങൾക്കിടയിൽ രാജവാഴ്ചയ്ക്കുള്ള ആഗ്രഹം വിരോധാഭാസമായി തോന്നാം. പക്ഷേ, പഴയ രാജഭരണത്തിന്റെ കൊടിക്കീഴിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്ന വലിയൊരു വിഭാ​ഗം ഇന്നും ആ രാജ്യത്തുണ്ട്. 

To advertise here,

രാജവാഴ്ചയും ഹിന്ദുരാജ്യപദവിയും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഈ വർഷം മാർച്ചിലും കാഠ്മണ്ഡുവിൽ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. അന്ന് രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയുടെ പിന്തുണയും പ്രതിഷേധത്തിനുണ്ടായിരുന്നു. വികലമായ ജനാധിപത്യ സംവിധാനങ്ങളും തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയും അഴിമതിയും രാഷ്ട്രീയ അനിശ്ചിതത്വവുമെല്ലാം നേപ്പാളി യുവത്വത്തെ അസ്വസ്ഥരാക്കുന്നു. അതുതന്നെയായിരിക്കണം ജെൻ സീ പ്രക്ഷോഭത്തിനിടയിലും രാജവാഴ്ചയിലേക്ക് മടങ്ങാനുള്ള ആ​​ഗ്രഹം ഒരു വിഭാ​ഗം പ്രകടിപ്പിച്ചത്. എന്താണ് നേപ്പാളിലെ രാജവാഴ്ചയുടെ ചരിത്രം? എങ്ങനെയാണ് അത് തകർന്നത്? നേപ്പാളിൽ രാജാഭരണം തിരിച്ചുവരുമോ?

നേപ്പാൾ രാജവാഴ്ചയുടെ ചരിത്രം

ഷാ രാജവംശത്തെ ചുറ്റിപ്പറ്റിയാണ് രാജവാഴ്ചയുടെ ചരിത്രം ആരംഭിക്കുന്നതെങ്കിലും നേപ്പാളിലെ രാജഭരണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ രജപുത്രന്മാരുമായി ബന്ധമുള്ള ദ്രവ്യ ഷായാണ് ഷാ രാജവംശത്തിന് തുടക്കം കുറിക്കുന്നത്. ഏതാണ്ട് 240 വർഷം ഷാ കുടുംബം നേപ്പാൾ ഭരിച്ചു. അത് പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ച് 2008 വരെ നീണ്ടുനിന്നു. 1559-ൽ ഗൂർഖ എന്ന ചെറിയ രാജ്യത്തിന്റെ രാജാവായ ദ്രവ്യ ഷായിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. കാലക്രമേണ, അദ്ദേഹത്തിന്റെ കുടുംബം കൂടുതൽ ശക്തരും സ്വാധീനമുള്ളവരുമായി വളർന്നു. അക്കാലത്ത്, നേപ്പാൾ ഒരു ഏകീകൃത രാജ്യമായിരുന്നില്ല. നൂറ്റാണ്ടുകളായി നിരവധി ചെറിയ രാജ്യങ്ങൾ ചേർന്നതായിരുന്നു അത്. ഈ രാജ്യങ്ങളാകട്ടെ പലപ്പോഴും പരസ്പരം പോരടിച്ചു. 1743-ൽ പൃഥ്വി നാരായൺ ഷാ ഗൂർഖയുടെ രാജാവാകുകയും പ്രദേശത്തെ നിരവധി ചെറിയ രാജ്യങ്ങളെ ഒന്നിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. 1769 ആയപ്പോഴേക്കും അദ്ദേഹം കാഠ്മണ്ഡു താഴ്‌വര കീഴടക്കി ആധുനിക നേപ്പാൾ രാജ്യം രൂപീകരിച്ചു, കാഠ്മണ്ഡുവിനെ തലസ്ഥാനമാക്കി. ആധുനിക നേപ്പാളിന്റെ സ്ഥാപകനായി അദ്ദേഹത്തെ പലപ്പോഴും കണക്കാക്കുന്നു.

placeholder
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ നേപ്പാൾ ആർമി ചീഫ് ഓഫ് ആർമി സ്റ്റാഫ് അശോക് രാജ് സിഗ്ഡൽ സംസാരിക്കുന്നു. പശ്ചാത്തലത്തിൽ ഏകീകൃത നേപ്പാൾ രാജ്യത്തിന്റെ ആദ്യ രാജാവായ പൃഥ്വി നാരായൺ ഷായുടെ ഛായാചിത്രം | Photo: PTI

ആംഗ്ലോ-നേപ്പാൾ യുദ്ധം (1814-1816) പോലുള്ള യുദ്ധങ്ങളെ നേരിട്ടുകൊണ്ട് ഷാ രാജാക്കന്മാർ നേപ്പാൾ ഭരിച്ചു. 1846-ൽ റാണകൾ എന്ന മറ്റൊരു കുടുംബം ശക്തരായി. 100 വർഷത്തിലേറെ റാണമാർ പ്രധാനമന്ത്രിമാരായി രാജ്യം നിയന്ത്രിച്ചു. അക്കാലത്ത് രാജാക്കന്മാർ പ്രതീകങ്ങൾ മാത്രമായിരുന്നു. ഇത് 1951 വരെ നീണ്ടുനിന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ത്രിഭുവൻ രാജാവ്  പൊതുജന പിന്തുണയോടെ, റാണ ഭരണം അവസാനിപ്പിച്ചു. ഷാ രാജാക്കന്മാരുടെ അധികാരം പുനഃസ്ഥാപിച്ചു. അദ്ദേഹത്തിന്റെ പിൻഗാമികളാകട്ടെ സമ്പൂർണ രാജവാഴ്ചയുടെയും പിന്നീട് ബഹുകക്ഷി ജനാധിപത്യത്തോടുകൂടിയ ഭരണഘടനാപരമായ രാജവാഴ്ചയുടെയും കാലഘട്ടങ്ങൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ പരിഷ്കാരങ്ങളിലൂടെ നേപ്പാളിനെ നയിച്ചു. 1990-കളിലും 2000 കളുടെ തുടക്കത്തിലും മാവോയിസ്റ്റ് കലാപകാലത്ത് രാജവാഴ്ച വെല്ലുവിളികൾ നേരിട്ടു. 2001-ലെ രാജകീയ കൂട്ടക്കൊലയ്ക്കും തുടർന്നുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങൾക്കും ശേഷം 2008-ൽ രാജവാഴ്ച നിർത്തലാക്കുകയും നേപ്പാൾ ഒരു ഫെഡറൽ ജനാധിപത്യ റിപ്പബ്ലിക്കായി മാറുകയും ചെയ്തു.

നേപ്പാളിനെ നടുക്കിയ കൂട്ടക്കൊല!

2001 ജൂണ്‍ ഒന്ന് വെള്ളിയാഴ്ച രാത്രി, അന്നാണ് നേപ്പാളിന്റെ പിൽക്കാല വിധി മാറ്റിയെഴുതുന്ന സംഭവവികാസങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചത്.  കാഠ്മണ്ഡുവിലെ നാരായണ്‍ഹിതി കൊട്ടാരത്തില്‍ ഒരു അത്താഴ വിരുന്നിനായി ഒത്തുകൂടിയതായിരുന്നു നേപ്പാളിലെ രാജകുടുംബാംഗങ്ങള്‍. മാസത്തില്‍ രണ്ടുതവണ വെള്ളിയാഴ്ചകളില്‍ അവര്‍ ഒത്തുകൂടുന്നത് പതിവായിരുന്നു. രാജാവ് ബീരേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ്, രാജ്ഞി ഐശ്വര്യ രാജ ലക്ഷ്മി ദേവി ഷാ, അവരുടെ മക്കളായ കിരീടാവകാശി ദീപേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ്, ശ്രുതി റാണ രാജകുമാരി, രാജകുമാരന്‍ നിരഞ്ജന്‍ ബിര്‍ ബിക്രം ഷാദേവ് എന്നിവര്‍ അത്താഴവിരുന്നിനെത്തിയിരുന്നു. രാജാവിന്റെ ഇളയ സഹോദരനും ഭാര്യയും മൂന്ന് പെണ്‍മക്കളും മരുമകനും രാജാവിന്റെ മൂന്ന് സഹോദരിമാരും ഒരു സഹോദരി ഭര്‍ത്താവും രാജകുമാരി ശ്രുതിയുടെ ഭര്‍ത്താവും രാജാവിന്റെ രണ്ട് ബന്ധുക്കളും സന്നിഹിതരായിരുന്നു. രാജാവിന്റെ നേരെ ഇളയ സഹോദരന്‍ ഗ്യാനേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ് ചടങ്ങിലുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യയും മകനും മകളും സന്നിഹിതരായിരുന്നു. വിരുന്ന് ആരംഭിച്ചതിന് ശേഷം രാജകുടുംബാംഗങ്ങള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അംഗരക്ഷകരും സേവകരും അവിടെയുണ്ടായിരുന്നില്ല. 

placeholder
കൊല്ലപ്പെട്ട നേപ്പാൾ രാജാവ് ബീരേന്ദ്ര ബിര്‍ ബിക്രം ഷാ ദേവും രാജ്ഞി ഐശ്വര്യ രാജ ലക്ഷ്മി ദേവി ഷായും |  Photo:Binod Joshi/ AP AND Devendra M SINGH/ AFP 

വിരുന്ന് ആരംഭിച്ച് 45 മിനിറ്റുകള്‍ക്ക്‌ ശേഷം മുറിയിലേക്ക് പോയ ദീപേന്ദ്ര, കമാന്‍ഡോ വസ്ത്രങ്ങള്‍ ധരിച്ച് അസോള്‍ട്ട് റൈഫിളുകളുമായാണ് തിരിച്ചുവന്നത്. ദീപേന്ദ്ര തന്റെ പിതാവ് ബീരേന്ദ്ര രാജാവിനെ നോക്കി. പിന്നാലെ ട്രിഗര്‍ അമര്‍ത്തി. വെടിയേറ്റ അദ്ദേഹം കുറച്ച് നിമിഷങ്ങള്‍ അവിടെ നിന്നു. പിന്നീട് പതുക്കെ നിലത്ത് ഇരുന്നു. നീ എന്താണ് ചെയ്തത്? -അദ്ദേഹം ചോദിച്ചു. അന്ന് ആ രാത്രിയില്‍ നാരായണ്‍ഹിതി കൊട്ടാരത്തില്‍ ബീരേന്ദ്ര രാജാവിന് പിന്നാലെ വെടിയേറ്റ് മരിച്ചുവീണത് എട്ടു പേരാണ്. അദ്ദേഹത്തിന്റെ ഭാര്യയും രാജ്ഞിയുമായ ഐശ്വര്യ, മകള്‍ ശ്രുതി രാജകുമാരി, ഇളയമകന്‍ നിരഞ്ജന്‍, രാജാവിന്റെ സഹോദരിമാരായ ഷാരദാ ഷാ രാജകുമാരി, ശാന്തി സിങ് രാജകുമാരി, ശാരദാ ഷാ രാജകുമാരിയുടെ ഭര്‍ത്താവ് കുമാര്‍ ഖഡ്ഗ ബിക്രം ഷാ, സഹോദരന്‍ ധീരേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ് രാജകുമാരന്‍, രാജാവിന്റെ ബന്ധു ജയന്തി രാജ്യലക്ഷ്മി ദേവി ഷാ രാജകുമാരന്‍ എന്നിവര്‍. സഹോദരന്‍ ഗ്യാനേന്ദ്രയുടെ ഭാര്യ കോമള്‍ രാജകുമാരി, രാജാവിന്റെ സഹോദരി ശോവ രാജലക്ഷ്മി ദേവി രാജകുമാരി, ശ്രുതി രാജകുമാരിയുടെ ഭര്‍ത്താവ് കുമാര്‍ ഗോരഖ്, ബന്ധു ബസുന്ദര ബിര്‍ ബിക്രം ഷാ രാജകുമാരന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ സ്വയം വെടിയുതിര്‍ത്ത് ആത്മാഹുതിക്ക് ശ്രമിച്ച ദീപേന്ദ്ര അത്യാസന്ന നിലയില്‍ ആശുപത്രിയിലായി. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ജൂണ്‍ 4-ന് ദീപേന്ദ്ര മരിച്ചു.  

രാജഭരണത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് 

കൊലപാതകങ്ങള്‍ക്ക് പിന്നാലെ രാജകുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ പൂര്‍ണ ബഹുമതികളോടെ പശുപതിനാഥ ക്ഷേത്രത്തിന് മുന്നില്‍ സംസ്‌കരിച്ചു. ആശുപത്രിയില്‍ കോമയിലായിരുന്നപ്പോള്‍ ദീപേന്ദ്രയെ രാജാവായി പ്രഖ്യാപിച്ചു. പക്ഷേ 2001 ജൂണ്‍ നാലിന് ദീപേന്ദ്ര മരിച്ചു.  മൂന്ന് ദിവസത്തേക്ക് റീജന്റായി നിയമിതനായ ഗ്യാനേന്ദ്ര, ദിപേന്ദ്രയുടെ മരണശേഷം നേപ്പാളിന്റെ സിംഹാസനത്തിലേറി. ജനങ്ങള്‍ പ്രതിഷേധ ശബ്ദമുയര്‍ത്തി. ജൂണ്‍ 4-ന് കാഠ്മണ്ഡുവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കലാപങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. കര്‍ഫ്യൂ ലംഘിച്ചതിന് നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കൂട്ടക്കൊലയെക്കുറിച്ച് ചീഫ് ജസ്റ്റിസ് കേശവ് പ്രസാദ് ഉപാധ്യായ, സഭാസ്പീക്കര്‍ താരനാഥ് റാണഭട്ട് എന്നിവരടങ്ങുന്ന രണ്ടംഗ സമിതി അന്വേഷണം നടത്തി. ദൃക്സാക്ഷികള്‍, കൊട്ടാരം ഉദ്യോഗസ്ഥര്‍, കാവല്‍ക്കാര്‍, ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ നൂറിലധികം പേരുടെ മൊഴികളെടുത്തു. ഒടുവില്‍ വെടിവയ്പ്പിന് പിന്നില്‍ ദീപേന്ദ്രയാണെന്ന് അന്വേഷണകമ്മിഷന്‍ നിഗമനത്തിലെത്തി. പക്ഷേ, നേപ്പാളിനകത്തും പുറത്തുമുള്ള പലരും ദീപേന്ദ്രയാണ് കുറ്റം ചെയ്തതെന്ന് വിശ്വസിച്ചില്ല. കൂട്ടക്കൊല നടന്ന് മൂന്ന് പതിറ്റാണ്ടിലേറെയായിട്ടും പല ചോദ്യങ്ങള്‍ക്കും ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. 

നേപ്പാളിലെ രാജവാഴ്ച അവസാനിപ്പിച്ച നിര്‍ണായക ഘട്ടമായിരുന്നു ഈ കൂട്ടക്കൊല. രാജകുടുംബാംഗങ്ങളുടെ കൊലപാതകത്തിന് പിന്നാലെ നേപ്പാൾ ഒരു കടുത്ത ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലമർന്നു.  ഗ്യാനേന്ദ്രയുടെ സ്ഥാനാരോഹണത്തെത്തുടര്‍ന്ന്, രാജവാഴ്ചയ്ക്ക് നേപ്പാളിലെ ജനങ്ങളുടെ അംഗീകാരം നഷ്ടപ്പെട്ടു. യഥാർത്ഥത്തിൽ മാവോയിസ്റ്റ് കലാപം മൂലമുണ്ടായ രാഷ്ട്രീയ കോളിളക്കത്തിന് ഈ കൂട്ടക്കൊല ആക്കം കൂട്ടി. മാവോയിസ്റ്റ് കലാപം രാജ്യത്തെ  പൊള്ളിച്ചു. രാജവാഴ്ചയുടെ നിലനിൽപ്പിനെയും നിയമസാധുതയെയും വെല്ലുവിളിച്ചു. 2005-ൽ രാജാവ് ഗ്യാനേന്ദ്ര കടുത്ത നടപടികൾ സ്വീകരിച്ചു. പാർലമെന്റ് പിരിച്ചുവിടുകയും അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തു. മാവോയിസ്റ്റുകളെ തകർത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അവകാശപ്പെട്ടായിരുന്നു നടപടി. പക്ഷേ, രാജാവിന്റെ ആ നടപടി കലാപത്തിന് ഇന്ധനം നൽകി. 2006-ൽ ബഹുജന പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മാവോയിസ്റ്റുകളും ജനാധിപത്യ അനുകൂല പ്രവർത്തകരും ഒന്നിച്ച് ചെറുത്തുനിൽപ്പ് നടത്തി. ഗ്യാനേന്ദ്രക്ക് അധികകാലം സിംഹാസനത്തിൽ തുടരാനായില്ല. തടയാനാവാത്ത സമ്മർദ്ദത്തെ നേരിട്ട ഗ്യാനേന്ദ്ര തന്റെ അധികാരം ഉപേക്ഷിക്കാനും പിരിച്ചുവിട്ട പാർലമെന്റ് പുനഃസ്ഥാപിക്കാനും നിർബന്ധിതനായി. 2008-ല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. ഏതാണ്ട് 240 വര്‍ഷത്തെ രാജഭരണത്തിനുശേഷം നേപ്പാള്‍ ജനാധിപത്യത്തിലേക്ക് യാത്രതുടങ്ങുകയും ചെയ്തു.  2015-ല്‍ നിലവില്‍ വന്ന പുതിയ ഭരണഘടനപ്രകാരം മതനിരപേക്ഷ റിപ്പബ്ലിക്കാണ് നേപ്പാള്‍. 

placeholder
Former King Gyanendra Shah of Nepal waves at people who gathered to welcome him outside Tribhuvan International Airport in Kathmandu, Nepal, on Sunday, March 9.
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് തന്നെ സ്വീകരിക്കാൻ തടിച്ചുകൂടിയ ആളുകളെ നേപ്പാളിലെ മുൻ രാജാവ് ഗ്യാനേന്ദ്ര ഷാ അഭിവാദ്യം ചെയ്യുന്നു (ഫയൽ ചിത്രം)| Photo: AP

തിരിച്ചുവരുമോ രാജഭരണം?

സംഭവബഹുലമായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ രാജഭരണത്തിലേക്ക് മടങ്ങാൻ നേപ്പാളിൽ ആ​ഗ്രഹിക്കുന്നുണ്ടോ? ഈ വർഷം മാർച്ച് മാസത്തിൽ ജനാധിപത്യത്തില്‍നിന്ന് രാജഭരണത്തിലേക്ക് മടങ്ങണം എന്നാവശ്യപ്പ് നേപ്പാളിൽ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. രാജഭരണം തിരിച്ചുവേണമെന്നും നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് മാര്‍ച്ച് 28-ന് ഒരുകൂട്ടം ആളുകള്‍ പ്രക്ഷോഭവുമായി തലസ്ഥാനമായ കാഠ്മണ്ഡുവിലെ തെരുവിലിറങ്ങി. രാജ്യത്തെ രക്ഷിക്കാൻ മുൻരാജാവ് ഗ്യാനേന്ദ്ര ഷാ വരട്ടെ, അഴിമതി നിറഞ്ഞ സർക്കാർ തുലയട്ടെ എന്നീ മുദ്രാവാക്യങ്ങളേന്തിയായിരുന്നു പ്രതിഷേധം. പോലീസിനെ ഇറക്കിയാണ് സര്‍ക്കാര്‍ പ്രക്ഷോഭത്തെ നേരിട്ടത്. കടകമ്പോളങ്ങള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. സുരക്ഷാസേനയും രാജഭരണത്തെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലധികമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയുടെ പിന്തുണയും പ്രതിഷേധത്തിനുണ്ടായിരുന്നു.

2008-ൽ നേപ്പാൾ ഒരു റിപ്പബ്ലിക്കായതിനുശേഷമുള്ള 17 വർഷത്തിനിടെ 13 സർക്കാരുകാണ് രാജ്യത്ത് അധികാരത്തിലെത്തിയത്. സർക്കാർ മാറ്റങ്ങൾ രാജ്യത്ത് പതിവാണ്. ഇത് രാഷ്ട്രീയ അസ്ഥിരതയ്ക്കും പൗരന്മാർക്കിടയിൽ നിരാശയ്ക്കും കാരണമായി. നിലവിലെ ഫെഡറൽ റിപ്പബ്ലിക് ഗവൺമെന്റ് അഴിമതി നിറഞ്ഞതും കാര്യക്ഷമമല്ലാത്തതുമാണെന്ന് പല നേപ്പാളികളും കരുതുന്നു. സമ്പദ്‌വ്യവസ്ഥയുടെ മന്ദഗതിയിലുള്ള പുരോഗതിയിലും നല്ല നേതൃത്വത്തിന്റെ അഭാവത്തിലും അവർ അസന്തുഷ്ടരാണ്. ഇത് രാജ്യത്തെ ഒന്നിപ്പിക്കുന്ന ശക്തനായ ഒരു രാജാവിനെ തിരികെ കൊണ്ടുവരാനുള്ള ആഗ്രഹത്തിന് ഇന്ധനമായി. മുൻ രാജാവ് ഗ്യാനേന്ദ്ര ഷാ രാജഭരണം മടക്കിക്കൊണ്ടുവരുന്നതിനേക്കുറിച്ച് ആഹ്വാനം ചെയ്തിട്ടില്ലെങ്കിലും ഐക്യത്തിന്റെയും പുരോഗതിയുടെയും ആവശ്യകതയെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ദേശീയ ഐക്യത്തിന്റെയും സ്ഥിരതയുടെയും ഉറവിടമായിട്ടാണ് അദ്ദേഹത്തിന്റെ അനുയായികൾ രാജവാഴ്ചയെ കാണുന്നത്. ചില രാജവാഴ്ചാ അനുകൂലികൾ നേപ്പാളിന്റെ ഹിന്ദു രാജ്യപദവി പുനഃസ്ഥാപിക്കാനും ആഗ്രഹിക്കുന്നു. 

നേപ്പാൾ സൈനിക മേധാവി ജനറൽ അശോക് രാജ് സിഗ്ഡൽ ജനങ്ങളെ അഭിസംബോധന ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ പിന്നിൽ പൃഥ്വി നാരായൺ ഷാ രാജാവിന്റെ ഒരു ഛായാചിത്രമുണ്ടായിരുന്നു. നേപ്പാളിലെ ഷാ രാജവംശത്തിന്റെ സ്ഥാപകനായ രാജാവിന്റെ ചിത്രം പെട്ടന്ന് തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇത് രാജവാഴ്ചയുടെയും നേപ്പാളിലേക്കുള്ള ഒരു ഹിന്ദു രാഷ്ട്രത്തിന്റെയും തിരിച്ചുവരവിന്റെ സൂചനയാണോ എന്ന തരത്തിലടക്കം ചർച്ചകളുണ്ടായി. 2008-ൽ രാജവാഴ്ച നിർത്തലാക്കപ്പെട്ടതിനുശേഷം, മുൻ രാജാവ് ഗ്യാനേന്ദ്ര ഷാ ഒരു സാധാരണ പൗരനായാണ് ജീവിക്കുന്നത്. രാജകുടുംബത്തിലെ ഇളയ അംഗങ്ങൾ വിദേശത്ത് താമസിക്കുന്നു. ഇതെല്ലാമാണെങ്കിലും സമ്പൂർണ അധികാരങ്ങളുള്ള ഒരു രാജാവിനെക്കാൾ ഭരണഘടനാപരമായ ഒരു രാജാവിനെയാണ് ഒരു വിഭാ​ഗം അനുകൂലിക്കുന്നത്. ഇത്  സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങാതെ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഇതെല്ലാമാണെങ്കിലും രാജവാഴ്ച തിരിച്ചു വരുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം സങ്കീർണമാണ്. ആഴത്തിൽ രൂപാന്തരപ്പെട്ട രാഷ്ട്രീയ ഭൂപ്രകൃതിയിൽ രാജവാഴ്ചയുടെ തിരിച്ചുവരവിന് പ്രായോ​ഗിക പ്രശ്നങ്ങളുണ്ട്.